1 GBP = 93.35 INR                       

BREAKING NEWS

സര്‍ക്കാര്‍ വഞ്ചനയില്‍ മനം നൊന്ത് കാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ യുവതി നിരാഹാരമിരിക്കുന്നു; കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ ചതിച്ചതിനെതിരെ മരടിലെ ഫ്ളാറ്റുടമകള്‍ പട്ടിണി സമരം നടത്തി; പിഎസ് സി പരീക്ഷ മലയാളത്തിലാക്കാന്‍ അടൂര്‍ അടക്കമുള്ളവര്‍ ഉപവസിച്ചു

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവോണനാളില്‍ ഐതിഹ്യത്തിന്റെ അദൃശ്യസ്പര്‍ശം നമുക്ക് മേലേയുണ്ട്. കാട്ടൂര്‍ഗ്രാമത്തിലെ മാങ്ങാട്ടു മഠത്തിലെ ഭട്ടതിരി സ്ഥിരമായി എല്ലാ തിരുവോണ നാളിലും നടത്തിയിരുന്ന ഒന്നായിരുന്നു ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട്. എന്നാല്‍ ഒരു വര്‍ഷം തിരുവോണത്തിന് ആരും വന്നില്ല. എന്നാല്‍ ഇതില്‍ മനം നൊന്ത തിരുമോനി ആറന്മുള ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ഉപവാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ബ്രാഹ്മണ ബാലന്‍ ഈസമയം അവിടെ വരുകയും ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. അന്നു രാത്രി സ്വപ്നത്തില്‍ വന്നത് സാക്ഷാല്‍ ആറന്മുളഭഗവാനാണെന്ന് ഭട്ടതിരിക്ക് മനസ്സിലായി. ഇത് മനസ്സിലാക്കിയ ഭട്ടതിരി പിന്നീട് എല്ലാവര്‍ഷവും ഉത്രാടനാളില്‍ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയില്‍ ഉത്രാടനാളില്‍ പുറപ്പെട്ട് തിരുവോണത്തിന് പുലര്‍ച്ചെയാണ് ആറന്മുളയില്‍ എത്തുക. ഈ അനുഷ്ഠാനം ഇപ്പോഴും തുടരുന്നു. എന്നാല്‍, പുതിയ കാലത്ത് ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ട്, അധികാരകേന്ദ്രങ്ങളുടെ വകതിരിവില്ലായ്മ കൊണ്ടാണ് പലപ്പോഴും തിരുവോണ നാളില്‍ പോലും ഉപവാസസമരം ഇരിക്കേണ്ടി വരുന്നത്. ബുധനാഴ്ച തിരുവോണ നാളില്‍ നിരാഹാര സമരങ്ങളുടെ വേലിയേറ്റമായിരുന്നു. കാന്‍സര്‍ ഇല്ലാതെ കീമോതെറാപ്പിക്ക് വിധേയയായ രജനിയുടെ നിരാഹാരവും, മരടിലെ ഫ്ളാറ്റ് ഉടമകളുടെ കണ്ണീരും, ഐക്യമലയാള പ്രസ്ഥാനത്തിന്റെ പിഎസ്സി ഓഫീസിന് മുന്നിലെ ഉപവാസവും, ഇതിന്റെ നേര്‍സാക്ഷ്യങ്ങളായി.

രജനിയുടെ കണ്ണീരിന് ആരുസമാധാനം പറയും?
കാന്‍സര്‍ ഇല്ലാതിരുന്നിട്ടും ബന്ധപ്പെട്ടവരുടെ പിടിപ്പുകേട് കൊണ്ട് കീമോ തെറാപ്പിക്ക് വിധേയേയ ആകേണ്ടി വന്ന മാവേലിക്കര സ്വദേശി രജനിയുടെ കാര്യം നോക്കാം. രജനി, സര്‍ക്കാര്‍ സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് തിരുവോണ നാളില്‍ സമരം നടത്തിയത്. മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് സത്യാഗ്രഹം നടത്തിയത്.കുറ്റക്കാരായ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയവ ആവശ്യങ്ങളില്‍ 25നകം തീരുമാനമെടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതിനെത്തുടന്ന് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവോണനാളില്‍ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വകാര്യ ലാബില്‍ നടത്തിയ ബയോപ്സി പരിശോധനയിലാണു ആദ്യം മുഴ കാന്‍സറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജില്‍ രജനിക്കു കീമോ തെറപ്പി ചികില്‍സ നല്‍കി. ഇതിനിടെ സ്വകാര്യ ലാബിനൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ലാബില്‍ നല്‍കിയ പരിശോധനാ ഫലത്തില്‍ കാന്‍സറില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലും ബയോപ്സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ജോലിയും എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ആരോഗ്യ മന്ത്രിയെ കണ്ടും വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ ചികിത്സ നടത്തി ടെക്സറ്റൈല്‍ ഷോപ്പില്‍ ഉണ്ടായിരുന്ന ജോലിയും പോയി.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോ തെറപ്പി നല്‍കിയ സംഭവം വന്‍വിവാദമായിരുന്നു. രജനി ചികിത്സാദുരിതത്തിന് ഇരയായത്.ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളജിലെത്തിയത്. സര്‍ജറി വിഭാഗം ബയോപ്സിക്കു നിര്ദേശിച്ചു. മെഡിക്കല്‍ കോളജിലെ ഫലം വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളജിനു സമീപമുള്ള ഡയനോവ ലാബില്‍നിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കല്‍ കോളജ് പതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സര്‍ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പോയി. കാന്‍സര്‍ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോര്‍ട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകള്‍ ആര്‍സിസിയില്‍ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കുകയായിരുന്നു.

വിട്ടുകൊടുക്കില്ല; തിരുവോണത്തിനും സമരവുമായി മരടിലെ ഫ്ളാറ്റ് ഉടമകള്‍
അഞ്ചുദിവസമാണ് ചൊവ്വാഴ്ച നഗരസഭാധികൃതര്‍ മരടിലെ ഫ്ളാറ്റുടമകള്‍ക്ക് ഒഴിയാന്‍ വേണ്ടി സമയം കൊടുത്തത്. ഇതോടെ ഫ്ളാറ്റ് ഉടമകള്‍ നിരാഹാരമാരംഭിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് തിരുവോണ ദിനം ഫ്ളാറ്റ് ഉടമകളുടെ നിരാഹാരസമരം. എറണാകുളം എംപി ഹൈബി ഈഡന്‍ സമരം ഉദ്ഘാടനം ചെയ്തു. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഗോള്‍ഡണ്‍ കായലോരം റസിഡന്‍സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. നിയമലംഘനം പഠിച്ച സമിതി സുപ്രീംകോടതി നിര്‍േ തീരദേശനിയമം ലംഘിച്ച് പണിത ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികള്‍ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്ളാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.

1994ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടും നിലവില്‍ ബാധകമായ മറ്റു നിയമങ്ങളും പ്രകാരം ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അതിനു ചെലവാകുന്ന തുക പ്രോസിക്യൂഷന്‍ നേരിടേണ്ടു വരുന്ന വ്യക്തിയില്‍നിന്ന് ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസില്‍ പറയുന്നു. ഫ്ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുമ്പോഴും എലൂരിലുള്ള ഫാക്ടിന്റെ അതിഥിമന്ദിരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ നഗരസഭ ശ്രമിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. ഈ മാസം പതിനെട്ടിനാണ് നഗരസഭ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇരുപതിനാണ് ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യംകൂടി ഉള്ളതിനാല്‍ അതീവ ഗൗരവത്തോടെയാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

ഫ്ളാറ്റ് ഉടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണം
മരടിലെ ഫ്ളാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാല്‍പാഷ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാന്‍ സര്‍ക്കാരിനു പലതും ചെയ്യാനാകും. ഫ്ളാറ്റുടമകളെ സുപ്രീം കോടതി കേള്‍ക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയിലാണ് ഫ്ളാറ്റുടമകളുടെ പ്രതീക്ഷ.

പെറ്റമ്മയെ അറിയാത്ത പിഎസ് സിയെ വേണ്ട
തിരുവോണ നാളില്‍ അപൂര്‍വമായ സമരത്തിന് പിഎസ് സി ഓഫീസിന് മുമ്പിലെ കവാടം സാക്ഷിയായി. മലയാളത്തില്‍ പരീക്ഷ നടത്താത്തിനുള്ള പ്രതിഷേധം കനത്തതോടെ തിരുവോണത്തിനും ഉപവാസ സമരം നടന്നു. അടൂര്‍ ഗോപാലകൃഷ്ണനും, സുഗത കുമാരിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. പിഎസ്സി പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണനും പെറ്റമ്മയെ അറിയാത്ത പിഎസ്സിയെ വേണ്ടെന്ന് സുഗതകുമാരിയും ഉപവാസസമരത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തിരുവോണനാളില്‍ മലയാളഭാഷക്കായി സാഹിത്യ നായകര്‍ ഒത്തുചേര്‍ന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മറന്ന് കവയിത്രി സുഗതകുമാരി എത്തിയതോടെ സമരാവേശം ഇരട്ടിയായി. സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് ഉമ്മന്‍ ചാണ്ടിയും മലയാളത്തിനായി ശബ്ദമുയര്‍ത്തി. തിരുവോണനാളില്‍ കേരളത്തിന്റെ സാംസ്‌കാരിക നായകര്‍ ഉപവാസം അനുഷ്ഠിക്കുന്നത് നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെഎഎസ് ഉള്‍പ്പടെ പിഎസ്സി പരീക്ഷകള്‍ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ പിഎസ്സി ആസ്ഥാനത്തിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാര്‍ഡ്യവുമായിട്ടാണ് ഉപവാസം. കവി വി.മധുസൂദനന്‍നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ തലസ്ഥാനത്ത് നടന്ന സമരത്തില്‍ അണിനിരന്നു.

എം ടി.വാസുദേവന്‍ നായര്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡു പരിസരത്തും കുരീപ്പുഴ ശ്രീകുമാര്‍ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിനു മുന്നിലും ബാലചന്ദ്രന്‍ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പല്‍ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രന്‍ എംഎല്‍എ വയനാട് കല്‍പറ്റ ബസ്റ്റാന്‍ഡിലും ഉപവാസമിരുന്നു. സംസ്ഥാനത്തു 17 കേന്ദ്രങ്ങള്‍ക്കു പുറമേ മുംബൈയിലും തിരുവോണ ദിവസം സമരം നടന്നു. ഈ മാസം 16 ന് പിഎസ് സിയുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയാണ് ഇനി പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category