1 GBP = 92.50 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 14

Britishmalayali
രശ്മി പ്രകാശ്

ലെക്സി... എങ്ങനെയാണ് തട്ടിക്കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നൊരാളോട് പ്രണയം തോന്നുക. കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഫെലിക്സ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും. നീയാണെങ്കില്‍ സമ്മതിക്കുമോ? എനിക്കാണെങ്കില്‍ അയാളെ കാണുന്നത് പോലും ഇഷ്ടമല്ല.


ഇസാ... ഞാനാണെങ്കില്‍ അയാളെ പ്രണയിക്കുന്നതായി അഭിനയിക്കും. നമുക്കിവിടെ നിന്നും പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. നമ്മുടെ സ്‌കൂള്‍ ട്രിപ്പ്, മുന്നോട്ടുള്ള പഠനം, നമ്മുടെ സ്വപ്നങ്ങള്‍ ഇതൊക്കെ അയാളുടെ ഭ്രാന്തിനുവേണ്ടി ബലികൊടുക്കണോ? നോക്കൂ... അയാളുടെ മനസ്സിലെന്താണെന്ന് നമുക്കറിയില്ല. നമ്മളിവിടെ എത്തിയതെങ്ങനാണെന്നു നീ ഓര്‍ക്കുന്നുണ്ടല്ലോ അല്ലേ? ബുദ്ധി രാക്ഷസ്സനാണയാള്‍.

'എങ്ങനെ മറക്കും?' നമ്മുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു കറുത്ത ദിവസമല്ലേ അത്. കറുത്ത പുകച്ചുരുളുകള്‍ നിറഞ്ഞ ആ ഓര്‍മകളെ ഇസ പേടിയോടെ പൊടിതട്ടിയെടുത്തു. ക്ലാസ്സ് കഴിഞ്ഞു ലെക്സിയെ കാത്തു നിന്നിട്ടു കാണാതെ വന്നപ്പോഴാണ് തനിയെ വീട്ടിലേക്കു പോയത്. മഴ ചെറുതായി ചാറുന്നതു കൊണ്ടാണ് പള്ളിയുടെ പുറകിലൂടെയുള്ള വഴിയേ നടക്കാമെന്നു കരുതിയത്. റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു മെഴ്‌സിഡസ് ബെന്‍സ് സ്പ്രിന്റര്‍ കാര്‍ഗോ വാന്‍ അടുത്ത് വന്നു നിന്നത്. ഡ്രൈവര്‍ സീറ്റില്‍ സൗമ്യമായ പുഞ്ചിരിയോടെ ഫെലിക്സ്.

'ഹായ് ഇസ, ഹൗ ആര്‍ യു?'

'ഹലോ ഫെലിക്സ്, ഐ ആം വെരി വെല്‍ താങ്ക് യു.

എപ്പോള്‍ തിരികെ വന്നു. ഹൗ വോസ് യുവര്‍ പ്രോഗ്രാം?

എല്ലാം കൂടി ഒറ്റയടിക്ക് ചോദിക്കല്ലേ. സമയമുണ്ടല്ലോ പറയാം. അതിനുമുന്നേ ഇസയ്ക്കൊരുപാടിഷ്ടമുള്ള ഒരു കാര്യം കാണിക്കാം. സര്‍പ്രൈസ് ആണ്.

'ഇസയ്‌ക്കൊരു സര്‍പ്രൈസ് ഉണ്ട്.' എന്ന് ഫെലിക്സ് പറഞ്ഞപ്പോള്‍ പെട്ടെന്ന് കാര്യം മനസ്സിലായില്ലെങ്കിലും സംഗീതവുമായി ബന്ധപ്പെട്ടതെന്തോ ആണെന്ന് തോന്നി.

ഫെലിക്സ്, വാന്‍ റോഡിന്റെ സൈഡിലേക്ക് ഒതുക്കിയിട്ട് ഇറങ്ങിയപ്പോഴാണ് ദൂരെ മൈതാനത്തിനപ്പുറത്തുള്ള നടപ്പാതയിലൂടെ ലെക്സി നടന്നു വരുന്നത് കണ്ടത്. കാല്‍വിരല്‍ മുതല്‍ മുടിക്കെട്ടുവരെ മൂടത്തക്ക വിധം പച്ചപ്പുതപ്പ് പുതച്ചു കിടന്നുറങ്ങുന്ന സുന്ദരിയായ യുവതിയെപ്പോലെ മൈതാനം നീണ്ടു കിടക്കുന്നു. സാധാരണ ഫുട്ബോള്‍ കളിക്കുന്ന കുട്ടികളെ കാണാറുള്ളതാണ്, രാവിലെ മുതലുള്ള മഴ കാരണമാകും മൈതാനം വിജനമായി കിടക്കുന്നത്.

ആരോ എടുക്കാന്‍ മറന്നുപോയ ഒരു പന്ത് പച്ചനിറഞ്ഞ മൈതാനത്തു മഴത്തുള്ളികളോട് കിന്നാരം പറഞ്ഞു കിടപ്പുണ്ടായിരുന്നു. ലെക്സി കൂടെ വരട്ടെ എന്ന് പറഞ്ഞു നോക്കി നില്‍ക്കുമ്പോള്‍ പൊടുന്നനെ ചാറ്റല്‍ മഴയുടെ ഭാവം മാറി. നൂറുകണക്കിന് നീളന്‍ സൂചികള്‍ ചെരിഞ്ഞു വീഴുന്നതുപോലെ മഴയുടെ ശക്തി കൂടിക്കൂടി വന്നു. വണ്ടിയിലേക്ക് കയറൂ ഞാന്‍ വീട്ടിലേക്കു വിടാം എന്ന് പറഞ്ഞു ഫെലിക്സ് ഓടി വാനിലേക്ക് കയറി.

ലെക്സി... പെട്ടന്ന് ഓടി വാ എന്ന് പറഞ്ഞു ഇസ വാനിന്റെ ഉള്ളിലേക്ക് കയറി. ആകെ നനഞ്ഞു കുളിച്ചാണ് ലെക്സി വണ്ടിയിലേക്ക് കയറിയത്. മമ്മിന്റെ കോള്‍ വന്നു, ഞാന്‍ ആകെ അപ്സെറ്റ് ആയി അതാണ് ആദമിന്റെ കൂടെ ഒരു കോഫി കുടിക്കാന്‍ കാന്റീനിലേക്ക് പോയത്. എന്ന് ലെക്സി പറഞ്ഞപ്പോള്‍ അവരുടെ കുടുംബ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന ഇസ, പോട്ടെ സാരമില്ല എന്ന് പറഞ്ഞു ലെക്സിയെ ചേര്‍ത്ത് പിടിച്ചു.

മഴ വല്ലാതെ കനത്തതിനാല്‍ മുന്നിലുള്ള വഴി കാണാന്‍ ഫെലിക്സ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഇടതടവില്ലാതെ പെയ്തുനിറയുന്ന മഴയെ തുടച്ചുമാറ്റാന്‍ വാനിന്റെ വൈപ്പര്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. ഓടിക്കൊണ്ടിരുന്ന വണ്ടി എവിടെയോ നിര്‍ത്തിയെന്നും അതൊരു ഗ്യാരേജിനുള്ളിലാണെന്നും മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. റിമോട്ട് ഉപയോഗിച്ച് ഫെലിക്സ് ഗ്യാരേജും ഗേറ്റും ക്ലോസ് ചെയ്തു.

എന്തൊരു മഴയാ ഇത്, ഫെലിക്സ് ഞങ്ങള്‍ പോയിട്ട് പിന്നീട് വരാം.

സര്‍പ്രൈസ് എന്താണെന്ന് കണ്ടിട്ട് പൊക്കോളൂ. മഴയൊക്കെ ഇപ്പോള്‍ മാറില്ലേ?

എന്തായാലും വന്നു ഇനി മഴ മാറിയിട്ടുപോകാം എന്ന് കരുതി ഇസയും ലെക്സിയും ഫെലിക്സിന്റെ കൂടെ മുകളിലത്തെ നിലയിലേക്കുപോയി. ഫെലിക്സിന്റെ റെക്കോര്‍ഡിങ് റൂമില്‍ ചെന്നപ്പോള്‍ അയാള്‍ വര്‍ണ്ണ കടലാസുകൊണ്ടു പൊതിഞ്ഞ ഒരു ബോക്സ് ഇസയുടെ കയ്യില്‍ കൊടുത്തു. ഒരു സമ്മാനം കിട്ടുമ്പോഴുള്ള എല്ലാ ആകാംഷയോടും സന്തോഷത്തോടും കൂടി ഇസ ആ ബോക്സ് തുറന്നു.

'വൗ ഇറ്റ്‌സ് സ്‌പൈസ് ഗേള്‍സ്* കളക്ഷന്‍സ്.' ഇസ സന്തോഷം കൊണ്ട് ഫെലിക്സിനെ കെട്ടിപ്പിടിച്ചു. 2012 നു ശേഷം സ്‌പൈസ് ഗേള്‍സ് നടത്തുന്ന മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ആണ് ഉടനെ ഡബ്ലിനിലും ലണ്ടനിലും നടക്കാന്‍ പോകുന്നത്. അവരുടെ ഇതുവരെയുള്ള പാട്ടുകളുടെ ശേഖരമാണ് ഫെലിക്സ്, ഇസയ്ക്കായി കൊണ്ടുവന്നു കൊടുത്തത്. സ്‌പൈസ് ഗേള്‍സിനെക്കുറിച്ചു വാ തോരാതെ സംസാരിച്ചുകൊണ്ടു നിന്ന ഇസയുടെ മുന്നില്‍ ഫെലിക്സ് പെട്ടെന്ന് മുട്ടുകുത്തി. എന്താണിതെന്ന മട്ടില്‍ ഒന്നും മനസ്സിലാകാതെ പെണ്‍കുട്ടികള്‍ പരസ്പ്പരം നോക്കി.

(തുടരും)

തൊണ്ണൂറുകളുടെ ആദ്യം രൂപം കൊണ്ട അഞ്ചു പെണ്‍കുട്ടികളടങ്ങുന്ന ഒരു പോപ്പ് ഗ്രൂപ്പ് ആണ് സ്‌പൈസ് ഗേള്‍സ്. ഓരോരുത്തരും ഓരോ പ്രത്യേക പേരിലായിരുന്നു അറിയപ്പെടുന്നത്. മെലാനി ബ്രൗണ്‍ (സ്‌കേറി സ്‌പൈസ്), മെലാനി ചിസ്സം (സ്‌പോര്‍ട്ടി സ്‌പൈസ്), എമ്മ ബന്‍ഠന്‍ (ബേബി സ്‌പൈസ്), ജെറി ഹാലിവെല്‍ (ജിന്‍ജര്‍ സ്‌പൈസ്), വിക്ടോറിയ ബെക്കാം (പോഷ് സ്‌പൈസ്). 1996 ല്‍ പുറത്തിറങ്ങിയ 'വന്നാബീ' എന്ന ഇവരുടെ ആദ്യത്തെ സിംഗിള്‍സ് മുപ്പത്തിയേഴു രാജ്യങ്ങളില്‍ നമ്പര്‍ വണ്‍ ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീകളുടെ മ്യൂസിക് ഗ്രൂപ്പ് എന്ന പേരും ഇവര്‍ക്ക് സ്വന്തം. പോഷ് സ്‌പൈസ്, വിക്ടോറിയ ബെക്കാം പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന ഡേവിഡ് ബെക്കാമിന്റെ പത്നിയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam