1 GBP = 94.40 INR                       

BREAKING NEWS

ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ അതേ റണ്‍സ് രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയത് ടൂര്‍ണ്ണമെന്റ് ഫൈനലിലെ ചരിത്രത്തില്‍ ആദ്യം; സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് നേടി തുല്യത പാലിച്ചതോടെ ആവേശത്തിലായി ക്രിക്കറ്റ് പ്രേമികള്‍; ബൗണ്ടറികള്‍ എണ്ണി ടൈ ബ്രേക്കര്‍ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം കൊടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകം സഹതപിച്ചത് ന്യൂസിലണ്ടിന് വേണ്ടി

Britishmalayali
kz´wteJI³

ലണ്ടന്‍: കളി തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. ലോകകപ്പും ആരംഭിച്ചത് ലണ്ടനില്‍. മാന്യന്മാരുടെ കളിയില്‍ പക്ഷേ ഇംഗ്ലണ്ടിന് മുത്തിടാന്‍ കാത്തിരിക്കേണ്ടി വന്നത് 44 കൊല്ലമാണ്. അതും നാടകീയതകളും അവിശ്വസനീയതകളും നിറഞ്ഞ ഫൈനലിന് ഒടുവില്‍. ഈ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റില്‍ ഒരു ടീം ഇംഗ്ലണ്ടായിരുന്നു. സമീപകാല ഫോമായിരുന്ന് ഇതിന് കാരണം. എന്നാല്‍ ഫൈനലില്‍ എതിരാളികള്‍ കറുത്ത കുതിരകളായ ന്യൂസിലന്‍ഡായപ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമായി. ന്യൂസിലണ്ടിന് ടോസ് കിട്ടിയതോടെ ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. 50 ഓവറില്‍ 8 വിക്കറ്റിന് 241 റണ്‍സായിരുന്നു ന്യൂസിലണ്ടിന്റെ നേട്ടം. ചെയ്സിംഗില്‍ മുന്‍നിര തര്‍ന്നതോടെ ആരാധകര്‍ നിരാശരായി. എന്നാല്‍ ഭാഗ്യം തുണയായെത്തിയപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും സമനിലയായ മത്സരത്തില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ടും ജയമാഘോഷിച്ചു. ഇന്നിങ്സില്‍ നേടിയ ആകെ ബൗണ്ടറികളുടെ എണ്ണത്തില്‍ ന്യൂസീലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ടിന് കന്നി ലോകകപ്പ്.

ടൈയില്‍ അവസാനിച്ച മത്സരം; സ്‌കോര്‍ ന്യൂസിലന്‍ഡ്: 50 ഓവറില്‍ 8 വിക്കറ്റിന് 241; ഇംഗ്ലണ്ട്: 50 ഓവറില്‍ 241നു പുറത്ത്. സൂപ്പര്‍ ഓവര്‍: ഇംഗ്ലണ്ട് വിക്കറ്റുപോകാതെ 15; ന്യൂസിലന്‍ഡ് ഒരു വിക്കറ്റിന് 15. അങ്ങനെ സ്‌കോറിങ്ങില്‍ എല്ലാ അര്‍ത്ഥത്തിലും തുല്യര്‍. എന്നാല്‍ ഐസിസി തയ്യാറാക്കിയ നിയവും ചട്ടവും ആതിഥേയര്‍ക്ക് അനുകൂലമായിരുന്നു. ഫൈനല്‍ സൂപ്പര്‍ ഓവറിലേക്കും ടൈയിലുമെല്ലാം എത്തുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതിന് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇത്തരം നാടകീയതകള്‍ ഒരിക്കലും അരങ്ങേറിയിരുന്നില്ല. ട്വന്റ് ട്വന്റിയില്‍ സൂപ്പര്‍ ഓവറുകള്‍ കണ്ട ക്രിക്കറ്റ് പ്രേമികളെ അതിലും ത്രസിപ്പിക്കുന്ന തരത്തില്‍ കൊണ്ടു പോകാന്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തിനായി. ഫുട്ബോളിലെ പെനാല്‍ട്ടിയും ഷൂട്ടൗട്ടും നല്‍കിയ അതേ അവിശ്വസനീയ നിമിഷങ്ങള്‍ ക്രിക്കറ്റിലും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണു സൂപ്പര്‍ ഓവറിലും വിജയിയെ നിശ്ചയിക്കാന്‍ പറ്റാത്തതിനാല്‍, ബൗണ്ടറികളുടെ കണക്കില്‍ ലോകജേതാക്കളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെപ്പോലെ ഇക്കുറിയും ഫൈനലില്‍ തോറ്റുമടങ്ങാനായി ന്യൂസിലന്‍ഡിന്റെ വിധി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും നിശ്ചിത 50 ഓവറില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസിലന്‍ഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ നിന്ന് ബെന്‍ സ്റ്റോക്സും ബട്ലറും ചേര്‍ന്ന് നേടിയത് 15 റണ്‍സാണ്. കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ഗുപ്ടലിലും നീഷമും ചേര്‍ന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്. ജൊഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തില്‍ നിന്ന് 15 റണ്‍സായി. അടുത്ത പന്തില്‍ നീഷം രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ നീഷം സിക്സ് നേടിയതോടെ ന്യൂസീലന്‍ഡിന് പ്രതീക്ഷയായി. അടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ് നേടിയതോടെ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ വീണ്ടും ഡബിള്‍. അഞ്ചാമത്തെ പന്തില്‍ സിംഗിള്‍. ആറാം പന്ത് നേരിട്ടത് ഗുപ്ടില്‍. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്സണ്‍ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പര്‍ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിര്‍ണയിച്ചത്.

തോല്‍വിയിലും ആരോധക ഹൃദയങ്ങളുടെ മനസ്സിലെ താരമായി ന്യൂസിലണ്ട് മാറിയിട്ടുണ്ട്. 1975ലെ കന്നി ലോകകപ്പ് ഫൈനലില്‍, ഇതേ ലോഡ്സ് മൈതാനത്താണ് ഇംഗ്ലണ്ടിന് കപ്പ് വഴുതിപ്പോയത്. ഇവിടെവച്ചുതന്നെ ആദ്യ ലോകകപ്പ് ഉയര്‍ത്തി ഇംഗ്ലണ്ട് ലോകക്രിക്കറ്റില്‍ ആദ്യമായി രാജാക്കന്മാരായി. 1966ല്‍ ബോബി മൂറിനു കീഴില്‍ ഫുട്ബോള്‍ ലോകകപ്പ് നേടിയതിനുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി കായികഭൂപടത്തിന്റെ നെറുകയിലെത്തിയി നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫൈനലായിരുന്നു ഇന്നലെ ലോര്‍ഡിസില്‍ സംഭവിച്ചത്. ജയപരാജയങ്ങള്‍ പലവട്ടം മാറി മറിഞ്ഞ മത്സരത്തില്‍ ബെന്‍ സ്റ്റോക്സിന്റെ നിഷ്ചയദാര്‍ഢ്യമാണ് (98 പന്തില്‍ 84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സ്പോര്‍ട്സിലെ പുതിയ താരമാണ് സ്റ്റോക്സ്. ബട്ലറുടെ കരുത്തും ഇംഗ്ലണ്ടിന് തുണയായി. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ അവസാന നിമിഷംവരെ പൊരുതിയിട്ടും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനാകാതെ പോയതിന്റെ നിരാശ ഇന്നലെ സ്റ്റോക്സ് തീര്‍ത്തു. ജോസ് ബട്‌ലറുമൊത്ത് അഞ്ചാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തില്‍ തിരികെയെത്തിച്ചത്.
വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്സ് ഇന്നിങ്സിന്റെ അവസാന പന്തില്‍ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. ജിമ്മി നീഷം എറിഞ്ഞ 49ാം ഓവറിലെ നാലാം പന്തില്‍ സ്റ്റോക്സിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ബോള്‍ട്ട് നഷ്ടമാക്കിയതു മത്സരത്തിലെ വഴിത്തിരിവായി. സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്സിന്റെ ഷോട്ട് ബോള്‍ട്ട് കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും ബോള്‍ട്ടിന്റെ കാല് ബൗണ്ടറിലൈനില്‍ തട്ടി. അങ്ങനെ സിക്സ്. അടുത്ത അവസാന ഓവറില്‍ ഓവര്‍ ത്രോയായി കിട്ടിയ നാലുറണ്‍സ്. ആദ്യ നാലു വിക്കറ്റുകള്‍ അതിവേഗം വീണതോടെ ഇംഗ്ലണ്ട് പരാജയം മണത്തിരുന്നു. ഇവിടെ നിന്നാണ് ബട്ലറും സ്റ്റോക്സും താരോദയമായത്. ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് അടുപ്പിക്കാനുള്ള ദൗത്യവുമായിറങ്ങിയ ജയ്സന്‍ റോയ് ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ട് ആറാം ഓവറില്‍ത്തന്നെ കിവീസ് പൊളിച്ചു. റോയിയാണ് (17) ആദ്യം മടങ്ങിയത്. ഇംഗ്ലണ്ട് 86 റണ്‍സ് എടുക്കുന്നതിനിടെ ജോ റൂട്ട് (7), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (9), ജോണി ബെയര്‍സ്റ്റോ (36) എന്നിവരെക്കൂടി പുറത്താക്കി കിവീസ് വിജയം മണത്തതാണ്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ബെന്‍ സ്റ്റോക്സ് ജോസ് ബട്‌ലര്‍ സഖ്യം ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു. മെല്ലെത്തുടങ്ങിയ സഖ്യം സെറ്റ് ആയതിനുശേഷം തകര്‍ത്തടിച്ചതോടെ കിവീസ് വീണ്ടും സമ്മര്‍ദത്തില്‍. ബട്ലറുടെ മടക്കത്തിലും സ്റ്റോക്സ് തളര്‍ന്നില്ല. അങ്ങനെ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ഏകദിന ലോകകപ്പും എത്തി.

നാലാം ഫൈനലില്‍ ആദ്യ ലോകകപ്പ്
ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലന്‍ഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോല്‍ക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനല്‍ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.
241 റണ്‍സ് താരതമ്യേന ദുര്‍ബലമായ സ്‌കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാല്‍ ലോഡ്സില്‍ കിവീസ് ബൗളര്‍മാരുടെ പേസിന് മുന്നില്‍ ഇംഗ്ലണ്ട് പരുങ്ങി. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേല്‍ക്കുക. സൂപ്പര്‍ ഓവര്‍ വരെ ബാറ്റ് ചെയ്ത ബെന്‍ സ്റ്റോക് 98 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബട്ലര്‍ 60 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. ജോണി ബെയര്‍സ്റ്റോ 55 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category