1 GBP = 97.40 INR                       

BREAKING NEWS

കുഴിയന്‍ പാത്രത്തിന്റെ ആകൃതിയിലുള്ള കുട്ടനാട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകാനാകാതെ അഞ്ച് നദികളില്‍നിന്നെത്തിയ വെള്ളം; മടവീഴ്ച കൂടിയായപ്പോള്‍ ദുരിതം ഇരട്ടിച്ചു; മടവീണും മടകവിഞ്ഞും വെള്ളത്തില്‍ മുങ്ങി കേരളത്തിന്റെ നെല്ലറ; കൈനകരിയിലും ചമ്പക്കുളത്തും ദുരിതം രൂക്ഷം; നശിച്ചത് 14 പാടത്തെ 1934 ഹെക്ടര്‍ കൃഷി; മുന്‍കരുതലുകളെല്ലാം വെറുതെയായി; കുട്ടനാട്ടിന് ഈ പ്രളയവും നല്‍കിയത് തീരാ ദുരിതം

Britishmalayali
kz´wteJI³

ആലപ്പുഴ: മാനം കറുത്താല്‍ കുട്ടനാട് ദുരിതത്തിലാകും. ഇത്തവണയും അതു തന്നെ സംഭവിച്ചു. മടവീണും മടകവിഞ്ഞും വെള്ളത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍നിന്ന് 794 കുടുംബങ്ങളിലെ 2866 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1677 പേരെ കുട്ടനാട് താലൂക്കിലെയും 1189 പേരെ ആലപ്പുഴയിലെ ക്യാമ്പിലേക്കുമാണ് മാറ്റിയത്. താലൂക്കിലുള്ളവര്‍ക്കായി 463 ഭക്ഷണവിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. എങ്ങും ദുരിതം മാത്രം. നാല് ദിവസത്തിനിടെ ചെറുതും വലുതുമായ 13 മടവീണു. 2596 ഹെക്ടര്‍ കൃഷിനശിച്ചു. മഴയും വെള്ളക്കെട്ടും കാരണം ഒമ്പത് കന്നുകാലികള്‍ ചത്തു. കുട്ടനാട്ടില്‍ 14 പാടത്തെ കൃഷിയാണ് പൂര്‍ണമായി നശിച്ചത് - 896 ഹെക്ടര്‍.

മടകവിഞ്ഞ് 46 പാടത്തെ 1934 ഹെക്ടറും നശിച്ചു. ആലപ്പുഴയിലാകെ 50 കോടിയാണ് കൃഷിനാശം. കുട്ടനാട്ടില്‍ മാത്രം 38 കോടി രൂപയുടെ നെല്‍കൃഷി നശിച്ചു. മൃഗസംരക്ഷണമേഖലയില്‍ 89,500 രൂപയുടെ നാശനഷ്ടമുണ്ട്. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ഒരു മാസത്തിലേറെ വീടുവിട്ട് പോകേണ്ടിവന്നവരാണ് കുടന്ടനാട്ടുകാര്‍. ഓണത്തിന് പോലും കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലെത്താനായില്ല. അന്നത്തെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇത്തവണയും പ്രളയം വന്നപ്പോള്‍ വീട്ടില്‍നിന്ന് പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പല വീടുകളിലെയും ശൗചാലയങ്ങളും മുങ്ങിയതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഇടമില്ലാതായി.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടനാട്ടിലേക്ക് കിഴക്കന്‍വെള്ളം കൂടുതലായി എത്തിത്തുടങ്ങിയത്. മഴ കനത്തതും വേലിയേറ്റവും വെള്ളക്കെട്ടും ഇരട്ടിയാക്കി. എസി കനാലും കരകവിഞ്ഞു. കൈനകരിയിലും ചമ്പക്കുളത്തുമാണ് കൂടുതല്‍ നാശം. കൈനകരിക്ക് സമീപത്തെ ആറുപങ്ക് പാടം മടവീണതാണ് തിരിച്ചടിയായത്. കുട്ടനാട് പാക്കേജില്‍ പ്രധാനമായി നടന്ന പുറംബണ്ട് നിര്‍മ്മാണങ്ങളൊക്കെയും ജനവാസം കുറഞ്ഞ മേഖലകളിലെ കായല്‍നിലങ്ങളിലായിരുന്നു. ആറുപങ്ക് ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളുടെ ഇരുവശവും കല്ലുകെട്ടി ഉയര്‍ത്തി സംരക്ഷിച്ചാല്‍ മടവീഴ്ചയില്‍നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാനാകും. ഞായറാഴ്ച രാത്രിയിലുണ്ടായ മടവീഴ്ചയില്‍ കൈനകരിയില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. നെടുമുടി, നീലംപേരൂര്‍ എന്നിവയൊഴികെയുള്ള പഞ്ചായത്തുകളിലെ വീടുകളില്‍ വെള്ളം കയറി.

മൂല പൊങ്ങപ്ര പാടം വെള്ളം കയറിയതോടെ താലൂക്ക് ഓഫീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം വെള്ളത്തിലായി. നെല്‍പ്പാടം മുങ്ങി. സിവില്‍ സ്റ്റേഷന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് മണിമലക്കാട്, ഏഴുകാട്, നാലുതോട്ടിനകംചിറ, മൂല പൊങ്ങമ്പ്ര പാടശേഖരം. ഇറിഗേഷന്‍ വകുപ്പും കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട എന്‍ജിനിയറുടെ ഓഫീസും ചമ്പക്കുളം കൃഷി അസി. ഡയറക്ടറുടെ ഓഫീസും സിവില്‍ സ്റ്റേഷനിലാണ്. ചമ്പക്കുളംകൃഷിഭവന്‍ സിവില്‍ സ്റ്റേഷന് സമീപമാണ്. വെള്ളക്കെട്ടുമൂലം ഇവിടങ്ങളിലേക്ക് ആളുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എത്താനാകുന്നില്ല. പേടിച്ചോടാന്‍ തയാറല്ലാത്ത ഒരു ലക്ഷത്തിലധികം പേരാണ് ക്യാംപുകളിലേക്കു പോകാതെ വെള്ളത്തിനുമേല്‍ ജീവിതത്തിന്റെ പലക നിരത്തി കഴിയുന്നത്.

10 ദുരിതാശ്വാസ ക്യാംപുകളില്‍ വെറും 1668 പേര്‍ മാത്രമാണ് മാറിത്താമസിക്കുന്നത്. 18 പാടശേഖരങ്ങളില്‍ മടവീണു. 46 പാടങ്ങളില്‍ ബണ്ട് കവിഞ്ഞു വെള്ളം കയറി. ഇവിടെ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന ജോലി തുടരുന്നുണ്ട്. മട കെട്ടാനുള്ള ജോലികളും തുടരുന്നു. വേലിയേറ്റ സമയത്തൊഴികെ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമേണ കുറയുന്നുണ്ട്. ആലപ്പുഴ - ചങ്ങനാശേരി (എസി) റോഡ് മുങ്ങിയതോടെ ജലഗതാഗതമാണ് കുട്ടനാടിന്റെ ആശ്രയം. എസി റോഡില്‍ മങ്കൊമ്പ് വരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ചങ്ങനാശേരിയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് കിടങ്ങറവരെ കെഎസ്ആര്‍ടിസി പരീക്ഷണ സര്‍വീസ് നടത്തിയെങ്കിലും തുടരാന്‍ സാധിച്ചില്ല.

വലിയ വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ്.ട്രാക്ടറുകളിലാണ് ആളുകളെ ദുരിതാശ്വാസ ക്യാംപിലെത്തിക്കുന്നത്..പമ്പയാറ്റില്‍ ജലനിരപ്പ് കൂടിയതാണ് മേഖലയില്‍ വെള്ളം കയറാന്‍ കാരണമായത്. അയ്യായിരത്തില്‍ അധികം വീടുകളില്‍ വെള്ളം കയറി. അതിരൂക്ഷമായ മടവീഴ്ചയില്‍ വീടും വസ്തുവും ഉള്‍പ്പെടെ എല്ലാം തകര്‍ത്തെറിയപ്പെട്ട നിരവധി പേര്‍ കുട്ടനാട്ടിലുണ്ട്. വേദനയോടെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകുകയാണ് മിക്കവരും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടന്‍ ജനതയ്ക്ക് കനത്ത ആഘാതമാണ് മടവീഴ്ച മൂലം ഇത്തവണ ഉണ്ടായിരിക്കുന്നത്.

കുട്ടനാട്ടില്‍ വെള്ള കയറാതിരിക്കാന്‍ ഏറെ മുന്‍കരുതലെടുത്തിരുന്നു. തോട്ടപ്പള്ളി സ്പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റെയും ഷട്ടറുകളെല്ലാം തുറക്കുകയും അതുവഴി കടലിലേക്ക് വെള്ളം ഒഴുകിയും പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ ശ്രമിച്ചു. കായംകുളത്തേക്കുള്ള ലീഡിങ് കനാല്‍ വഴിയും വെള്ളം പുറത്തേക്ക് വിട്ടു. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളമത്രയും കടലിലേക്ക് ഒഴുക്കി വിടാനായാല്‍ കുട്ടനാടിന് വലിയ പ്രളയ ഭീഷണിയുണ്ടാകില്ലെന്നും വിലയിരുത്തി.

എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് മടവീഴ്ചയുണ്ടായത്. അഞ്ച് നദികളില്‍ നിന്നെത്തുന്ന വെള്ളം, കുഴിയന്‍ പാത്രത്തിന്റെ ആകൃതിയിലുള്ള കുട്ടനാട്ടില്‍നിന്ന് പുറത്തേക്ക് ഒഴുകാനാകാതെ വരുമ്പോഴാണ് ഈ പ്രദേശം മുങ്ങുന്നത്. ഇത്തവണയും വെള്ളം പുറത്തേക്ക് ഒഴുകിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category