ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തെ സിബിഐ കേസിലേക്ക് കൊണ്ടു വന്നിട്ട് നാളേറെയായി. അഞ്ച് കൊല്ലം മുമ്പാണ് ബിജെപി അധികാരത്തില്‍ എത്തിയത്. എന്ന് മുതല്‍ ചിദംബരവും നോട്ടപ്പുള്ളി. ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും സിബിഐ അതിന് തുനിഞ്ഞില്ലെന്ന ആരോപണം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യ മോദി സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും മുന്‍ കേന്ദ്ര മന്ത്രിയുടെ അറസ്റ്റിന് സിബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. എന്നാല്‍ ആഭ്യന്തര മന്ത്രിയായി അമിത് ഷാ എത്തിയപ്പോള്‍ കഥമാറി. പഴയ പ്രതികാരം ചിദംബരത്തെ അഴിക്കുള്ളിലാക്കി. അതുകൊണ്ട് കൂടിയാണ് അഴിമതിക്കേസിലെ അറസ്റ്റില്‍ ചിദംബരത്തെ കോണ്‍ഗ്രസിന് ന്യായീകരിക്കാനാകുന്നത്. ഇവിടെ ചര്‍ച്ചയാകുന്നത് പഴയ പ്രതികാരത്തിന്റ കഥയാണ്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലടയ്ക്കുമ്പോള്‍ അന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്നത് പി. ചിദംബരമായിരുന്നു. ഇന്ന് ചിദംബരം അഴിമതി കേസില്‍ കുടുങ്ങി അകത്താകുമ്പോള്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയും. സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ചിദംബരം നല്‍കിയിരുന്നു. അതിലെ വിധി വരെ കാത്തു നില്ക്കുക പല കേസിലും സിബിഐ ചെയ്യുന്ന സ്വാഭാവിക കാര്യമാണ്. എന്നാല്‍ ചിദംബരത്തിന് വേണ്ടി കാത്ത് നില്ക്കലുണ്ടായില്ല. ഇതിന് കാരണം അമിത് ഷാ ഇഫക്ടാണ്. കാശ്മീരിലെ ഇടപെടല്‍ കരുത്തുമായി ചിദംബരത്തെ അമിത് ഷാ ജയില്‍ അടച്ചു. ചിദംബരത്തിനെതിരായ പ്രതികാര നടപടിയാണ് ഇതെന്ന് സംശയിക്കാന്‍ ഈ കാരണം ന്യായമായും ഉയര്‍ത്താം. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നീങ്ങുകയാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.
2010 ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റ്. സൊറാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു കുറ്റം. ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു എന്നായിരുന്നു കണ്ടെത്തല്‍. 2010 ല്‍ അറസ്റ്റിലായ അമിത് ഷായ്ക്ക് മൂന്നുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. സുപ്രീം കോടതിയാണ് പിന്നീട് അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചത്. കോടതി പിന്നീട് കുറ്റവിമുക്തനാക്കി. ഇതോടെയാണ് അമിത് ഷാ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ സജീവമാകുന്നതും. ഗുജറാത്തില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥ അമിത് ഷായ്ക്കുണ്ടായിരുന്നു. ഇതിന് കാരണം ചിദംബരമാണെന്ന് അമിത് ഷായും കരുതി. അതിന്റെ പകയാണ് ഇപ്പോള്‍ ചിദംബരത്തിന്റെ അറസ്റ്റിലൂടെ വീട്ടുന്നത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ അന്നുമുതല്‍ തുടങ്ങിയ നീക്കങ്ങളാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കെത്തി നില്‍ക്കുന്നത്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. തുടര്‍ന്ന് ഇദ്ദഹം ജാമ്യത്തിലിറങ്ങി. വിരമിക്കാനിരുന്ന ജഡ്ജിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. മോദി സര്‍ക്കാരും നട്ടെല്ലില്ലാത്ത മാധ്യമങ്ങളും ചേര്‍ന്ന് ചിദംബരത്തിനെ വേട്ടയാടുകയാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. മോദി സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ധീരനാണ് ചിദംബരമെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായാണ് ചിദംബരം അറിയപ്പെടുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായും അടുത്ത ബന്ധമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തന്നോട് രാഷ്ട്രീയമായ പകപോക്കല്‍ നടത്തുകയാണെന്ന് ഇന്ന് ചിദംബരം പറയുമ്പോള്‍ ഇതേ ആരോപണം തന്നെ ആയിരുന്നു 2010 ല്‍ അമിത് ഷാ പറഞ്ഞതും. അമിത് ഷാ അറസ്റ്റിലാകുമ്പോള്‍ ഗുജറാത്തില്‍ അന്ന് നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി, അമിത് ഷാ ആഭ്യന്തര മന്ത്രിയും. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, സുഹൃത്ത് തുള്‍സി റാം പ്രജാപതി എന്നിവരെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു എന്നായിരുന്നു അമിത് ഷായ്ക്കെതിരെയുള്ള സിബിഐ കേസ്. 2010 ജൂലൈ 25 നാണ് ഷായെ സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്. അമിത് ഷായ്ക്ക് ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തു. മൂന്നു മാസത്തിനു ശേഷം 2010 ഒക്ടോബര്‍ 29 ന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം ഹൈക്കോടതി ജാമ്യം റദ്ദാക്കിയെന്നു മാത്രമല്ല, ഷാ 2 വര്‍ഷം ഗുജറാത്തില്‍ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു.
തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ അമിത് ഷായ്ക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്തില്‍ കടക്കുന്നതിനുള്ള വിലക്കും സുപ്രീം കോടതി നീക്കി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നായിരുന്നു അമിത് ഷാ ഉന്നയിച്ച ആരോപണം. പി. ചിദംബരത്തിനെതിരെയായിരുന്നു പ്രധാന ആരോപണം. ഇതേ ആരോപണമാണ് ഇന്ന് ചിദംബരവും ഉന്നയിക്കുന്നത്.
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കേസ് ഇങ്ങനെ
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുള്‍സീറാം പ്രജാപതി എന്നിവരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് ആസൂത്രിതവും സൊഹ്റാബുദ്ദീനും പ്രജാപതിയും വ്യാജ ഏറ്റുമുട്ടലിലും ഭാര്യ കൗസര്‍ബി പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയുമായിരുന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മൂവരേയും കൊലപ്പെടുത്തിയ ശേഷം ഇല്ലാക്കഥ പൊലീസ് മെനയുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാല്‍ കേസില്‍ 22 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാനായില്ലെന്ന് കോടതി. പ്രോസിക്യൂഷന് ആരോപണങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ല.
നരേന്ദ്ര മോദിയെ കൊല്ലാനെത്തിയ ലഷ്ക്കറെ തയ്ബ പ്രവര്‍ത്തകനായ ഭീകരനെന്ന് ആരോപിച്ചായിരുന്നു സെഹ്റാബുദ്ദീനെ കൊലപ്പെടുത്തിയത്. പ്രജാപതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു എന്ന വ്യാജേനെ കൊലപ്പെടുത്തി. കൗസര്‍ബിയെ പിന്നീട് കാണാതാകുകയുമായിരുന്നു. എന്നാല്‍ മൂവരേയും മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടു പോകുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നെന്നാണ് സിബിഐ യുടെ കണ്ടെത്തല്‍. 2005 നവംബറിലായിരുന്നു സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തിയത്. 2006 ലായിരുന്നു പ്രജാപതിയെ കൊലപ്പെടുത്തിയത്. ഇരുവരും അധോലോക റാക്കറ്റിന്റെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അമിത്ഷാ, ഏതാനും ഐഎഎസുകാര്‍ ഉള്‍പ്പെടെ 38 പേരെയാണ് സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അമിത്ഷായേയും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ കോടതി കേസില്‍ നിന്നും ആദ്യമേ ഒഴിവാക്കിയിരുന്നു.
എസ്ഐ, എഎസ്ഐ, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 21 പേരും ഉള്‍പ്പെടെ കൗസര്‍ബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി ആരോപിക്കപ്പെട്ട ഒരു ഫാംഹൗസ് ഉടമയുമാണ് അവസാന ഘട്ടത്തില്‍ വിചാരണ നേരിട്ടത്. കേസില്‍ 210 പ്രോസിക്യൂഷന് സാക്ഷികളില്‍ 92 പേര് കൂറുമാറിയപ്പോള്‍ 400 സാക്ഷികളെ വിസ്തരിച്ചില്ല. അനേകര്‍ ഭീഷണിയില്‍ ഭയന്ന് കോടതിയില്‍ മൊഴി നല്‍കാനും എത്തിയില്ല. മുഖ്യസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലെയും തങ്ങളുടെ മൊഴി പുനഃ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു.
2005 നവംബറിലാണ് സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയില്‍ എടുക്കുകയും ലഷ്കര്‍-ഇ-തൊയിബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റമുട്ടലില്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു ആരോപണം. ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളസീ റാം പ്രജാപതിയും പിന്നീട് മരണപ്പെടുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ