ഈ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ ബിജെപിയുടെ പ്രകടനപത്രികയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും എന്ന പ്രഖ്യാപനം ഏറെ ആശങ്കയോടെയാണ് രാജ്യസ്നേഹികള്‍ കണ്ടത്. മഹാഭൂരിപക്ഷം മുസ്ലീങ്ങള്‍ വരുന്ന ഒരു സംസ്ഥാനം അതിന്റെ പ്രത്യേകമായ സവിശേഷതകളോട് കൂടി ഇന്ത്യന്‍ യൂണിയനുമായി ചേര്‍ന്ന് നില്‍ക്കുന്നത് ചില നിബന്ധനകള്‍ക്ക് വിധേയമായി ആണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇന്ത്യയില്‍ ചേരണമോ പാക്കിസ്ഥാനില്‍ ചേരണമോ എന്ന തര്‍ക്കം ഉണ്ടായപ്പോള്‍ കശ്മീരിന്റെ സ്വയംഭരണാവകാശം സംരക്ഷിച്ചുകൊണ്ടുള്ള ഒരു കരാറിന്റെ പുറത്ത് ഇന്ത്യ രൂപപ്പെട്ടത് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അത്കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 എന്ന ഭരണഘടനയുടെ അനുച്ഛേദം രൂപപ്പെട്ടത്. അത് റദ്ദാക്കിയാല്‍ ഇന്ത്യന്‍ യൂണിയനുമായുള്ള കാശ്മീരിന്റെ കരാര്‍ റദ്ദായെന്നും പിന്നീട് കാശ്മീര്‍ സ്വതന്ത്ര രാജ്യമാണെന്നും ആരോടൊപ്പം ചേരണമെന്ന് തീരുമാനിക്കുന്നത് കശ്മീരികള്‍ ആണ് എന്നതുമായിരുന്നു ഇതുവരെയുള്ള നാട്ടുനടപ്പ്. അതുകൊണ്ടുതന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുള്ള ബിജെപിയുടെ പ്രഖ്യാപനവും തീരുമാനവും ആശങ്കയോട് കൂടി മാത്രമേ രാജ്യസ്നേഹികള്‍ക്ക് ചര്‍ച്ച ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളു.
നമ്മള് പലരും കരുതുന്നത് പോലെയല്ല കാശ്മീരിലെ സാഹചര്യം. ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണ് കാശ്മീര്‍ എന്ന് പറയുമ്പോഴും പ്രത്യേകമായ നിയമങ്ങളും പ്രത്യേകമായ ഭരണഘടനയും പ്രത്യേകമായ ക്രിമിനല്‍ നിയമങ്ങളും പോലും ആ സംസ്ഥാനത്തിനുണ്ട് എന്നതാണ് വാസ്തവം. അത്കൊണ്ടു തന്നെ ബിജെപിയുടെ നീക്കം രാജ്യത്ത് അന്ത:ഛിദ്രത്തിന് കാരണമാകുമോ എന്ന് ഭയപ്പെട്ടവരില്‍ ഞാനുമുണ്ട്. എന്നാല്‍, കടുംപിടുത്തക്കാരനായ ബിജെപിയുടെ അധ്യക്ഷന്‍ അമിത്ഷാ ആഭ്യന്തരമന്ത്രി ആകുകയും കാശ്മീരിനെ പ്രത്യേക താല്പര്യത്തോട് കൂടി കാണാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കാശ്മീരിലുണ്ടാകുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ഇതുവരെ രാജ്യത്തെ ആഭ്യന്തര മന്ത്രിമാര്‍ കാശ്മീര്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ ബന്ദും ഹര്‍ത്താലും നടത്തി സ്വീകരിച്ചിരുന്ന വിഘടനവാദികള്‍ അമിത്ഷാ കാശ്മീരില്‍ എത്തിയപ്പോള്‍ മൗനം പാലിച്ചതായിരുന്നു ആദ്യത്തെ അനുഭവം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രണ്ട് മാസമായിട്ടും ഇന്ത്യന്‍ സേനയുടെ മേല്‍ കല്ലെറിയുന്നവരെ പോലും കാണാനില്ല. തെരുവുകളില്‍ കൂടുതല്‍ സമാധാനമുണ്ട്. മുസ്ലീമും ഹിന്ദുവും സൗഹൃദത്തോട് കൂടി അവരവരുടെ ജോലികള്‍ ചെയ്യുന്നു. ഭീകരവാദികളും വിഘടനവാദികളും കണ്ടുകിട്ടാന്‍ പോലും പ്രയാസപ്പെട്ട് കഴിയുന്നു. ഇന്ത്യന്‍ ഭരണാധികാരികളെ കൈവിരല്‍ ചൂണ്ടില്‍ നിര്‍ത്തിയിരുന്ന ഗിലാനിയെ പോലുള്ളവര്‍ വീട്ടുതടങ്കലില്‍ ശ്വാസം മുട്ടുന്നു. ഭീകരവാദികളെ ഭയന്ന് ജീവന് കാക്കാന്‍ നിവൃത്തിയില്ലാതെ ഓടിപ്പോയ കശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം ഭൂമിയിലേക്ക് തിരിച്ച് വരുന്നു. അവരെ സ്വീകരിക്കുന്നതിന് മുമ്പില്‍ നില്‍ക്കുന്നത് ആ നാട്ടിലെ മുസ്ലിം സഹോദരന്മാരാണ്.
അതായത്, പാവങ്ങളായ കോണ്‍ഗ്രസ് ഭരണാധികാരികളേക്കാള്‍ കടുംപിടുത്തക്കാരായ ബിജെപിയുടെ ഭരണാധികാരികളെ വിഘടനവാദികള്‍ ഭയപ്പെടുന്നു എന്ന് സാരം. താടിയുള്ള അപ്പനെയേ പേടിയുള്ളു എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് അമിത്ഷാ എന്ന കടുംപിടുത്തക്കാരന് മുമ്പില്‍ ഭയപ്പാടോടുകൂടി പിന്മാറുന്ന വിഘടനവാദികളുടെ നേര്‍രേഖാ ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ അമിത്ഷായോട് എന്തെല്ലാം കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും രാജ്യസ്നേഹികള്‍ സന്തോഷിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.