1 GBP = 93.50 INR                       

BREAKING NEWS

ഈ പാവം പെണ്‍കുട്ടികള്‍ക്കു വേണ്ടി പത്തു പൗണ്ട് കളയാന്‍ വയ്യാത്ത വിധം നിലമറന്നവരായോ യുകെയില്‍ എത്തി സമ്പന്നരായ നമ്മള്‍? നഴ്‌സിങ് പഠിച്ചിരുന്ന കാലത്ത് 100 രൂപയ്ക്കു വേണ്ടി കരഞ്ഞ ആ ദിവസങ്ങള്‍ മറന്നു പോയോ? യുകെയിലെ മലയാളി നഴ്‌സുമാരോട് സ്‌നേഹപൂര്‍വ്വം ചില കാര്യങ്ങള്‍

Britishmalayali
എഡിറ്റോറിയല്‍

പ്രിയപ്പെട്ട മലയാളി നഴ്‌സുമാരേ... അല്‍പ്പം പരിഭവത്തോടെ ഒരു കാര്യം ചോദിക്കട്ടെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രായിലും കര്‍ണാടകയിലും തമിഴ് നാട്ടിലുമൊക്കെയുള്ള സൗകര്യങ്ങള്‍ ഏതുമില്ലാത്ത ആശുപത്രികളില്‍ നഴ്‌സിങ് പഠിക്കുകയും ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാതെയും ആഗ്രഹിച്ചത് പോലെ ജീവിക്കാതെയും ജീവിച്ച കാലം നിങ്ങള്‍ ഇത്ര വേഗം മറന്നു പോയോ? ഡല്‍ഹിയിലെയും മുംബൈയിലെയും കല്‍ക്കട്ടയിലെയും അഹമ്മദാബാദിലെയും ഒക്കെ ആശുപത്രികളില്‍ 8000വും പതിനായിരവും രൂപ ശമ്പളം കിട്ടിയപ്പോള്‍ ആ പണം കാത്തു നാട്ടിലിരിക്കുന്ന വീട്ടുകാരെ ഓര്‍ത്തു കണ്ണു നിറഞ്ഞത് മറന്നു പോയോ? സൗദിയിലും യുഎഇയിലും ഒമാനിലും ഒക്കെ ജോലി ചെയ്തപ്പോള്‍ ലഭിച്ച സന്തോഷത്തിന്റെ നനവ് മറന്നു പോയോ? 

നഴ്സിങ് പഠിക്കാന്‍ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ആകുലതകളുടെ വര്‍ത്തമാനങ്ങള്‍ കാതില്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് അതൊക്കെ മറക്കാന്‍ കഴിയുക. ഫീസ് അടക്കാനുള്ള കാശിന് വേണ്ടി അപ്പനും അമ്മയും ഓടി നടന്ന ദിനങ്ങളിലും മോളേ ഉടനെ തരാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച ദിനങ്ങളിലും തിന്ന തീ എങ്ങനെ മറക്കും? സന്തോഷത്തോടെ അയച്ചു തന്ന പണം അനേകം പേരോട് അപ്പന്‍ കെഞ്ചി ഉണ്ടാക്കിയതാണ് എന്നറിഞ്ഞിട്ടും അറിയാതിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയ ദിനങ്ങള്‍ എങ്ങനെ മറക്കും?
ഫീസ് കൊടുക്കാന്‍ വൈകിയപ്പോള്‍ നഴ്‌സിങ് കോളേജിന്റെ നടത്തിപ്പുകാര്‍ പറഞ്ഞ കുത്തു വാക്കുകള്‍ മറക്കാന്‍ ആവുമോ? കാശുള്ള ചിലര്‍ അടിച്ചുപൊളിച്ചു ജീവിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സങ്കടം മറക്കാനാവുമോ? ജോലി കിട്ടിയിട്ടും പിച്ചക്കാരിയെ പോലെ ജീവിക്കുന്നതെന്തേ എന്നു ചില കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗം മറക്കാനാവുമോ? അറബി നാട്ടിലെ ഇരുട്ടില്‍ ലഭിച്ച ദിനാറും റിയാലും ഒക്കെ എണ്ണി നോക്കി സന്തോഷം കൊണ്ട് കരഞ്ഞ ദിനങ്ങള്‍ മറക്കാനാവുമോ?

ഒടുവില്‍ ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രം യുകെയില്‍ എത്തിയ ദിനങ്ങള്‍ എങ്ങനെ വേഗത്തില്‍ മറക്കും? സൂപ്പര്‍ മാര്‍ക്കറ്റിലെയും പൗണ്ട് ഷോപ്പിലെയും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങി രൂപയില്‍ ഗുണിച്ചു ആകുലപ്പെട്ട ആദ്യ ദിനങ്ങള്‍... ഓവര്‍ ടൈം ചെയ്തു ചെയ്തു മടുക്കാതെ ഉണ്ടാക്കിയ കാശ് നാട്ടിലേക്ക് അയച്ചു കൊടുത്തപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ദിനങ്ങള്‍... കാശ് അയച്ചു കൊടുത്താലും സന്തോഷിക്കാത്ത ബന്ധുക്കളെ ഓര്‍ത്തു സങ്കടപ്പെട്ട ദിനങ്ങള്‍... അങ്ങനെ അങ്ങനെ എത്ര ഓര്‍മ്മകള്‍ ഉണ്ടാവും പ്രിയപ്പെട്ടവരെ നമുക്കൊക്കെ.

എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ അതേ അവസ്ഥയില്‍ നമ്മുടെ മുന്‍പില്‍ വന്നു കൈനീട്ടുന്ന നമ്മുടെ സഹോദരിമാര്‍ക്ക് നേരെ ഒന്നു നോക്കാന്‍ പോലും നമ്മള്‍ മടിക്കുന്നത്? അതേപ്പോള്‍... ഞങ്ങള്‍ അറിഞ്ഞില്ലല്ലോ? ആര് കൈനീട്ടിയെന്നാണ് പറയുന്നത്? എന്നാണോ ചോദ്യം. ഉത്തരം ഒന്നേയുള്ളൂ. ബൈബിളിലെ ഒരു വാചകം...

എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്‌നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല; 
അതിന്നു അവര്‍: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്‌നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു?  അവന്‍ അവരോടു:
ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.' (മത്തായി 25: 42-46)

പറഞ്ഞ് വരുന്നത് യുകെയിലെ മലയാളികള്‍ മനസ്സറിഞ്ഞു സഹായിക്കും എന്നു കരുതി കാത്തിരിക്കുന്ന അനേകം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ കാര്യമാണ്. ഒരു നിവൃത്തിയും ഇല്ലാതിരുന്നിട്ടും ഉള്ളതൊക്കെ പണയം വച്ച് മക്കളെ നഴ്സിങ്ങിനു വിട്ടു കുടുംബം കരയകറ്റാന്‍ ആഗ്രഹിക്കുന്ന അനേകം പാവപ്പെട്ട മാതാപിതാക്കളുടെ കാര്യമാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ 100 നിര്‍ധന നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ നമ്മുടെയൊക്കെ ആ പൂര്‍വ്വകാലം ആയിരുന്നു.

ഒരാളെയെങ്കിലും സഹായിച്ചു രക്ഷിക്കാന്‍ നമ്മള്‍ ഒരുമിച്ചു ഓടിക്കൂടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. രണ്ടു വര്‍ഷം മുന്‍പ് ഇതേ പദ്ധതി ചെയ്തപ്പോള്‍ 42,000 പൗണ്ട് നല്‍കിയപ്പോള്‍ ഇക്കുറി അതിന്റെ ഇരട്ടിയാവുമെന്നായിരിന്നു പ്രതീക്ഷ. ഈ സ്വപ്നത്തിനായി 37 പേര്‍ ആകാശത്ത് നിന്നും ചാടാന്‍ ഇറങ്ങിയിട്ടും രണ്ടാഴ്ച മാത്രം അവശേഷിക്കവെ ഇതുവരെ ശേഖരിച്ചത് കേവലം 22,819.07 പൗണ്ട് മാത്രമാണ്. ഇതില്‍ നിന്നും സ്‌കൈ ഡൈവിംഗ് നടത്തുന്ന കമ്പനിക്ക് നല്‍കേണ്ട തുകയ്ക്കു ശേഷം 15000 പൗണ്ടോളം മാത്രമേ മിച്ചമുണ്ടാകൂ. 100 പേര്‍ക്ക് ഞങ്ങള്‍ എങ്ങനെയാണ് ഈ തുക വീതിച്ചു കൊടുക്കുന്നത് എന്നു കൂടി പറയുക. ഇക്കുറി ആയിരത്തോളം പേരാണ് അപേക്ഷിച്ചത് എന്നു കൂടി അറിഞ്ഞാലേ ഇതു പൂര്‍ത്തിയാകൂ.

അപേക്ഷ നല്‍കിയവരൊക്കെ വിളിച്ചു കൊണ്ടിരിക്കുന്നു. 100 പേരെ തെരഞ്ഞെടുക്കുന്നത് പോലും പ്രയാസകരമാണെന്ന് അപേക്ഷകള്‍ സോര്‍ട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാവുന്നു. എത്ര കിട്ടുമായിരിക്കും എന്നു ചില പാവപ്പെട്ട മാതാപിതാക്കള്‍ വിളിച്ചു ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ പോലും ആവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ യാചിക്കുന്നത്. ദയവായി കണ്ണു തുറക്കൂ... ദയവായി പത്തു പൗണ്ടെങ്കിലും നല്‍കൂ.. നിങ്ങളുടെ ഓരോ പൗണ്ടിനും ഒരായിരം പുഞ്ചിരിയുടെ സുഗന്ധം ഉണ്ടാവും. നിങ്ങളും നിശബ്ദതയെങ്കില്‍ അതിന് കണ്ണുനീരിന്റെ നിരാശ പടര്‍ന്ന മണമായിരിക്കും.

ഇനി അധികം പറയാനില്ല. ചിലപ്പോള്‍ ഒക്കെ വാചാലത അപകടമായി മാറും. ഒരു നിമിഷം കണ്ണടച്ചു ചിന്തിക്കുക. മൂന്നു ദിവസം കൊണ്ട് ബിനിലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ 10,000 പൗണ്ട് നല്‍കിയതല്ലേ നമ്മള്‍. അപ്പോള്‍ നമുക്കെങ്ങനെ ഇതൊരു വെല്ലുവിളിയായി മാറും? നമ്മള്‍ അറിയാതെ ഏതോ ഒരു കുടുംബത്തിലേക്ക് സന്തോഷത്തിന്റെ വെളിച്ചം കയറി ചെല്ലുന്ന നിമിഷം ഓര്‍ക്കുക. അങ്ങനെ ഈ ഓണം ധന്യതയുടേതായി മാറട്ടെ.

എങ്ങനെ കാശു നല്‍കും?
നടനും മിമിക്രി താരവും ചാനല്‍ അവതാരകനുമായ കലാഭവന്‍ ദിലീപ് അടക്കം ചുവടെ കൊടുത്തിരിക്കുന്ന 37 പേരാണ് ധന സമാഹരണത്തിന് വേണ്ടി സ്‌കൈ ഡൈവിങ്ങ് നടത്തുന്നത്. ഇതില്‍ ഒരാളെയെങ്കിലും നിങ്ങള്‍ക്ക് പരിചയം ഉണ്ടായെന്നു വരാം. നിങ്ങള്‍ക്ക് കഴിയാത്ത വെല്ലുവിളി ഏറ്റെടുത്തവരാണ് ഇവര്‍. ഇവരില്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ സഹായം ചെയ്യുക. ആരെയും പരിചയമില്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊടുക്കുക. ആര്‍ക്ക് കൊടുത്താലും ആ പണം ലഭിക്കുന്നത് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കാണ്. ഇവരില്‍ ആര്‍ക്കെങ്കിലും നല്‍കിയാല്‍ 25 ശതമാനം ഗിഫ്റ്റ് എയിഡ് കൂടി ലഭിക്കും.

ബ്രിട്ടീഷ് മലയാളിയുടെ സഹോദര സ്ഥാപനമായ മറുനാടന്‍ മലയാളി നേതൃത്വം നല്‍കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നും ബ്രിട്ടനിലെ വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ബ്രിട്ടന് പുറത്തുള്ളവര്‍ക്ക് ആവാസിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാം. എന്നാല്‍ വിര്‍ജിന്‍ മണി വഴി ലഭിക്കുന്ന ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ലായെന്നു മാത്രം. ഈമാസം 28 വരെയാണ് ഫണ്ട് സമാഹരണം നടക്കുക.

ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരമാണ് അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
37 പേരുടെ വിര്‍ജിന്‍ മണി ലിങ്കുകള്‍ ചുവടെ:
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category