1 GBP = 94.00 INR                       

BREAKING NEWS

അഭിമാനമുള്ള മലയാളികളുടെ സ്വന്തം നാട് ദുരഭിമാനക്കൊലകളില്‍ മനം നൊന്തു മുഖം കുമ്പിട്ടു നില്‍ക്കുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

ഭിമാനവും അഹങ്കാരവും മലയാള ഭാഷയില്‍ വ്യത്യസ്ത പദങ്ങളാണെങ്കിലും അര്‍ഹതയില്ലാത്ത അഭിമാനബോദ്ധ്യം എളുപ്പത്തില്‍ വളര്‍ന്നു അഹങ്കാരമായി മാറുകയാണ് പല വ്യക്തികളിലും. അതോടൊപ്പം അതുവരെ കഠിനപ്രയക്‌നങ്ങളിലൂടെ നേടിയ അഭിമാന നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് വ്യക്തികളെ എത്തിക്കുകയും ചെയ്യുന്നു. ആല്‍മാര്‍ഥമായ പ്രയത്‌നങ്ങളിലൂടെയാണ് പല മനുഷ്യരും സ്വന്തമായ അഭിമാന നേട്ടങ്ങള്‍ സമ്പാദിക്കുന്നത്.  ലോകമെന്പാടുമുള്ള മറ്റു മനുഷ്യര്‍ വളരെയധികം സന്തോഷത്തോടു കൂടിയാണ് ഇതിനെ വീക്ഷിക്കുന്നതും അംഗീകരിക്കുന്നതും.


കര്‍മനിരതരായ പല  വ്യക്തികളുടെയും വിജയത്തിലുള്ള മറ്റുള്ളവരുടെ പ്രശംസയും മത്സരപരീക്ഷകളിലുള്ള വിജയവും എല്ലാവിധത്തിലുള്ള വ്യക്തിഗത നേട്ടങ്ങളും ഓരോ വ്യക്തികള്‍ക്കും അഭിമാന നിമിഷങ്ങളാണ്. എന്നാല്‍ ഇതിലെല്ലാത്തിനുമുപരി ജീവിതവിജയം നല്‍കുന്ന ആല്‍മനിവൃതി എല്ലാ അര്‍ത്ഥത്തിലും മറ്റെല്ലാ നേട്ടങ്ങള്‍ക്കും ഉപരിതന്നെയാണ്. പ്രത്യേകിച്ചും കഷ്ടത നിറഞ്ഞ ബാല്യവും ബുദ്ധിമുട്ടുകളേറിയ കൗമാരവും യൗവ്വനത്തിലെ കഠിനപ്രയത്‌നങ്ങളിലൂടെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന അഭിമാന നിമിഷങ്ങള്‍.

സ്വന്തം നേട്ടങ്ങളിലൂടെ ലഭിക്കുന്ന അഭിമാനബോധ്യത്തെ ചില വ്യക്തികള്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ട്ടരാണെന്ന മനോഭാവത്തിലേയ്ക്ക് എത്തിക്കുമ്പോളാണ് അഹങ്കാരമായിമാറുന്നത്. അതുകൊണ്ടു മാത്രമാണ് അറിവുള്ളവര്‍ അഹങ്കാരവും അഭിമാനവും തമ്മില്‍ വളരെ നേര്‍ത്ത ഒരു അതിരിന്റെ ദൂരമേയുള്ളൂ എന്ന് എടുത്തു പറയുന്നത്. അഭിമാനമുള്ള ഓരോ വ്യക്തിയുടെ ചിന്തകളും പ്രവൃത്തികളും മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുകയും എന്നാല്‍ ഒരു അഹങ്കാരിയുടെ ചിന്തകളും പ്രവൃത്തികളും സാമൂഹിക നന്മകള്‍ക്കും നീതിക്കുമെതിരായിരിക്കും. അഹങ്കാരികളെന്നും മറ്റുള്ളവരുടെ പതനം മാത്രം കാംഷിക്കുന്നവരുമായിരിക്കും.

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തികളും അവരവരുടേതായ ജീവിതരീതിയില്‍ വ്യത്യസ്തരാണ്. അഭിമാനമുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ അനാവശ്യ ക്രോധത്തേയും അപക്വമായ പ്രവര്‍ത്തികളേയും പക്വതയോടെ നേരിടുകയും വീണ്ടുവിചാരത്തോടെ പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ അഹങ്കാരികള്‍ തന്നെക്കുറിച്ച് മാത്രം പുകഴ്ത്തിപ്പറയുവാനും എല്ലായ്‌പ്പോഴും തന്നെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടു പിടിക്കുവാനും  കുടുംബങ്ങളിലും സമൂഹത്തിലും കലഹങ്ങള്‍ സൃഷ്ടിക്കുവാനും  മാത്രമാണ് ശ്രമിക്കുന്നത്.

പരിശ്രമങ്ങളിലൂടെ ജീവിത ലക്ഷ്യങ്ങള്‍ നേടുമ്പോള്‍ വ്യക്തികളില്‍ ആല്‍മാഭിമാനം നിറയുന്നത് സ്വാഭാവികമായ വൈകാരികതയാണ് എന്നാല്‍ ഈ അഭിമാനം സ്വന്തം നേട്ടങ്ങളിലുള്ള അഹങ്കാരമായി മാറുമ്പോഴാണ് മനുഷ്യത്ത്വം നഷ്ടപ്പെടുന്നതും അതുവരെ നേടിയ നേട്ടങ്ങളെല്ലാം തന്നെ വീണ്ടും ക്ഷണിക നേരം കൊണ്ട് എല്ലാം നഷ്ടമാക്കുകയും ചെയ്യുന്നത്. കുടുംബങ്ങളിലും സമൂഹങ്ങളിലും അന്തസുള്ള ജീവിതം ലക്ഷ്യം വച്ചു മാത്രമാണ് ഓരോ വ്യക്തികളും കഠിനാധ്വാനം ചെയ്യന്നതും അതിലൂടെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരുന്നതും എന്നാല്‍ ലക്ഷ്യങ്ങള്‍ നേടിയതിലുള്ള അഭിമാനം അഹങ്കാരമായി മാറുന്നതിലൂടെ അവഹേളനത്തിന്റെ പാതയിലേയ്ക്ക് സ്വയം നിരങ്ങിപ്പോവുകയാണെന്ന് വീണ്ടും ആനുകാലിക സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം.

കേരള മനസാക്ഷ്യയെ ഞെട്ടിച്ച കെവിന്‍ വധം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതിയിയ്ക്ക് പരിഗണിക്കേണ്ടി വന്നത് സാഹചര്യങ്ങള്‍ കണക്കാക്കി മാത്രമാണ്  ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. ഇത് അംഗീകരിച്ച കോടതി കേസ് ദുരഭിമാനക്കൊലയാണെന്ന് വിധിച്ചു. കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 40000 രൂപ പിഴയുമാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്

കോടതി വിധികള്‍ എന്നും തെളിവുകളുടെ ബലത്തില്‍ മാത്രമാണ് നീതി നടത്തുന്നതെങ്കിലും ഇത്രയും നീചമായ പ്രവൃത്തിയുടെ ആസൂത്രണത്തിലും കൊലപാതകത്തിലും മുഖ്യപ്രതിയായ സാനു ചാക്കോയുടെ മാതാപിതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആയിരുന്നപ്പോഴും കോടതി ദുരഭിമാനക്കൊലയെന്ന് പ്രസ്താവിക്കുമ്പോഴും സാധാരണക്കാര്‍ക്ക് മനസിലാകാതെ പോകുന്ന വസ്തുത ഈ പ്രതിപാദിക്കുന്ന ദുരഭിമാനം നീനുവിന്റെ സഹോദരനായ സാനുവിന് മാത്രമായിരുന്നോ എന്നുള്ളതാണ്.

കെവിന്‍ കൊലപാതകവും നീനുവിന്റെ മാതാപിതാക്കളുടെയും ജീവിത പശ്ചാത്തലങ്ങളും കൂടി  ചേര്‍ത്തു വായിക്കുമ്പോള്‍ യഥാര്‍ത്ഥ കൊലപാതകികള്‍ രക്ഷപ്പെടുക ആയിരുന്നോ എന്ന് വേണം സംശയിക്കുവാന്‍. കൊലപാതകിയെക്കാള്‍ കൊലപാതകത്തിന് പ്രേരണ നല്‍കുന്ന വ്യക്തികളാണ് കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയെന്ന് മുന്‍പുള്ള കോടതി വിധികളില്‍ അടിവരയിട്ടു പ്രസ്താവിച്ചിട്ടുള്ള വസ്തുത ഈ കേസില്‍ മാത്രം അവഗണിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തുടക്കത്തില്‍ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ 10 പ്രതികളെ മാത്രമേ കുറ്റക്കാരായി കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ബാക്കി നാല് പേരെ കോടതി വെറുതെ വിട്ടു. നീനുവിന്റെ അച്ഛന്‍ ചാക്കോയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംശയത്തിന്റെ ആനകൂല്യം നല്‍കി വിട്ടയച്ചു. എല്ലാ പഴുതുകളുമടച്ചു അന്വേഷണം പൂര്‍ത്തിയാക്കുവാനും എല്ലാ പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുവാനും പോലീസ് അധികാരികള്‍ ശ്രമിച്ചിരിക്കും.

പക്ഷെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പത്ര വാര്‍ത്തകള്‍ വായിക്കുന്ന സാധാരണക്കാരന്റെ മുന്‍പില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കും. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളില്‍ നിഷ്പക്ഷമായ കുറ്റാന്വേഷണങ്ങള്‍ അത്ര എളുപ്പമല്ലായെന്ന് നിലവിലുള്ള പല കേസുകളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും. അതിലുപരി എല്ലാ മേഖലകളിലുമുള്ള ഉയര്‍ന്ന രാഷ്ട്രീയ ഇടപെടലുകളും പ്രതി ചേര്‍ക്കപ്പെട്ട വ്യക്തികളുടെ സ്വാധീന ശക്തികളും  പല കുറ്റാന്വേഷണങ്ങളും ശരിയായ ദിശയില്‍ തന്നെയാണോ നീങ്ങുന്നതെന്നും സംശയം ജനിപ്പിക്കും.

ദുരഭിമാനക്കൊലയെന്ന കോടതിയുടെ നിരീക്ഷണമാണ് കേരള ജനതയെ ഒന്നാകെ മുള്‍മുനയിലാക്കുന്ന  നിലവിലുള്ള സാമൂഹിക വിപത്തു. പ്രത്യേകിച്ചും നീനുവിന്റെ മാതാപിതാക്കളുടെ ഭൂതകാലം കൂട്ടിവായിക്കുമ്പോള്‍. മിശ്രവിവാഹത്തിലൂടെ സ്വന്തം കുടുംബാന്ഗങ്ങളുടെ അപ്രീതി നേടിയ മാതാപിതാക്കള്‍  പ്രവാസ ജീവിതത്തിലൂടെ അക്ഷീണമായി പ്രയക്‌നനിച്ചു അഭിവൃദ്ധി നേടിയത് അഭിമാനിക്കേണ്ട വസ്തുതയായിരിക്കെ ക്ഷിപ്രമായ അഹങ്കാരത്തിലൂടെ സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും അന്തസ് നഷ്ടപെടുത്തിയിരിക്കുന്നതിലുപരി തങ്ങളുടെയും കേസില്‍ ശിക്ഷിക്കപ്പെട്ട പല ചെറുപ്പക്കാരുടെയും ശിഷ്ടജീവിതം കൂടി നഷ്ടപെടുത്തുകയാണ്.

തെളിയിക്കപ്പെടാത്ത നിരവധി ദുരഭിമാനക്കൊലകള്‍ കേരളത്തില്‍ അരങ്ങേറിയിരിക്കാം. പക്ഷെ ഭാരതത്തിന്റെയും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ധാരാളം സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം കോടതി ആവശ്യപ്പെടുന്ന തെളിവുകളിലൂടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ദുരഭിമാനം വ്യക്തികളെ നയിക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയുള്ള പ്രവര്‍ത്തനങ്ങളും. ഇവരുടെ നീചമായ ചിന്താഗതികള്‍ അന്ധമായതും കപടമായതുമായ വിശ്വാസങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അനന്തര ഫലങ്ങള്‍ മാത്രമായി ജീവിതത്തിലുടനീളം നിലനില്‍ക്കുകയും ചെയ്യുന്നു.

കേരളത്തിലെ കുടുംബബന്ധങ്ങളും സാമൂഹിക പശ്ചാത്തലങ്ങളും വികസിത രാജ്യങ്ങളിലേക്കാള്‍ വേറിട്ടതു തന്നെയാണ്. വളരെ ശക്തമായ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരം. ഇത് എല്ലാക്കാലവും നിലനില്‍ക്കണമെന്ന് മാത്രമാണ് അഭിമാനമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നതും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ എല്ലാ കുടുംബങ്ങളിലും എല്ലാ അര്‍ത്ഥത്തിലും ഈ സംസ്‌കാരം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെവിന്‍വധക്കേസിലെ നീനുവിന്റെ വെളിപ്പെടുത്തലുകള്‍ അനുദിനം ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥകളാണ് പറയുന്നത്. കെവിന്റെ മരണത്തിനു കാരണം തന്റെ അതിരുകടന്നുള്ള പ്രവൃത്തിയാണെന്ന് ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞ നീനു തന്നെത്തന്നെ ന്യായീകരിക്കുവാന്‍ സ്വന്തം ജീവിത കഥ മാധ്യമങ്ങളുമായി പങ്കു വെച്ചതില്‍ നിന്നും മനസിലാകുന്നത് കുടുംബത്തില്‍ സ്‌നേഹം ലഭിക്കാത്തതു മൂലമാണ് പുറത്തുള്ള സ്‌നേഹം അന്വേഷിച്ചു പോയതെന്നുള്ള വസ്തുത പറയാതെ പറയുകയാണ്.

നിരന്തരം വഴക്കുണ്ടാക്കി അന്യോന്യം കയ്യാങ്കളിയില്‍ എത്തിക്കുന്ന പപ്പയുടെയും മമ്മിയുടെയും ജീവിതത്തിനിടയില്‍ ജീവിക്കുന്ന പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വാഭാവികമായും മനസ്സമാധാനവും ലഭിക്കുവാന്‍ ആഗ്രഹിക്കുമെന്ന് മാതാപിതാക്കള്‍ തിരിച്ചറിയാതെ പോകുന്ന സ്ഥിതിവിശേഷം. നീനുവിന്റെ മാതാവിന്റെയും പിതാവിന്റെയും ജാതിമതങ്ങള്‍ക്കപ്പുറമുള്ള പ്രേമവിവാഹമായിരുന്നെങ്കില്‍ കൂടിയും ഭര്‍ത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബമായിക്കാണുവാന്‍ സാധിക്കാതെ വരുന്നത് അഥവാ വര്‍ഷങ്ങളോളം ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്ന വ്യക്തിക്ക് സ്വന്തം മകളുടെ പ്രവൃത്തി ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വരുമ്പോള്‍ വീണ്ടും പലരുടെയും കുടുംബങ്ങള്‍ അനാഥമായി മാറി. 

മനുഷ്യരിലെ അഹങ്കാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന മ്ലേച്ഛമായ പല പ്രവൃത്തികളുടെയും പിന്നില്‍ അവര്‍ക്കൊരുത്തര്‍ക്കും സ്വന്തം പ്രവൃത്തിയിലുള്ള  മതിപ്പില്ലായ്മയും  അവരുടേതുതന്നെയായ ലജ്ജാവഹമായ പ്രവര്‍ത്തനങ്ങളുടെ  അനന്തരഫലങ്ങളും മാത്രമാണ്. തങ്ങളുടേതായ തെറ്റുകള്‍ മറച്ചു വയ്ക്കുവാന്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ നിരന്തരമായി ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്ന അഹങ്കാരികളായി മാറുകയാണ് ഇന്നത്തെ പല വ്യക്തികളും. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നാളുകളില്‍ ജീവിച്ചിരുന്ന വ്യക്തികള്‍ക്ക് അന്നന്നത്തേയ്ക്കുള്ള അന്നം തേടുന്ന രീതിയ്ക്ക് മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ മാനസികമായി ശൂന്യത അനുഭവപ്പെടുകയും അതോടൊപ്പം അഭിമാനിക്കുവാനുള്ള നേട്ടങ്ങളുടെയും അഭാവത്തിലും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് കണ്ണുനട്ടിരിക്കേണ്ട അവസ്ഥയുണ്ടാവുകയും. അഹങ്കാരത്തിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍ വീണ്ടും കാലപ്രവാഹത്തിനൊത്തുള്ള മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുകയും സ്വന്തം ചെയ്തികളും തെറ്റുകളും തിരുത്തുന്നതിനുപകരം വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയും  ചെയ്യുന്നു.

അഭിമാനിയായ ഒരു വ്യക്തിയെ ഒരിക്കലും അടിമയാക്കുവാന്‍ സാധിക്കുകയില്ല എന്ന തിരിച്ചറിവ് എളുപ്പത്തില്‍ സ്ഥാപിക്കുക സാധ്യമല്ല കാരണം മറ്റൊന്നുമല്ല അഭിമാനമുള്ള വ്യക്തികള്‍ എപ്പോഴും എളുപ്പത്തില്‍ പ്രതികരിക്കുകയില്ലാ എന്നത് തന്നെ. അനുദിനം സമൂഹത്തില്‍ നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കും അഹങ്കാരം വളരെ സാധാരണവും അഭിമാനം വളരെ വിരളവുമായ വസ്തുവാണെന്ന്. ഈ ആധുനിക യുഗത്തില്‍ ഒരു അഹങ്കാരിയെ വളരെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. എന്നാല്‍ ഒരു അഭിമാനിയെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയെ തോല്‍പ്പിക്കുവാന്‍ ലോകത്തില്‍ ഒരു ശക്തിക്കും സാധിക്കില്ലാ എന്ന് മനസ്സിലാക്കിക്കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ നിന്നും അഹങ്കാരത്തെ പടിപടിയായി ഇല്ലാതാക്കിക്കൊണ്ട് അഭിമാനത്തിനേ മാത്രം വാഴിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category