1 GBP = 92.00 INR                       

BREAKING NEWS

ജനാധിപധ്യത്തെ മറയാക്കി രാഷ്ട്രീയ കുറ്റവാളികള്‍ അഴിഞ്ഞാടുമ്പോള്‍ ജീവന്‍ രക്ഷിക്കുവാനാകാതെ വലയുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും

Britishmalayali
റോയ് സ്റ്റീഫന്‍

നേതാക്കന്മാരുടെ അധികാര ദുര്‍വിനിയോഗം വിവിധ രൂപത്തിലും ഭാവത്തിലും സമൂഹങ്ങളിലും സംഘടനകളിലും എല്ലാക്കാലങ്ങളിലും  നിലനില്‍ക്കുന്നതാണെന്ന് പരക്കെ അറിവുള്ളതാണെങ്കിലും കാലത്തിനൊപ്പവും സാമൂഹിക വികസനത്തിനൊപ്പവും ഈ സാമൂഹിക വിപത്തു അന്യം നിന്നു പോകുവാനാണ് എല്ലാ സാധാരണക്കാരും ആഗ്രഹിക്കുന്നത്. പക്ഷേ മനുഷ്യന്‍ സാമൂഹികപരമായും വിദ്യാഭ്യാസ പരമായും കൂടുതല്‍ വളര്‍ന്നപ്പോഴും ജീവിത സാഹചര്യങ്ങള്‍ ഉയര്‍ന്നപ്പോഴും നേതാക്കന്മാരുടെ ഈ സാമൂഹിക അനീതിക്കു മാത്രം അറുതി വരുന്നില്ല എന്നുതന്നെയാണ് കേരളത്തില്‍ നിന്നും ഭാരതത്തിലെന്‍പാടുനിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ നവോദ്ധാന നായകന്‍ സ്വന്തം പാര്‍ട്ടിയെയും അനുയായികളെയും കേരള സര്‍ക്കാരിന്റെ ഏറ്റവും ഉന്നത പദവികള്‍ നല്‍കി കേരളത്തിന്റെ ഖജനാവ് മാത്രം ശൂന്യമാക്കി ക്കൊണ്ടിരിക്കുന്നു. ഓഖി ചുഴലിക്കാറ്റ് മുതല്‍ 2018 ലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരും പാവപ്പെട്ടവരും ഇപ്പോഴും പെരുവഴിയില്‍ അന്തി ഉറങ്ങുമ്പോഴും നിയമസഭാ മന്ദിരങ്ങളും മന്ത്രി കൊട്ടാരങ്ങളും മോടിപിടിപ്പിക്കുവാനുള്ള തത്രപ്പാടിലൂടെ വീണ്ടും എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നു. വോട്ടു നല്‍കി വിജയിപ്പിച്ച പൊതുജനങ്ങള്‍ക്ക് സല്‍ഭരണം കാഴ്ച വയ്ക്കുവാന്‍ സാധ്യമാകുന്നില്ലെങ്കില്‍ അതിനെയും അധികാര ദുര്‍വിനിയോഗമെന്ന് വിലയിരുത്തുവാന്‍ സാധിക്കും. പൊതുജനങ്ങളെ പ്രതിനിധീകരികരിച്ചു അധികാരത്തിലേറിയ രാഷ്ട്രീയ നേതൃത്വമുള്‍പ്പെടെ പൊതുജനങ്ങളുടെ നികുതിപ്പണത്തിലൂടെ ശമ്പളം വാങ്ങുന്ന പ്യൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള എല്ലാ ഉദ്യോഗസ്ഥരും ചെയ്യുന്ന ജോലിയോട് കൂറ് പുലര്‍ത്തുന്നില്ലെങ്കില്‍ അത് അധികാര ദുര്‍വിനിയോഗം തന്നെയാണ്.

സ്വന്തം അധികാരപരിധിയിലുള്ള കീഴുദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും നിരുത്തരവാദപരമായി പെരുമാറുമ്പോള്‍ ചോദ്യം ചെയ്യുവാനുള്ള നട്ടെല്ലില്ലാതിരിക്കുന്നതും അധികാര ദുര്‍വിനിയോഗമാണ്. കേരളത്തിലെ ഏറ്റവും സമര്‍ത്ഥരായ പോലീസുദ്യോഗസ്ഥരില്‍  ഒരാളാണ് മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ്  അദ്ദേഹത്തെപ്പോലുള്ള സത്യസന്ധരായ പോലീസുദ്യോഗസ്ഥരെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുമ്പോള്‍ സാധാരണക്കാരോടാണ് നീതി നിഷേധം നടത്തുന്നത്. കേരള പൊലീസ് ഡിജിപിയ വേണ്ടിയിരുന്ന വ്യക്തിയെ രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടികളിലൂടെ മൂന്നു തവണ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. 32 വര്‍ഷമായി പോലിസിന്റെ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന വ്യക്തിയ്ക്ക് രാഷ്ട്രീയക്കാരില്‍ നിന്നും ലഭിക്കുന്ന പീഡനമിതാണെങ്കില്‍ അനുദിനം അധികാര ദുര്‍വിനിയോഗം നടത്തുന്ന നെറികെട്ട രാഷ്ട്രീയക്കാരില്‍ നിന്നും പാവപ്പെട്ട സാധാരണക്കാര്‍ക്ക് എന്ത് നന്മ പ്രതീക്ഷിക്കാം.

കേന്ദ്ര സര്‍ക്കാര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്സോ നിയമഭേദഗതി പാസ്സാക്കിയതില്‍ സാധാരണക്കാര്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വസിക്കാം. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട  കണക്കു പ്രകാരം 2016 ല്‍ മാത്രം  ഒരു ലക്ഷത്തില്‍പ്പരം  കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് ഭാരതത്തിലുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതില്‍ മുപ്പത്തി ആറായിരത്തിലധികവും  പോസ്‌കോ നിയമപ്രകാരമുള്ളതാണ് കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായി മാറുമ്പോള്‍ കുട്ടികള്‍ക്കു നേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുവാനുള്ള അധികാരം നിലവില്‍ വരും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ബില്ലിലുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുപോലുള്ള നിയമങ്ങള്‍ പ്രാബല്യമാകുമ്പോഴെങ്കിലും ഉന്നാവ് സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ലോകത്തിലെ തന്നെ ഏറ്റവും നീചമായ ജാതിമത വ്യവസ്ഥിതിയില്‍ മാത്രം നീതി സാധ്യമാക്കുന്ന പ്രദേശമായിട്ടാണ് ഉത്തര്‍ പ്രദേശ് ഇന്നും ഭാരതത്തില്‍ അറിയപ്പെടുന്നത്. അതുകൊണ്ട് മാത്രം എല്ലാ അനീതികളിലും അക്രമങ്ങളിലും ഉള്‍പ്പെടുന്ന വാദി പ്രതി വ്യത്യാസമില്ലാതെ വ്യക്തികളുടെ ജാതിയും മതവും അന്വേഷിച്ചു നീതി സാധ്യമാക്കുവാന്‍ ശ്രമിക്കുന്നു എന്ന ദുഷ്പ്പേരിപ്പോലും നിലനില്‍ക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുണ്ടാകൃതിയും ജാതി രാഷ്ട്രീയവും മാത്രം നിലനില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുക സാധ്യമല്ലായെന്ന് കോടതിയുടെ ഇടപെടലുകളിലൂടെ മനസിലാക്കുവാന്‍ സാധിക്കും പ്രത്യേകിച്ചും കുറ്റാരോപിതര്‍ അധികാര വര്‍ഗ്ഗവും രാഷ്ട്രീയ നേതൃത്വമാകുമ്പോള്‍.

പൊതുജനങ്ങള്‍ക്ക് വേണ്ടി സത്ഭരണം കാഴ്ച വയ്ക്കാമെന്നു വാഗ്ദാനം നല്‍കി ഭരണത്തിലേറുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാര ദുര്‍വിനിയോഗം ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കിലെടുത്തു നിയമ നിര്‍മ്മാണം നടത്തിയെങ്കില്‍ മാത്രമേ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുകയുള്ളു എന്ന് ഭാരതത്തിലുടനീളം അരങ്ങേറുന്ന രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും മനസിലാകുന്നത്. ബലാത്സംഗ കേസില്‍ 2018 ഏപ്രില്‍ 13 ന് അറസ്റ്റിലായ കുല്‍ദീപ് സിങ് സെങ്കാര്‍ എംഎല്‍എ ജയിലിലാണ് എങ്കില്‍കൂടിയും ബലാത്സംഗത്തിനിരയായ കുട്ടിയേയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തിലെ നീതി ന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം വീണ്ടും പൊതു ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കും.

തന്റെ കുടുംബത്തിലെ ഭൂരിഭാഗം പുരുഷന്മാരെയും അപായപ്പെടുത്തിയതായുള്ള തെളിവുകള്‍ നിരത്തുമ്പോഴും പോലീസും ഭരണ നേതൃത്ത്വവും നിസ്സംഗതരായി നോക്കി നില്‍ക്കുന്ന കാഴ്ച്ചയാണ് ഭാരതീയര്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് വീണ്ടും അപകടത്തിലൂടെ കൊലപ്പെടുത്തുവാന്‍ തയ്യാറായ പ്രതികള്‍ക്ക് ഭാരതത്തിലെ നീതിന്യായ വ്യവസ്ഥിതികളോട് എന്ത് ബഹുമാനമാണുള്ളത്. കേന്ദ്രത്തിലിരുന്നു കൊണ്ടു സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്താവനകള്‍ മാത്രം നടത്തിയാല്‍ മതിയാകില്ല പകരം തെറ്റ് ചെയ്യുന്ന പ്രതികളെ മാതൃകാപരമായിത്തന്നെ ശിക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രത്യേകിച്ചും കുറ്റാരോപിതരും പ്രതികളും ഭരണപക്ഷത്തെ രാഷ്ട്രീയ നേതാക്കന്മാരാകുമ്പോള്‍.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് പരസ്യമായ രഹസ്യം തന്നെയാണ്, പരിശുദ്ധമായ രാഷ്ട്രീയക്കാരനെ മഷിയിട്ടു നോക്കിയാല്‍ പോലും കാണുവാന്‍ സാധ്യതയില്ലായെന്ന് കൊച്ചുകുട്ടികള്‍ വരെ പരസ്യമായി പറയുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ  അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) കഴിഞ ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊത്തം 1,580 പാര്‍ലമെന്റ് അംഗങ്ങളും (എംപിമാര്‍) നിയമസഭാംഗങ്ങള്‍ക്കും (എംഎല്‍എമാര്‍) എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അതായത്  ഏകദേശം 33 ശതമാനം ഇന്ത്യയിലെ പാര്‍ലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും നിയമസഭാ സാമാജികര്‍ക്കെതിരെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ഇവയില്‍ ചിലര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിസ്സാരമാണെങ്കിലും പുതിയ എംപിമാരില്‍ 20 ശതമാനത്തിലധികം പേര്‍ കൊലപാതകശ്രമവും, സര്‍ക്കാരുദ്യോഗസ്ഥരെ ആക്രമിക്കല്‍, മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്നവരാണ്. ഈ പ്രവണതയ്‌ക്കെതിരെ പരമോന്നത നീതിപീഠം പലയാവര്‍ത്തി നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു 'ഇന്ത്യന്‍ ജനാധിപത്യം ക്രിമിനലൈസേഷന്റെ തോതില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. ഇത് ഭരണഘടനാ ധാര്‍മ്മികതയെ തടസ്സപ്പെടുത്തുകയും ജനാധിപത്യ ഭരണകൂടത്തിന്റെ അടിവേരുകള്‍ തകര്‍ക്കുകയും പൗരന്മാരെ ദുരിതത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു' കുറ്റാരോപിതരായ യോഗ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുന്നതിന് പാര്‍ലമെന്റ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102 ഉം ജനങ്ങളുടെ നിയമത്തിലെ വ്യവസ്ഥകളും ഭേദഗതി ചെയ്തില്ലെങ്കില്‍ ഇപ്പോഴത്തെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല എന്ന് ഉന്നത നീതിപീഠത്തിലെ മനഃസാക്ഷിയുള്ള അഭിഭാഷകര്‍ വിലയിരുത്തുന്നത്.

ഭാരതത്തില്‍ രാഷ്ട്രീയക്കാരും പോലീസുമുള്‍പ്പെടുന്ന നീതിന്യായ വ്യവസ്ഥിതികളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനാധിപധ്യ വ്യവസ്ഥിതിയെ അനുദിനം ദുരുപയോഗപ്പെടുത്തികൊണ്ടു പരാജയപ്പെടുത്തുകയാണെന്ന് വളരെ എളുപ്പത്തില്‍ മനസിലാക്കുവാന്‍ സാധിക്കും. സത്യസന്ധമായി ജോലി ചെയ്യുവാന്‍ ശ്രമിക്കുന്ന പല ഉദ്യോഗസ്ഥരെയും കള്ളക്കേസുകളില്‍  കുടുക്കിയും അന്യായമായി പിരിച്ചു വിട്ടുകൊണ്ടും എല്ലാ ഉദ്യോഗസ്ഥരുടെയും ആത്മ വിശ്വാസം തകര്‍ക്കുന്ന സ്ഥിതിവിശേഷമാണ്. മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെപ്പോലെ തന്നെ രാഷ്ട്രീയക്കാരുടെ അപ്രീതി   നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സത്യസന്ധനായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയതായാണ് ഇപ്പോള്‍ അറിഞ്ഞിരിക്കുന്നത്.

വിദ്യാഭ്യാസ കാലത്തുടനീളം എല്ലാ മേഖലകളിലും ഒന്നാം റാങ്ക് നേടിയ ഇദ്ദേഹം രാഷ്ട്രീയക്കാരുടെ അപ്രീതി നേടിയത് മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുവാനായി മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു എന്നതും. മുന്‍ മന്ത്രിയായിരുന്ന ടിയു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് സത്യസന്ധമായ  റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഇരകള്‍ വേറെയും ധാരാളമുണ്ട്. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയേണ്ട സാഹചര്യമുണ്ടായതിനു പുറമെ  കൊച്ചി വൈറ്റില മേല്‍പാലം നിര്‍മ്മാണത്തില്‍ വീഴ്ചയുണ്ടെന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥക്ക് സസ്പെന്‍ഷന്‍. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് ആരോപിച്ചാണ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈല മോളെ സസ്പെന്‍ഡ് ചെയ്തത്. മേല്‍പ്പാലം പണിയുടെ ഗുണമേന്മ അന്വേഷിക്കാതെ പാലം പണിയിലെ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ച സത്യസന്ധയായ മറ്റൊരു ഉദ്യോഗസ്ഥയെക്കൂടി നിസാരകാരണങ്ങള്‍ കാണിച്ചു സസ്‌പെന്‍ഡ് ചെയ്യുന്നതും യഥാര്‍ത്ഥ അധികാര ദുര്‍വിനിയോഗം തന്നെ.

ഭാരതത്തില്‍ രാഷ്ട്രീയ നേതൃത്വം അധികാര ദുര്‍വിനിയോഗം നേരിട്ടും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും നടത്തുന്നതിന് ധാരാളം കാരണങ്ങളുണ്ടാവും ഏറ്റവും അധികവും കോടതികളില്‍ നീണ്ടുനില്‍ക്കുന്ന വിചാരണയും കുറ്റാരോപിതര്‍ക്ക് ശിക്ഷയിലുള്ള നിരക്കിന്റെ കുറവു മൂലവുമാണ്. അതോടൊപ്പമുള്ള മറ്റൊരു വസ്തുത കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതും 'ഇന്ത്യയിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളില്‍ ആറ് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്' ഇത്തരത്തിലുള്ള 3,884 കേസുകളില്‍ നിന്നും വെറും 38 സംഭവങ്ങളില്‍ കുറ്റവാളികളുടെ വിധി പ്രഖ്യാപിക്കുകയും കുറ്റവാളികളായവര്‍ക്ക്  തെരഞ്ഞെടുപ്പില്‍ ആറുവര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ 560 പേരെ കുറ്റവിമുക്തരാക്കുകയാണ് ചെയ്തത് കാരണം മറ്റൊന്നുമല്ല കോടതിയില്‍ വേണ്ടത് തെളിവുകളാണ്. കേസുകള്‍ക്ക് കാലതാമസം വരുത്തി വാദികളെയും സാക്ഷികളെയും ഇല്ലായ്മ ചെയ്യുന്നതില്‍ രാഷ്ട്രീയ നേതൃത്വം അനുദിനം വിജയിച്ചു കൊണ്ടിരിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category