1 GBP = 92.80 INR                       

BREAKING NEWS

ഏറ്റവും ഇഷ്ടം മോ ബ്ലാ പേന; ഡ്രൈവിങ് അറിയില്ലെങ്കിലും ആഡംബര കാറുകളേയും പ്രണയിച്ചു; അടിയന്തരാവസ്ഥ അറിയാതെ വീട്ടിന് പിന്‍ഭാഗത്ത് കിടന്നുറങ്ങിയപ്പോള്‍ കേട്ടത് അച്ഛനും പൊലീസും തമ്മിലെ തര്‍ക്കം; മതിലു ചാടി രക്ഷപ്പെട്ട് അഭയം തേടിയത് സുഹൃത്തിന്റെ വീട്ടില്‍; ഇന്ദിരയുടെ കോലം കത്തിച്ച് കരിനിയമത്തെ എതിര്‍ത്ത ആദ്യ സത്യഗ്രഹിയായി; പിന്നെ 19 മാസം ജയിലിലും; ജെയ്റ്റ്ലി പരിവാറുകാരിലെ വ്യത്യസ്തന്‍; രാഷ്ട്രീയത്തിലെ സൗമ്യഭാവം ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പരിവാറുകാരുടെ തനത് പരിവേഷമൊന്നുമില്ലാതെ ആര്‍ എസ് എസുകാരനായ ജീവിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിക്ക് അടിയന്തരാവസ്ഥക്കാലത്ത് കരുത്ത് നല്‍കിയ മുഖം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച വിദ്യാര്‍ത്ഥി നേതാവ്. പഴയ ഡല്‍ഹിക്ക് അരുണ്‍ ജെയ്റ്റ്ലി തീപാറും മുഖമായിരുന്നു 70 കളില്‍. ജയപ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ സോഷ്യലിസവുമായി അടുത്ത് സംഘപരിവാറിന്റെ ബൗദ്ധിക മുഖമായ നേതാവ്. അതുകൊണ്ടാണ് ജെയ്റ്റ്ലിയുടെ നഷ്ടം ബിജെപിക്ക് താങ്ങാനാവാത്തതും. ഇന്നലെ അന്തരിച്ച ജെയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ നഷ്ടമാണ് ജെയ്റ്റ്ലിയുടെ മരണം. മോദിക്ക് രാഷ്ട്രീയ യാത്രയില്‍ താങ്ങും തണലുമായിരുന്നു ജെയ്റ്റ്ലി.

മോ ബ്ലാ പേനയായിരുന്നു ജെയ്റ്റ്ലിക്കു പ്രിയങ്കരം. ലോകത്തെ വിലയേറിയ പേനകളുടെ വലിയ ശേഖരമാണുണ്ടായിരുന്നത്. പേനകള്‍ മാത്രമല്ല, വാച്ചും പഷ്മീന ഷാളുകളും ജെയ്റ്റ്ലി ശേഖരിച്ചു. ഡ്രൈവിങ് അറിയില്ല, ലൈസന്‍സുമില്ല അപ്പോഴും ആഡംബര കാറുകളും പ്രിയപ്പെട്ടതായി. ഡല്‍ഹി കൈലാഷ് കോളനിയിലെ വീട്ടിലെത്തുന്നവരെ ശേഖരങ്ങള്‍ കാണിക്കാനും വാങ്ങിയത് എവിടെ നിന്നെന്ന കഥകള്‍ പറയാനും ജയ്റ്റ്ലി താല്‍പര്യപ്പെട്ടു. ഭക്ഷണപ്രിയനായി അറിയപ്പെടുന്നതിലും സന്തോഷിച്ചു. അങ്ങനെ വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച പരിവാറുകാരനായിരുന്നു ജെയ്റ്റ്ലി.

ശനിയാഴ്ച ഉച്ചയ്ക്ക് 12.07-ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. ഈ മാസം ഒന്‍പതിനു ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ ഒരാഴ്ചയായി ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ നില അതീവഗുരുതരമായി. മരണസമയത്ത് ഭാര്യ സംഗീത, മക്കളായ സൊണാലി, രോഹന്‍ എന്നിവര്‍ അടുത്തുണ്ടായിരുന്നു. എ.ബി. വാജ്‌പേയി, നരേന്ദ്ര മോദി സര്‍ക്കാരുകളില്‍ ധനകാര്യം, പ്രതിരോധം, വാര്‍ത്താവിതരണം, നിയമം, വാണിജ്യം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ജെയ്റ്റ്‌ലി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. ഒന്നാം മോദിമന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ വലംകൈയായിരുന്നു. മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ മരണത്തിനു 18 ദിവസങ്ങള്‍ക്കുശേഷമാണ് ദേശീയനിരയിലെ ഒരു അതികായനെക്കൂടി ബിജെപി.ക്കു നഷ്ടമാവുന്നത്.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി, എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്ലിയുമായിരുന്നു ഏറെക്കാലം ഡല്‍ഹിയില്‍ ബിജെപിയുടെ പ്രധാന മുഖങ്ങള്‍. അദ്വാനിയെപ്പോലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായി ഇടക്കാലത്തു പരിഗണിക്കപ്പെട്ട പേരുകളാണ് സുഷമയും ജയ്റ്റ്ലിയും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, സുഷമ ലോക്സഭയിലും ജയ്റ്റ്ലി രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായി. ഡല്‍ഹയിലെ ഈ രണ്ട് നേതാക്കളും ബിജെപിക്ക് അടുത്തടുത്ത് നഷ്ടമാകുന്നു. ഇതിന്റെ വേദനയിലാണ് ബിജെപിക്കാര്‍.

സമരചൂളയിലൂടെയാണ് ജെയ്റ്റ്ലി ഇന്ത്യയെ കൈയിലെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ആദ്യ സത്യഗ്രഹിയെന്നാണ് അരുണ്‍ ജെയ്റ്റ്ലി സ്വയം വിശേഷിപ്പിച്ചത്. അന്നു ജെയ്റ്റ്ലിക്ക് 23 വയസ്സ്, ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, രാത്രിയില്‍ത്തന്നെ പൊലീസ് സംഘം പശ്ചിമ ഡല്‍ഹിയിലെ ജയ്റ്റ്ലിയുടെ വീട്ടിലെത്തി. ചൂടുകാലമാണ്, ജയ്റ്റ്ലി പിന്മുറ്റത്തു കിടന്ന് ഉറങ്ങുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അറിയാതെ. പിതാവ് മഹാരാജ് കിഷന്‍ ജയ്റ്റ്ലിയും പൊലീസുമായുള്ള തര്‍ക്കം കേട്ടാണ് ജയ്റ്റ്ലി ഉണരുന്നത്. മകന്‍ വീട്ടിലെത്തിയിട്ടില്ലെന്നു പിതാവ് വാദിക്കുന്നതിനിടെ, പിന്‍ഭാഗത്തു മതില്‍ചാടി ജയ്റ്റ്ലി രക്ഷപ്പെട്ടു. പിതാവിനെ പൊലീസ് കൊണ്ടുപോയി. രാത്രി സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ ജയ്റ്റ്ലി പിറ്റേന്നു രാവിലെതന്നെ സര്‍വകലാശാല ആസ്ഥാനത്തെത്തി. അവിടെ, വൈസ് ചാന്‍സലറുടെ ഓഫിസിനു മുന്നില്‍ ഇരുനൂറോളം വിദ്യാര്‍ത്ഥികളെത്തിയിരുന്നു. അവരെ അഭിസംബോധന ചെയ്ത ജയ്റ്റ്ലി, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കോലം കത്തിക്കുന്നതിനു നേതൃത്വം നല്‍കി. വൈകാതെ, ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പി.എസ്. ഭിന്ദറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ജയ്റ്റ്ലിയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. തിഹാറിലും ഹരിയാനയിലെ അംബാലയിലുമായി 19 മാസം ജയിലില്‍ കഴിഞ്ഞു.

വാജ്പേയി സര്‍ക്കാരില്‍, റാം ജഠ്മലാനി രാജിവച്ചപ്പോഴാണ് അരുണ്‍ ജയ്റ്റ്ലിക്ക് നിയമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുന്നത്. ചില വിവാദങ്ങളുണ്ടായപ്പോള്‍ ജഠ്മലാനിക്കു നിശ്ശബ്ദതയുടെ കല അറിയില്ലെന്നായിരുന്നു വാജ്പേയി വിമര്‍ശിച്ചത്. എന്നാല്‍, 1998 ലെ വാജ്പേയി സര്‍ക്കാരില്‍ ജയ്റ്റ്ലിക്ക് ഇടം ലഭിക്കാതെ പോയതും തുറന്ന സംസാരത്തിന്റെ പേരിലാണ്. സദുദ്ദേശ്യത്തോടെയുള്ള തുറന്ന സംസാരമെന്നാണ് ആ രീതിയെ പാര്‍ട്ടിയിലുള്ളവര്‍ വിശേഷിപ്പിക്കുക.

പ്രമേഹത്തെത്തുടര്‍ന്നുണ്ടായ വൃക്കരോഗങ്ങളുടെ പിടിയിലായിരുന്നു രണ്ടുവര്‍ഷമായി ജെയ്റ്റ്‌ലി. പ്രമേഹം മൂലമുണ്ടായ അമിതവണ്ണം കുറയ്ക്കുന്നതിന് 2014 സെപ്റ്റംബറില്‍ ബറിയാട്രിക് ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടര്‍ന്ന് ജോലികളിലും പാര്‍ട്ടിപ്രവര്‍ത്തനത്തിലും സജീവമായെങ്കിലും ക്രമേണ വിവിധ ശാരീരികാസ്വസ്ഥതകള്‍ ബാധിച്ചു. അനാരോഗ്യം മൂലം 2018 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ധനമന്ത്രാലയത്തില്‍ സ്ഥിരമായി എത്താന്‍ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് മുതല്‍ ഓഫീസിലെത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന്, ഇക്കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. മെയ് 14-നു വൃക്ക മാറ്റിവെച്ചു. എന്നാല്‍, ആരോഗ്യം വീണ്ടെടുക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്ന ജെയ്റ്റ്‌ലി രണ്ടാം മോദി മന്ത്രിസഭയില്‍നിന്ന് ഇക്കാരണത്താല്‍ സ്വയം പിന്മാറുകയായിരുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി തുടങ്ങിയ ജെയ്റ്റ്‌ലി 1974-ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. തുടര്‍ന്നുള്ള വളര്‍ച്ച പ്രധാനമന്ത്രിപദത്തിലേക്കുവരെ പരിഗണിക്കപ്പെടാവുന്ന നേതാവെന്നനിലയിലേക്കായിരുന്നു. 1973-ല്‍ അഴിമതിക്കെതിരേയുള്ള ജയപ്രകാശ് നാരായണിന്റെ പോരാട്ടത്തില്‍ പങ്കാളിയായി. നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് ഓര്‍ഗനൈസേഷന്‍ കണ്‍വീനറായി ജയപ്രകാശ് നാരായണ്‍ നിയോഗിച്ചത് ജെയ്റ്റ്‌ലിയെയായിരുന്നു.

പൗരാവകാശപ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്ന ജെയ്റ്റ്‌ലി, പി.യു.സി.എല്‍. ബുള്ളറ്റിന്‍ ആരംഭിക്കാന്‍ സതീഷ് ഝാ, സ്മിതു കോത്താരി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. ജയിലില്‍നിന്ന് പുറത്തെത്തിയതിനുശേഷം ജനസംഘില്‍ ചേര്‍ന്നു. ലോക് താന്ത്രിക് യുവമോര്‍ച്ച കണ്‍വീനറായിരിക്കെ എ.ബി.വി.പി. ഡല്‍ഹി ഘടകം അധ്യക്ഷനായി. തുടര്‍ന്ന് ദേശീയ സെക്രട്ടറിയായി. ബിജെപി. യൂത്ത് വിങ് പ്രസിഡന്റായി. ഇതിനിടെ നിയമപഠനം പൂര്‍ത്തിയാക്കിയ ജെയ്റ്റ്‌ലി 1977-ല്‍ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്ടീസ് ആരംഭിച്ചു. 1989-ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി. പിന്നെ സജീവ രാഷ്ട്രീയത്തിലേക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category