1 GBP = 94.00 INR                       

BREAKING NEWS

ആകെയുള്ള 33 ജില്ലകളില്‍ മുപ്പതും പ്രളയജലത്തില്‍ മുങ്ങിയ നിലയില്‍; ജീവന്‍ നഷ്ടമായത് അമ്പതിലേറെ പേര്‍ക്ക്; ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയില്‍ കവിഞ്ഞൊഴുകുന്നു; വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചത് 60 ലക്ഷത്തോളം ജനങ്ങളെ; കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടിയതോടെ നിരവധി കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി; ദുരന്തത്തിന്റെ വ്യാപ്തികൂട്ടി ബ്രഹ്മപുത്രാ തടത്തിലെ ഭൂകമ്പവും; അസംജനത പ്രളയദുരിതത്തില്‍ കഴിയുമ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കാതെ ദേശീയ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

ഗുവാഹത്തി: കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായ പ്രളയദുരന്തം ലോകം മുഴുവന്‍ വലിയ വാര്‍ത്തയായിരുന്നു. അതിന് കാരണം ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ തന്നെയാണ്. അവര്‍ കേരളത്തെ കുറിച്ച് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആശങ്ക പങ്കുവെച്ചപ്പോള്‍ അതിവേഗം ഇക്കാര്യം ലോകത്തിന്റെ എല്ലാ കോണിലുമെത്തി. വിദ്യാസമ്പന്നരായ മലയാല്‍കളിട്ട വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഹാഷ് ടാഗുകള്‍ ലോകത്തെമ്പാടമുള്ളവര്‍ ഏറ്റുപിടിച്ചു. ടാം റേറ്റിംഗില്‍ ഇടംപിടിക്കന്‍ ദേശീയ ചാനലുകള്‍ കേരളത്തിലെ വെള്ളപ്പൊക്കം കാര്യമായി തന്നെ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ സഹായങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി എത്തി. കേരളം ആ പ്രളയത്തെ അതിജീവക്കുക തന്നെ ചെയ്തു. എന്നാല്‍, കേരളത്തിന്റെ പതിന്മടങ്ങ് ദുരിതത്തിലാണ് അസം ജനത ഇപ്പോള്‍.

ബ്രഹ്മപുത്രാ അടക്കം അഞ്ച് നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആകെയുള്ള 33 ജില്ലകളില്‍ 30തിടത്തും സാരമായി തന്നെ ജനജീവിതം ബാധിച്ചു. ലക്ഷങ്ങള്‍ ഭവനരഹിതരായി. മൃഗങ്ങളും മനുഷ്യനും ഒരുപോലെ ദുരിതത്തിലായ പ്രളയത്തെയാണ് അസം ജനത ഇന്ന് നേരിടുന്നത്. എന്നാല്‍, ഈ ദുരിതത്തെ വേണ്ട വിധത്തില്‍ അഡ്രസ് ചെയ്യാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. കേരളത്തിലെ ടാം റേറ്റിങ് അസമില്‍ ലഭിക്കില്ലെന്നതിനാല്‍ അസം പ്രളയ ദുരിതത്തിന്റെ നേര്‍ചിത്രങ്ങളിലേക്ക് ദേശീയ മാധ്യമങ്ങളും തിരിക്കുന്നില്ല. വെള്ളപ്പൊക്കം അസംകാര്‍ക്ക് പുതമയുള്ള കാര്യമല്ലെങ്കിലും ഇത് ജനജീവിതങ്ങല്‍ തകര്‍ക്കുകയാണ്. വെള്ളപ്പൊക്കത്തിന് പുറമേ ഉരുള്‍പൊട്ടല്‍ ഭീതി കൂടി ഉണ്ടായതോടെ അസം ജനത തീര്‍ത്തും ദുരിതത്തിലാണ്.

മരണസംഖ്യ 50 കടന്നു, ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
അസമിലെ പ്രളയത്തില്‍ ഇതിനോടകം മരണം 50 കവിഞ്ഞിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്. മഴ തുടരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാണ്. ആകെയുള്ള 33 ജില്ലകളില്‍ 30 ജില്ലകളും വെള്ളത്തിനടിയാലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകട നിലയിലൂടെയാണ് ഒഴുകുന്നത്. മഴ ശക്തമായതോടെ വെള്ളിയാഴ്ച മുതല്‍ ഫെറി സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നാനൂറോളം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നര ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്.

90000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അപ്പര്‍ അസമിലെ ധേമാജി, ലോവര്‍ അസമിലെ ലാഖിംപൂര്‍ ബോണ്‍ഗായ്ഗാവ്, ബാര്‍പേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉള്‍പ്പെടെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അസമിലെ പത്തോളം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.

കാസിരംഗ നാഷനല്‍ പാര്‍ക്ക് 95 ശതമാനവും വെള്ളത്തിനടിയില്‍; മൃഗങ്ങള്‍ ചത്തുപൊന്തുന്നു
രാജ്യത്തെ പ്രമുഖ ദേശീയ ഉദ്യാനങ്ങളില്‍ ഒന്നായ കാസിരംഗയുടെ 95 ശതമാനവും വെള്ളത്തിനടിയിലാണ് നിരവധി വന്യമൃഗങ്ങള്‍ ഇതിനോടകം ചത്തതായി സൂചനകളുണ്ട്. അസമിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റു വനമേഖലകളായ മാനസ് ദേശീയ പാര്‍ക്കും പോബിതോറ ദേശീയോദ്യാനവും വെള്ളത്തിനടിയിലാണ്. കണ്ടാമൃഗങ്ങള്‍, ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ പാര്‍ക്കിനുള്ളില്‍ കൃത്രിമമായി സൃഷ്ടിച്ച മേല്‍പ്പരപ്പുകളിലേക്ക് പലായനം ചെയ്യുകയാണ്. കാസിരംഗയില്‍ ഇതുവരെ 40തോളം കണ്ടാമൃഗങ്ങള്‍ ചത്തിട്ടുണ്ട്. കടുവകളുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ ശവങ്ങള്‍ നദികളിലൂടെ ഒഴുകി കടന്നുകയാണ്. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും ജീവല്‍ഭീതി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു കടുവ വീട്ടിലെ കിടക്കയില്‍ വിശ്രമിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രളയപ്രദേശങ്ങള്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ സന്ദര്‍ശിച്ചെങ്കിലും വേണ്ടത്ര സഹായങ്ങള്‍ എങ്ങും എത്തിയിട്ടില്ല. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഒരു കോടിരൂപ കാസിരംഗ പാര്‍ക്കിന് നല്‍കി. മുഖ്യമന്ത്രി ഇതിന് നന്ദി അറിയിച്ചിട്ടുണ്ട്. പ്രളയം നേരിടാന്‍ ആവശ്യത്തിന് ബജറ്റ് സര്‍ക്കാരിനുണ്ടെന്നാണ് ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളോടും അവര്‍ക്ക് ആവശ്യമുള്ള തുകയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയല്‍ സ്ഥാനങ്ങളിലും നേപ്പാളിലും ദുരിതം
അസമിന് പുറമേ ത്രിപുരയില്‍ 10,000 പേര്‍ക്ക് വീടുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാംപുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, കനത്ത മഴയും പ്രളയവും രൂക്ഷമായ നേപ്പാളില്‍ 88 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷങ്ങളാണ് അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് മാറിയിട്ടുള്ളത്. 38 പേര്‍ക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലില്‍ ഉള്‍പ്പെടെ മുപ്പതിലധികം പേരെ കാണാതായായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 10,000ത്തിലധികം കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്. ഇതിനോടകം 1400 ലധികം പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാള്‍ പൊലീസ് അറിയിച്ചു. ബംഗ്ലാദേശിലെ റൊഹംഗ്യന്‍ അഭയാര്‍ത്ഥി ക്യാംപിലുള്‍പ്പെടെ കനത്ത മഴ ഭീഷണി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അസമിലേക്ക് സഹായം എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച് മലയാളം സോഷ്യല്‍ മീഡിയയും
ഒരു പ്രളയത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തല്‍ മലയാളം സോഷ്യല്‍ മീഡിയയും അസം ദുരിതബാധിതരെ സഹായിക്കം എന്ന അഭ്യര്‍ത്ഥനയുമായി രംഗത്തുണ്ട്. ഹെല്‍പ്പ് അസം ഹാഷ് ടാഗില്‍ നിരവധി പേര്‍ സാധനങ്ങളു പണവും നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു രംഗത്തുണ്ട്. അസമിലെ മലയാളം മാധ്യമപ്രവര്‍ത്തകനായിരുന്ന ജാവേദ് പര്‍വേശ് അസം ജനതയുടെ ദുരിതം വിവരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്:
അസമിലെ 33 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. ഇതുവരെ മരണസംഖ്യ 40 കടന്നു. 60 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടി. കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി. ബാക്കിയുള്ളവ ചെറിയ തുരുത്തുകളില്‍ തങ്ങുന്നു.
അസമില്‍ വെള്ളപ്പൊക്കം വാര്‍ഷിക പരിപാടിയാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ മുന്‍ കൂട്ടി തയ്യാറെടുക്കുന്നു. മരണസംഖ്യ കുറയാനുള്ള കാരണം ഇതാണ്. വസ്തു നഷ്ടങ്ങളുടെ കണക്കെടുത്താല്‍ ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിലെ കഴിഞ്ഞ മഹാവെള്ളപ്പൊക്കത്തിന്റെ പതിന്മടങ്ങാണ്.
വെള്ളപ്പൊക്കത്തിന്റെ ഫസ്റ്റ് വേവ് മാത്രമാണിത്. ഇനിയും ഒന്നോ രണ്ടോ വേവുകള്‍ ഉണ്ടായേക്കും. ഭൂകമ്പബാധിത പ്രദേശമായ ബ്രഹ്മപുത്ര തടത്തില്‍ ഇന്നലെയും ഭൂകമ്പമുണ്ടായി. വലിയ ഭൂകമ്പം ദുരന്തത്തിന്റെ തീവ്രത കൂട്ടും. നൂറ്റാണ്ടിന്റെ പ്രളയം അല്ല അസമിന് ഇത്. 1988, 1998, 2004 വര്‍ഷങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായത്. 2004 ല്‍ ഒന്നേകാല്‍ കോടി ജനങ്ങളാണ് ദുരന്തത്തിനിരയായത്. മരണം 251.
മുഖ്യധാരാ മാധ്യമങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് അധികം വാര്‍ത്ത വരാറില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പ്രധാനകാരണം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനപ്പുറം ഇതിനെതിരേയുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം നടത്തുന്നത്. അതില്‍ വസ്തുതകളുമുണ്ട്. മഴ മാത്രമല്ല മനുഷ്യനിര്‍മിതമായ കാര്യങ്ങളും അസമിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. നാല് രാജ്യങ്ങളിലായി 5.80 ലക്ഷം ചതുരശ്ര കിലോമീറ്ററായി പടര്‍ന്നു കിടക്കുന്നതാണ് ബ്രഹ്മപുത്രതടം. ഡിസ്ചാര്‍ജ് നോക്കുമ്പോള്‍, അതുപോലെ ഒഴുക്കിക്കൊണ്ടുവരുന്ന മണ്ണിന്റെയും മണലിന്റെയും കണക്കുനോക്കുമ്പോള്‍, ലോകത്ത് നാലാം സ്ഥാനത്താണ് ബ്രഹ്മപുത്ര. വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് ഇതും കാരണമായിട്ടുണ്ട്.
അസമിനെ നിങ്ങള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സാധനസാമഗ്രികളായി നല്‍കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളവരാണ് അസമിന്റെ വിവിധ ഭാഗങ്ങളിലുള്ളത്.
നഗരത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ സാധനസാമഗ്രികള്‍ എത്തിക്കുമ്പോള്‍ ദൂരെയുള്ളവര്‍ ഇപ്പോഴും സഹായത്തിന് കാത്തിരിക്കുന്നു. വീടും കിടപ്പാടവും നഷ്ടപ്പെട്ടതിനു പുറമെ പൗരത്വവും നഷ്ടപ്പെടുമെന്നുള്ള ലക്ഷക്കണക്കിന് പേരാണ് അസമില്‍ അവഗണിക്കപ്പെട്ടു കിടക്കുന്നത്. ദുബ്രിയില്‍ ഒഴുകിപ്പോയ വീടിന്റെ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാവാത്ത ഒട്ടേറെ കുടുംബങ്ങളുണ്ട്. പൗരത്വം തെളിയിക്കാന്‍ വീട് എന്ന അവസാനത്തെ തെളിവും ഒഴുകിപ്പോയിരിക്കുന്നു. അവിടെ നിന്ന് മാറി നിന്നാല്‍ അവസാനത്തെ കച്ചിത്തുരുമ്പും ഇല്ലാതാകുമെന്ന് അവര്‍ ഭയക്കുന്നു.
നോര്‍ത്ത് അസമില്‍ നിന്നുള്ള മോഡല്‍ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് വേണ്ടത് ടാര്‍ പോളിനും (മേല്‍ക്കൂരയില്‍ സ്ഥാപിക്കാനും കിടന്നുറങ്ങാനും) റേഷനുമാണ്. ആരെങ്കിലും ഒന്നിച്ച് സാധനസാമഗ്രികള്‍ എത്തിച്ചാല്‍ വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കാം. കുറച്ചു സാധനങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നാണ് ഗോഹട്ടിയിലെ സുഹൃത്തുക്കള്‍ പറയുന്നത്. നഗരത്തില്‍ നിന്ന് മുന്നൂറും നാന്നൂറും കിലോമീറ്റര് ദൂരെയാണ് ദുരിതം അനുഭവിക്കുന്നവരില്‍ പലരും.
വോളണ്ടിയറിങ് ചെയ്യാന്‍ താല്‍പര്യപ്പെട്ട് ചില സുഹൃത്തുക്കള്‍ ബന്ധപ്പെട്ടിരുന്നു. സാധാരണ സന്നദ്ധപ്രവര്‍ത്തനത്തിനപ്പുറം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ആണ് ആവശ്യമുള്ളത്. ഓരോ തവണ വെള്ളം ഇറങ്ങുമ്പോഴും വന്‍ പകര്‍ച്ച വ്യാധിയാണ് ഇവിടെയുണ്ടാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category