ചൈനീസ് വന്‍പടയ്ക്കെതിരെ ഒരു കൊച്ചു ജനത നടത്തിയ അതിശക്തമായ ജനാധിപത്യ പ്രക്ഷോഭത്തിന് അതിഗംഭീര വിജയം; കുറ്റവാളികളെ ചൈനയിലേക്ക് കൊണ്ട് പോയി വിചാരണ നടത്താനുള്ള ബില്ല് പിന്‍വലിച്ച് ഹോങ്കോങ് ഭരണാധികാരി; ബ്രിട്ടന് നല്‍കിയിട്ട് പോയ സ്വയംഭരണാവകാശത്തില്‍ കൈ കടത്താന്‍ ചൈന നടത്തിയ നീക്കത്തിന് തിരിച്ചടി; മൂന്ന് മാസം നീണ്ട വമ്പന്‍ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായില്ലെന്ന് ജനാധിപത്യ വാദികളും
ഹോങ്കോങ്: കഴിഞ്ഞ മൂന്ന് മാസമായി ഹോങ്കോങ്ങിലെ ജനത നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്പില് മുട്ട് മടക്കി സര്‍ക്കാര്‍. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ ബില്‍ രാജ്യം പിന്‍വലിച്ചു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കാരി ലാം ആണ് ബില്ല് പിന്‍വലിച്ചത്. ഹോങ്കോങ്ങ് ജനതയുടെ ശക്തമായ പ്രതിഷേധങ്ങള്‍ ലോകം മുഴുവനുള്ള രാജ്യങ്ങള്‍ ഉറ്റു നോക്കിയിരുന്നു. പലരും ഇങ്ങനെ ഒരു ബില്ലിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബില്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ബില്ല് പിന്‍വലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാര്‍ പറഞ്ഞു.
രാജ്യത്ത് ഇങ്ങനെയൊരു സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കാരി ലാം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇത് വിസമ്മതിക്കുകയും ബില്‍ പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഹോങ്കോങ്ങിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാരി ലാം വോദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ബില്‍ പിന്‍വലിക്കുന്നതോടോപ്പം സമരക്കാരുടെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളിലൊന്നായ പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി ലാം അറിയിച്ചു.
ഏപ്രില്‍ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ബില്ലില്‍ കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനെപ്പറ്റി ആയിരുന്നു പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാര്ക്ക് ഇത് അനുഭവപ്പെട്ടത്. തുടര്‍ന്ന് വന്‍ എതിര്‍പ്പുമായി അവര്‍ രംഗത്തെത്തി. ആദ്യത്തെ പ്രതിഷേധം ജൂണ്‍ 9 -നായിരുന്നു. പത്തുലക്ഷം പേര് പങ്കെടുത്ത ഒരു വന്‍ റാലിയായിരുന്നു അന്ന് ഹോങ്കോങ് ഗവണ്മെന്റ് ആസ്ഥാനത്ത് നടന്നത്. പൊലീസുമായി നടന്ന നേരിയ ചില ഉന്തും തള്ളും ഒഴിച്ചാല്‍ ഏറെക്കുറെ സമാധാനപൂര്‍ണമായ ഒരു പ്രതിഷേധമായിരുന്നു അത്.
ജൂണ്‍ 12 -ന് അടുത്ത റാലി നടന്നു. ഇത്തവണ പൊലീസ് റാലിക്കുനേരെ ടിയര്‍ ഗസ്സ് പൊട്ടിക്കുന്നു. റബ്ബര്‍ ബുള്ളറ്റുകള്‍ പായിക്കുന്നു. അത്, കഴിഞ്ഞ കുറെ ദശാബ്ദങ്ങള്‍ക്കിടയില്‍ ഹോങ്കോങ്ങില്‍ നടന്ന ഏറ്റവും അക്രമാസക്തമായ ഒരു തെരുവുസമരമായി മാറി. ഈ പ്രതിഷേധ സമരങ്ങളില്‍ പതറിപ്പോയി കാരി ലാം ജൂണ്‍ 15-ന്, അവര്‍ പ്രസ്തുതബില്ലിനെ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു. അത് വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കാതെ അടുത്ത ദിവസം, ഇരുപതു ലക്ഷത്തോളം പേര് പങ്കെടുത്ത അടുത്ത റാലി നടന്നു. നീട്ടിവച്ചാല്‍ പോരാ, റദ്ദാക്കണം ബില്‍ എന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധത്തിന് ദിനംപ്രതി ശക്തി കൂടിക്കൂടി വന്നു. ജൂണ്‍ 21-ന് പ്രതിഷേധക്കാര്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് വളഞ്ഞ്, 15 മണിക്കൂറോളം ഉപരോധിച്ചു. മുന്‍ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പൊലീസ് അറസ്റ്റു ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നതായിരുന്നു ഇത്തവണത്തെ ആവശ്യം.
ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വാര്‍ഷികത്തിന്റെ അന്ന്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കോംപ്ലക്സിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ സ്പ്രേ പെയ്ന്റുകൊണ്ട് ചുവരുകളില്‍ മുദ്രാവാക്യങ്ങളെഴുതിവെച്ചു. കോളനിഭരണകാലത്തെ കൊടികളുമേന്തി ഹോങ്കോങ്ങിന്റെ ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സമരക്കാര്‍ വന്നത്. ജൂലൈ 21 -ന് പ്രതിഷേധക്കാര്‍ ഹോങ്കോങ്ങിലെ ചൈനയുടെ ലെയ്സണ്‍ ഓഫീസ് ചായം പൂശി വികൃതമാക്കി. അന്നേദിവസം രാത്രി യൂന്‍ ലോങ്ങ് മെട്രോ സ്റ്റേഷനില്‍ വെള്ളവസ്ത്രമണിഞ്ഞ പ്രക്ഷോഭകാരികള്‍ യാത്രക്കാരെ ആക്രമിച്ചു. ഈ അക്രമണത്തിനെതിരെ ആയിരക്കണക്കിന് പേര് പങ്കെടുത്ത പ്രതിഷേധം നടന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ചൈന ഹോങ്കോങ്ങിന് മുന്നറിയിപ്പ് നല്കി. എപ്പോഴും വെറുതെ ഇരിക്കുമെന്ന് കരുതേണ്ട എന്നും തിരിച്ചടിക്കാന്‍ വലിയ ബുദ്ധിമുട്ട് ഇല്ല എന്നും പറഞ്ഞു.
പ്രക്ഷോഭകാരികള്‍ ഹോങ്കോങ് വിമാനത്താവളം ഉപരോധിച്ചതിനെ തുടര്‍ന്ന് 100 കണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരികയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. ഇതോടെ സകല മേഖലകളില്‍ നിന്നും പ്രക്ഷോഭം ഉയര്‍ന്നു. ഹോങ്കോങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി നടന്നത്. ബ്രിട്ടന് സ്വയംഭരണാവകാശം നല്കി പോയത് മുതല്‍ ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ചൈന ആരംഭിച്ചു. എല്ലായ്പ്പോഴും ഹോങ്കോങ്ങ് ജനതയ്ക്ക് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അത് കുറ്റവാളികളെ ചൈനയിലേക്ക് കടത്തുന്നത് വരെ എത്തിയതാണ് വന്‍ പ്രശ്നങ്ങള്‍ക്ക് കാരണമായത്. പ്രക്ഷോഭകരെ സംബന്ധിച്ചിടത്തോളം ചൈനയുടെ പദ്ധതികളെ എതിര്‍ക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിന്‍ലാന്‍ഡില്‍ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്‍. നീണ്ട മൂന്ന് മാസത്തെ നിരന്തരമായ പ്രതിഷേധങ്ങളുടെ ഫലമാണ് ഹോങ്കോങ്ങ് ജനത ഇന്നലെ നേടിയെടുത്തത്.