1 GBP = 94.40 INR                       

BREAKING NEWS

ഗൂഗിള്‍ വഴി കുട്ടികള്‍ക്കുള്ള ജോലി അന്വേഷിച്ച കെന്റിലെ ആല്‍ വിന്‍ പണം തേടുന്നത് ജീവകാരുണ്യത്തിന്; വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയ ഒന്‍പതുകാരന്റെ ഹൃദയത്തില്‍ കാരുണ്യം മാത്രം; ഒടുവില്‍ കായികമേളയില്‍ ബോണ്ടയും പഴംപൊരിയും വിറ്റു നേടിയത് 203 പൗണ്ട്; സന്തോഷം ഇരട്ടിയാക്കി സ്‌കൂളിലെ മെറിറ്റ് അവാര്‍ഡും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ചിന്തയില്‍ നിറയുന്നത് എന്തൊക്കെ കാര്യങ്ങള്‍ ആയിരിക്കും? സാധാരണ ഗതിയില്‍ വിഡിയോ ഗെയിം, പുതുതായി വിപണിയില്‍ എത്തുന്ന കളിക്കോപ്പുകള്‍, വീട്ടുകാരും ഒത്തു പ്ലാന്‍ ചെയ്തിട്ടുള്ള വിനോദ സഞ്ചാര പരിപാടികള്‍, പുതുതായി എത്തുന്ന ഡിസ്‌നി സിനിമ എന്നിവ ഒക്കെ ആയിരിക്കും. എന്നാല്‍ കെന്റിലെ ജില്ലിന്‍ഹം നിവാസിയായ റോബെര്‍ട്ടിന്റെയും റിന്‍സിയുടെയും നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ആല്‍വിന് ഇതൊന്നും ചിന്തിക്കാന്‍ അധികം സമയമില്ല. ചെറുപ്പത്തിലേ ഗുരുതരമായ കിഡ്‌നി രോഗം പിടിപെട്ട ആല്‍വിന്‍ പിതാവിന്റെ കിഡിനിയുമായാണ് ജീവിക്കുന്നത്. ഇക്കാലമത്രയും വേദനിക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും മുഖങ്ങളാണ് ആല്‍വിന്‍ അധികവും കണ്ടിരിക്കുന്നത്. കാരണം ജനിച്ചനാള്‍ മുതല്‍ മിക്കവാറും ആശുപത്രി വാസം പരിചിതമാണ് ഈ കുരുന്നു മനസിന്. കണ്ണൂര്‍ സ്വദേശിയായ റോബെര്‍ട്ടിന്റെയും അങ്കമാലി സ്വദേശിനീ റിന്‍സിയുടെയും നാലു മക്കളില്‍ മൂന്നാമന്‍ ആണ് ആല്‍വിന്‍. അങ്കമാലി എം എല്‍ എ റോജി ജോണിന്റെ സഹോദരി കൂടിയാണ് റിന്‍സി. മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്ത ഒരുപക്ഷെ ആല്‍വിന് കുടുംബപാരമ്പര്യം കൂടി ആയിരിക്കണം. ഇക്കഴിഞ്ഞ മഹാപ്രളയത്തില്‍ കേരളത്തില്‍ ദുരിതം നേരിട്ടവര്‍ക്കു ഏറ്റവും അധികം സഹായം എത്തിച്ച എം എല്‍ എ മാരില്‍ ഒരാള്‍ കൂടിയാണ് റോജി ജോണ്‍. അനവധി വീടുകളാണ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി അങ്കമാലിയും പരിസര പ്രദേശത്തുമായി പൂര്‍ത്തിയായിരിക്കുന്നത്.

അടുത്ത നാളില്‍ ലണ്ടനിലെ കുട്ടികളുടെ എവ്‌ലിനാ ഹോസ്പിറ്റലില്‍ നിന്നും പതിവ് ചെക് അപ് കഴിഞ്ഞു വന്ന ആല്‍വിന്‍ വീട്ടില്‍ എത്തി ആദ്യം ചെയ്തത് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എന്ത് ജോലി ചെയ്യാന്‍ പറ്റും എന്നതാണ്. വലിയ ഗൗരവത്തില്‍ ഇവന്‍ എന്തെടുക്കുന്നു എന്ന് സഹോദരങ്ങള്‍ തിരക്കിയപ്പോഴാണ് ആല്‍വിന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്. എത്രയും വേഗം ഒരു ജോലി കണ്ടെത്തണം, കുറേപ്പേരെ എങ്ങനെ എങ്കിലും സഹായിക്കണം. പെട്ടെന്ന് എന്താ ഇങ്ങനെ തോന്നാന്‍ എന്ന് തിരക്കിയപ്പോള്‍ അതിനും ഉത്തരം വന്നു. പതിവായുള്ള ആശുപത്രി വാസത്തിനിടയിലാണ് ഒരിക്കല്‍ ഹോസ്പിറ്റലില്‍ ചില്‍ഡ്രന്‍ ഇന്‍ നീഡ് പ്രോഗ്രാം നടക്കുന്നത്. അവിടെ ഉണ്ടായിരുന്ന ആരോ ആണ് ആല്‍വിന് ചാരിറ്റിയെ പരിചയപ്പെടുത്തുന്നത്. അപ്പോള്‍ മുതല്‍ ചാരിറ്റിക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ആല്‍വിനെ പിടികൂടിയത്.

ഒടുവില്‍ പതിവ് പോലെ പ്രശ്നം അമ്മയുടെ അടുത്തെത്തി. പയ്യന്‍ സീരിയസ് ആണെന്ന് കണ്ടപ്പോള്‍ എല്ലാവരും ആലോചനയായി. ചെറിയ കുട്ടികള്‍ക്ക് ജോലി ചെയ്തു പണം കണ്ടെത്താന്‍ പറ്റില്ലെന്ന് ഉറപ്പായി. എങ്കില്‍ അടുത്തുള്ള പാര്‍ക്കില്‍ പോയി ലെമണേയ്ഡ് വിറ്റാലോ എന്നായി ആല്‍വിന്റെ ചിന്ത. അതൊന്നും നടക്കുന്ന കാര്യം അല്ലെന്നും പട്ടികളുമായി നടക്കാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടു ആകാന്‍ ഇടയുള്ള കാര്യമാണെന്നും ആല്‍വിന്‍ തന്നെ കണ്ടെത്തി. ഈ ഘട്ടത്തിലാണ് മലയാളി അസോസിയേഷന്റെ കായിക മേള വന്നെത്തുന്നത്. ആല്‍വിനും സഹോദരങ്ങളും ഇതൊരവസരമായി എടുത്തു. പ്രശ്നം വീണ്ടും അമ്മക്ക് മുന്നില്‍ എത്തി. അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിച്ചപ്പോള്‍ അവര്‍ക്കു നൂറു സമ്മതം. പിന്നെ കാര്യങ്ങള്‍ വേഗത്തിലായി. നൂറിലേറെ ബോണ്ടയും പഴപൊരിയും ഒക്കെ അമ്മയും മക്കളും കൂടി തയ്യാറാക്കി.എഡ്വിന്‍, ഹെലന്‍, മരിയ എന്നിവര്‍ ആണ് ആല്‍വിന്റെ സഹോദരങ്ങള്‍. ഹെലന്‍ മികച്ച പാട്ടുകാരി കൂടിയാണ്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും പ്രശസ്ത മലയാള പിന്നണി ഗായകരുടെ വേദികളിലും തിളങ്ങിയിട്ടുള്ള ആളുകൂടിയാണ് ഹെലന്‍.

സ്റ്റാളില്‍ ചെറുകടികള്‍ എടുത്തു വയ്ക്കും മുന്നേ സാധനം തീരുന്ന അവസ്ഥ. ഏതായാലും തണ്ണിമത്തനും വീട്ടിലെ കേക്കും ഐസ് ക്രീമും കുടിവെള്ളവും ഒക്കെ വിറ്റ് ചിലവ് കഴിഞ്ഞു കിട്ടിയ ലാഭം എണ്ണി നോക്കിയപ്പോള്‍ ആല്‍വിന്റെ കുസൃതി നിറഞ്ഞ കണ്ണുകള്‍ വിടര്‍ന്നു. മൊത്തം കിട്ടിയ ലാഭം 203 പൗണ്ട്. ആരോടും ചോദിക്കാതെ താന്‍ ആദ്യമായി സമ്പാദിച്ച പണം. അതിനി ധൈര്യമായി എവ്‌ലിന്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കാം. തന്നെക്കൊണ്ട് ഇത്രയൊക്കെ സാധിച്ചല്ലോ എന്ന് ആല്‍വിന്‍ പറയുമ്പോള്‍ സമൂഹത്തിനു അതൊരു ചൂണ്ടുവിരല്‍ കൂടിയായി മാറുകയാണ്. എത്ര പണം കയ്യില്‍ ഉണ്ടെങ്കിലും ഒരു നയാ പൈസ മറ്റൊരാളെ സഹായിക്കാന്‍ മടിയുള്ളവര്‍ ഇപ്പോഴും ധാരാളമാണ്. അവര്‍ക്കിടയില്‍ ഉദിച്ചു നില്‍ക്കുന്ന സുവര്‍ണ താരമാണ് ആല്‍വിനെ പോലെയുള്ള അസാധാരണ പ്രതിഭകള്‍. ഫുഡ് സ്റ്റാളില്‍ പണം വാങ്ങാനും സാധനങ്ങള്‍ എടുത്തു നല്‍കാനും ഒക്കെ ആല്‍വിന്‍ കാട്ടിയ മിടുക്കു അമ്പരപ്പിക്കുന്നതാണ്. സാധാരണ ഈ പ്രായത്തിലെ കുട്ടികള്‍ നാണം കുണുങ്ങികള്‍ ആയി മാറി നില്‍ക്കെ മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി കഷ്ടപ്പെടാന്‍ തയാറായ ആല്‍വിന് സ്നേഹം കൂടി പകുത്തു നല്‍കിയാണ് സ്റ്റാളില്‍ എത്തിയവര്‍ ഭക്ഷണം വാങ്ങി പിന്തുണ നല്‍കിയത്. ബോണ്ടയും പഴംപൊരിയും ഒക്കെ കഴിച്ചവര്‍ നല്ല ടെയ്സ്റ്റ് എന്ന് കൂടി പറഞ്ഞതോടെ ആല്‍വിന്‍ ആ ക്രെഡിറ്റ് മൊത്തം അമ്മയ്ക്ക് നല്‍കിയിരിക്കുകയാണ്.
ചാരിറ്റിക്ക് ഇറങ്ങിയതിനു അറിയാതെ ലഭിച്ച സമ്മാനം എന്നോണമാണ് ഇന്നലെ സ്‌കൂളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥിക്കുള്ള മെറിറ്റ് അവാര്‍ഡും ആല്‍വിനെ തേടിയെത്തിയത്. ഇതോടെ പയ്യന്‍ ഇരട്ടി സന്തോഷത്തിലാണ്. ആല്‍വിന്‍ പഠിക്കുന്ന ബെയ്‌റോണ്‍ പ്രൈമറി സ്‌കൂളിലെ ചെറു വി ഐപി കൂടിയാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ സ്‌കൂളിലെ ഏറ്റവും കരുണയും സ്നേഹവും ആര്‍ദ്രതയും ഉള്ള കുട്ടിയാരെന്ന അന്വേഷണം ചെന്നെത്തിയത് ആല്‍വിനിലേക്കാണ്. അന്ന് ഹാര്‍ട്ട് ഓഫ് ബെയ്‌റോണ്‍ എന്ന സമ്മതപത്രം നല്‍കിയാണ് സ്‌കൂള്‍ ആല്‍വിന്‍ ആദരിച്ചത്. ആല്‍വിന്‍ ചെയ്ത നന്മയെക്കുറിച്ചറിഞ്ഞ കെന്റിലെ ഇംഗ്ലീഷ് പ്രാദേശിക പത്രവും ചാരിറ്റി പ്രവര്‍ത്തനത്തെക്കുറിച്ചു ചോദിച്ചറിഞ്ഞിട്ടുണ്ട്. ആല്‍വിന് പിന്തുണയായി മികച്ച റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കും എന്നാണ് പത്രത്തിന്റെ വാഗ്ദാനം.

ആല്‍വിന്‍ സമാഹരിച്ച പണം ദേശ വ്യാപകമായി അവയവ മാറ്റം നടത്തിയവരുടെ ദേശീയ കായിക മേളയിലേക്കാണ് ചിലവഴിക്കുക. ആല്‍വിനും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജനിച്ചു മൂന്നു മാസം മുതല്‍ ആശുപത്രി വാസം ആരംഭിച്ച ആല്‍വിന്‍ രണ്ടു വയസില്‍ കിഡ്‌നി മാറ്റത്തിനു വിധേയനായ ശേഷം ഇതുവരെ 35 ഓളം ചെറുതും വലുതുമായ സര്‍ജിക്കല്‍ പ്രക്രിയയിലൂടെ കടന്നു പോയിരിക്കുകയാണ്. വേദന എന്തെന്നു ശരിക്കറിഞ്ഞ ആ കുരുന്നു മനസിന് മറ്റുള്ളവരുടെ വേദന എങ്ങനെ കാണാതിരിക്കാനാകു . ആല്‍വിന്‍ ഏറ്റെടുത്ത നന്മ തിരിച്ചറിഞ്ഞു കെന്റ് മലയാളി സമൂഹം തങ്ങള്‍ക്കിടയിലെ ഹീറോയായാണ് ഇപ്പോള്‍ ആല്‍വിനെ കാണുന്നത്. മറ്റുള്ളവര്‍ക്ക് തോന്നാത്തത്, ചെയ്യാന്‍ കഴിഞ്ഞ മനസിന്റെ ഉടമ പ്രായം കൊണ്ടല്ല, മനസിന്റെ വലിപ്പം കൊണ്ടാണ് ആദരിക്കപ്പെടേണ്ടതെന്നു കൂടിയാണ് കെന്റ് മലയാളി സമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category