1 GBP = 97.50 INR                       

BREAKING NEWS

ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് മരണം; പമ്പ, മീനച്ചല്‍, മണിമലയാറുകള്‍ നിറഞ്ഞു കവിഞ്ഞ് തീരം വെള്ളത്തിനടിയിലായി; പെരിയാറിന്റെ തീരത്ത് വന്‍ മുന്‍കരുതലുകള്‍; വ്യാപകമായ മണ്ണിടിച്ചിലില്‍ അനേകം ഇടങ്ങളില്‍ ഗതാഗതം മുടങ്ങി; വന്‍ കടല്‍ക്ഷോഭത്തില്‍ ഏഴു പേരെ കാണാതായി; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകള്‍ നീങ്ങി തുടങ്ങി; രണ്ട് ദിവസമായി നിലയ്ക്കാതെ പെരുമഴ തുടരുന്നതോടെ കുടിവെള്ളം തേടി നടന്ന മലയാളികള്‍ പ്രളയം പേടിച്ച് ദൈവത്തെ വിളിക്കുന്നു

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയില്‍. ചതിച്ച വേനല്‍ മഴയും ഇടവപ്പാതിയും കര്‍ക്കിടകത്തില്‍ പെയ്തിറങ്ങുകയാണ്. വരള്‍ച്ചയെ ഭയന്ന മലയാളികള്‍ ഇപ്പോള്‍ മുന്നില്‍ കാണുന്നത് പ്രളയത്തെയാണ്. പുഴയുടെ തീരങ്ങളില്‍ എല്ലാം ഭീതി അതിശക്തം. പെരിയാര്‍ കരവിഞ്ഞൊഴുകുമെന്ന ആശങ്കയും ഉണ്ട്. അങ്ങനെ മാറിനിന്ന മഴ ഒടുവില്‍ ശക്തമായപ്പോള്‍ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം വിതയ്ക്കുകയാണ്. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ ഏഴ് പേരെ കാണാതായി. ശനിയാഴ്ച- കാസര്‍കോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കന്‍ കേരളത്തില്‍ കെടുതികള്‍ കൂടുമെന്നാണ് വിലയിരുത്തല്‍.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി
മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.

വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ഇവയില്‍ ജലനിരപ്പ് കുറവാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാള്‍ 0.78 അടി വര്‍ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിപ്പോള്‍.

കോട്ടയവും പത്തനംതിട്ടയും ഭീതിയില്‍
മഴ ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഏഴു താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയാണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നിര്‍ത്തിവച്ചു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നതിനാല്‍ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിഞ്ഞു. ഇടുക്കിയിലും പലയിടത്തു മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി 15 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

ജലനിരപ്പ് ഉയര്‍ന്നാല്‍ മലങ്കര, കല്ലാര്‍കുട്ടി ഡാമുകള്‍ ഇന്നുതന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയില്‍ ജലനിരപ്പുയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ കൊച്ചി ചെല്ലാനം കമ്പനിപ്പടി ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ഇരുപതോളം കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തില്‍ വെള്ളം കയറി. നെല്ലിയാമ്പതി, സൈലന്റുവാലി മലനിരകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം പൊന്നാനി മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരത്ത് വീടുകളില്‍ വെള്ളം കയറി.

പമ്പയില്‍ പ്രളയത്തിന് സാധ്യത
പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ മാറ്റാത്ത സാഹചര്യത്തില്‍ പമ്പാനദിക്ക് ആഴം കുറഞ്ഞതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. അതിനിടെ, ശബരിമല ഭക്തര്‍ക്ക് ബാരകിക്കേഡുകള്‍ കെട്ടി സ്നാനത്തിനുള്ള സാഹചര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. നടപ്പന്തലില്‍ വെള്ളം കേറിയതിനാല്‍ ട്രാക്ടര്‍ പോകുന്ന സര്‍വീസ് റോഡ് വഴിയാണ് ഭക്തരെ കടത്തിവിടുന്നത്.

മണിയാര്‍ ഡാമിന്റെ ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ തുറന്നതിനാല്‍ കക്കാട്, പമ്പ നദീതീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി ഡാമുകളില്‍ 24 ശതമാനം ജലം മാത്രമാണുള്ളത്. അതിനിടെ, മഴ കനത്ത സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഏഴ് മത്സ്യത്തൊഴിലാളികളെ കാണാനില്ല
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് കടലില്‍പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവര്‍ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവര്‍ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ ഇവര്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരച്ചില്‍.
നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം തകര്‍ന്നാണ് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായത്. വള്ളം തകര്‍ന്ന നിലയില്‍ ശക്തികുളങ്ങരയ്ക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവര്‍ നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളം തകര്‍ന്നതോടെ തമിഴ്നാട് സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. രാജു, ഡോണ്‍ ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവര്‍ക്കുവേണ്ടി നാവികസേനയുടെ സംഘം തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. നീന്തി രക്ഷപ്പെട്ട രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പും
കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള 36 കുടുംബങ്ങളില്‍ നിന്നായി 191 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്‌റ്റ്രേറ്റ് 1077.

എറണാകുളം ഭീതിയില്‍
യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ച എറണാകളും ജില്ലയില്‍ മഴ കനത്തു. ബുധനാഴ്ച ആരംഭിച്ച മഴ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ശക്തമായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കായുള്ള ഇരിപ്പിടത്തിലേക്കും വെള്ളമെത്തി. സമീപത്തെ കാനകളില്‍നിന്നുള്ള മലിന ജലം പരന്നൊഴുകി. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, എംജി റോഡ്, ഹൈക്കോടതി ജങ്ഷന്‍, മേനക ജങ്ഷന്‍, ഗാന്ധി നഗര്‍ എന്നിവിടങ്ങളിലും വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടായതോടെ കാല്‍നടക്കാരും ഇരുചക്രവാഹനക്കാരും ദുരിതത്തിലായി.
വെള്ളിയാഴ്ച രാവിലെമുതല്‍ ചെല്ലാനത്ത് കടല്‍ ചെറിയ തോതില്‍ കരയിലേക്ക് കയറിത്തുടങ്ങി. ഉച്ചയോടെ ശക്തിപ്രാപിച്ചു. കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണം. ചെളിയോടുകൂടി കലര്‍ന്ന വെള്ളമാണ് കരയിലേക്ക് ഇരച്ചുകയറുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്ന് കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ബോട്ട് വേയുടെ ഷട്ടര്‍ തകര്‍ന്നു. പുഴയിലെ ജലനിരപ്പ് താഴുമ്പോള്‍ ഓരുവെള്ളം കയറാതിരിക്കാനാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചത്. പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടും അധികൃതര്‍ ഷട്ടര്‍ ഉയര്‍ത്താത്തതാണ് ബോട്ട് വേ തകരാനിടയായതെന്ന് നാട്ടുകാര്‍ പറയുന്നു. വഞ്ചികള്‍ക്ക് കടന്നുപോകാന്‍ സ്ഥാപിച്ചതാണ് ബോട്ട് വേ ഷട്ടര്‍. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് ഷട്ടര്‍ നിയന്ത്രിക്കേണ്ടത്. കഴിഞ്ഞ മാസം റഗുലേറ്ററിലെ നാലാമത്തെ ഷട്ടര്‍ വെള്ളപ്പാച്ചിലില്‍ തകര്‍ന്നിരുന്നു.

പെരിയാറില്‍ ഏലൂര്‍ പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജ് വെള്ളിയാഴ്ച രാവിലെ കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകളും ഈ സമയം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ജനങ്ങള്‍ അറിയിച്ചതനുസരിച്ച് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെത്തി ആറു ഷട്ടറുകള്‍ തുറന്നു. ഇതോടെ വെള്ളമിറങ്ങി. എന്നാല്‍, ജലനിരപ്പ് സാധാരണ ദിവസങ്ങളില്‍ ഈ ഭാഗത്ത് ഉള്ളതിനേക്കാള്‍ ഒരടിയോളം ഉയര്‍ന്ന നിലയിലാണ്. നഗരസഭയിലെ താഴ്ന്ന പ്രദേശമായ 13---ാം വാര്‍ഡ് പ്രദേശത്തും രാവിലെ വെള്ളം ഉയര്‍ന്ന നിലയിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category