ആഘോഷങ്ങള്‍ക്കിടയില്‍ ഷാംപയിന്‍ കുപ്പി പൊട്ടിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട് മോയീന്‍ അലിയും ആദില്‍ റഷീദും; പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍ നിന്നും ഇംഗ്ലീഷ് ടീമില്‍ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാല്‍ മദ്യം ദേഹത്ത് വീഴാതിരിക്കാന്‍ ആഘോഷവേദിയില്‍ നിന്നും ഇറങ്ങിയോടുന്ന വീഡിയോ വൈറലാകുമ്പോള്‍
ന്യൂസിലന്‍ഡിനെതിരെ കടുത്ത പോരാട്ടത്തിലൂടെ ക്രിക്കറ്റ് ലോകകപ്പ് കരസ്ഥമാക്കിയ മഹത്തായ വിജയം ആഘോഷിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഒരുമ്പെട്ടിറങ്ങിയപ്പോള്‍ അതില്‍ നിന്നും രണ്ട് ടീം അംഗങ്ങള്‍ മാറി നിന്നത് വന്‍ വാര്‍ത്തയാകുന്നു. മോയീന്‍ അലിയും ആദില്‍ റഷീദുമാണ് ഇത്തരത്തില്‍ ആഘോഷത്തില്‍ നിന്നും വിട്ട് നിന്നിരിക്കുന്നത്. മറ്റ് ടീം അംഗങ്ങള്‍ ആഘോഷത്തിനായി ഷാംപയിന്‍ കുപ്പി പൊട്ടിച്ചപ്പോള്‍ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍ നിന്നും ഇംഗ്ലീഷ് ടീമില്‍ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരായ കാരണങ്ങളാല്‍ മദ്യം ദേഹത്ത് വീഴാതിരിക്കാന്‍ ആഘോഷവേദിയില്‍ നിന്നും ഇറങ്ങിയോടുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുമുണ്ട്.
തങ്ങളുടേതായ നിര്‍ണായക പങ്കുള്ള വിജയം സഹകളിക്കാര്‍ മതിമറന്ന് ആഘോഷിക്കാന്‍ തുടങ്ങുമ്പോഴേക്കും ഇരുവരും സ്വന്തം വീടുകളിലെത്തിയിരുന്നു. തങ്ങളുടെ ക്യാപ്റ്റന്‍ ലോകകപ്പ് ഉയര്‍ത്തുന്നത് കണ്ടപ്പോഴേക്ക് തന്നെ ടീമിലെ ജോണി ബെയര്‍സ്റ്റോ ഒരു ബോട്ടില്‍ ഷാംപയിന്‍ പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് മേല്‍ ചീറ്റിക്കാന്‍ തുടങ്ങിയിരുന്നു. ഇത് കണ്ട് അപകടം മണത്തറിഞ്ഞ അലിയും റഷീദും പോഡിയത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുവരും പരമ്പരാഗത മുസ്ലിം മതവിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. ഇത് പ്രകാരം മദ്യം കഴിക്കുന്നതോ തൊടുന്നതോ പോലും നിരോധിച്ചിട്ടുണ്ട്.
പാക്കിസ്ഥാന് വംശജനാണ് സ്പിന്നര്‍ ആദില്‍ റഷീദ്. പാക് അധീന കാശ്മിര്‍ സ്വദേശികളായ മാതാപിതാക്കള്‍ 1967 ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ആദ്യ പാക് വംശജനാണ് ആദില്‍ റഷീദ്. പാക് വംശജനാണ് ആള് റൗണ്ടര്‍ മോയീന്‍ അലി. പാക് അധീന കശ്മീര്‍ സ്വദേശികളാണ് അലിയുടെ പൂര്‍വികര്‍. ഇവരെ കൂടാതെ ഇംഗ്ലീഷ് പാരമ്പര്യത്തിന് അപ്പുറത്തുള്ള നിരവധി പേര് ടീമിലുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാകുമ്പോള്‍ ഇംഗ്ലണ്ടിനെ കൂടാതെ വിവിധ ലോകരാജ്യങ്ങള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്.
നേരത്തെ മോയീന്‍ അലിയുടെ ആത്മകഥയും വിവാദമായിരുന്നു. 2015ലെ ആഷസ് ടെസ്റ്റിനിടെ ഒരു ഓസ്ട്രേലിയന്‍ താരം തന്നെ ഒസാമ (തീവ്രവാദി ഒസാമ ബിന്ലാദന്) എന്നു വിളിച്ചതായി മോയീന്‍ ആരോപിച്ചിരുന്നു. കളിക്കളത്തിലെ ഓസ്ട്രേലിയന്‍ താരങ്ങളുടെ ബഹുമാനമില്ലായ്മയെയും മോശം പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് താരത്തിന്റെ പുസ്തകം. 2017ലെ ആഷസില്‍ ഓസ്ട്രേലിയന്‍ കാണികളില്‍നിന്നും വംശീയവെറി വെളിവാക്കുന്ന വാക്കുളുണ്ടായെന്ന് മോയീന്‍ പറയുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റുകളിലെ മികച്ച പ്രകടനത്തിനുശേഷമാണ് മോയീന്‍ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. 2015ലെ കാര്‍ഡിഫ് ടെസ്റ്റില്‍ 77 റണ്‍സും 5 വിക്കറ്റും വീഴ്ത്തിയ മോയീന്‍ ടീമിനെ 169 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിപരമായി തന്നെ സംബന്ധിച്ചിടത്തോളം മികച്ച ആഷസ് പരമ്പരയായിരുന്നു അതെന്ന് മോയീന്‍ പറഞ്ഞു. എന്നാല്‍, കളിക്കിടെ തന്നെ ഒരു ഓസീസ് താരം ഒസാമയെന്ന് വിളിച്ചു. അങ്ങിനെയൊരാള്‍ വിളിച്ചുകേട്ടപ്പോള്‍ തനിക്കത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും കളിക്കളത്തില്‍ ദേഷ്യം വരാത്ത തനിക്ക് ആ വിളി കടുത്ത അപമാനമായിത്തോന്നിയെന്നും മോയീന്‍ പറയുന്നുണ്ട്.
ഇതേക്കുറിച്ച് അന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്ലിസ്സിനോട് പറഞ്ഞിരുന്നു. ബെയ്ലിസ് അത് ഓസീസ് പരിശീലകന് ലേമാനോടും പറഞ്ഞു. ലേമാന് ഓസീസ് താരത്തെ വിളിച്ച് അക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍, താനങ്ങിനെ വിളിച്ചില്ലെന്നും പാര്‍ട് ടൈമര്‍ എന്നാണ് പറഞ്ഞതെന്നുമായിരുന്നു മറുപടി. ഒരു പരിശീലന മത്സരത്തില്‍പോലും തന്നെ അന്നുവരെ ആരു അധിക്ഷേപിച്ചിരുന്നില്ലെന്നും മോയീന്‍ അനുഭവക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ലോകകപ്പില്‍ പക്ഷേ ഇംഗ്ലണ്ടിനായി മികവ് കാട്ടാനുള്ള അവസരം മോയീന്‍ കിട്ടിയിരുന്നില്ല. എങ്കിലും ഈ പാക് വംശജനും ചരിത്ര ടീമിന്റെ ഭാഗമാവുകയാണ്. ഇംഗ്ലണ്ട് സ്പിന്‍ നിരയിലെ കരുത്തനാണ് ഇന്ന് ആദില്‍ റഷീദ്.
ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിലെ 6 പേര് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടീമില്‍ ഇടം നേടിയതുകൊണ്ട് തന്നെ ഇംഗ്ലീഷ് ടീമിനെ ലോക ടീം എന്നും വിശേഷിപ്പിക്കുന്നവര്‍ ഉണ്ട്. ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് അടക്കം അടക്കം 6 താരങ്ങളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ട് ടീമില്‍ ഉള്ളത്. ഇംഗ്ലണ്ട് നായകന് ഇയാന്‍ മോര്ഗന് അയര്‍ലണ്ട് സ്വദേശിയാണ്. അയര്‍ലണ്ടിന് വേണ്ടി 2007 ലെ ഏകദിനം കളിച്ചിട്ടുള്ള മോര്ഗന് 2009 ലാണ് ഇംഗ്ലണ്ട് ടീം അംഗമാകുന്നത്. ഓപ്പണര്‍ ജേസന്‍ റോയ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ്. പത്താം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ജേസന്‍ റോയ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. പേസര്‍ ടോം കറണ്‍ ആണ് ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ വംശജന്. ടോമിന്റെ പിതാവ് കെവിന് കറണ്‍ സിംബാബ്വെ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ടോം കറണിന്റ സഹോദരന് സാം കറണും ഇംഗ്ലണ്ട് താരമാണ്.
വെസ്റ്റിന്‍ഡീസ് പ്രതിനിധിയാണ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുമുണ്ട്. ആര്‍ച്ചറുടെ പിതാവ് ഇംഗ്ലണ്ട് പൗരനാണ്. ഫൈനലിലെ എതിരാളികളായ ന്യൂസിലന്‍ഡില്‍ നിന്നുള്ള താരമാണ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച ബെന്‍ സ്റ്റോക്സ് 13 വയസിലാണ് ഇംഗ്ലണ്ടിലെത്തിയത്.