ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അവധിക്ക് നാട്ടിലേക്ക് തിരിക്കാനിരുന്ന മലയാളികളടക്കം ലക്ഷക്കണക്കിന് യാത്രക്കാരെ വട്ടംചുറ്റിക്കുമെന്നുറപ്പായി. തീവ്രനിലപാടുള്ള യുണൈറ്റ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഹീത്രൂവിലെ എല്ലാ സര്‍വീസുകളും മുടക്കുമെന്നും സ്റ്റാന്‍സ്റ്റെഡിലെ ഈസി ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെപ്പിക്കുമെന്നും യൂണിയന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ജീവനക്കാര്‍ പണിമുടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹീത്രൂവിലും സ്റ്റാന്‍സ്റ്റെഡിലും മാത്രമല്ല ഗാറ്റ്വിക്ക് ഉള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങള്‍ മുടങ്ങുമെന്ന് യൂണിയന് വ്യക്തമാക്കി. യുണൈറ്റിലെ അംഗങ്ങളേറെയും സുരക്ഷാ പരിശോധനകള്‍ നടത്തുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണികള്‍ നടത്തുന്നവരുമാണ്. വേതനവര്‍ധനവ് ആവശ്യപ്പെട്ടാണ് ഹീത്രൂവിലും സ്റ്റാന്‍സ്റ്റെഡിലും യുണൈറ്റ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഗാറ്റ്വിക്കിലും ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തണോ എന്ന കാര്യത്തില്‍ ജീവനക്കാരോട് അഭിപ്രായം തേടിയിട്ടുണ്ട്.
ബ്രിട്ടീഷ് എയര്‍വേയ്സിലെ പൈലറ്റുമാരും സമരത്തിന് തയ്യാറെടുക്കുകയാണ്. ആറക്ക ശമ്പളം വാങ്ങുന്നവരാണ് ഇവരെങ്കിലും പണപ്പെരുപ്പത്തിന് അനുസൃതമായി വേതന വര്‍ധന ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ സമരത്തിലേക്ക് നീങ്ങുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാര്‍ പണിമുടക്കുകയാണെങ്കില്‍, അത് ബ്രിട്ടനിലെ 14 വിമാനത്താവളങ്ങളെയും അത് ബാധിക്കും. ഹീത്രൂ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റെഡ്, ലീഡ്സ്, ബ്രാഡ്ഫഡ്, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ഇന്‍വെര്‍നസ്, എഡിന്‍ബറോ എന്നീ വിമാനത്താവളങ്ങളില്‍ നിന്നൊക്കെ ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുണ്ട്.
ലണ്ടന്‍ സിറ്റി വിമാനത്താവളത്തെ മാത്രമാണ് സമരം ബാധിക്കാതിരിക്കുക. ഇവിടെനിന്ന് പ്രവര്‍ത്തിക്കന്ന ബ്രിട്ടീഷ് എയര്‍വേസിലെ പൈലറ്റുമാര്‍ വേറിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വേതനം കൈപ്പറ്റുന്നത്. തിങ്കളാഴ്ച ഉച്ചയോടെ സമരത്തിന്റെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താനാനാണ് യൂണിയന് അവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം തന്നെ ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും.
സമരത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഓഗസ്റ്റ് പകുതിയോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറിലാകും. ബ്രിട്ടനില്‍ അവധിയുടെ തിരക്കേറുന്ന ഘട്ടംകൂടിയാണിത്. മലയാളികടക്കമുള്ളവര്‍ നാട്ടിലേക്ക് വരാനിരിക്കുന്ന സമയമായതിനാല്‍, വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് യാത്രയെ ബാധിക്കാനിടയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം യാത്ര ആസൂത്രണം ചെയ്യുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ഈ മേഖലയിലുള്ളവര്‍ നല്‍കുന്നത്.
സമരം പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. ആ നിലയ്ക്കാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്ന സമരം ഓഗസ്റ്റിലാകും നടത്താനാണ് സാധ്യതയെന്ന വിലയുത്തല്‍. ബ്രിട്ടീഷ് എയര്‍വേസിലെ 4500 പൈലറ്റുമാരില്‍ 3800 പേരും അംഗങ്ങളായ ബാല്‍പ എന്ന യൂണിയനാണ് സമരത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ സമരം പ്രഖ്യാപിക്കകയാണെങ്കില്, ബ്രിട്ടീഷ് എയര്‍വേസിന്റെ ഭൂരിഭാഗം വിമാനങ്ങളും മുടങ്ങുമെന്ന് ഉറപ്പാണ്.