1 GBP = 94.40 INR                       

BREAKING NEWS

അമിത്ഷാ ദേശീയ രാഷ്ട്രീയത്തില്‍ പിടി മുറുക്കിയതോടെ പ്രതിപക്ഷ എംഎല്‍എമാരെ പിടിക്കുന്നത് കൂടടച്ച്; ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടയുള്ളിടങ്ങളില്‍ രാജി വെപ്പിച്ചു അട്ടിമറി; മൂന്നില്‍ രണ്ടുപേര്‍ കൂറുമാറിയാല്‍ നിയമം ബാധകമല്ല എന്ന ഭേദഗതിയോടെ കൂറുമാറ്റ നിരോധന നിയമം കൊണ്ടു വന്നപ്പോള്‍ അവസാനിച്ചെന്ന് കരുതിയ കുതിരക്കച്ചവടം ഇപ്പോള്‍ തഴയ്ക്കുന്നത് കൂട്ട കൂറുമാറ്റത്തോടെ: കോണ്‍ഗ്രസിന് പുറമേ കൂറൂമാറ്റത്തില്‍ തകരാന്‍ ഒരുങ്ങി തെലുങ്കുദേശവും തൃണമൂല്‍ കോണ്‍ഗ്രസും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ഒഴുകിയത് കൂട്ടത്തോടെയാണ്. അമിത്ഷാ ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ശേഷമുള്ള പതിവു കാഴ്ച്ചയായി മാറിയിരുന്നു ഇത്. പണവും സ്ഥാനമാനങ്ങളും നല്‍കി കൊണ്ടുള്ള പവര്‍പൊളിട്ടിക്സാണ് ബിജെപി പയറ്റിയത്. ഏറ്റവും ഒടുവില്‍ ഈ കുതിരക്കച്ചവടത്തിന്റെ ഏറ്റവും വലിയ തെളിവായി മാറുന്നത് കര്‍ണാടകയും ഗോവയുമാണ്. ഗോവയില്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. പണവും പ്രതാപവും നഷ്ടമായ കോണ്‍ഗ്രസ് ആകട്ടെ ഇനി ഒരു തിരിച്ചുവരവിന് ശേഷിയില്ലാത്ത വിധത്തില്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞു.

രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്താന്‍ വേണ്ടി കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തി ആക്കിയാണ് ഇപ്പോള്‍ കാലമാറ്റങ്ങള്‍ നടക്കുന്നത് എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ് മാത്രമല്ല, ആന്ധ്രാപ്രദേശില്‍ തെലുഗുദേശവും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കൂറുമാറ്റ ഭീഷണിയെ നേരിടുകയാണ്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നത് അടുത്തിടെയാണ്. മാത്രമല്ല, ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയില്‍ ഉള്ളവര്‍ കൂട്ടത്തോടെയാണ് ബിജെപിയിലേക്ക് ചേരുന്നത്. ഇവിടെയെല്ലാം നിയമം നോക്കുകുത്തിയായി തുടരുന്ന അവസ്ഥയാണുള്ളത്.

1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ല്‍ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികള്‍ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. ഒരു കക്ഷിയിലെ മൂന്നില്‍ രണ്ടു പേര്‍ കാലു മാറിയാല്‍ അതു കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കല്‍പിക്കാന്‍ കാരണമാകുന്നില്ല എന്നു ഭേദഗതി കൊണ്ടു വന്നപ്പോള്‍ ഇത്രയും പേര്‍ ഒരുമിച്ചു കാലുമാറില്ല എന്നാവാം നിയമം പാസാക്കിയവര്‍ കരുതിയത്. എന്നാല്‍, ഇപ്പോള്‍ കൂട്ടത്തോടെ തന്നെയാണ് നേതാക്കളെ കാലുമാറ്റുന്നത്.

എന്നാല്‍ കൂട്ടത്തോടെയുള്ള കൂറുമാറ്റം അരുണാചല്‍, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലുണ്ടായി. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമം ബിജെപി മാത്രമല്ല നടത്തുന്നത്. തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയത് തെലങ്കാന രാഷ്ട്രസമിതിയിലേക്കാണ്. തെലുഗുദേശം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയില്‍നിന്നും ബിജെപിയിലേക്ക് കാലുമാറ്റം നടക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ള ഭരണമുള്ള 5 സംസ്ഥാനങ്ങളില്‍ കര്‍ണാടക ഏതു നിമിഷവും നഷ്ടപ്പെടാം. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. രാജസ്ഥാനില്‍ പാര്‍ട്ടി ഗുരുതരമായ ആഭ്യന്തര കലഹങ്ങളിലാണ്. പഞ്ചാബ് മാത്രമാണു കോണ്‍ഗ്രസ് കാര്യമായ ഭീഷണിയെന്നും നേരിടാത്ത സംസ്ഥാനം.

നയിക്കാന്‍ ഒരു പ്രസിഡന്റ് ഇല്ലാത്ത നിലയില്‍ പെട്ടെന്ന് ഒരു തീരുമാനവും കൈക്കൊള്ളാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് അവരുടെ ജനപ്രതിനിധികളെ തടഞ്ഞു നിര്‍ത്താനുള്ള ആത്മവീര്യമോ സംഘടനാ സംവിധാനമോ ഇല്ല. കൂറുമാറ്റവും കാലുമാറ്റവും പ്രോത്സാഹിപ്പിക്കുക വഴി രാഷ്ട്രീയത്തിലെ ധാര്‍മികതയെ ബിജെപി ബലികഴിക്കുകയാണ് എന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുമ്പോള്‍ സ്വന്തം നേതാക്കള്‍ കൊഴിഞ്ഞു പോകുന്നതു തടയാന്‍ അവര്‍ക്കു കഴിയുന്നില്ല.

പണവും പദവിയുമൊക്കെ തന്നെയാണ് കൂറുമാറ്റത്തിന് പ്രധാന കാര്യമായി മാറുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ഒരു ദിവസത്തിനകം, ബിജെപി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയാണ് ഗോവയിലെ എംഎല്‍എമാര്‍ ചെയ്തത്. ഇവരെ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്കകം ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കര്‍ണാടകത്തില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരവെയാണ്, നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും (15ല്‍ പത്ത് പേരും) പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേരുകയാണെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

ഒരു പാര്‍ട്ടിയെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. അതല്ലെങ്കില്‍ രാജി നിര്‍ബന്ധപൂര്‍വമാണെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെടണം. ഇതോടെ, രാജിക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോണ്‍ഗ്രസിന് മുന്നില്‍ വാതിലുകളടഞ്ഞു. എംഎല്‍എമാരുടെ കൂട്ടക്കൂറുമാറ്റത്തോടെ, 40 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ കിട്ടിയ കോണ്‍ഗ്രസിനാകട്ടെ, ഇപ്പോള്‍ അംഗബലം വെറും 5 പേര്‍ മാത്രമാണ്. ഇവരാണ് ഇന് ഗോവയിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടവര്‍.

എങ്കിലും, എംഎല്‍എമാരുടെ കൂറുമാറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഗോവ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫ്രാന്‍സിസ്‌കോ സര്‍ഡിഞ്ഞ പറഞ്ഞത്. ''ബിജെപി നടത്തുന്നത് കുതിരക്കച്ചവടമല്ല, ആനക്കച്ചവടമാണ്'', സര്‍ഡിഞ്ഞ പറഞ്ഞു. എംഎല്‍എമാരുടെ രാജിക്കെതിരെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആനന്ദ് ശര്‍മയുമടക്കമുള്ള നേതാക്കള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ''ജനാധിപത്യം സംരക്ഷിക്കുക'' എന്ന ബോര്‍ഡും പിടിച്ച് പ്രതിഷേധിച്ചു. ആനന്ദ് ശര്‍മ രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി എ ചെല്ലകുമാര്‍ ഈ നാടകീയ സംഭവങ്ങള്‍ക്കെല്ലാം ശേഷം, പ്രശ്നങ്ങളെന്താണെന്ന് പഠിക്കാന്‍ പനാജിയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തുടര്‍ നീക്കങ്ങളെങ്ങനെയാകണമെന്ന കാര്യങ്ങള്‍ ചെല്ലകുമാര്‍ തീരുമാനിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category