18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ചരിത്ര മുഹൂര്‍ത്തം! എസ്എഫ്ഐയുടെ കുത്തകയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു; അമല്‍ ചന്ദ്രന് യൂണിറ്റ് പ്രസിഡന്റായുള്ള ഏഴംഗ കമ്മറ്റിയില്‍ അംഗങ്ങളായി രണ്ട് പെണ്‍കുട്ടികളും; കോളേജിനുള്ളില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍; സംഘര്‍ഷവും കത്തിക്കുത്തും നടന്ന കോളേജില്‍ ഇനി എസ്എഫ്ഐയ്ക്ക് പുറമേ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുടെ യൂണിറ്റും; കനത്ത സുരക്ഷാ വലയത്തില്‍ കോളേജ്
തിരുവനന്തപുരം: എസ്.എഫ്.ഐ കുത്തകയാക്കിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജില്‍ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കെ.എസ്.യു യൂണിറ്റിട്ടു. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് കാമ്പസില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രന് പ്രസിഡന്റായുള്ള കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.
മുന്നിട്ടിറങ്ങാന്‍ പലര്‍ക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാല്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്യു നേതൃത്വം വ്യക്തമാക്കി.കൂടുതല്‍ കുട്ടികള്‍ കെഎസ്യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്യു നേതൃത്വം വ്യക്തമാക്കി
അമല്‍ ചന്ദ്രന് അധ്യക്ഷനായ കമ്മിറ്റിയില്‍ ഏഴ് അംഗങ്ങളാണുള്ളത്. രണ്ട് പെണ്‍കുട്ടികളും കമ്മിറ്റിയിലുണ്ട്. വൈസ് പ്രസിഡന്റായി ആര്യ എസ് നായര്‍, സെക്രട്ടറി അച്ച്യുത്, ട്രഷറര്‍ അമല്‍.പി.ടി, ജോ.സെക്രട്ടറി ഐശ്വര്യ ജോസഫ്, ബോബന്, സാബി എന്നിവരാണ് ഭാരവാഹികള്‍. യൂണിയന് രൂപീകരിച്ച ശേഷം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജ് കാമ്പസിനുള്ളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാര്‍ഡുകള്‍ കാണിച്ച ശേഷമാണ് ഇവര്‍ക്ക് കാമ്പസില്‍ പ്രവേശിക്കാന്‍ സാഘിച്ചത്.
എസ്.എഫ്.ഐ പ്രവര്ത്തകന് തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ അച്ചടക്കം നിലനിര്‍ത്താന്‍ കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അടിമുടി മാറ്റമാണ് യൂണികാമ്പസില് നടപ്പാക്കിയിട്ടുള്ളത്. പൂര്‍ണ്ണ ചുമതലയോടെ പുതിയ പ്രിന്‍സിപ്പലായി ഡോ. സി. സി. ബാബുവിനെ നിയമിച്ചതാണ് ഇതില്‍ പ്രധാനം. എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇന്‍ചാര്‍ജ് ഭരണത്തിലായിരുന്നു കോളേജ്.
കോളേജിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്നാണ് കോളേജ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റി. എന്നാല്‍, കൊടിമരങ്ങളും മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിന് മുന്നിലും വിവിധ വകുപ്പുകള്‍ക്ക് മുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്. റീ അഡ്മിഷന് നിര്‍ത്തലാക്കിയതാണ് മറ്റൊരു നടപടി.ഇതോടെ ക്ലാസ് കട്ട്ചെയ്തുള്ള സംഘടനാ പ്രവര്‍ത്തനം ഇല്ലാതാവുമെന്നാണ് വിലയിരുത്തുല്‍. ഇത് നടപ്പാക്കാനുള്ള അധികാരവും കൗണ്‍സില്‍ പ്രിന്‍സിപ്പലിന് നല്‍കിയിട്ടുണ്ട്. റീ അഡ്മിഷന് ഇനി വേണ്ടെന്നാണ് നിലപാട്. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കോളേജില്‍ പ്രവേശനം നല്‍കൂ എന്നും തീരുമാനിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഇത് ഒഴിവാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിദ്ധ്യം പരമാവധി ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നത് ഒഴിവാക്കാന്‍ അദ്ധ്യാപകരെയും ജീവനക്കാരെയും പുനര്‍ വിന്യസിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ പഞ്ചിങ് പുനഃസ്ഥാപിക്കാനും നീക്കമുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പൊലീസിന് കൈമാറും.കോളേജിലെ യൂണിയന് ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്ട്രോംഗ് റൂം ഒരുക്കും.
പരീക്ഷാ ആവശ്യങ്ങള്‍ക്ക് പുതിയൊരു ഓഫീസ് തുറക്കും. കോളേജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മൂന്ന് അനദ്ധ്യാപകരെയും മാറ്റിയതായും കോളേജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. 12നാണ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങുകയായിരുന്നു.
അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം പ്രവര്‍ത്തക പങ്കാളിത്തം കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധേയമാവുകയാണ്. എന്നാല്‍ ഒരാഴ്ച്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സമരത്തോട് പൂര്‍ണമായും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സമരത്തെ അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.