ലാവ്ലിനില് പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോള്‍ വാങ്ങിയത് ലക്ഷങ്ങള്‍; ഹേഗില്‍ കുല്‍ഭൂഷണിന് വേണ്ടി ഫീസായി ചോദിച്ചത് വെറും ഒരു രൂപ! കുല്‍ഭൂഷണിന് ആശ്വാസം എത്തിച്ചത് ഹരീഷ് സാല്‍വെയുടെ മൂര്‍ച്ചയേറിയ വാദങ്ങള്‍ തന്നെ; സുഷമാ സ്വരാജ് തുടങ്ങി വച്ചത് വിജയിക്കുമ്പോള്‍ കുല്‍ഭൂഷണിനെ തിരികെ നാട്ടിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് മുമ്പില്‍ വെല്ലുവിളികള്‍ ഇനിയും ഏറെ; ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനെ മോചിപ്പിക്കാന്‍ നയതന്ത്ര വഴികള്‍ തേടിയേക്കും
ഹേഗ്: കുല്ഭൂഷണ് ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധി ഇന്ത്യ നടത്തിയ നീണ്ട പരിശ്രമങ്ങളുടെ വിജയം. പാക് തടവില്‍ കഴിയുന്ന ജാദവിന് നീതിയുറപ്പാക്കാന്‍ വിശ്രമമില്ലാത്ത നയതന്ത്ര പോരാട്ടവും നിയമ പോരാട്ടവുമാണ് ഇന്ത്യ നടത്തിയത്. ഇനിയും കുല്‍ഭൂഷണെ രക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ട് പോകണം. പാക്കിസ്ഥാനുമായി നയതന്ത്ര വഴികളിലൂടെ ഈ പ്രശ്നം പരിഹരിക്കണം. കേസ് പുനഃപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. സ്വതന്ത്ര വിചാരണയ്ക്ക് ഇന്ത്യ തന്നെ കുല്ഭൂഷണ് അഭിഭാഷകനെ വിട്ടു നല്‍കും. ഈ സാങ്കേതിക പ്രശ്നമെല്ലാം നയതന്ത്ര ഇടപെടലിലൂടെ ഒഴിവാക്കാമെന്ന വാദവുമുണ്ട്.
മോദി സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടലും കേസില്‍ നിര്‍ണ്ണായകമായി. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വിഷയം വ്യക്തമായി അവതരിപ്പിച്ചു. മുന്‍ വിദേശ കാര്യസഹമന്ത്രി സുഷമാ സ്വരാജായിരുന്നു ഈ കേസില്‍ വലിയ ഇടപെടലുകള്‍ നടത്തിയത്. സുഷമയ്ക്കും അഭിമാനിക്കാവുന്ന വിധിയാണ് ഹേഗിലെ കോടതിയുടേത്. കുല്‍ഭൂഷണെ കാണാന്‍ നയതന്ത്ര പ്രതിനിധികളെപ്പോലും അനുവദിക്കാതിരുന്ന പാക്കിസ്ഥാന് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ പലതും കെട്ടിച്ചമച്ചു. പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചതോടെയാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ സുഷമാ സ്വരാജാണ് എല്ലാത്തിനും മുന്‍കൈ എടുത്തത്. രാജ്യാന്തര കോടതിയില്‍ വാദിച്ച് ഇന്ത്യന്‍ വിജയം നേടിയെടുത്തത് ഹരീഷ് സാല്‍വയാണ്. അതും വെറും ഒരു രൂപ പ്രതിഫലത്തിന്. അങ്ങനെ എല്ലാവരും കുല്‍ഭൂഷണിന് വേണ്ടി ഒരുമിച്ചു.
സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്വ. നെതര്‍ലാന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്. ഒരൊറ്റ സിറ്റിങ്ങിന് ആറു മുതല്‍ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാല്‍വെയാണ് കുല്‍ഭൂഷണിനായി ഒരു രൂപ പ്രതിഫലത്തില്‍ വാദിച്ചത്. സാല്‍വെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത് സുഷമ സ്വരാജ് തന്നെയാണ്. നേരത്തെ ലാവ്ലിന് കേസില്‍ പിണറായി വിജയന് വേണ്ടി വാദിക്കാന്‍ സാല്‍വേ എത്തിയിരുന്നു. കോടികളാണ് ഇന്ന് പിണറായിക്ക് ചെലവായത്. സിപിഎമ്മാണ് ഈ ചെലവെല്ലാം നോക്കിയത്. ഇത്തരത്തില്‍ വിലപിടിച്ച അഭിഭാഷകനാണ് ഇന്ത്യയ്ക്ക് നയതന്ത്ര വിജയം നേടികൊടുത്ത കേസില്‍ ഹാജരായത്. കഴിഞ്ഞവര്‍ഷം നവംബര്‍ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.
തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമര്‍ശങ്ങളുടെ പേരില്‍ ഹരീഷ് സാല്‍വെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്പോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു. കുല്ഭൂഷണ് ജാദവിനെതിരെ പാക്കിസ്ഥാന് നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാല്‍വെയുടെ വാദം അടിവരയിട്ടു.
കുല്ഭൂഷണ് ജാദവ് കുറ്റം സമ്മതിച്ചു എന്നവകാശപ്പെട്ട പാക് സൈനിക കോടതി 2017 ഏപ്രിലില്‍ ജാദവിന് വധശിക്ഷ വിധിച്ചത്. എന്നാല്‍ പാക്കിസ്ഥാന്റെ വിചാരണയില്‍ കുല്ഭൂഷണ് ജാദവിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ചാരക്കുറ്റം കുല്ഭൂഷണ് സമ്മതിച്ചു എന്നതും ഇന്ത്യ അംഗീകരിച്ചില്ല. വധശിക്ഷ വിധിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.
2016 മാര്‍ച്ച് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ പാക് ഏജന്‍സികള്‍ അറസ്റ്റു ചെയ്യുന്നത്. ബലൂചിസ്താനില്‍ നിന്നാണ് കുല്‍ഭൂഷണിനെ അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാന് അവകാശപ്പെടുന്നു. എന്നാല്‍, ബിസിനസ് ആവശ്യത്തിനായി ഇറാനില്‍ എത്തിയ അദ്ദേഹത്തെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ജാദവിനെ പാക് ചാരസംഘടന തട്ടിക്കൊണ്ടു പോയതാണെന്ന വെളിപ്പെടുത്തലുമായി ബലൂചിസ്താനിലെ സമൂഹ്യ പ്രവര്ത്തകന് രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 25നാണ് കുല്‍ഭൂഷണിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കുന്നത്.
നയതന്ത്ര മര്യാദകള്‍ ചൂണ്ടിക്കാട്ടി കോണ്‍സുലാര്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാന് ആവശ്യം നിരസിച്ചു. ഈ ആവശ്യമുന്നയിച്ച് ഇന്ത്യ 16 തവണ പാക്കിസ്ഥാനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2017 ഏപ്രില്‍ പത്തിന് പാക് സൈനിക കോടതി കുല്‍ഭൂഷണിന്റെ വിചാരണ പൂര്‍ത്തിയാക്കുകയും അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ചാരവൃത്തി അദ്ദേഹത്തിനെതിരെ തെളിഞ്ഞുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. കുല്ഭൂഷണ് നിലവില്‍ കമാന്‍ഡര്‍ പദവിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥനാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.
ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കുല്ഭൂഷണ് ജാദവ്. 49 വയസ്സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. മഹാരാഷ്ട്രയിലെ അനെവാദിയാണ് കുല്‍ഭൂഷണിന്റെ സ്വദേശം. പൂണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കദമിയില്‍ പഠിച്ച കുല്‍ഭൂണ്‍ പഠനത്തിലും സ്പോര്‍ട്സിലുമെല്ലാം മിടുക്കനായിരുന്നു. എല്ലാവരെയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു.