'ബിജെപി ഒരിക്കലും പള്ളിയില്‍ പോവണ്ടെന്ന് പറയുന്നില്ല; തങ്ങളുടെ വ്രതം തുടരുക തന്നെ ചെയ്യും; ഞാന്‍ മുസല്‍മാനാണ്.. എന്തുകൊണ്ട് എനിക്ക് ബിജെപിയില്‍ പോയിക്കൂടാ..! കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിയെ കുറിച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകന്റെ വാക്കുകള്‍ ഇങ്ങനെ; മുസ്ലിംലീഗിന്റ സ്ഥാപക നേതാവിന്റെ കുടുംബം ബിജെപിയില്‍ ചേരുമെന്ന് സൂചന; കേരളം പിടിക്കാന്‍ തെക്ക് ക്രൈസ്തവവരെ ഒപ്പം കൂട്ടുന്ന ബിജെപി മലബാറില്‍ ലക്ഷ്യമിടുന്നത് മുസ്ലിംങ്ങളെ; അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ കൂടുതല്‍ മുസ്ലിംനേതാക്കള് ബിജെപിയിലേക്ക്
കോഴിക്കോട്: കേരളം പിടിക്കാന്‍ വേണ്ടി സകലതന്ത്രങ്ങളും പയറ്റാന്‍ ഉറപ്പിച്ചു തന്നെയാണ് ബിജെപിയുടെ കരുനീക്കം. ഇതിനായി കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കൊപ്പം നീങ്ങാനാണ് ബിജെപി തന്ത്രം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കാശ്മീരിലും വരെ ബിജെപി ഭരണം പടിക്കാമെങ്കില് കേരളത്തിലും അധികാരത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് അമിത്ഷായുടെ കണക്കു കൂട്ടല്‍. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും ഇടപെടല്‍ നടത്തി പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങി.
തെക്കന്‍ കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തെ ഒപ്പം കൂട്ടാന്‍ ലക്ഷ്യമിടുന്ന ബിജെപി അതിനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. ഇതിനിടെ നിര്‍ണായകമായി മറ്റൊരു നീക്കവും ബിജെപി നടത്തുന്നു. മലബാറിലെ മുസ്ലിംങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് പ്രത്യേക ടീമിനെയും ഇവര്‍ രംഗത്തിറക്കി. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബത്തെ ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി ശക്തമാക്കിയത്. ലീഗിന്റെ സ്ഥാപക നേതാവിന്റെ പേരക്കുട്ടി പാര്‍ട്ടിയില്‍ എത്തുന്നതോടെ പാര്‍ട്ടിയില്‍ മുസ്ലിംങ്ങള്ക്കുള്ള വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി നേതാവ് എം ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി. അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖ ന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയിലെത്തിക്കുന്നതോടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബാഫഖി തങ്ങളുടെ പേരമകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ എംടി രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദേഹം വെളിപ്പെടുത്തി. മെമ്പര്‍ഷിപ്പ് ക്യംപെയിന് അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും പറയുന്നു.
ഞാന്‍ മുസല്‍മാനാണ്, എന്തുകൊണ്ട് എനിക്ക് ബിജെപിയില്‍ പോയിക്കൂട എന്നാണ് ബാഫഖി തങ്ങളുടെ കൊച്ചുമകന് സെയ്ദ് താഹ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചതും. ബിജെപി ശ്രമങ്ങളോട് അനുകൂലമായതാണ് താഹയുടെ പ്രതികരണം. ബിജെപി ഒരിക്കലും പള്ളിയില്‍ പോവണ്ടെന്ന് പറയുന്നില്ല, തങ്ങളുടെ വ്രതം തുടരുക തന്നെ ചെയ്യും. ഞാന്‍ മുസല്‍മാനാണ് എന്തുകൊണ്ട് എനിക്ക് ബിജെപിയില്‍ പോയിക്കൂട. ന്യൂന പക്ഷങ്ങള്‍ക്ക് എന്തെല്ലാം ബിജെപിയിലൂടെ ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കും. അതെല്ലാം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മെമ്പര്‍ഷിപ്പ് ക്യംപെയിന് അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും ചര്‍ച്ചകള്‍ക്ക് പിന്നാലെ വ്യക്തമാക്കുന്നു. സര്‍വ്വ വ്യാപിയും സര്‍വ്വ സ്പര്ശിയുമാവണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യയുടെ എല്ലാ ഇടങ്ങളിലും ബിജെപിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തകരും ഉണ്ടാവണം. എല്ലാ ജന വിഭാഗങ്ങളും ബിജെപിയോടൊപ്പം ഉണ്ടാവണം. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലേക്കും കടന്ന് ചെല്ലാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നതെന്നും എംടി രമേശ് വ്യക്തമാക്കുന്നു.
സിപിഎമ്മിലും കോണ്‍ഗ്രസിലും ജനപ്രതിനിധിയാവുകയും ചുമതലകള്‍ കൈകാര്യവും ചെയ്തിരുന്ന അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേക്കേറിയതിന് പിന്നാലെ കുടുതല്‍ പ്രമുഖ ന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഏറ്റവും പ്രമുഖ പാര്‍ട്ടിയായ ലീഗിന്റെ നേതാക്കളെ തന്നെ പാര്‍ട്ടിയില്‍ എത്തിച്ചാല്‍ അത് നേട്ടമായി കണക്കാക്കുമെന്നും ബിജെപി വിലയിരുത്തുന്നു.
കേരളത്തിലെ അംഗസംഖ്യ 40 ലക്ഷമാക്കണം എന്നാണ് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായകമായ കേരളത്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ഇതിനിടയിലാണ് പുതിയ നീക്കവും. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ടീമിനെ തന്നെയാണ് മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റിയെടുത്ത് പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം.
പ്രമുഖരായ മുസ്ലിം നേതാക്കളെ ആദ്യം പാര്‍ട്ടിയില്‍ എത്തിച്ച് സാധാരണ ജനങ്ങളിലും ബിജെപിക്ക് അനുകൂല മനോവികാരം ഉണ്ടാക്കിയെടുക്കലാണ് ലക്ഷ്യം. ഈ നീക്കങ്ങളുടെ ഭാഗമായാണ് മുസ്ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകനുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യത്തില്‍ പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധമാണെന്ന് ബിജെപി വിലയിരുത്തിയിരുന്നു. ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷ വിഭാങ്ങളിലുള്ളവരും ഇത്തവണ ബിജെപി പേടിയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറ്റിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ന്യുനപക്ഷങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി പ്രത്യേക പദ്ധതില്‍ മെനയുന്നത്.