1 GBP = 94.00 INR                       

BREAKING NEWS

യോഗ്യതയുള്ള നഴ്‌സുമാരെ കൊത്തിക്കൊണ്ടു പോവാന്‍ ബ്രിട്ടന്‍ ക്യൂ നില്‍ക്കുമ്പോള്‍ നഴ്‌സുമാരെ സഹായിക്കാന്‍ എന്ന പേരില്‍ മന്ത്രി ടി പി രാമകൃഷ്ണനും സംഘവും യുകെയില്‍; സര്‍ക്കാര്‍ ആശുപത്രികളെ കുഴപ്പത്തിലാക്കാനും നീക്കം: മന്ത്രിയും കൂട്ടരും യുകെയില്‍ ചുറ്റിക്കറങ്ങുന്നത് ശുദ്ധ തട്ടിപ്പെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: തൊഴില്‍ - നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഉദ്യോഗവൃന്ദവും ഏതാനും ദിവസങ്ങളായി യുകെയില്‍ ടൂറടിച്ച് ചുറ്റിക്കറങ്ങുന്നതിന്റെ പിന്നില്‍ വമ്പന്‍ തട്ടിപ്പ്. യുകെയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മലയാളി നഴ്‌സുമാരെ സൗജന്യമായി എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും കരുക്കളുമായാണ് മന്ത്രിസംഘത്തിന്റെ യാത്ര എന്നു പറയുമ്പോഴും അതിന്റെ പിന്നിലെ ലക്ഷ്യം വെറും ടൂറടിയും ധൂര്‍ത്തുമെന്ന് ഉറപ്പാവുകയാണ്. മന്ത്രി സംഘത്തിന്റെ യാത്രാ ചെലവ് നികുതി ദായകന്റെ കണക്കില്‍ പെടുമോ എന്നു മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്. 

കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴി ചുരുങ്ങിയത് വരും വര്‍ഷങ്ങളില്‍ അയ്യായിരം പേര്‍ക്കെങ്കിലും യുകെയില്‍ നഴ്‌സായി ജോലി ചെയ്യുമെന്നാണ് മന്ത്രി സംഘം ഇന്നലെ മാഞ്ച്‌സറ്റര്‍ എന്‍എച്ച്എസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നത്. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മന്ത്രി സംഘം സന്ദര്‍ശിക്കുകയും കരാറുകള്‍ ഒപ്പു വയ്ക്കുകയും ചെയ്തതായി പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അവകാശപ്പെടുന്നു. കൂടാതെ, വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസാ ചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും ലഭ്യമാകും എന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് കേരളത്തില്‍ നിന്ന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ തേടി പോയപ്പോഴാണ് മന്ത്രിസംഘത്തിന്റെ സന്ദശനം വെറും തട്ടിപ്പാണ് എന്നു വ്യക്തമാകുന്നത്. നഴ്‌സുമാരെ കിട്ടാതെ വലയുന്ന എന്‍എച്ച്എസ് നേരത്തെ തന്നെ എങ്ങനെയെങ്കിലും നഴ്‌സുമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അനേകം ഏജന്റുമാരെ ഇവര്‍ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഏജന്‍സി കരാര്‍ മാത്രമാണ് ഇപ്പോള്‍ ഒഡെപെകുമായി ഉണ്ടാക്കിയതും. ഇതനുസരിച്ച് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ഏജന്റുമാരെ പോലെ തന്നെ എന്‍എച്ച്എസിന്റെ ഒരു ഏജന്റായി ഈ സര്‍ക്കാര്‍ ഏജന്‍സിക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ ജോലി ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ യാതൊരു ഇളവും ബാധകമല്ല. അതായത് സ്വകാര്യ ഏജന്‍സികള്‍ വഴി ജോലിക്ക് വന്നാലും സര്‍ക്കാര്‍ ഏജന്‍സി വഴി വന്നാലും ഐഇഎല്‍ടിഎസ് പാസായേ പറ്റൂ എന്നര്‍ത്ഥം. സിബിറ്റി പരീക്ഷയും യുകെയില്‍ എത്തിയ ശേഷമുള്ള പ്രാക്ടിക്കല്‍ പരീക്ഷയും ഇവര്‍ക്കും ബാധകമാണ്. വിസ നല്‍കുന്ന കാലാവധിക്കോ പിആര്‍ ലഭിക്കുന്ന കാലാവധിക്കോ മാറ്റമില്ല. 

അപ്പോള്‍ പിന്നെ മന്ത്രിയും സംഘവും എത്തിയ കരാറിന് എന്ത് പ്രത്യേകത എന്ന ചോദ്യം ഉയരുകയാണ്. ഒഡെപെക് വഴി നിയമനം ലഭിച്ചാല്‍ നിയമനത്തിനു കമ്മീഷന്‍ കൊടുക്കേണ്ടെന്നും വിമാന ടിക്കറ്റ് കിട്ടുമെന്നും മൂന്ന് മാസത്തെ അക്കമൊഡേഷന്‍ സൗജന്യമായി കിട്ടുമെന്നും ഇവര്‍ പറയുന്നുണ്ട്. ഇതും സ്വകാര്യ ഏജന്‍സികള്‍ക്ക് ബാധകമാണ്. ഏതെങ്കിലും ഒരു അംഗീകൃത ഏജന്റ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കാശ് വാങ്ങിയാല്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവുകയും ചെയ്യും. 50,000ത്തില്‍ അധികം ഒഴിവുകള്‍ ഉള്ള എന്‍എച്ച്എസ് യോഗ്യതയുള്ള ആരെ ലഭിച്ചാലും എടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ ആനുകൂല്യങ്ങള്‍ ഒക്കെ നല്‍കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏജന്‍സി വഴി പോയാല്‍ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നു മാത്രമല്ല ദോഷം ഉണ്ട് താനും.
രണ്ടു പ്രധാന ന്യൂനതകളാണ് സര്‍ക്കാര്‍ ഏജന്‍സി വഴി പോയാല്‍ ഉണ്ടാവുക. ഒന്നാമത്തേത് യുകെയിലെ നഴ്‌സിങ് നിയമങ്ങളും വിസ പ്രൊസസും ഒക്കെ കൃത്യമായി അറിയുന്ന ഒരു ഉദ്യോഗസ്ഥന്‍ പോലും സര്‍ക്കാര്‍ ഏജന്‍സിയില്‍ ഇല്ല. ഇവര്‍ക്ക് ജോലി കിട്ടുന്നതു വരെയുള്ള ഏതാണ്ട് നാലു മുതല്‍ ആറു മാസം വരെയുള്ള പ്രൊസസുകള്‍ ചെയ്യുക പ്രശ്‌നമാകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും നിയമിച്ചിരിക്കുന്ന സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തില്‍ കൃത്യമായി ഉത്തരം പറയാനോ ഫോളോ ചെയ്യാനോ ഉള്ള വൈദഗ്ധ്യം ഉണ്ടാവുകയില്ല. എന്തു ചോദിച്ചാലും കൈമലര്‍ത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രൊസസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. മറ്റൊരു പ്രധാന വിഷയം ഒഡെപെക്കിന് യുകെയില്‍ ഓഫീസ് ഇല്ലാത്തതിനാല്‍ യുകെയില്‍ എത്തിക്കഴിഞ്ഞാലുള്ള സഹായങ്ങള്‍ ഒന്നും ലഭിക്കുകയില്ല എന്നതാണ്. അതേ സമയം യുകെയിലും കേരളത്തിലും ഓഫീസുകള്‍ ഉള്ള ഏജന്‍സികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും ജോലിക്കുള്ള പ്രൊസസിലെ ഓരോ ഘട്ടവും കൈകാര്യം ചെയ്യാനും കഴിയും.
രസകരമായ വസ്തുത ഒരു വര്‍ഷം മുന്‍പ് സമാനമായ കരാര്‍ ഒഡെപെകും ചില എന്‍എച്ച്എസ് ട്രസ്റ്റുകളും തമ്മില്‍ ഒപ്പിട്ടതാണ് എന്നതാണ്. എന്നിട്ട് വിരലില്‍ എണ്ണാന്‍ കഴിയുന്ന നഴ്‌സുമാരെ പോലും എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതേ സമയം വിവിധ സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് വന്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഇടയ്ക്കിടെ എന്‍എച്ച്എസ് പ്രതിനിധികള്‍ യുകെയില്‍ നിന്നും കേരളത്തില്‍ എത്താറുണ്ട്. ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികളെ എത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കില്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സര്‍ക്കാരിനെ വിശ്വസിച്ച് ഇവിടെ റിക്രൂട്ട്‌മെന്റിനായി എത്തുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രിക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഒരു ടൂര്‍ എന്നതിനപ്പുറം യാതൊരു പ്രയോജനവും ഈ കരാര്‍ വഴിയില്ല. പ്രളയദുരിത പുനരധിവാസത്തിന്റെ കാലത്ത് ഖജനാവില്‍ നിന്നും കാശെടുത്താണോ അതോ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ തന്നെയാണോ യാത്രാചെലവും മറ്റു ചെലവുകളും നല്‍കിയത് എന്നു മാത്രമാണ് അറിയേണ്ടത്.
യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സൗജന്യമാകുന്നത് എന്‍എച്ച്എസ് ആശുപത്രികള്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കുമുള്ള ഫീസ് ഏജന്‍സിക്ക് നല്‍കുന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ഫീസ് ഒഡെപെക്കിനും ലഭിക്കും. ഈ പണം ഇടനിലക്കാര്‍ അടിച്ചുമാറ്റുമോ എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ വിദേശത്ത് നിന്നും ബിസിനസ് താല്‍പര്യത്തോടെ കാശ് സ്വീകരിക്കാന്‍ ഒഡെപെക്കിന് കഴിയാത്തതിനാല്‍ യുകെയിലെ തന്നെ മന്ത്രിക്കും ഉദ്യോഗവൃന്ദങ്ങള്‍ക്കും താല്‍പര്യം ഉള്ള ചില വ്യക്തികള്‍ ഈ പണം അടിച്ചു മാറ്റാനുള്ള സാധ്യത കൂടുതലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെയും, തോമസ ഐസക്കിനെയും കെ ടി ജലീലിനെയും സ്ഥിരമായി യുകെയില്‍ സ്വീകരിച്ച് ആനയിക്കുന്ന മുന്‍ എസ്എഫ്‌ഐക്കാരുടെ ഒരു സംഘം ഇത്തരം കച്ചവട താല്‍പര്യങ്ങളില്‍ അതീവ തല്‍പരരായതിനാല്‍ അവര്‍ ഇടനിലക്കാരായി കാശ് അടിച്ചുമാറ്റാനുള്ള സാധ്യത കൂടുതലാണ്. 
ആകെ ഇതുകൊണ്ട് അല്‍പം എങ്കിലും മെച്ചമുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ചില നഴ്‌സുമാര്‍ക്കാണ്. ഇതുവരെ ഇത്തരക്കാര്‍ക്ക് ജോലി ചെയ്യാന്‍ വിദേശത്ത് പോവണമെങ്കില്‍ ബന്ധു സന്ദര്‍ശനം എന്നോ മറ്റോ നുണ പറഞ്ഞു പോവണമായിരുന്നു. ഇനി മുതല്‍ ഉള്ള കാര്യം പറഞ്ഞു പോകാന്‍ സാധിക്കും. എന്നാല്‍ ഇവരും ഐഇഎല്‍ടിഎസോ, ഓഇടിയോ പാസാകണം. ഐഇഎല്‍ടിഎസ് ആണെങ്കില്‍ റൈറ്റിങില്‍ 6.5ഉം മൂന്ന് മോഡ്യുലുകളിലായി 7ഉം ലഭിച്ചാലേ പറ്റൂ. ഓഇടി ആണെങ്കില്‍ എല്ലാ വിഷയത്തിലും ബി ഗ്രേഡ് നേടണം. സര്‍ക്കാര്‍ നഴ്‌സുമാര്‍ക്കും ഇതു ബാധകമാണ്. എന്നാല്‍ പുതിയ നീക്കത്തോടെ ഓഡെപെക്ക് വഴി സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് അവധി എടുത്തു പോയി മടങ്ങാന്‍ എളുപ്പമാകും.

ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാതെ വലയുന്ന കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരെ സര്‍ക്കാര്‍ മുന്‍കൈയില്‍ തന്നെ വിദേശത്ത് ജോലിക്ക് അയക്കുന്നതിലെ ധാര്‍മികതയും ചര്‍ച്ചയാവുന്നുണ്ട്. ഉയര്‍ന്ന ശമ്പളം ലഭിക്കുമെങ്കിലും സര്‍ക്കാരിന് ഇതുവഴി നഷ്ടം മാത്രമാണ് ഉണ്ടാവുക. സര്‍ക്കാര്‍ നഴ്‌സുമാര്‍ വിദേശ ജോലിക്ക് പോകുമ്പോള്‍ ഇവിടെ നഴ്‌സുമാര്‍ ഇല്ലാതെ വലയും. ഇതും വന്‍ വിവാദമായി വളരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയോടൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പി എ ദീപു പി നായര്‍ എന്നിവരും എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ ഇവര്‍ രണ്ട് ദിവസം കൂടി യുകെയില്‍ ടൂര്‍ തുടരും. അതിനു ശേഷം ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category