1 GBP = 94.40 INR                       

BREAKING NEWS

യുകെയിലെ പ്രായം കുറഞ്ഞ കുതിരയോട്ടക്കാരില്‍ ദേശീയ മത്സരത്തില്‍ രണ്ടാമനായത് മലയാളി പയ്യന്‍; ഈ കുതിരസവാരിക്കാരന്‍ ചില്ലറക്കാരനല്ല; അടുത്ത ലക്ഷ്യം പാരാലിമ്പിക്‌സ് ദേശീയ ടീമില്‍ ഇടം കണ്ടെത്തല്‍; അംഗപരിമിതിയെ മറികടക്കുന്ന നിശ്ചയദാര്‍ഢ്യവുമായി കെന്റിലെ 12 വയസുകാരന്‍ ഗോവിന്ദ് നമ്പ്യാര്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയിലെ മലയാളി കുട്ടികളെ ഏതു വേദിയിലും കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. നൃത്തത്തിലും പാട്ടിലും പന്തുകളിയിലും ഒക്കെ പലരും സാമര്‍ഥ്യം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രം മാറി നില്‍ക്കുന്നു. വേറിട്ട വഴിയിലൂടെയാണ് ജന്മ വൈകല്യത്തെ മറികടക്കുന്ന നിശ്ചയദാര്‍ഢ്യവുമായി 12 വയസുകാരന്‍ ഗോവിന്ദ് നമ്പ്യാരുടെ യാത്രകള്‍, അതും മറ്റു കുട്ടികള്‍ അല്‍പം ഭയത്തോടെയും കൗതുകത്തോടെയും നോക്കുന്ന കുതിരപ്പുറത്ത്. നടക്കാന്‍ പോലും പരസഹായത്തെ പലപ്പോഴും ആശ്രയിക്കേണ്ടി വരുന്ന ഈ കൗമാരക്കാരന്‍ കുതിരകളെ കണ്ടാല്‍ സ്വയം മറക്കും. അത്ര സ്നേഹമാണ് ഗോവിന്ദന് കുതിരകളോട്.

തന്റെ തന്നെ പ്രായമുള്ള, ഒത്തവളര്‍ച്ചയെത്തിയ കുതിരകളാണ് ഇപ്പോള്‍ അവന്റെ പ്രിയ കൂട്ടുകാര്‍. ഇതില്‍ തന്നെ ട്രാഫിള്‍സ് എന്ന കറുത്ത കുതിരയാണ് ഇപ്പോള്‍ മത്സര വേദികളില്‍ ഗോവിന്ദിന്റെ പങ്കാളി. കഴിഞ്ഞ ദിവസം ട്രാഫിള്‍സും ഗോവിന്ദും ചേര്‍ന്ന് നേടിയത് ചെറിയ കാര്യമല്ല, അംഗ പരിമിതര്‍ക്കു വേണ്ടിയുള്ള ചാമ്പ്യന്‍ഷിപ്പിലെ സില്‍വര്‍ മെഡല്‍ നേട്ടമാണ് ഗോവിന്ദിനെ തേടിയെത്തിയിരിക്കുന്നത്.

ചികിത്സയുടെ ഭാഗമായി തുടങ്ങി, ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി കുതിരകള്‍
സെറിബ്രല്‍ പാള്‍സി എന്ന രോഗമാണ് ഗോവിന്ദിനെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ രോഗത്തിന് മുന്നില്‍ മനസ് അടിയറ വയ്ക്കാന്‍ ഗോവിന്ദും അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. ആരെയും അതിശയിപ്പിക്കും വിധം കരളുറപ്പ് കൈക്കലാക്കിയാണ് ഗോവിന്ദും മാതാപിതാക്കളും രോഗത്തോട് മല്ലിടാന്‍ തയ്യാറായത്. പലതരം തെറാപ്പികളാണ് യുകെയില്‍ സെറിബ്രല്‍ പാള്‍സി ഉള്ളവര്‍ക്കായി പരീക്ഷിക്കുന്നത്. ഇത്തരത്തില്‍ ഗോവിന്ദ് ചികിത്സയുടെ ഭാഗമായി കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി.

മസിലുകള്‍ ഉത്തേജിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കുതിര സവാരി എന്ന ചികിത്സകരുടെ നിര്‍ദ്ദേശം പിന്തുടര്‍ന്ന ഗോവിന്ദ് സാവധാനം കുതിരകളെ ഇഷ്ടപ്പെടുക ആയിരുന്നു. പിന്നീടത് ഒരു ആവേശമായി മാറി. ഇപ്പോള്‍ ഗോവിന്ദിന് ട്രാഫിള്‍സും കുതിരക്കു ഗോവിന്ദിനെയും ഒരു പോലെ ഇഷ്ടമാണെന്നു പറഞ്ഞാല്‍ അധികമല്ല, കാരണം രണ്ടാളും അത്രയധികം അടുത്തു കഴിഞ്ഞു. ഒത്ത വളര്‍ച്ചയെത്തിയ കായികാഭ്യാസം നേടിയ പന്ത്രണ്ടു വയസുള്ള കുതിരയാണ് ട്രാഫില്‍സ്. കെന്റിലെ ആരോ റൈഡിങ് ക്ലബിലെ താരം കൂടിയാണ് ഈ കറുത്ത കുതിര. ബ്രിട്ടീഷ് രാജകുമാരി ആനിന്റെ ഇഷ്ട കുതിര കൂടിയാണിത്. ഗ്ലോസ്റ്ററില്‍ നടന്ന ദേശീയ മത്സരത്തില്‍ ഗോവിന്ദിന്റെ പ്രകടനം കാണാന്‍ ആന്‍ രാജകുമാരിയും എത്തിയിരുന്നു.

ഇനി ലക്ഷ്യം പാരാലിമ്പിക്‌സ് ടീം, മണിക്കൂറുകള്‍ യാത്ര ചെയ്തു പരിശീലനം
റീജിയന്‍ ലെവലും ദേശീയ മത്സരവും വിജയിച്ചു മുന്നേറുന്ന ഗോവിന്ദിന്റെ അടുത്ത ലക്ഷ്യം നാഷണല്‍ പാരാലിമ്പിക്‌സ് ടീമില്‍ ഇടം കണ്ടെത്തുക എന്നതാണ്. ഇതിനായി കെന്റിലെ ബെക്‌സില്‍ ഹീത്തിലെ വീട്ടില്‍ നിന്നും സോലിഹാള്‍ വരെ മണിക്കൂറുകള്‍ യാത്ര ചെയ്താണ് ആഴ്ചയില്‍ രണ്ടു ദിവസം പരീശീലനം നേടുന്നത്.

പരിശീലനം നല്‍കുന്നതും ചില്ലറക്കാരനല്ല, പാരാലിമ്പിക്‌സ് ജേതാവ് ജോര്‍ഡി ഫിലിപ്സ് അടക്കമുള്ളവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഗോവിന്ദിന് ലഭിക്കുന്നത്. തന്റെ ആഗ്രഹ സഫലീകരണത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ തയാറായാണ് ഗോവിന്ദ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ടീമില്‍ ഇടം കണ്ടെത്തിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലന്‍ എന്ന വിശേഷണവും ഗോവിന്ദിന് ഒപ്പമുണ്ടാകും.

കുതിരയോട്ടമല്ല, അതിനേക്കാള്‍ വെല്ലുവിളിയുള്ള ഡ്രെസ്സജിലാണ് ഗോവിന്ദിന്റെ നേട്ടം
മലയാളികള്‍ക്ക് അത്ര പരിചിതം അല്ലാത്ത കുതിരയോട്ടമടക്കമുള്ള കായിക ഇനങ്ങളില്‍ ഗോവിന്ദ് പങ്കെടുക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രെസ്സജ് എന്ന ഇനത്തിലാണ്. സാധാരണ കുതിരയോട്ടത്തില്‍ വേഗമുള്ള കുതിരയും നല്ല റൈഡറും ആണെങ്കില്‍ വിജയം കണ്ടെത്താം. എന്നാല്‍ ഡ്രെസ്സജ് പോലെയുള്ള ഇനങ്ങള്‍ മത്സര ഓട്ടമല്ല, മറിച്ചു കുതിരയെ നിയന്ത്രിക്കുന്നതില്‍ ഉള്ള പ്രവീണ്യം കണ്ടെത്തുകയാണ്.

ഒരാള്‍ ഒറ്റയ്ക്കാണ് ഈ മത്സര വേദിയില്‍ ഉണ്ടാവുക. വിധി കര്‍ത്താക്കള്‍ മത്സരാര്‍ത്ഥി കുതിരയെ സമ്പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ജീവനുള്ള മൃഗം എന്ന നിലയില്‍ അതിന്റെ മൂഡും ഓരോ ദിവസവും വ്യത്യസ്തം ആയിരിക്കും എന്നതിനാല്‍ മത്സര ദിവസത്തെ കുതിരയുടെ സ്വഭാവവും വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.

റിസ്‌ക് ഏറെ വലുത്, പരിശീലന ചിലവ് അതിലേറെ വലുത്
കുത്തിയോട്ടം ഏറ്റവും റിസ്‌ക് ഉള്ള കായിക ഇനമായാണ് കരുതപ്പെടുന്നത്. അമാനുഷികളായ മത്സര കുതിരകള്‍ എത്ര മികച്ച അഭ്യാസിയായ റൈഡറെയും തട്ടി തെറിപ്പിക്കുന്നത് അപ്പൂര്‍വ്വമല്ല. എന്‍എച്ച്എസില്‍ കുതിരയോട്ടത്തില്‍ പരുക്കേറ്റു എത്തുന്നവരുടെ എണ്ണം തന്നെ ഇതിനു ഉദാഹരണമാണ്. എന്നാല്‍ ചെറുതും വലുതുമായ ഒട്ടേറെ വീഴ്ചകള്‍ കഴിഞ്ഞാണ് ഗോവിന്ദ് ദേശീയ മത്സരത്തിന് എത്തുന്നത്. ഒരു വീഴ്ച പോലും അവനെ ഭയപ്പെടുത്തുന്നില്ല.

മിടുമിടുക്കനായ കുതിരക്കാരന്റെ സകല ധൈര്യവും തന്റേടവും വാക്കുകളില്‍ കാട്ടിയാണ് ഗോവിന്ദ് ഓരോ വട്ടവും പരിശീലനത്തിനു എത്തുന്നത്. ഗോവിന്ദിന്റെ ആഗ്രഹം സഫലമാക്കാന്‍ നൃത്ത അദ്ധ്യാപിക കൂടിയായ 'അമ്മ കവിത നമ്പ്യാരാണ് മുഴുവന്‍ സമയവും കൂടെയുള്ളത്. ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കമ്പനിയുടെ പ്രൊജക്ടില്‍ ലക്ചററാണ് ഗോവിന്ദിന്റെ അച്ഛന്‍ നിതിന്‍ രാധാകൃഷ്ണന്‍. നാലു വയസുള്ള ഏക സഹോദനും ഇപ്പോള്‍ കുതിരക്കമ്പക്കാരനായി മാറിക്കൊണ്ടിരിക്കുകയാണ്.

ആഴ്ചയില്‍ രണ്ടു ദവസമാണ് ഇപ്പോള്‍ ഗോവിന്ദ് പരിശീലനം തേടുന്നത്. ഇതില്‍ ഒരു ദിവസത്തേക്ക് മാത്രം 150 മുതല്‍ 250 പൗണ്ട് വരെ ചിലവാകുന്നുണ്ട് എന്നാണ് 'അമ്മ കവിത പറയുന്നത്. മത്സരം അടുക്കുന്ന ദിവസങ്ങളില്‍ കൊടുത്താല്‍ സമയം പരിശീലനം വേണ്ടി വരും. പാരാലിമ്പിക്‌സിനായി സോലിഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ ഗോവിന്ദും ട്രാഫിള്‍സും കെന്റില്‍ നിന്നും പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ ഒരു ജോക്കിയായി വളരാന്‍ ഉള്ള കഷ്ടപ്പാടും പണച്ചിലവും ഏറെ വലുതാണ്. യുകെ മലയാളികള്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ പാരാലിമ്പികില്‍ താന്‍ ട്രാഫിള്‍സിന്റെ പുറത്തേറി അഭിമാനത്തോടെ നിങ്ങളെ കാണാന്‍ എത്തുമെന്നും  ഗോവിന്ദ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category