ഓണം ഉണ്ണാന്‍ സന്തോഷത്തോടെ കാത്തിരുന്ന ലിജിക്കും അവന്തികയ്ക്കും മുന്പില് ഇരുട്ടു നിറഞ്ഞപ്പോള്‍ കൈവിളക്ക് തെളിയിച്ച് യുകെ മലയാളികള്‍; ഒറ്റദിവസം കൊണ്ട് വായനക്കാര്‍ നല്‍കിയത് 4291 പൗണ്ട്; നാളെ വൈകുന്നേരം ബിനില്‍ അപ്പീല്‍ അവസാനിക്കും മുമ്പ് ഈ മൃതദേഹത്തോട് നമുക്ക് ആദരവ് കാട്ടാം
കവന്‍ട്രി: ഏറെ നാളുകളായി അനിശ്ചിതത്വത്തിന്റെ വഴികളിലൂടെ ആയിരുന്നു ബിനിലിന്റേയും ലിജിയുടെയും ജീവിത യാത്ര. യുകെ മലയാളികളില്‍ ഭൂരിഭാഗവും കടന്നു പോയിട്ടുള്ള പി ആര് കിട്ടുന്നതിന് മുന്‍പുള്ള സംഘര്‍ഷമായിരുന്നു ഇവരുടെ മനസുകള്‍ നിറയെ. അക്കാരണത്താല്‍ മറ്റുള്ളവരെ പോലെ തന്നെ ഈ യുവ ദമ്പതികളും പി ആര് കിട്ടാതെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്നും അകാരണമായി ഭയപ്പെട്ടിരിക്കണം. പക്ഷെ അത്തരം അനാവശ്യ ഭയപ്പാടുകള്‍ വേണ്ടെന്നു തെളിയിച്ചു പി ആര് കിട്ടിയപ്പോള്‍ മറ്റാരെയും പോലെ ബിനിലും ലിജിയും അത്യാഹ്ലാദം പങ്കിട്ടിരിക്കണം. അതൊരു പക്ഷെ വിധിക്കു ഇഷ്ടപ്പെട്ടു കാണില്ല. ഇതല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാകില്ല, അകാരണമായി എത്തിയ ബിനിലിന്റെ മരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍.
ജീവിതം സുരക്ഷിതം ആയെന്ന ധാരണയില്‍ പി ആര് കിട്ടിയതിനെ തുടര്‍ന്ന് ഓണം ആഹ്ലാദത്തോടെ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം ഈ കുടുംബത്തില്‍ ഇനിയുള്ള അനേകം ഓണങ്ങള്‍ പോലും പേടിയോടെ ഓര്‍ത്തിരിക്കാന്‍ തക്കവിധം പ്രഹരം നല്‍കിയിരിക്കുന്നത്. ഏറെ ആഹ്ലാദിക്കേണ്ട ഈ നിമിഷങ്ങളില്‍ ലിജിയുടെയും മകള്‍ മൂന്നു വയസുകാരി അവന്തികയുടെയും മുഖങ്ങളില്‍ ഇപ്പോള്‍ നിസ്സഹായത മാത്രം, മറ്റാര്‍ക്കും അതേവിധം മനസിലാക്കാന്‍ കഴിയാത്ത അപൂര്‍വമായ ജീവിതാനുഭവത്തിലൂടെ കടന്നു പോകുന്ന നിശബ്ദ നിമിഷങ്ങള്‍.
ഇത്തരം സാഹചര്യങ്ങളുടെ തീക്ഷണതയും വൈകാരികതയും ഒക്കെ യുകെ മലയാളികള്‍ക്ക് ആരും പറഞ്ഞു നല്‍കേണ്ടതില്ല. സകല സൗഭാഗ്യങ്ങളുടെ നടുവില്‍ നില്‍ക്കെ അപ്രതീക്ഷിതമായി സര്‍വ്വതും നഷ്ടമാകുന്നവരുടെ വേദന ഏറെ കണ്ടവരാണ് യുകെ മലയാളികള്‍. അത്തരം സാഹചര്യങ്ങളില്‍ സര്‍വാത്മാനാ ആരുടേയും ആഹ്വനം ഇല്ലാതെപോലും സഹായിക്കാന്‍ കൈ നീട്ടി എത്തുന്നവരാണ് ഓരോ യുകെ മലയാളിയും. ആ കൈത്താങ്ങില്‍ ജീവിതം തിരികെ പിടിച്ച നൂറുകണക്കിന് കുടുംബങ്ങള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉള്ളപ്പോള്‍ ആരും തന്നെ മരണം സൃഷ്ടിക്കുന്ന ഒറ്റപ്പെടലിന്റെ ആഴക്കയത്തില്‍ മുങ്ങിത്താഴില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് നടത്തിയ ബിന്നില്‍ അപ്പീലിലെ ആദ്യ പ്രതികരണങ്ങള്‍.
അപ്പീലിന്റെ ആദ്യ ദിനം തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ നാലായിരം പൗണ്ട് എന്ന റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മാത്രമല്ല അഞ്ചു പൗണ്ട് മുതല്‍ ആയിരം പൗണ്ട് വരെ സംഭാവനകള്‍ നല്കിയ അനേകം പേരുടെ കൈത്താങ്ങിലാണ് ഇപ്പോള്‍ ബിനിലിന്റെ കുടുംബം. നാളെ അര്‍ദ്ധരാത്രി അപ്പീല്‍ അവസാനിക്കാനിരിക്കെ ബിനിലിന്റെ സ്വപ്നങ്ങള്‍ക്ക് അല്പമെങ്കിലും നിറം പകരാനുള്ള ശ്രമത്തിലാണ് യുകെ മലയാളികള്‍. മകന്റെ നിശ്ചലമായ ശരീരം കാത്തിരിക്കുന്ന മാതാപിതാക്കളെ തേടി ഇപ്പോള്‍ യുകെയില്‍ നിന്നെത്തുന്ന സന്ദേശങ്ങളില്‍ പ്രധാനമായും സൂചിപ്പിക്കുന്നത് പണം ഒരു പ്രശ്നം അല്ലെന്നു കൂടിയാണ്. ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സ്നേഹ സാന്ത്വനം കുടുംബത്തിന് നല്കുന്ന ആശ്വാസം വിവരിക്കുവാന്‍ വാക്കുകള്‍ക്ക് പോലും വിഷമം നേരിടുന്ന സാഹചര്യം.
യുകെ മലയാളികള്‍ക്കിടയില്‍ നടന്ന മരണങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായതാണ് ബിനിലിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ തയ്യാറെടുക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഈ ഹതഭാഗ്യന്റെ മരണം സംഭവിക്കുന്നത്. അക്കാരണത്താല്‍ തന്നെ യുകെ മലയാളി സമൂഹം ഏറെ കരുതലോടെയാണ് ഇ അപ്പീലിനോട് പ്രതികരിച്ചിരിക്കുന്നത്. അപ്പീല്‍ പുറത്തു വന്നു ആദ്യ മണിക്കൂറുകളില്‍ തന്നെ ആയിരം പൗണ്ട് കടന്ന അപ്പീല്‍ ഒരു പകലിന്റെ അന്ത്യത്തില്‍ തന്നെ ആവശ്യമായ തുകയിലേക്ക് എത്തുകയാണ്. അഞ്ചു പൗണ്ട് മുതല്‍ ആയിരം പൗണ്ട് വരെ നല്കിയവര് തങ്ങളുടെ കൂടെയുള്ള ഒരാളുടെ കണ്ണീര് തുടയ്ക്കുകയാണ് ഈ മഹാ യജ്ഞത്തിലൂടെ.
ഇതിനൊപ്പം ബിനിലിന്റെ ഉറ്റ സുഹൃത്തുക്കളും തദ്ദേശീയരും മറ്റും അടങ്ങുന്ന പ്രാദേശിക സമൂഹവും കുടുംബത്തെ സഹായിക്കാന്‍ രംഗത്തുണ്ട്. മരണം നല്കിയ നീറ്റലിനൊപ്പം ഒരു സ്നേഹസ്വാന്തനമായി കരുണയുടെ അടയാളങ്ങള്‍ പ്രവഹിച്ചു തുടങ്ങുമ്പോള്‍ പിച്ചവച്ചു തുടങ്ങിയ പൈതലിനെ മാറോടു ചേര്‍ത്ത് ആരും കാണാതെ കണ്ണീര് തുടയ്ക്കുകയാണ് ബിനിലിന്റെ പത്നി ലിജി. ഏറെ സങ്കടകരമാണ് ഈ കാഴ്ചയെന്നു കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബത്തെ സന്ദര്‍ശിച്ചു ആശ്വാസ വാക്കുകള്‍ കൈമാറിയവര്‍ പറയുമ്പോള്‍ അതില്‍ നിറയുന്നത് നന്മയുടെ കാഴ്ചകള്‍ മാത്രമാണ്.
ഏറെ കടബാധ്യതയുള്ള കുടുംബത്തിന് ഒരു കൈ സഹായമാകാന്‍ ഉള്ള വെമ്പലാണ് ബിനില്‍ അപ്പീലിനോടുള്ള യുകെ മലയാളികളുടെ പ്രതികരണം വ്യക്തമാക്കുന്നത്. അതിനിടെ ബിനിലിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ കൊറോണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഹീത്രൂ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകര്‍ എംബസിയില്‍ എത്തി തുടര്‍ നടപടികള്‍ക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.
പാസ്പോര്‍ട്ടും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകള്‍ സംഘടിപ്പിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നണ് പ്രതീക്ഷയെന്നു എച്ച്എംഎ ഭാരവാഹികള്‍ സൂചിപ്പിക്കുന്നു. ബിനിലിന്റേയും ലിജിയുടെയും നാട്ടിലെ കുടുംബങ്ങള്‍ തികച്ചും സാധാരണക്കാരായതിനാല്‍ ബിനിലിന്റെ മരണം സൃഷ്ടിക്കുന്ന ആഴത്തില്‍ ഉള്ള വിടവ് ചെറുതായെങ്കിലും ഇല്ലാതാക്കാനാകുമോ എന്ന ശ്രമമാണ് എച്ച്എംഎ നടത്തുന്നത്.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ടിലേക്ക് ഗിഫ്റ്റ് എയ്ഡ് അടക്കം 4046.25 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 245 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് ആകെ തുക 4291.25 പൗണ്ടിലേക്ക് എത്തിയത്. ബിനിലിന്റെ പെട്ടെന്നുള്ള മരണത്തില്‍ നിസ്സഹായരായ കുടുംബത്തിനു വിര്‍ജിന്‍ മണി ലിങ്ക് വഴിയോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയോ നിങ്ങളുടെ സഹായങ്ങള്‍ നല്‍കാവുന്നതാണ്. വിര്‍ജിന്‍ മണി ലിങ്ക് വഴി നല്കുവാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍, വിര്‍ജിന്‍ മണി ട്രാന്‍സ്ഫറിലൂടെ നിങ്ങള്‍ നല്കുന്ന ഓരോ പൗണ്ടിന്റെയും കാല് ശതമാനം കൂടി ഗിഫ്റ്റ് എയ്ഡായി ലഭിക്കും. അതിനായി പണം നല്കുമ്പോള് ഗിഫ്റ്റ് എയ്ഡ് ബോക്സില്‍ ടിക്ക് ചെയ്താല്‍ മാത്രം മതി.