1 GBP = 95.00 INR                       

BREAKING NEWS

ലോകജനസംഘ്യയിലുള്ള അമിതമായ വര്‍ദ്ധനവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായ വസ്തുത; അതോടൊപ്പം അമൂല്യമായതും പരിമിതവുമായ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും സാദ്ധ്യമാകും

Britishmalayali
റോയ് സ്റ്റീഫന്‍

ഭാരതത്തിലെ അതി വേഗത്തിലുള്ള ജനസംഖ്യാവര്‍ധനവ് തടയണമെന്ന് ശ്രീ നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദേശത്തോട് ആവശ്യപ്പെടുമ്പോള്‍ ദേശസ്‌നേഹത്തിനുപരി മനുഷ്യസ്‌നേഹമുള്ള വ്യക്തികള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കും. ഈ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രത്യുല്‍പാദനശേഷിയുള്ളതില്‍ മനുഷ്യന് മാത്രമാണ് വിവേകപൂര്‍ണ്ണമായ ജീവിക്കുവാന്‍ സാധിക്കുന്നത് അതായത് നിലവിലുള്ളതും ഭാവിയിലെയും വരും വരായ്കകള്‍ തിരിച്ചറിഞ്ഞു ഇന്ന് ഈ വര്‍ത്തമാന കാലത്തില്‍ ജീവിക്കുവാനുള്ള കഴിവ്. ഭൂമിയില്‍ ജീവനുണ്ടായ കാലവുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ മനുഷ്യസാന്നിധ്യം വളര്‍ച്ചയും തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാല്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് ശതകോടിക്കണക്കിലുള്ള വര്‍ഷങ്ങളിലെ ഭൂമിയുടെ വളര്‍ച്ച മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ അതായത് സ്വാഭാവികമായ പരിസ്ഥിതിയുടെ നിലനില്‍പ്പിലൂടെ മാത്രമാണ് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന് ആവശ്യമായ ഭക്ഷണം മുതല്‍ മനുഷ്യന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ വരെയും. മരുന്നുകള്‍ മുതല്‍ മാനസികാരോഗ്യ ആനുകൂല്യങ്ങള്‍ വരെയും സാധ്യമാകുന്നത്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആഗോള ജനസംഖ്യയുടെ വര്‍ദ്ധനവിനിലൂടെ ഭക്ഷണത്തിന്റെയും വിഭവങ്ങളുടെയും അമിതമായ ഉപഭോഗം നമ്മുടെ സ്വന്തം പ്രകൃതിയെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭൂമിയില്‍ ഒരു  ജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിത ഘടങ്ങളായ ശുദ്ധ വായുവും ശുദ്ധ ജലവും വളരെയധികം പരിമിതിപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ ഇപ്പോള്‍ ഉളവായത് മറ്റൊന്നും കൊണ്ടല്ല മനുഷ്യരുടെ വിവേകമില്ലാത്ത പ്രത്യുല്‍പാദനം പ്രക്രിയയിലൂടെ മാത്രം.

ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ലോകജനസംഖ്യയിലെ പതിനെട്ട് ശതമാനം മനുഷ്യരും ജീവിക്കുന്നത്  ഇന്ത്യയിലാണ്.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകജനസംഖ്യ വെറും 160 കോടിയായിരുന്നു. എന്നാല്‍  ഇപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതി കഴിയുമ്പോള്‍ ലോകത്തിലെ മൊത്തം മനുഷ്യര്‍ ആയിരം കോടിക്ക് അടുത്തെത്തും. നിലവിലെ ഇന്ത്യയിലെ ജനസംഖ്യ 1,350,438,098 എന്നാല്‍ 1955 ല്‍ ഇത് വെറും  409,269,055 അന്നത്തെ ലോക ജനസംഖ്യയുടെ പതിനാലര ശതമാനം മാത്രമായിരുന്നു. ഈ വര്‍ധനക്കനുസൃതമായി മനുഷ്യന്റെ ആവശ്യങ്ങളും വര്‍ധിക്കും. മനുഷ്യരുടെ എണ്ണത്തിന് ആനുപാതികമായി ഭക്ഷ്യവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകാത്ത അവസ്ഥ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുമെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥി പ്രവാഹങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണ്. അനിയന്ത്രിതമായ ജനസംഖ്യവര്‍ധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഉയരുന്ന ജനസംഘ്യയോടൊപ്പം വികസനം അനിവാര്യമാണ് എന്നാല്‍ വികസനം മാത്രം ലക്ഷ്യമിട്ടു പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴുണ്ടാകുന്ന വിപത്തുകള്‍ കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.   അശാസ്ത്രീയമായ വികസനത്തിന്റെ ഉത്തമ ഉദാഹരങ്ങളാണ് ഈ നാളുകളില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള മണ്ണൊലിപ്പും ഉരുള്‍പൊട്ടലുകളും നല്‍കുന്നതെന്ന് വികസനദാഹിയായ മലയാളി മനസിലാക്കും എന്ന് വിശ്വസിക്കുന്നു.  ജനങ്ങളുടെ എല്ലാ മേഖലകളിലുമുള്ള സാമൂഹിക നിലവാരം കാത്തു സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്ത്വം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലാവുമ്പോള്‍ ഭാരതത്തിന്റെ പ്രധാന മന്ത്രിയുടെ ജനസംഖ്യ നിയന്ത്രണത്തിനുള്ള പൊതുജനങ്ങളോടുള്ള ആഹ്വാനം തീര്‍ത്തും സമയോചിതമാണെന്നാണ് വിലയിരുത്തുന്നത്.

ആഗോള വന്യജീവിസംരക്ഷണ സംഘടനയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം  1970 നുശേഷം  ലോകത്തിലുള്ള  അറുപത് ശതമാനം സസ്തനികള്‍, പക്ഷികള്‍, മത്സ്യം, ഉരഗങ്ങള്‍ എന്നിവ മനുഷ്യന്റെ ജീവിതം മൂലവും അനുദിന ജീവിതസൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഈ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെട്ടു കഴിഞ്ഞു. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക വാസസ്ഥലങ്ങളായ വനങ്ങള്‍ നശിപ്പിച്ചു കൃഷിഭൂമിയായി മാറ്റിയതു മൂലമുണ്ടായ ആഘാതങ്ങള്‍. വര്‍ധിച്ചു കൊണ്ടിരിക്കുന്ന ജനതയെ പരിഭോഷിപ്പിക്കുവാന്‍ വ്യവസായികാടിസ്ഥാനത്തിലുള്ള മല്‍സ്യ ബന്ധനവും ആവശ്യമായപ്പോള്‍  മത്സ്യങ്ങളും പൂര്‍ണ്ണമായി നഷ്ടമാകുവാന്‍ തുടങ്ങി.   1980 നും 2000 നും ഇടയില്‍ ആഗോള തലത്തില്‍ ഏകദേശം  55% ഉഷ്ണമേഖലാ വനങ്ങള്‍ കാര്‍ഷികഭൂമിയായി രൂപാന്തരപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഭാരതമുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രധാന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വനനശീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്. 2100 ഓടെ ഇപ്പോള്‍ നിലവിലുള്ള  യഥാര്‍ത്ഥ വനമേഖലയുടെ മുക്കാല്‍ ഭാഗവും നഷ്ടപ്പെടുമെന്നും  കണക്കാക്കപ്പെടുന്നു.

2018 ല്‍ കേരളത്തിലുണ്ടായ നിപ്പാ വൈറസിനോടനുബന്ധിച്ചു ധാരാളം പഠനങ്ങള്‍ നടന്നു. അതിലൊരു പഠനം ഈ നിപ്പാവൈറസ് പരത്തിയ ഫ്‌ലയിങ് ഫോക്‌സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പഴം തീനി വവ്വാലുകളുടെ ആവാസമേഖലകളോടനുബന്ധിച്ചായിരുന്നു. സാധാരണ കൊടും വനങ്ങളില്‍ മാത്രം ജീവിക്കുന്ന  ഈ പ്രത്യേക ഇനം  വവ്വാലുകള്‍ എങ്ങനെ മനുഷ്യനുമായി ഇടപഴുകുവാനുള്ള സാഹചര്യം ഉണ്ടായി. ഇവയുടെ ആവാസവ്യവസ്ഥകളിലുള്ള  ഭക്ഷ്യ വിഭവങ്ങളിലുള്ള ദൗര്‍ലഭ്യം   ഇത്തരം  വവ്വാലുകള്‍ക്കിടയില്‍ പോഷകവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് കാരണമാവുകയും മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേയ്ക്ക് നയിക്കപ്പെടുകയുമാണുണ്ടായത്. കേരളത്തിലെ നാലു ജില്ലകളായ കണ്ണൂര്‍ കോഴിക്കോട് വയനാട് മലപ്പുറം എന്നിവടങ്ങളില്‍ മാത്രം 2,03,939 ഹെക്റ്റര്‍ വനഭൂമി 1993 to 2017 കാലയളവില്‍ മാത്രം നഷ്ടമായി എന്ന് മനസിലായി. ഏകദേശം 27% വനഭൂമി നഷ്ടമായതുമൂലം ഉണ്ടായ അണുബാധയാണിത്. കേരളത്തിലെ ഡോക്ടര്‍മാരുടെയും മറ്റു മേധാവികളുടെയും ക്രിയാത്മകമായ ഇടപെടല്‍ മൂലം വലിയൊരു വിപത്താണ് ഒഴിവായത്. അനുദിനം ഉയരുന്ന ജനസംഖ്യയെ പരിഭോഷിപ്പിക്കുവാന്‍ വനമേഖലകള്‍ വീണ്ടും കൃഷിയിടങ്ങളാവുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍. ഇനിയും പ്രകൃതിയെയും അതിലെ ജീവികളെയും ജീവിക്കുവാനനുവദിക്കുന്നില്ലെങ്കില്‍ വീണ്ടും  പല പകര്‍ച്ച വ്യാധികളും  നേരിടേണ്ടി വരും.

പശ്ചിമഘട്ടം ഉള്‍പ്പെടുന്ന എല്ലാ മലയോര മേഖലകളിലെയും നിരുത്തരവാദിത്ത്വപരമായ പ്രകൃതി ചൂഷണം അതായതു കരിങ്കല്‍ക്ക്വറി ഉള്‍പ്പെടെയുള്ള അനധികൃത ഖനനങ്ങള്‍ എത്രയും പെട്ടെന്ന് നിറുത്തിക്കണം എന്നും സര്‍ക്കാരിന്റെ  ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുതെന്നും  പുതിയ ഭൂമി കയ്യേറ്റങ്ങള്‍ അനുവദിക്കരുതെന്നുമുള്ള  ശുപാര്‍ശ മാത്രമാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ രക്‌നച്ചുരുക്കം. ഈ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമായാല്‍ ഭൂമി കയ്യേറ്റമുള്‍പ്പെടെ കരിങ്കല്‍ ക്വറികളുടെയും നടത്തിപ്പിക്കാരായ രാഷ്ട്രീയ നേതൃത്ത്വത്തിനും ഭൂമാഫിയ സംഘങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങളും ഭവിഷ്യത്തുക്കളും തിരിച്ചറിഞ്ഞുകൊണ്ട്   പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ  പ്രചാരണങ്ങള്‍ അഴിച്ചുവിടുക മാത്രമാണ് ഇക്കൂട്ടര്‍ ചെയ്തത്. സത്യാവസ്ഥ മനസിലാക്കുവാന്‍ ശ്രമിക്കാത്ത പൊതുജനം ദുരനുഭവങ്ങളിലൂടെ മാത്രം ജീവിത സത്യങ്ങള്‍ മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ശ്രമിക്കുന്ന പൊതുജനം സ്വാഭാവികമായും തെറ്റിദ്ധരിപ്പിക്കപ്പെടുക മാത്രമാണ് ചെയ്തത്.  

ഭാരതത്തിലെ സാധാരണക്കാരായ കര്‍ഷകര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ്. കാലത്തിനൊത്തു സമയാസമയങ്ങളിലുള്ള കാറ്റും മഴയും തണുപ്പും അനുഭവിച്ചു പ്രകൃതിയുടെ കനിവായ വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍. അവരുടെ സമയോചിതമായ കാര്‍ഷിക രീതികള്‍  ഒരു കാലത്തും പ്രകൃതിയെ ചൂഷണം ചെയ്തതായി കേട്ടിട്ടില്ല അതുകൊണ്ടു തന്നെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും  പുറത്താക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല പകരം ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ ജൈവ കൃഷി രീതികള്‍ പ്രാവര്‍ത്തികമാക്കണമെന്നു മാത്രമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതോടൊപ്പം ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികളെ തടഞ്ഞു നിറുത്താതെ സ്വതന്ത്രമായി ഒഴുകുവാനുള്ള സംവിധാനം ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഭൂമിയുടെ ഏറ്റവും വലിയ ദാനമായതും എല്ലാ ജീവജാലങ്ങള്‍ക്കും അത്യന്താപേക്ഷിതവുമായ  വായുവിനെയും ജലത്തിനെയും മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ അടിയന്തിരമായി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എല്ലാ  വിധത്തിലുള്ള സ്ഫോടക വസ്തുക്കള്‍ പരിസ്ഥിതിക്ഷയിച്ച സ്ഥലങ്ങളില്‍ അടിയന്തിരമായി നിരോധിക്കണമെന്നും ശുപാര്‍ശ്ശ ചെയ്യുന്നു. അതോടൊപ്പം തന്നെ കാലാവധി പൂര്‍ത്തിയാക്കിയ  താപനിലയങ്ങളും പഴകിയ ഡാമുകളും ഘട്ടംഘട്ടമായി നിര്‍മ്മാര്‍ജനം  ചെയ്യണമെന്നുമുള്ള ശുപാര്‍ശകളില്‍ ഏതാണ് സാധാരണക്കാരായ കര്‍ഷകരെ ബാധിക്കുന്നത്. സമൂഹത്തില്‍ സ്വാധീനമുള്ള രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും സാധാരണക്കാരെ വഴിതെറ്റിക്കുബോള്‍ പ്രകൃതി വീണ്ടും മണ്ണൊലിപ്പിലൂടെയും ഉരുള്‍പൊട്ടലിലൂടെയും  പ്രതിഷേധിച്ചുകൊണ്ടിരിക്കും.

ഭൂമിയുടെ നിലനില്‍പ്പിനും വരും ജനതയുടെ സുഗമമായ ജീവിതത്തിനും നിലവിലെ ജനസംഖ്യാ വര്‍ദ്ധനവു കുറയ്ക്കുവാനുള്ള  കര്‍ശനനടപടികള്‍  സ്വീകരിക്കണമെന്നു ഉത്തരവാദിത്ത്വപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ ലോകനേതൃത്ത്വവും ആഗ്രഹിക്കുകയും ആവശ്യപ്പെടുന്ന വസ്തുത തന്നെയാണ്. ആഗോള തലങ്ങളിലുള്ള നിലവിലേ  സാഹചര്യങ്ങള്‍ ആശങ്കാജനകമല്ലെങ്കിലും  ഉയര്‍ന്നു തന്നെ നില്‍ക്കുന്ന ജനന നിരക്കുകളും പ്രായമേറിക്കൊണ്ടിരിക്കുന്ന പൊതുസമൂഹവും ചോദ്യചിന്ഹമായി തന്നെ നിലനില്‍ക്കുമെന്നുള്ളത് അവഗണിക്കുവാന്‍ സാധിക്കാത്ത വസ്തുതയാണ്.  ഇവിടെ ജനസംഖ്യ നിയന്ത്രണം തന്നെയാണ് ഏകപോംവഴി. പ്രത്യുല്‍പാദനശേഷിയുള്ള ജീവജാലങ്ങളില്‍  മനുഷ്യന് മാത്രമാണ് വിവേകപൂര്‍ണ്ണമായ ചിന്തിക്കുവാനും തീരുമാനങ്ങളെടുത്തു പ്രാവര്‍ത്തികമാക്കുവാനും സാധിയ്ക്കുന്നത്. തങ്ങള്‍ ജീവിക്കുന്നതും തങ്ങളുടെ അടുത്ത തലമുറ ജീവിക്കേണ്ട ഈ ഭൂമിയുടെയും അതിലെ വിഭവങ്ങളുടെയും  പരിമിതികള്‍  മനസിലാക്കിക്കൊണ്ടുള്ള പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍. ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന പ്രാധമികകുടുംബം  സന്തുഷ്ടകുടുംബമാകുന്നത് രണ്ടു കുട്ടികള്‍ മാത്രമുള്ളപ്പോളാണെന്ന  ആശയം പ്രചരിപ്പിക്കുന്നതിനോടൊപ്പം, ഒന്നിനുശേഷം അടുത്ത കുട്ടിയുണ്ടാകുന്ന ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് കുട്ടിയുടെയും മാതാവിന്റെയും ആരോഗ്യ പരിപാലനം ഉറപ്പാക്കുകയും സ്ത്രീവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കികൊണ്ട്   സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പദവിയും  ഉയര്‍ത്തുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയുടെ രീതിക്കും പരിമിതികള്‍ക്കും അനുയോജ്യമായി ജീവിക്കുവാന്‍ തുടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category