1 GBP = 92.00 INR                       

BREAKING NEWS

കലാലയങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളെ സംരക്ഷിക്കേണ്ടത് അധികാരികളുടെ കടമയാണ്; ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ മാതൃകാപരമായി ശിക്ഷിച്ചെങ്കില്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ

Britishmalayali
റോയ് സ്റ്റീഫന്‍

ലോകത്തിലെ ഏറ്റവും മേന്മയേറിയ ഭരണ സംവിധാനമായ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമായ ഘടകം തന്നെ ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ പ്രഥമലക്ഷ്യമായ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് മാത്രമാണ് ഹൈക്കോടതി ഇടപെട്ട് കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയുടെ വാദങ്ങള്‍ക്കിടയില്‍ കോടതിയുടെ ഗൗരവമേറിയ പല പരാമര്‍ശങ്ങളുണ്ടാവുകയും ചെയ്തു. 'ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്കും ബാധകമല്ലേ' 'കലാലയങ്ങളുടെ ഉള്ളിലായാലും പുറത്തായാലും രാഷ്ട്രീയ കൊലപാതകത്തിന്റെ ഗൗരവം ഒരുപോലെയല്ലേ' 'കൊലയാളികള്‍ ക്രിമിനലുകളാണ്, അവരെ നിയമപ്രകാരം മാത്രമാണ് നേരിടേണ്ടത്'.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ മാത്രം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയ ധാരാളം നേതാക്കന്മാരുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്നുകൊണ്ട് കോടതി വിധിയെ അപലപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തിന് തയ്യാറാവുകയും ചെയ്തു. പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്കു സാമൂഹ്യ ജീവിതത്തിലെ ഒരു കാലത്തും ഒഴിച്ചു നിര്‍ത്തുവാന്‍ സാധിക്കാത്ത ഘടകം തന്നെയാണ് രാഷ്ട്രീയം. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 77.68 ശതമാനം ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്  2014നേക്കാള്‍ 3.6 ശതമാനം കൂടുതലാണ്.

എന്നാല്‍ ഭാരതത്തില്‍ ആകെമൊത്തം 67.47 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ വലിയ പോളിംഗ് ശതമാനം. ഏകദേശം 30 ലക്ഷം പ്രവാസികള്‍ കേരളത്തിന് പുറത്തു ജോലി ചെയ്യന്നുണ്ട്. ഇവരെല്ലാം കൂടി വോട്ട് ചെയ്തിരുന്നെങ്കില്‍ പോളിംഗ് ശതമാനം വീണ്ടും കൂടി 83 ശതമാനത്തിലെത്തുമായിരുന്നു. ജനാധിപധ്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഇതില്‍ പരം വേറൊരു ഉദാഹരണം ലോകത്തെവിടെയും കാണുവാന്‍ സാധിക്കില്ല. ഇത് കേരളീയരുടെ മാത്രം വിജയമാണ്. കേരള ജനതയുടെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിജയം.

മനുഷ്യരുടെ പല ഘട്ടങ്ങളിലൂടെയുള്ള വളര്‍ച്ച അവരോരുത്തരും ജീവിക്കുന്ന പരിസ്ഥിതിയോടൊപ്പമാണ്. പ്രത്യേകിച്ചും യുവാക്കളുടെയും ചെറുപ്പക്കാരുടെയും ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണ്ണമായും അവരുടെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടിലെ ഇടപെടലുകളുടെ ഗുണമേന്മകളേയും ആശ്രയിച്ചായിരിക്കും. കുട്ടികളായിരിക്കുമ്പോള്‍ ധാരാളം ബാഹ്യ ഘടകങ്ങള്‍ അവരുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ യുവാക്കളിലും ചെറുപ്പക്കാരിലും ഈ ബാഹ്യ ഘടകങ്ങളുടെ സ്വാധീനം കുറവായിരിക്കും. പകരം മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെയും അവരുടെ പരിതസ്ഥിതിയില്‍ ലഭ്യമായിട്ടുള്ള  അവസരങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ അവര്‍ അവരുടെ വികസനം സ്വയം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനാധിപധ്യ വിശ്വാസങ്ങളിലും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ യുവാക്കളുടെ ഇടപെടല്‍ പ്രധാനവും അനിവാര്യവുമാണ്.

പ്രാഥമികമായി യുവാക്കളില്‍ കളങ്കമില്ലാത്ത ധാരാളം ആശയങ്ങള്‍ രൂപപ്പെടുകയും, അവയൊക്കെ പ്രാവര്‍ത്തികമാക്കുവാനുള്ള ഊര്‍ജ്ജസ്വലതയും കൂടുതലാണ്. പിന്നീട് സ്വന്തം അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളും പ്രതിനിധീകരിക്കുന്നതിനുള്ള അവകാശം മറ്റുള്ളവരെപ്പോലെ തന്നെ യുവാക്കള്‍ക്കും  അര്‍ഹതപ്പെട്ടതാണ്. ഇതിലെല്ലാമുപരി നാളെയുടെ പ്രതീക്ഷയാണ് ഇന്നത്തെ യുവത്വം. ജനാധിപത്യത്തില്‍ വ്യവസ്ഥിതികളില്‍ സജീവമായി പങ്കാളികളാകുവാന്‍ യുവാക്കളെ സജ്ജമാക്കുന്നതിന് എല്ലാ മേഖലകളിലും യുവ പൗരന്മാരുടെ പ്രാതിനിധ്യം അത്യന്താപേക്ഷിതമാണ്. ഇങ്ങനെയുള്ള ധാരാളം വസ്തുതകളെ അവഗണിക്കുവാന്‍ സാധിക്കാത്തതുകൊണ്ടു മാത്രം കലാലയങ്ങളിലെ ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കേണ്ടി വരും. പ്രധാനമായും പഠനത്തോടൊപ്പം അഭ്യസിക്കേണ്ട മറ്റൊരു പാഠ്യ വിഷയം തന്നെയാണ് വിവിധങ്ങളായുള്ള രാഷ്ട്രീയ ചിന്താഗതികളും പ്രവര്‍ത്തനരീതികളും

പക്ഷെ എന്തുകൊണ്ട് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലേ കലാലയങ്ങളില്‍ മാത്രം രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നു. പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ പ്രബുദ്ധരായ ജനതയുടെ ഇളം തലമുറ എന്തുകൊണ്ട് കലാലയ രാഷ്ട്രീയം പ്രതിയോഗികളെ വകവരുത്തുവാനുള്ള മാര്‍ഗ്ഗങ്ങളായി മാറ്റുന്നു. ഇതിന്റെ കരണമന്വേഷിക്കുന്ന ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ മനസിലാക്കാവുന്ന വസ്തുതയാണ് യുവതലമുറയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നകന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അവര്‍ കേന്ദ്രീകരിക്കേണ്ട മേഖലകളില്‍ നിന്നും ശ്രദ്ധമാറ്റി ഭൂരിഭാഗം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും, അവര്‍ ആരുതന്നെയായാലും അന്യോന്യം രാഷ്ട്രീയായുധങ്ങളായി ഉപയോഗിക്കുന്ന പ്രവണത അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇടത് വലത് വ്യത്യാസമില്ലാതെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനുള്ള ആയുധമായി മാറുകയാണ് ഇന്നത്തെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഈ നീചപ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമായി നിലകൊള്ളുകയാണ് കലാലയങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സായുധ ആക്രമണങ്ങളും  കൊലപാതകങ്ങളും ആത്മഹത്യകളും.

കേരളത്തിലെ ക്യാമ്പസുകളിലെ നിലവിലുള്ള  പ്രശ്‌നങ്ങള്‍ രൂക്ഷവും സങ്കീര്‍ണ്ണവും എല്ലാവരേയും ഉത്ക്കണ്ഠപ്പെടുത്തുന്നതുമാണെന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അധോലോക്‌സംഘങ്ങള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കുപോലും ഭീതി ഉളവാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുപരി മയക്കുമരുന്നുകളും ലഹരി പദാര്‍ത്ഥങ്ങളും വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതും ഇതിന്റെ സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളായി ഹോസ്റ്റലുകളും ക്യാമ്പസുകളും മാറുന്നതും അത്യന്തം ഗൗരവമായ സ്ഥിതിവിശേഷം തന്നെയാണ്. ആദ്യ കാലങ്ങളില്‍ ജനാധിപധ്യ മര്യാദകള്‍ പാലിക്കുകയും അക്രമങ്ങളെയും അനീതികളെയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് മറ്റു വിദ്യാര്‍ഥികള്‍ക്കു മാതൃകയാവുകയും ചെയ്തിരുന്ന നേതൃത്വത്തില്‍ നിന്നും ഇപ്പോഴുള്ള ഗുണ്ടാ നേതൃത്വ ശൈലിയിലേയ്ക്ക് വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ അധപധിച്ചെങ്കില്‍ കാരണം മറ്റാരുമല്ല ഇവരെയോക്കെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വം തന്നെ.

സ്വന്തം സംഘടനയിലും സമൂഹത്തിലും കൊള്ളരുതായ്മയെയും അനീതിയെയും ചോദ്യം ചെയ്യുന്ന സത്യസന്ധരായ രാഷ്ട്രീയ നേതാക്കന്മാരെയും സാധാരണക്കാരെയും നിര്‍ദാക്ഷിണ്യം  കോന്നൊടുക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ യുവജന വിഭാഗവും അതെ പാത പിന്തുടരുന്നതില്‍ അത്ഭുതപ്പെടാനില്ലെങ്കിലും നഷ്ടമാകുന്നത് കലാലയങ്ങളുടെ പവിത്രതയും വിദ്യാര്‍ത്ഥികളുടെ ആല്‍മവിശ്വാസവുമാണ്. പ്രഘോഷിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നേരെ വിപരീത ദിശയിലൂടെ മാത്രമാണ് എന്നാണ് ഈ പ്രസ്ഥാനങ്ങളുടെ ശൈലിയിലൂടെ കാണുവാന്‍ സാധിക്കും. എല്ലാ മേഖലകളിലും സ്വാതന്ത്രം സുതാര്യമായ ജനാധിപത്യം അന്യോന്യം ചേര്‍ത്ത് നിര്‍ത്തുന്ന മാനവികതയെല്ലാം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കാണുവാന്‍ സാധിക്കുന്നത്.

അക്രമ രാഷ്ട്രീയവും ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്ന സാമൂഹിക വിരോധികളായ വിദ്യാര്‍ത്ഥികളെ നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുവാന്‍ നിയോഗിക്കപ്പെട്ടവരാണ് അദ്ധ്യാപകരും മറ്റു അധികാരികളും. എന്നാല്‍ എന്തുകൊണ്ട് സ്വന്തം ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും ഇവര്‍ ഒഴിഞ്ഞുമാറുന്നു. കാലാകാലങ്ങളില്‍ പ്രിന്‍സിപ്പലിന്റേയും സര്‍വ്വകലാശാലാ അധികാരികളുടേയും കോളജ് മാനേജ്മെന്റുകളുടേയും ചുമതലയും അധികാരവും കൃത്യമായി പാലിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് ചില അധ്യാപകരെങ്കിലും ഇപ്പോഴും സമ്മതിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇപ്പോള്‍ അത് നിര്‍വ്വഹിക്കാത്തത് അഥവാ നിര്‍വഹിക്കുവാന്‍ സാധിക്കാത്ത അന്തരീക്ഷം ഉളവായത് മറ്റൊരു വലിയ സാമൂഹിക വിഷയം തന്നെയാണ്.

കലാലയങ്ങളുടേയും ക്യാമ്പസുകളുടേയും പാരിസ്ഥിതിക തനിമയും അച്ചടക്കവും സംരക്ഷിക്കേണ്ടത് അതിന്റെ അധികൃതര്‍ തന്നെയാണെന്ന് ചരിത്രം സാക്ഷ്യം നല്‍കുന്നുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ഗുരുനാഥന്മാരുടെ വിദ്യാര്‍ത്ഥികളുടെ മേലുള്ള അധികാരം അന്യം നിന്നു പോയെങ്കില്‍ അഥവാ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രായോഗികമാകുന്നില്ലെങ്കില്‍ അത് എങ്ങനെ സംഭവിച്ചു എന്നാണ് പരിശോധിക്കേണ്ടതുണ്ട്. ഗുരുശിഷ്യ ബന്ധത്തിന്റെ ആല്‍മാര്‍ഥതയും പവിത്രതയും  കാത്തു സൂക്ഷിക്കുവാന്‍ സാധിക്കാതെ വരുമ്പോഴും വിദ്യാഭ്യാസം പൂര്‍ണ്ണമാകാതെ പോവുകയാണ്. ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും പ്രവര്‍ത്തനവും മറ്റാരോ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് കൊണ്ടു മാത്രമാണെന്നാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതെങ്ങനെ, സംഭവിച്ചു ഏത്രത്തോളം ആഴത്തില്‍ സംഭവിച്ച് ആരൊക്കെയാണ് അതിന്റെ  ഉത്തരവാദികള്‍ എന്നെല്ലാമാണ് ഇപ്പോഴത്തെ നേതൃത്ത്വം  അന്വേഷിച്ചു പരിഹാരം കാണേണ്ടത്.

കോടതി വിധിയില്‍ പ്രതിപാദിക്കുന്ന 'വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍' പ്രാഥമികമായും പഠന സംബന്ധമായ അവകാശങ്ങള്‍ മാത്രമാണ്. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കുവാനുള്ള പവിത്രമായ ആലയങ്ങള്‍ മാത്രമാണ്.  ഓരോ വിദ്യാര്‍ത്ഥിയും ഈ കലാലയങ്ങളില്‍ എത്തിച്ചേരുന്നത് ഉന്നത വിദ്യാഭ്യാസം നേടി തങ്ങളുടെ സ്വന്തം ജീവിതത്തിന് അഭിവൃദ്ധിയും പൊതു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ തന്റേതായ സംഭാവനകള്‍ നല്‍കുവാനുള്ള പ്രാവീണ്യം നേടുവാന്‍ മാത്രമാണ്. കലാലയങ്ങളിലെ ക്രിയാത്മകമായ സംഘടന പ്രവര്‍ത്തനങ്ങളിലൂടെയും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും സ്വന്തമായും ധാരാളം ഗുണങ്ങളും നന്മകളും നേട്ടങ്ങളും മാത്രമാണ് സാധ്യമാക്കേണ്ടത്. മറ്റെല്ലാ ദുഷിച്ച പ്രവണതകളായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഗുണ്ടാവിലാസങ്ങളും സമൂഹത്തിലെ ഓരോ വ്യക്തികളും ഒരുമിച്ചു നിന്നു ചെറുത്തു തോല്‍പിക്കണം. സമൂഹത്തിലുള്ള ഓരോ വ്യക്തിയും മനസിലാക്കണം തെറ്റു ചെയ്യുന്നവരേ ഒരിക്കല്‍ സംരക്ഷിച്ചാല്‍ അവര്‍ ഒരിക്കലും തിരുത്തപ്പെടുന്നില്ല പകരം കൂടുതല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

കോടതി വിധിയിലെ രണ്ടും മൂന്നും ചോദ്യങ്ങള്‍ പോലീസിനോടും ഭരിക്കുന്ന ഭരണാധികാരികളോടുമാണ് അക്രമ രാഷ്ട്രീയവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തുന്ന വിദ്യാര്‍ഥികളെ സ്ഥാപിതമായ നിയമങ്ങളിലൂടെ നിയന്ത്രിക്കുവാനും ശിക്ഷിക്കുവാനും  സാധിക്കുന്നില്ലെങ്കില്‍ നിങ്ങളോരോരുത്തരും ജനങ്ങള്‍ക്ക് മുന്‍പില്‍ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുകയാണ്. നാളെയുടെ വാഗ്ദാനമായ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക്  അവരുടെ മൗലീക അവകാശങ്ങളായ പഠന സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും സാധ്യമാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അധികാരക്കസേരകളില്‍ മനഃസമാധാനത്തോടിരിക്കുവാന്‍ സാധിക്കില്ല. നവോദ്ധാന നായകന്‍ ഇരട്ടച്ചങ്കന്‍ എന്നെല്ലാം സ്വന്തം മാദ്ധ്യമങ്ങളിലൂടെ അധികാരത്തിന്റെ മാത്രം ബലത്തില്‍ പരസ്യം നല്‍കാമെന്നല്ലാതെ നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു വോട്ടു നല്‍കിയ സാധാരണക്കാരായ പൊതുജനങ്ങള്‍ തള്ളിപ്പറയുക മാത്രമല്ല ചെയ്യുന്നത് സ്വതന്ത്രമായ ജനാധിപധ്യത്തിലുള്ള അവരുടെ വിശ്വാസവും നഷ്ടപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category