1 GBP = 92.30 INR                       

BREAKING NEWS

കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി; സംസ്ഥാനത്ത് മഴക്കുറവ് 4 ശതമാനത്തില്‍ എത്തിയെന്ന് ഔദ്യോഗിക കണക്ക്; പാലക്കാട് കിട്ടിയത് 21 ശതമാനം അധിക മഴ; ഇടുക്കിയില്‍ കുറവ് 24 ശതമാനവും; കൂടുതല്‍ മഴ പെയ്തത് വൈത്തിരിയില്‍; ഇനി പ്രതിസന്ധി കുട്ടനാട്ടില്‍; പേമാരിയില്‍ പൊലിഞ്ഞത് 83 ജീവനുകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാലവര്‍ഷ ദുരിതങ്ങള്‍ ഇനി കുറയുമെന്ന് സൂചന. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകരമാകും. മഴ ശക്തിയായി പെയ്തതോടെ കേരളത്തില്‍ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ 1 മുതല്‍ ഞായര്‍ വരെ 1543 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റര്‍ പെയ്തു.

പാലക്കാട് ജില്ലയില്‍ ശരാശരിയെക്കാള്‍ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയില്‍ ഇപ്പോഴും 24% മഴക്കുറവുണ്ട്. മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ പുത്തുമല ഉള്‍പ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കില്‍ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കില്‍ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാര്‍പ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.

ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായി. പമ്പയില്‍ 63.36 ശതമാനവും കക്കിയില്‍ 38.13 ശതമാനവുമാണ് വെള്ളമുള്ളത്.പെരിങ്ങല്‍കുത്തില്‍ 67.03 ശതമാനമാണ് വെള്ളം.

വൈദ്യുതി ബോര്‍ഡിന്റെ എട്ട് അണക്കെട്ടുകളും കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പുഴകളിലെ ജല നിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ കഴിയുന്നു.

മരണം 83, കാണാതായവര്‍ 58
മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഞായറാഴ്ച ഇതിനുപുറമേ മലപ്പുറത്ത് ഒരാളും തൃശ്ശൂരില്‍ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേര്‍ വീതവും കോട്ടയത്തും ഇടുക്കിയിലും കാസര്‍കോട്ടും ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു. ഇതോടെ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലുപേരുടെയും മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞു കാണാതായ കുടുംബത്തിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. വെട്ടുപറമ്പില്‍ ജോജി എന്ന വിക്ടറിന്റെ മകള്‍ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കല്‍ ഭാസ്‌കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്സ മാനുവല്‍(55) എന്നിവരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്നു കണ്ടെടുത്തത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെക്കൂടി കണ്ടെത്താനുണ്ട്. 43 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡില്‍ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു (22), മകന്‍ ധ്രുവന്‍ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്കു 12-നു കിട്ടിയത്. മണ്ണിടിഞ്ഞ് മൂന്നാംദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍പ്പെട്ട ശരത്തിന്റെ അമ്മ സരോജിനി(50)ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വയനാട് പുത്തുമല പാടിയിലെ ശെല്‍വന്റെ ഭാര്യ റാണി(57)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. മഴ കുറവായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടത്താനായി. ശനിയാഴ്ച ഒമ്പതുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇനി എട്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണു നിഗമനം. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലുമണിയോടെ നിര്‍ത്തിവെച്ചു.

മലപ്പുറം നിലന്പൂരിനു സമീപം വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ ജീവനക്കാരാണിവര്‍. ഇവിടെ ഒരു ആദിവാസിക്കോളനിയില്‍ 75-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.

തൃശ്ശൂരില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ക്കിടെ ജീപ്പ് മറിഞ്ഞ് വടക്കാഞ്ചേരി കെ.എസ്.ഇ.ബി. സെക്ഷനിലെ താത്കാലിക ഡ്രൈവര്‍ മരിച്ചു. അകംപാടം തലക്കോട്ടുകര ജോസ് (58) ആണു മരിച്ചത്. വീട്ടില്‍ വെള്ളം കയറിയത് ഇറങ്ങിയോ എന്നറിയാന്‍ ദുരിതാശ്വാസക്യാമ്പില്‍നിന്നു പോയ പെരിങ്ങാവ് മംഗലത്ത് വീട്ടില്‍ പ്രദീപ് (50) വെള്ളക്കെട്ടില്‍ വീണുമരിച്ചു. ചാവക്കാട്ട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നു ഷോക്കേറ്റ് മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീന്റെ മകന്‍ ഷാരിഖ് (24) മരിച്ചു.

കുട്ടനാട്ടിലും പ്രതിസന്ധി
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ഒഴുകിയെത്തുന്ന കിഴക്കന്‍ വെള്ളം കുട്ടനാടിനെ മുക്കുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെ കുട്ടനാട്ടിലെ 14 പാടശേഖരങ്ങളില്‍ മട വീണു. 7 പാടശേഖരങ്ങളുടെ മട കവിഞ്ഞ് വെള്ളമിറങ്ങി. പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. 700 ഹെക്ടര്‍ പാടശേഖരങ്ങളിലെ കൃഷി നശിച്ചു. പാടശേഖരങ്ങളോടു ചേര്‍ന്നുള്ള ആയിരത്തോളം വീടുകളില്‍ വെള്ളം കയറിഅപ്രതീക്ഷിതമായ മടവീഴ്ചയില്‍ വീടും വീട്ടുപകരണങ്ങളും ഉപേക്ഷിച്ചു ജനങ്ങള്‍ പലായനം നടത്തുകയായിരുന്നു.

പമ്പയാറ്റിലെയും അച്ചന്‍കോവിലാറ്റിലെയും ജലനിരപ്പ് കുറയാത്തതിനാല്‍ ചെങ്ങന്നൂരിലും മാവേലിക്കരയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ഇവിടെയും ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. ജില്ലയില്‍ ആകെ 72 ക്യാംപുകളിലായി 2297 കുടുംബങ്ങളിലെ 12,486 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. കൂടുതല്‍ പേര്‍ ക്യാംപുകളിലേക്കെത്തുകയും കൂടുതല്‍ ക്യാംപുകള്‍ തുറക്കുകയും ചെയ്യുന്നുണ്ട്. ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ പലയിടത്തും മൂന്നടിയോളം വെള്ളം പൊങ്ങി. ഇതുവഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു.

ഇടുക്കിയില്‍ നാല് പാലങ്ങള്‍ ഒലിച്ചു പോയി
കനത്തമഴയില്‍ ചെറുതോണി മേഖലയില്‍ ഒലിച്ചുപോയത് 4 പാലങ്ങള്‍. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്ന് പാലങ്ങളും ഒരു ചെക്ക് ഡാമും ഒലിച്ചുപോയി. ചുരുളി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചുരുളി ഉപദേശിക്കുന്ന് പാലം ഒലിച്ച് പോയി.

പ്രദേശവാസികളായ 35 കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു. ഉപദേശിക്കുന്ന് എടയ്ക്കാട് ഭാഗത്തെ അറുപതോളം കുടുംബങ്ങളും ഒറ്റപ്പെട്ടു. ഇതിനു പുറമേ ജില്ലാ ആസ്ഥാന മേഖലയിലെ പെരുങ്കാല,ഉപ്പുതോട്, 56 കോളനി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category