1 GBP = 94.40 INR                       

BREAKING NEWS

കേരള മന്ത്രിമാര്‍ക്ക് ലണ്ടന്‍ ജ്വരം; മുഖ്യമന്ത്രിയുള്‍പ്പെടെ എത്തിയത് ഏഴു പേര്‍; മന്ത്രിയെന്ന പേരില്‍ ലണ്ടന്‍ കാണാന്‍ സിപിഎമ്മില്‍ ഇനി ബാക്കി ആറു പേര്‍ മാത്രം; പ്രളയത്തില്‍ പെട്ട അരലക്ഷം പേര്‍ ഇപ്പോഴും കനിവ് കാക്കുമ്പോള്‍ മന്ത്രിമാരുടെ സര്‍ക്കീട്ടി ല്‍ പാര്‍ട്ടി ഘടകത്തിലും ലോക് കേരള സഭയിലും അപസ്വരം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മെയ് രണ്ടാം വാരം പിന്നിട്ടപ്പോള്‍ രണ്ടു ദിവസത്തേക്കാണ് മുഖ്യമന്ത്രി പിണറയി വിജയന്‍ ലണ്ടനില്‍ എത്തിയത്. കൂടെയെത്തിയ ധനമന്ത്രി തോമസ് ഐസക്കാകട്ടെ പിന്നെയും ഒരാഴ്ച ചുറ്റിത്തിരിഞ്ഞാണ് തിരികെ നാട്ടില്‍ എത്തിയത്. രണ്ടു പേരും കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ മറ്റൊരു മന്ത്രി ലണ്ടനിലേക്ക് പറന്നു, ഊര്‍ദ്ധശ്വാസം വലിച്ചു കിടക്കുന്ന കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗത സംവിധാനം നേരെയാക്കാന്‍ ഉള്ള ഉദ്ദേശവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്.

വീണ്ടും കൃത്യം ഒരു മാസം പിന്നിട്ടതേയുള്ളൂ, അടുത്തയാളുടെ ഊഴമായി. ഇത്തവണ തൊഴില്‍, നൈപുണ്യ മന്ത്രി ടിപി രാമകൃഷ്ണന്‍ ആണ് എത്തിയത്. ഉദ്ദേശം ഒരു ചിലവും ഇല്ലാതെ എന്‍എച്ച്എസ് ലോകത്തെവിടെ നിന്നും നഴ്‌സുമാരെ എത്തിക്കുമ്പോള്‍ അത് ഞങ്ങളുടെ പേരില്‍ കൂടെ ആയിക്കൂടെ എന്ന് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം. നാലു പേരടങ്ങുന്ന സംഘവുമായുള്ള ഈ വരവ് സംസ്ഥാനത്തിന് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ല എന്ന ആരോപണം സോഷ്യല്‍ മീഡിയ വഴിയും മറ്റും ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം തന്നെ യുകെ സന്ദര്‍ശിച്ച മൂന്നു മന്ത്രിമാര്‍ കൂടിയുണ്ട് കേരള മന്ത്രിസഭയില്‍. പലവട്ടം വന്നുപോയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രാഷ്ട്രീയം പഠിക്കാന്‍ എംഎല്‍എ സംഘവുമായി എത്തിയ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, ആരോഗ്യ പഠനം നടത്താന്‍ എത്തിയ ആരോഗ്യക്ഷേമ മന്ത്രി കെ കെ ശൈലജ എന്നിവര്‍ കൂടി ആയാലേ പട്ടിക പൂര്‍ത്തിയാകൂ. ഇത്രയധികം മന്ത്രിമാര്‍ ചുരുങ്ങിയ കാലയളവില്‍ യുകെ സന്ദര്‍ശനം നടത്തിയ അനുഭവം മുന്‍പ് ഉണ്ടായിട്ടില്ല.

എടുത്തു പറയത്തക്ക നേട്ടം ഒന്നും ഇല്ലാതെ പോയ ഈ സംഘങ്ങളുടെ വരവില്‍ ഉദ്യോഗസ്ഥരുടെ അടക്കം ചിലവുകള്‍ പരിഗണിക്കുമ്പോള്‍ ദശലക്ഷങ്ങളുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിന് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം തികയും മുന്‍പ് ഒരു മഹാപ്രളയം സംഭവിച്ച നാട്ടില്‍ നിന്നാണ് ഇവരൊക്കെയും ലണ്ടന്‍ വരെ എത്തിയിരിക്കുന്നത് എന്നത് സൗകര്യപൂര്‍വം മറന്നു കളയണ്ട കാര്യമല്ല, കാരണം സര്‍വ്വതും നഷ്ടമായ അരലക്ഷം ആളുകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പിച്ചക്കാശിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഈ വരവ് പോക്കലുകള്‍ എന്നതാണ് ഏറെ ദയനീയം.
ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ബിജെപിയില്‍ നിന്നും കാശു വാങ്ങി മാധ്യമങ്ങള്‍  എഴുതുന്നു എന്ന ബാലിശമായ മറുവാദം പോലും ഉയര്‍ത്തുകയാണ് സര്‍ക്കാരിനൊപ്പമുള്ള പാര്‍ട്ടി. മുന്‍കാലങ്ങളില്‍ ഇടതു സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ തിരുത്താന്‍ എത്തിയിരുന്നത് പാര്‍ട്ടിയാണ്. ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരേവിധം വീഴ്ചകള്‍ നേരിടുമ്പോള്‍ ആര് ആരെ തിരുത്തും എന്ന ദുര്‍വിധി കൂടിയാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അമരക്കാര്‍ നേരിടേണ്ടി വരുന്നത്.

ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ നടന്ന മസാല ബോണ്ടിന്റെ വില്‍പ്പന ആരംഭം കുറിക്കുന്ന മണിയടിക്കല്‍ ചടങ്ങിന് എത്തി എന്നതാണ് മുഖ്യമന്ത്രിയുടെ വരവിനെ ആഘോഷമാക്കിയത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പ് നടന്ന മസാല ബോണ്ടിന്റെ വില്‍പ്പന ചടങ്ങുകള്‍ എല്ലാം തങ്ങള്‍ എത്തും മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞത് സംഘത്തില്‍ ഉള്‍പ്പെട്ട ധനമന്ത്രി തന്നെ ആയിരുന്നു. അതിനര്‍ത്ഥം ആ വരവ് കൊണ്ട് പ്രത്യേകിച്ച് ഉദ്ദേശം ഒന്നും തന്നെ ഇല്ല എന്നതായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി സന്ദര്‍ശന പട്ടികയില്‍ ഉള്ളതിനാല്‍ സര്‍ക്കാരിന്റെ നേട്ടം എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ഒരു രാഷ്ട്രീയ തള്ള് എന്ന നിലയിലാണ് ഈ സന്ദര്‍ശനം പിന്നീട് വിലയിരുത്തപ്പെട്ടത്. കടുത്ത കടബാധ്യതയും ഒരു മഹാദുരന്തവും നേരിടുന്ന ഒരു സംസ്ഥാനത്തിന്റെ പേരില്‍ ആകണമോ ഈ കാട്ടിക്കൂട്ടലുകള്‍ എന്ന വിമര്‍ശം പോലും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല.

എന്നാല്‍ ഈ സന്ദര്‍ശനം പിന്നീട് ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതിനാല്‍ കൂട്ടുപിടിച്ചത് കെ എസ് എഫ് ഇ യെ ആയിരുന്നു. യാതൊരു വിധ വിപണി പഠനവും നടത്താതെ ലണ്ടനില്‍ പ്രവാസി ചിട്ടിയുടെ അവതരണമാണ് യാത്രയുടെ ഉദ്ദേശമായി അവതരിപ്പിക്കപ്പെട്ടത്. സ്വന്തം നാട്ടിലെ വസ്തുവകകള്‍ പോലും വിറ്റു നിക്ഷേപം ജീവിക്കുന്ന നാട്ടില്‍ നടത്തുന്ന യൂറോപ്യന്‍ മലയാളികളോട് പണം അഭ്യര്‍ത്ഥിക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് വിദേശ മലയാളികള്‍ മുഖം തിരിച്ചു നിന്ന് എന്നാണ് പ്രവാസി ചിട്ടിയുടെ ഗതി തെളിയിക്കുന്നത്.

ഇതിനകം പത്തര കോടി പ്രവാസി ചിട്ടിയുടെ പ്രചാരണത്തിന് ചിലവാക്കിയ കെ എസ് എഫ് ഇ ക്കു ഗള്‍ഫിലെ പാര്‍ട്ടി അനുഭാവികള്‍ ആഞ്ഞു പരിശ്രമിച്ചിട്ടു പോലും പത്തു കോടിയെ പിരിക്കാന്‍ ആയിട്ടുള്ളൂ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ കോടി രൂപ പ്രവാസി മലയാളികള്‍ നിര്‍ലോപം നിക്ഷേപിക്കും എന്ന് കണക്കുകൂട്ടിയ സര്‍ക്കാരിന്റെയും കിഫ്ബിയുടെയും സകല തന്ത്രങ്ങളും പൊളിയുകയാണ്. ഇതുവരെ കിട്ടിയ പത്തു കോടി രൂപയുടെയും മസാല ബോണ്ടില്‍ കിട്ടിയ രണ്ടായിരം കോടി രൂപയുടെയും കണക്കും കയ്യില്‍ പിടിച്ചാണ് മുഖ്യമന്ത്രി 30000 കോടി രൂപയുടെ വികസന പദ്ധതികള്‍ പല വേദികളില്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് 60000 കോടിയുടെ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ആണ് ശ്രമം എന്ന് അദ്ദേഹം ലണ്ടനില്‍ പറഞ്ഞെങ്കിലും നടപ്പാക്കാന്‍ ഉള്ള പണം എവിടെ എന്നതിന് വക്തത നല്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി മോദിയെ തള്ളുകാരനായി അവതരിപ്പിക്കുന്നവര്‍ തന്നെയാണ് കയ്യില്‍ നയാപൈസ ഇല്ലാതെ ഇത്തരം വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും.
ഇതിന്റെ തെളിവാണ് പൊതു ഗതാഗതത്തെ പറ്റി പഠിക്കുക എന്ന പരിപാടിയുമായി ദിവസങ്ങള്‍ക്കകം ഗതാഗത മന്ത്രിയും പരിവാരവും വന്നു പോയത്. അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ ആയിരുന്നു ഈ വരവ് എന്ന് പറയുമ്പോള്‍ ഉദ്ദേശ ശുദ്ധി ബോധ്യപ്പെടും. അതുവരെ കെഎസ്ആര്‍ടിസി ഉണ്ടാകുമോ എന്നാരെങ്കിലും മന്ത്രിയോട് ചോദിച്ചാല്‍ ഒരു പക്ഷെ അദ്ദേഹത്തിനും ഉത്തരം നല്‍കാന്‍ സാധിച്ചേക്കില്ല, അത്ര ദയനീയവസ്ഥയിലൂടെ ഈ ഗതാഗത സ്ഥാപനം കടന്നുപോകുമ്പോള്‍ തന്നെയാണ് തികഞ്ഞ ദൂര്‍ത്ത് ആയി മാറിയ മറ്റൊരു ലണ്ടന്‍ സന്ദര്‍ശനം. ശശീന്ദ്രന് ഒപ്പവും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ ഐ എ എസും മറ്റു ഉദ്യോഗസ്ഥരും ഇടം പിടിച്ചിരുന്നു. ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയെ കൂട്ടുപിടിച്ചാണ് ഈ യാത്ര തരപ്പെടുത്തിയത്.
ഒരു വര്‍ഷം മുന്‍പ് എ കെ ബാലന്‍ എംഎല്‍എ സംഘവുമായി യുകെയില്‍ എത്തിയതും പിന്നീട് നിയമസഭയില്‍ വരെ ഒച്ചപ്പാടായ സംഭവമാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് അടഞ്ഞു കിടക്കുമ്പോള്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തന രീതി പഠിക്കാന്‍ എത്തിയ സംഘം ഒടുവില്‍ പാര്‍ലിമെന്റ് സ്‌ക്വയറില്‍ നിന്നും പടമെടുത്താണ് സായൂജ്യം നേടിയത്. പേരിനു ആശ്വാസമായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം നടത്തി മന്ത്രി ബാലന്‍ മാനക്കേടിനു മറയിട്ടപ്പോള്‍ കൂടെ വന്ന എം എല്‍ എ സംഘം താജ് ഹോട്ടലിലും ലളിതിലും ഭക്ഷണം കഴിച്ചു ഒരാഴ്ചത്തെ ട്രിപ്പ് ഉല്ലാസമാക്കി.
പിന്നീടാണ് വാര്‍വിക് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചു ആരോഗ്യ രംഗത്ത് യുകെ മാതൃകയില്‍ പരീക്ഷണം നടത്താന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും സംഘവും ലണ്ടനില്‍ എത്തിയത്. യുകെയിലെ ജിപി മാതൃകയില്‍ കേരളത്തില്‍ ആരോഗ്യ രംഗത്ത് സമൂലമാറ്റം ആയിരുന്നു മന്ത്രി ശൈലജയുടെ വാഗ്ദാനം. യുകെയിലെ വലിയ ആശുപത്രികളില്‍ ഒന്നായ കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലും വിവിധ ആരോഗ്യ കേന്ദ്രങ്ങളും കണ്ടായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും മടക്കം.
ടൂറിസം മന്ത്രി എന്ന നിലയില്‍ പലവട്ടമാണ് കടകംപള്ളി സുരേന്ദ്രനും കേരള ടൂറിസം കെടിഡിസി ഉദ്യോഗസ്ഥരും ലണ്ടനില്‍ ചുറ്റിയടിച്ചതു. ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ ലണ്ടനില്‍ ഇരുന്നു കേരളത്തിലെ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയ വഴി മന്ത്രി സമയം കളഞ്ഞപ്പോള്‍ ദക്ഷിണ ആഫ്രിക്ക ടൂറിസം മേളയിലെ അവാര്‍ഡ് സ്വന്തമാക്കിയാണ് മടങ്ങിയത്. പിന്നീട നാട്ടില്‍ എത്തിയപ്പോള്‍ സമാശ്വാസ സമ്മാനം കിട്ടിയതിനെ പ്രധാന സമ്മാനമാക്കി അവതരിപ്പിച്ചതിന് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ നന്നായി ട്രോളുകളും ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ ലോബിയിങ് നടത്തി കേരളം ഉത്തരവാദ ടൂറിസം എന്ന കാറ്റഗറിയില്‍ അവാര്‍ഡ് നേടുന്നതും. ഇത്തരത്തില്‍ വലിയ തോതില്‍ പണം ചിലവഴിച്ചു എത്തുന്ന മന്ത്രി സംഘങ്ങള്‍ കേരള ഖജനാവിന് ബാധ്യത ആയി മാറുന്നു എന്ന ആരോപണം ശക്തമാകുമ്പോഴും ഈ മന്ത്രിമാരുടെ വരവ് പോക്കുകള്‍ യുകെയിലെ പാര്‍ട്ടി ഘടകവും ലോക് കേരള സഭ അംഗങ്ങളും അറിയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. സാധാരണ ഗതിയില്‍ സി പി എം ഭരിക്കുമ്പോള്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കൃത്യമായി വിവരം ലഭിക്കുന്നതാണ്.
എന്നാല്‍ ഇന്ത്യക്കു പുറത്തു പോളിറ്റ് ബ്യുറോ മാതൃകയില്‍ പാര്‍ട്ടി ഘടകം പ്രവര്‍ത്തിക്കുന്ന സ്ഥലം ആയിട്ട് കൂടി കേരളത്തില്‍ നിന്നും എത്തുന്ന മന്ത്രിമാരുടെ വരവ് പോക്കുകള്‍ പാര്‍ട്ടി ഘടകത്തില്‍ ആരും അറിയുന്നില്ല എന്നതാണ് സത്യം. മുഖ്യമന്ത്രിയും ധനമന്ത്രിയും എത്തിയപ്പോള്‍ ഇത് പാര്‍ട്ടിയിലെ മലയാളികള്‍ ചേര്‍ന്നുള്ള ഘടകത്തില്‍ വലിയ പൊട്ടിത്തെറിയും സൃഷ്ടിച്ചിരുന്നു. നേതാക്കള്‍ എത്തുമ്പോള്‍ വന്നു കാണണം എന്ന നിര്‍ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഇത് കേരളമല്ല എന്നാണ് മാഞ്ചസ്റ്റര്‍ ഘടകത്തിലെ ഒരംഗം പാര്‍ട്ടിക്ക് നല്‍കിയ മറുപടി. ഇത് ശരിവക്കും വിധം മുഖ്യമന്ത്രി പങ്കെടുത്ത ഏക പൊതുചടങ്ങു എന്ന നിലയില്‍ പ്രവാസി ചിട്ടി ഉത്ഘാടന വേളയില്‍ സജീവമായ പല പാര്‍ട്ടി പ്രവര്‍ത്തകരും വിട്ടു നിന്നതും ശ്രദ്ധേയമായി. പാര്‍ട്ടിയെ ചിലയാളുകള്‍ പോക്കറ്റില്‍ ഒതുക്കുന്നു എന്ന ആരോപണത്തിലേക്കാണ് ഇത് എത്തിച്ചിരിക്കുന്നത്.
ഇതിനു കൂടുതല്‍ ശക്തി പകര്‍ന്നാണ് ഇപ്പോള്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ വരവ് എത്തി നില്‍ക്കുന്നത്. മന്ത്രിയുടെ സന്ദര്‍ശനം പ്രധാന നേതാക്കള്‍ പോലും അറിഞ്ഞത് മാധ്യമങ്ങള്‍ക്കുള്ള വാട്സ്ആപ് സന്ദേശം വഴിയാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ പാര്‍ട്ടി ഭാരവാഹികളുടെ നമ്പര്‍ മന്ത്രിയുടെ ഓഫീസിനു ലഭ്യമല്ലായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. എങ്കില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും എന്ന് പറഞ്ഞു രൂപം നല്‍കിയ ലോക് കേരള സഭയിലെ അഞ്ചു അംഗങ്ങളെ എങ്കിലും അറിയിക്കാന്‍ ഉള്ള ബാധ്യത ഇല്ലേ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ലോക് കേരള സഭയിലെ ഒരംഗം കാര്യങ്ങള്‍ അറിയുന്നുണ്ട് എന്നായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ മറുപടി. ഇത് ലോക് കേരള സഭ അംഗങ്ങളിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
ലോക് കേരള സഭ അംഗങ്ങളെ ബന്ധപ്പെടാന്‍ ഉള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉള്ളപ്പോള്‍ എന്തിനു ഒരു അംഗത്തെ മാത്രം അറിയിക്കുന്നു എന്ന ചോദ്യവും ഈ സന്ദര്‍ശനങ്ങളെ വിവാദത്തിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ചു എത്തുമ്പോള്‍ മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ന്യായമാണ് ഔദ്യോഗികമായി ലഭിക്കുന്നത്. ന്യായങ്ങള്‍ എന്തൊക്കെയായാലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കപ്പെട്ടിരിക്കുന്നത് ലണ്ടന്‍ യാത്രകള്‍ക്ക് ആയിരിക്കും എന്നുറപ്പാണ്. ഈ യാത്രകള്‍ വഴി എന്ത് നേടി എന്നതിന് കാലാവധി തീരും മുന്‍പ് എങ്കിലും സര്‍ക്കാരിന് സാധിക്കുമോ, കാത്തിരിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category