1 GBP = 91.80INR                       

BREAKING NEWS

രോഹിതും കോലിയും രാഹുലും കൂടാരം കയറിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ധോണി മാജിക്ക്; രവീന്ദ്ര ജഡേജ രജപുത്ര വീര്യത്തോടെ തല ഉയര്‍ത്തി നിന്നു; ധോണി റൗണ്ണൗട്ടായതോടെ ഇന്ത്യന്‍ ജനത കണ്ണീര്‍വാര്‍ത്തു; ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ ഒടുങ്ങുകയാണോ ധോണിയുടെ ഏകദിന കരിയര്‍?

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി റണ്ണൗട്ടായതോടെ 133 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ധോണി ക്രീസില്‍ ഉള്ളപ്പോള്‍ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. ജഡേജയ്ക്കൊപ്പം നങ്കൂരമിട്ട ധോണിയുടെ ഇന്നിങ്സാണ് നേരത്തെ കൂടാരം കയറേണ്ടിയിരുന്ന ഇന്ത്യന്‍ ഇന്നിംഗിസ് നീട്ടിക്കൊടുത്തത്. തോല്‍വി ഉറപ്പിച്ചിടത്തു നിന്നും ധോണിയും ജഡേജയും ടീമിനെ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ആ ധോണി മാജിക്കായിരുന്നു. എന്നാല്‍, ആ ധോണി മാജിക്ക് ആവര്‍ത്തിച്ചില്ല. ഇന്ത്യക്ക് കണ്ണീരോടെ മടങ്ങേണ്ടിയും വന്നു.

മോശമായി കഴിള്ള 45 മിനിറ്റാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് കോലിയുടെ വാദം. മുന്‍നിരയുടെ തകര്‍ച്ചയായിരുന്നു ലോകകപ്പിലെ ഇന്ത്യന്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. എങ്കിലും ഇന്ത്യ മടങ്ങുന്നത് തല ഉയര്‍ത്തി തന്നെയാണ്. സെമിയില്‍ കൂറ്റന്‍ തോല്‍വിയുമായി നാണംകെട്ടു മടങ്ങേണ്ടിരുന്ന ടീം ഇന്ത്യയ്ക്ക്, മടക്കയാത്രയിലും തല ഉയര്‍ത്താന്‍ അവസരം ഒരുക്കിയത് മഹേന്ദ്രസിങ് ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു. . ഈ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട താരവും ഏറ്റവും കുറച്ച് അവസരം ലഭിച്ച താരമായിരുന്നു ജഡേജ. എന്നാല്‍. എല്ലാവരും എഴുതി തള്ളിയിടത്ത് ജഡേജ താരമായി. പന്തുകൊണ്ടും ഫീല്‍ഡിലും മികച്ച ജഡ്ഡു ബാറ്റു കൊണ്ടും പ്രകമ്പനം സൃഷ്ടിച്ചു. എന്നാല്‍, അത് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്ന് മാത്രം.

ലോകകപ്പ് സെമി പോലൊരു വേദിയില്‍ അഞ്ചു റണ്‍സിനിടെ മൂന്നു മുന്‍നിര വിക്കറ്റ് നഷ്ടമാക്കുക. ലോകകപ്പില്‍ ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മ, വിരാട് കോലി, ലോകേഷ് രാഹുല്‍ എന്നിവര്‍ ഓരോ റണ്ണെടുത്തു മടങ്ങുമ്പോള്‍ നാണക്കേടിന്റെ പടുകുഴിയിലേക്കുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ ദിനേഷ് കാര്‍ത്തിക് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ അതും പൊളിഞ്ഞു. ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന്റെ ആദ്യ ലക്ഷണം കണ്ടതു പോലും നാലാം വിക്കറ്റിലാണ്. ദിനേഷ് കാര്‍ത്തിക് ഋഷഭ് പന്ത് സഖ്യം കൂട്ടിച്ചേര്‍ത്തത് 19 റണ്‍സ്! ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് ഉറപ്പിച്ചു പറയാവുന്ന ജിമ്മി നീഷാമിന്റെ ഉജ്വല ക്യാച്ചില്‍ കാര്‍ത്തിക് കൂടാരം കയറിയെങ്കിലും പാണ്ഡ്യയും പന്തും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇവരും ആവേശാധിക്യത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെയാണ് ഇന്ത്യയെ 'പോരാളി'കളാക്കി മാറ്റിയ കൂട്ടുകെട്ടിന്റെ തുടക്കം.

ആരാധകര്‍ക്ക് ആനന്ദം നല്‍കിയത് ജഡ്ഡുവിന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്സ്
ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണു പോരാട്ടവീര്യത്തിന്റെ മറുരൂപമായി ജഡേജ ക്രീസിലേക്കു വരുന്നത്. ഇരുവരും ക്രീസില്‍ ഒരുമിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 117 പന്തും നാലു വിക്കറ്റും ശേഷിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 148 റണ്‍സ്! നേരിട്ട ആറാം പന്തില്‍ ജിമ്മി നീഷാമിനെ ലോങ് ഓണീലൂടെ ഗാലറിയിലെത്തിച്ചാണ് ജഡേജ തിരിച്ചടിയുടെ ലക്ഷണങ്ങള്‍ കാട്ടിയത്. തുടര്‍ന്നും ഇരുവരും ചെറുത്തുനില്‍പ്പു തുടര്‍ന്നു. ഇതിനിടെ മിച്ചല്‍ സാന്റ്നറിനെ തുടര്‍ച്ചയായി രണ്ടു സിക്സിനു ശിക്ഷിച്ചതോടെ ആരാധകര്‍ ജഡേജയില്‍ വിശ്വസിച്ചു തുടങ്ങി.

52 പന്തില്‍ ഇവരുടെ സഖ്യം 50 റണ്‍സ് പിന്നിട്ടു. കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ 40 ഓവറില്‍ ഇന്ത്യ 150 കടന്നു. അവസാന 10 ഓവറില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 90 റണ്‍സാണ്. ധോണിയും ജഡേജയും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് അസാധ്യമല്ലെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു. തകര്‍ത്തടിച്ചു മുന്നേറിയ ജഡേജ 39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. മൂന്നു ബൗണ്ടറിയും മൂന്നു സിക്സും സഹിതമായിരുന്നു ഇത്. എട്ടാം നമ്പരിലെത്തി ലോകകപ്പ് വേദിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി ജഡേജ.
90 പന്തില്‍ ധോണി ജഡേജ സഖ്യം 100 കടന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മോഹം വളര്‍ന്നു. ഇതിനിടെ ലോക്കി ഫെര്‍ഗൂസനെയും ജഡേജ സിക്സറിനു തൂക്കി. ഇന്ത്യന്‍ ആരാധകര്‍ ഒരു സ്വപ്ന വിജയം കാത്തിരിക്കെ 48ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ജഡേജയെ പുറത്താക്കി. 59 പന്തില്‍ നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റണ്‍സുമായാണ് ജഡേജ മടങ്ങിയത്. ജഡേജ മടങ്ങിയതിനു പിന്നാലെ ഫെര്‍ഗൂസനെ സിക്സിനു പറത്തി ധോണി ആത്മവിശ്വാസം തിരികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഗപ്റ്റിലിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായത് തിരിച്ചടിയായി. ഇതോടെ ഇന്ത്യയുടെ പോരാട്ടവും തീര്‍ന്നു! 31ാം ഓവറിന്റെ നാലാം പന്തില്‍ ക്രീസില്‍ ഒരുമിച്ച ജഡേജ ധോണി സഖ്യം പിരിയുന്നത് 48ാം ഓവറിന്റെ അഞ്ചാം പന്തിലാണ്. അതിനകം ഇരുവരും ക്രീസില്‍ ചെലവഴിച്ചത് 17.2 ഓവര്‍. അതായത് 104 പന്ത്! ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 116 റണ്‍സുമെത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ചുരുക്കം നിമിഷങ്ങളിലെ നായകര്‍ ഇവരാണ്. ആരാധകര്‍ നന്ദി പറഞ്ഞത് ഈ കൂട്ടുകെട്ടിനായിരുന്നു.

ഒറ്റ അക്കത്തില്‍ രോഹിതും കോലിയും കൂടാരം കയറിയപ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡ്
ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നാണക്കേടിന്റെ റെക്കോര്‍ഡും നേടി. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റണ്‍സ് മാത്രമെടുത്തുപുറത്താകുന്നതു ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഒരു റണ്‍സ് വീതം നേടി ടീം ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് സമ്മാനിച്ചത്. അതുവരെ ഇന്ത്യയെ സെമിയിലേക്ക് നയിച്ച കൂട്ടുകെട്ടായിരുന്നു അവിശ്വസനീയമായി തകര്‍ന്നത്.
ന്യൂസീലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തുവിടുകയായിരുന്നു. രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ കൈകളിലെത്തിച്ച് മാറ്റ് ഹെന്റിയാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ അഞ്ചില്‍നില്‍ക്കെ വിരാട് കോലിയെ ട്രെന്റ് ബോള്‍ട്ട് എല്‍ബിയില്‍ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരെ വിരാട് കോലി റിവ്യു വിളിച്ചെങ്കിലും അപ്പോഴും ഔട്ട് തന്നെയായിരുന്നു ഫലം'. കെ.എല്‍. രാഹുലിനെയും മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ന്യൂസീലന്‍ഡ് ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 18 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പില്‍നിന്നു പുറത്താകുകയും ചെയ്തു.

25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റ്നര്‍ തന്നെ മടക്കി. നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.

റിസര്‍വ് ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി. നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു.
ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കപിലിന്റെ ചെകുത്താന്മാരാകാന്‍ കഴിയാതെ കോലിയും കൂട്ടരും
ഇന്ത്യയിലെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ ഒന്നൊന്നായി ഇന്നലെ കൂടാടം കയറിയപ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ചത് ധോണിയിലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ധോനി എല്ലാ മുന്‍കരുതലുകളോടും കൂടെയാണ് ക്രീസില്‍ നിന്നത്. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോനി 49-ാം ഓവറില്‍ റണ്ണൗട്ടായതോടെ ഇന്ത്യ വിജയവും കൈവിട്ടു. ഈ സാഹചര്യത്തിലിതാ 1983-ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ഇന്നിങ്‌സ് ചര്‍ച്ചയാകുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്വെയ്‌ക്കെതിരായ നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്ന് കപില്‍ പുറത്തെടുത്തത്.

നോക്കൗട്ടിലേക്ക് മുന്നേറാന്‍ ഇന്ത്യയെ അന്ന് ജയത്തില്‍ കുറഞ്ഞൊന്നും സഹായിക്കില്ലായിരുന്നു. ജയമെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് പക്ഷേ ചരിത്രത്തിലെ തന്നെ ദയനീയമായ അവസ്ഥയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 17 റണ്‍സുള്ളപ്പോള്‍ സുനില്‍ ഗവാസ്‌ക്കര്‍, ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ്, സന്ദീപ് പാട്ടീല്‍, യശ്പാല്‍ ശര്‍മ എന്നിവര്‍ തിരികെ പവലിയനിലെത്തി.
സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ റോജര്‍ ബിന്നിയും 78-ല്‍ വെച്ച് രവി ശാസ്ത്രിയും മടങ്ങി. അതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കെല്ലാം അവസാനമായി. പക്ഷേ പിന്നീട് മഹത്തായ ഒരു ഇന്നിങ്സിന് അവിടെ തിരശ്ശീല ഉയരുകയായിരുന്നു. സാക്ഷാല്‍ കപില്‍ ദേവിന്റെ. മദന്‍ ലാലുമൊത്ത് കപില്‍ സ്‌കോര്‍ 140-ല്‍ എത്തിച്ചു. മദന്‍ ലാല്‍ മടങ്ങിയ ശേഷം സയ്യിദ് കിര്‍മാനിയെ കൂട്ടുപിടിച്ച് പിന്നീടൊരു തട്ടുപൊളിപ്പന്‍ ഇന്നിങ്സായിരുന്നു. പതിയെ പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനൊന്നും കപില്‍ നിന്നില്ല. മുന്‍നിര തകര്‍ന്നടിഞ്ഞ ഇന്ത്യ 138 പന്തില്‍ നിന്ന് ആറു സിക്സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപിലിന്റെ മികവില്‍ 266 റണ്‍സെടുത്തു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍ നിന്ന് നേടിയത് 91 റണ്‍സ് മാത്രവും.

റണ്ണൗട്ടില്‍ തുടങ്ങി റണ്ണൗട്ടില്‍ ഒടുങ്ങുമോ ധോണിയുടെ കരിയര്‍?
കപില്‍ദേവിന് ശേഷം ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയ നായകനായാണ് മഹേന്ദ്ര സിങ് ധോണി. ഇന്നലെ ലോകകപ്പ് സെമി ഫൈനലില്‍ ഒരു റണ്ണൗട്ടിലൂടെ പുറത്താകുമ്പോള്‍ ആരാധകര്‍ ചോദിക്കുന്നത് ഒരു റണ്ണൗട്ടില്‍ തുടങ്ങിയ ഏകദിന കരയര്‍ മറ്റൊരു റണ്ണൗട്ടില്‍ അവസാനിക്കുമോ എന്നതായിരുന്നു. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ തീരുമാനിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ധോണി വിരമിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വിരാട് കോലിയും പറഞ്ഞത്.

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്ടില്‍ എറിഞ്ഞ ഒരു ത്രോയാണ്. പന്ത് നേരെ വിക്കറ്റിന്റെ മുകളില്‍ കൊണ്ട് ബെയ്ല്‍ തെറിക്കുമ്പോള്‍ ക്രീസിലേയ്ക്ക് മിന്നലോട്ടക്കാരനായ ധോനിയുടെ ബാറ്റിന് ഒരു ആറിഞ്ചിന്റെ അകലമെങ്കിലും ഉണ്ടായിരുന്നു. നാല്‍പത്തിയൊന്‍പതാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. ഒന്‍പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.

എന്നാല്‍, ഈ റണ്ണൗട്ടിന് ഇന്ത്യയുടെ തോല്‍വിയേക്കാള്‍ വലിയൊരു മാനമുണ്ടായിരുന്നു. ഇത് ഓര്‍മിപ്പിച്ചത് പതിനഞ്ച് കൊല്ലം മുന്‍പത്തെ മറ്റൊരു റണ്ണൗട്ടാണ്. അതിലും നായകന്‍ ഇതേ ധോനി തന്നെ. തപഷ് ബൈസ്യയുടെ ഏറ് പിടിച്ച് ബംഗ്ലാദേശ് കീപ്പര്‍ ഖാലിദ് മഷൂദ് ബെയ്ലെടുക്കുമ്പോള്‍ റണ്ണൊന്നുമെടുത്തിരുന്നില്ല ധോനി. ഒരൊറ്റ പന്ത് മാത്രം നേരിട്ട് പൂജ്യനായി മടങ്ങേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു ധോനിക്ക്. കാരണം, അതായിരുന്നു പിന്നീട് 350 ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സ് വാരിക്കൂട്ടിയ ധോനിയുടെ അരങ്ങേറ്റ ഇന്നിങ്സ്. ആദ്യ ഇന്നിങ്സില്‍ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നതിന്റെ സങ്കടമാണോ പില്‍ക്കാലത്ത് ധോനി സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും വേണ്ടി പിച്ചില്‍ സ്പ്രിന്റ് ചെയ്തും മിന്നല്‍ സ്റ്റമ്പിങ് നടത്തിയും തീര്‍ത്തതെന്ന് സംശയിച്ചുപോകും ആരും.
പിന്നീട് മൂന്ന് ഇന്നിങ്സില്‍കൂടി നിസാര സ്‌കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. അതിനുശേഷമാണ് പാക്കിസ്ഥാനെതിരേ കിടയറ്റ സെഞ്ചുറിയിലൂടെ പില്‍ക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരില്‍ ഒരാളുമായി മാറിയ ധോനി ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. സെമിയില്‍ കിവീസിനെ നേരിടുമ്പോള്‍ മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച് മൂന്ന് ദിവസമായെങ്കിലും ധോനി ഇതുവരെ ഏകദിനത്തില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു ലോകകപ്പിനുള്ള ബാല്യം എന്തായാലും ധോനിക്കില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പിലേയ്ക്ക് ഇനി നാലു വര്‍ഷത്തിന്റെ അകലമുണ്ട്.

ഏകദിനങ്ങളിലും ഇനി എത്രകാലം ധോനിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. എന്നാല്‍, ബാറ്റിങ്ങിന്റെ കാര്യം അങ്ങനെയല്ല. ആ പഴയ ഫിനിഷറുടെ നിഴലേ ഇപ്പോഴത്തെ മുത്തിയെട്ടുകാരനിലുള്ളൂ. ലോകകപ്പ് തന്നെ അതിന് ദൃഷ്ടാന്തം. സെമിയിലെ ഇന്നിങ്സ് ഒഴിച്ചുനിര്‍ത്തിയാല്‍ ഫിനിഷര്‍ എന്നതിനേക്കാള്‍ തുഴച്ചിലുകാരന്‍ എന്ന ബഹുമതിയാണ് ധോനിക്ക് ചാര്‍ത്തിക്കിട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിയുടെ പാപഭാരമത്രയും ധോനിയുടെ മെല്ലെപ്പോക്കിന്റെ തലയിലാണ്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി പ്രതീക്ഷ നല്‍കിയ ധോനിക്ക് ലോകകപ്പിലെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ന്യൂസീലന്‍ഡിനെതിരായ ആംഗറിങ് റോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ധോനിയെപ്പോലൊരു ബാറ്റ്സ്മാനില്‍ നിന്ന് ടീം പ്രതീക്ഷിച്ച പ്രകടനമല്ലിത്. അവസാന മത്സരത്തിലാവട്ടെ രവീന്ദ്ര ജഡേജയ്ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ടില്‍ ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയെങ്കിലും അവസാനം റണ്ണൗട്ട് വഴി പടിക്കല്‍ ചെന്ന് കലമുടച്ചു.
ലോകകപ്പിലെ തോല്‍വി വിന്‍ഡീസിന്റെ പരമ്പരയ്ക്ക് മുന്നോടിയായി ടീമില്‍ ഒരു അഴിച്ചുപണിക്ക് വഴിവയ്ക്കാനുള്ള സാധ്യത മുന്നിലുണ്ട്. മെല്ലെ പോകുന്ന ധോനിക്ക് പകരം നാലാമനായി സ്ഥാനമുറപ്പിച്ച ഋഷഭ് പന്ത് വന്നാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ക്രിക്കറ്റ് ആരാധകരില്‍ നിന്ന് അതിനുള്ള മുറവിളി ഇപ്പോള്‍ തന്നെ ശക്തമാണ്. മധ്യനിരയിലെ കരുത്തായിരുന്നു ആ ഇന്ത്യന്‍ നായകന്റെ പടിയിറക്കത്തിന്റെ സമയാണ് ഇനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category