1 GBP = 87.20 INR                       

BREAKING NEWS

ഈലിങ്ങില്‍ മകള്‍ ജോലി ചെയ്യുന്ന ആശുപത്രി യില്‍ പിതാവിന്റെ മരണം; മൃതദേഹം നാട്ടിലെത്തിക്കാന്‍ സുമനസുകള്‍ ഒന്നിക്കുന്നു; പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് കവന്‍ട്രിയിലെ സജിയും കുടുംബവും വീണ്ടും നാട്ടിലെത്തി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാട്ടില്‍ നിന്നും മകള്‍ക്കും കുടുംബത്തിനും ഒപ്പം അവധിക്കാലം ചിലവിടാന്‍ എത്തിയ പിതാവ് മരണമടഞ്ഞു. ഒരു മാസം മുന്‍പ് ലണ്ടനില്‍ മകളോടും കുടുംബത്തോടൊപ്പം താമസിക്കാന്‍ എത്തിയ മാവേലിക്കര സ്വദേശി വിജയനാണ് ആശുപത്രിയില്‍ ആഴ്ചകള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം മരണത്തിനു കീഴടങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച ഇദ്ദേഹം ഭാര്യയോടൊപ്പം മകള്‍ക്കും കുടുംബത്തിനും ഒപ്പം വേനല്‍ക്കാലം ചിലവിടാം എന്ന ഉദ്ദേശത്തോടെയാണ് ജൂലൈ രണ്ടാം വാരം ലണ്ടനില്‍ എത്തുന്നത്.

നീണ്ട യാത്ര കഴിഞ്ഞെത്തിയത് മുതല്‍ ചെറിയ പനി അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഒരാഴ്ച്ചക്കകം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് ഇന്നലെ മരണത്തിനു കീഴടങ്ങുക ആയിരുന്നു. മകള്‍ ജോലി ചെയ്യുന്ന ഈലിങ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ കഴിയവെയാണ് 69 കാരനായ വിജയന് മരണം സംഭവിച്ചത് എന്നത് ഏറെ വൈകാരികമായി മാറുകയാണ്.

കല്ലുമല സ്വദേശിയായ ഇദ്ദേഹം എസ്എസ്ബി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം നാട്ടില്‍ എത്തിച്ചു നടത്തുമെന്നു കുടുംബ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹെയ്‌സ്, ഈലിങ് എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട പ്രദേശത്തെ പുതുതലമുറ മലയാളി കുടുംബങ്ങളില്‍ പെട്ടവര്‍ കുടുംബത്തിന് സഹായവുമായി കൂടെയുണ്ട്.

ഒരാഴ്ചക്കകം പരേതന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രണ്ടാം വട്ടമാണ് വിജയനും പത്നിയും മകളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തുന്നത്. ഏക മകളും കുടുംബവും യുകെയില്‍ എത്തിയിട്ട് മൂന്നുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മരണ സമയത്തു കുടുംബാംഗങ്ങള്‍ എല്ലാം അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി സന്ദര്‍ശിച്ചവരില്‍ നിന്നും ലഭിക്കുന്ന വിവരം.

അതിനിടെ വൃദ്ധരായ മാതാപിതാക്കളെയും കുടുംബ അംഗങ്ങളെയും സന്ദര്‍ശിച്ചു യുകെയില്‍ മടങ്ങി എത്തിയ മലയാളി കുടുംബം രണ്ടു നാള്‍ക്കകം പിതാവിന്റെ മരണമറിഞ്ഞു വീണ്ടും നാട്ടിലെത്തി. കവന്‍ട്രി മലയാളിയായ വടക്കേടത്തു സജി എബ്രഹാം ആണ് പിതാവ് വി എ എബ്രഹാമിന്റെ മരണമറിഞ്ഞു കുടുംബ അംഗങ്ങളെയും കൂട്ടി വീണ്ടും നാട്ടില്‍ എത്തിയത്. കോട്ടയം പ്രവിത്താനം ഉള്ളനാട് സ്വദേശിയാണ് സജിയും കുടുംബവും.

വാര്‍ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നെങ്കിലും അടുത്തിടെ നടത്തിയ തുടയെല്ല് സംബന്ധമായ ശസ്ത്രക്രിയയും തുടര്‍ന്നുള്ള അസ്വസ്ഥതകളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ പക്ഷാഘാതം ഉണ്ടായി ചലനശേഷി നഷ്ടമായതായും കുടുംബ സുഹൃത്തുക്കള്‍ അറിയിച്ചു. അവധിക്കാലത്തു മക്കളും ചെറുമക്കളും എത്തിയപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ ആണെങ്കിലും നടന്നു കൊണ്ടിരുന്ന പിതാവിന്റെ ആകസ്മിക നിര്യാണം കുടുംബത്തിനു തീരാ വേദനയായി മാറുക ആയിരുന്നു.

നാളെ ഉള്ളനാട് സേക്രറ്റ് ഹാര്‍ട്ട് പള്ളിയിലാണ് സംസ്‌ക്കാരം നിശ്ചയിച്ചിരിക്കുന്നത്. കവന്‍ട്രിയില്‍ നിന്നും അനേകം കുടുംബങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഉള്ളതിനാല്‍ സംസ്‌കാര ചടങ്ങില്‍ ഒട്ടേറെ പേരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. സജിയുടെ അയര്‍ലന്റില്‍ ഉള്ള സഹോദരനും നാട്ടില്‍ എത്തിയതായി സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category