1 GBP = 93.20 INR                       

BREAKING NEWS

ഭര്‍ത്താവിനെ കവര്‍ന്നെടുത്ത മരണത്തെ കണ്ടു ഭയന്ന ലിജിക്ക് ഒടുവില്‍ കാരുണ്യഹസ്തമായി മാറിയത് ബ്രിട്ടീഷ് മലയാളി വായനക്കാര്‍; ഇന്നലെ 9900 പൗണ്ട് കൈമാറിയത് ഹീത്രൂ മലയാളി അസോസിയേഷന്‍ പ്രതിനിധി ബിജു ബേബി; മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക്; സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൃശൂരില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടാഴ്ച മുന്നേ ജോലി കഴിഞ്ഞു വീട്ടിലെത്തി മയങ്ങാന്‍ കിടക്കുമ്പോള്‍ മരണം കൂട്ടിനെത്തിയ ബിനില്‍ ബാലഗോപാലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്. നാളെ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം ഉച്ചയോടെ തൃശൂരില്‍ എത്തിക്കും. തുടര്‍ന്ന് പാറമേക്കാവ് ശാന്തികെട്ടില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുമെന്നും കുടുംബ അംഗങ്ങള്‍ അറിയിച്ചു. ബിനിലിന്റെ പത്നി ലിജിയും മൂന്നുവയസ്സുകാരി മകള്‍ അവന്തികയും നാളെ തന്നെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്കു യാത്രയാകും.

കടബാധ്യതകളും പെര്‍മനന്റ് റെസിഡന്‍സി അപേക്ഷയും അതിനുള്ള ഫീസടവും ഒക്കെയായി കയ്യില്‍ നയാപൈസ ഇല്ലാതിരിക്കെ കുടുംബനാഥന്‍ മരണത്തിനൊപ്പം ഒരുവാക്കും ഉരിയാടാതെ നടന്നു മറഞ്ഞ നിമിഷങ്ങള്‍ നേരില്‍ കണ്ട ഭാര്യയും കുഞ്ഞും തങ്ങള്‍ക്കായി ആരും ഇല്ലെന്നു വിലപിച്ച നിമിഷത്തില്‍ കൈത്താങ്ങായി എത്തിയ ബ്രിട്ടീഷ് മലയാളി വായനക്കാരും ഹീത്രൂവിലെ മലയാളികളും ചേര്‍ന്നെടുത്ത പണമാണ് ഇപ്പോള്‍ കുടുംബത്തിന് ആശ്വാസമായി മാറുന്നത്.

ഇതേ പണം തന്നെയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രയോജനപ്പെടുത്തുന്നതും. ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം ഉള്ള ബിനിലിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ പണവും ഇന്ത്യന്‍ എംബസിയുടെ കയ്യില്‍ ഇരിക്കെ തികച്ചും ഔപചാരികതകളില്‍ തട്ടി ഒരു കുടുംബത്തിന് ലഭിക്കേണ്ട സഹായമാണ് ഇല്ലാതെയായത്. കേരളത്തില്‍ നിന്നും കുടുംബത്തിന് ധനസഹായം ആവശ്യം ഉണ്ടെന്നും ഇവരുടെ സാമ്പത്തിക നില ലണ്ടനില്‍ നിന്നും മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ ഭാരിച്ച തുക കണ്ടെത്താന്‍ സഹായമല്ലെന്നുമുള്ള ഒരു കത്താണ് ഇന്ത്യന്‍ എംബസിക്കാവശ്യം.

എന്നാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന നയം ബിനിലിന്റെ കാര്യത്തില്‍ സംഭവിക്കുക ആയിരുന്നു. കൂടെ ഒരാഴ്ച ഓണം അവധിക്കായി സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞതോടെ മൃതദേഹം നാട്ടില്‍ എത്താന്‍ വീണ്ടും താമസം നേരിടും എന്ന നിലയില്‍ എത്തിക്കുക ആയിരുന്നു. തുടര്‍ന്നാണ് പിരിച്ചെടുത്ത പണം ഉപയോഗിച്ച് മൃതദേഹം നാട്ടില്‍ എത്തിക്കാം എന്ന തീരുമാനം ഉണ്ടാകുന്നത്.
ഇക്കാര്യത്തില്‍ എംബസിയും, സംസ്ഥാന സര്‍ക്കാരും തമ്മില്‍ സ്ഥിരം ധാരണ ഉണ്ടായാല്‍ പോലും ഓണം അവധിപോലെ നീണ്ട കാലത്തേ അവധികളും മറ്റും എത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അതിവേഗത്തില്‍ സഹായം എത്തിക്കാനാകും. എന്നാല്‍ പ്രവാസികളുടെ കാര്യം എത്തുമ്പോള്‍ പതിവ് പോലെ സംഭവിക്കാറുള്ള മെല്ലെപ്പോക്ക് നയം ബിനിലിന്റെ കാര്യത്തിലും സംഭവിക്കുക ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ മരിച്ച തിരുവനന്തപുരം സ്വദേശി രാജീവിന്റെ മൃതദേഹം മൂന്നാഴ്ച സമയം എടുത്താണ് സര്‍ക്കാര്‍ ചിലവില്‍ നാട്ടില്‍ എത്തിച്ചത്. അന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കണ്ടെത്തിയ പണം പൂര്‍ണമായും കുടുംബത്തിന് പ്രയോജനപ്പെടുക ആയിരുന്നു. വിധവയും രണ്ടു പെണ്‍ കുഞ്ഞുങ്ങളുമുള്ള കുടുംബം ഇപ്പോള്‍ ആ പണം ബാങ്കിലിട്ട പലിശ വരുമാനം മൂലമാണ് ജീവിക്കുന്നത്.
 
ഇപ്പോള്‍ ബിനിലിനു വേണ്ടി 9900 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയത്. ഈ തുക ഹീത്രോ മലയാളി അസോസിയേഷന്‍ പ്രതിനിധി ബിജു ബേബി ഇന്നലെ വീട്ടിലെത്തി ബിനിലിന്റെ പത്നി ലിജിക്ക് കൈമാറി. ഇതോടൊപ്പം പ്രാദേശിക മലയാളി സമൂഹവും താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും വിധം ഉള്ള തുക കുടുംബത്തിന് കൈമാറീട്ടുണ്ട്. ഈ പണത്തില്‍ നിന്നും ഒരു വിഹിതമാണ് മൃതദേഹം നാട്ടില്‍ എത്തിക്കാനും പത്നിയുടെയും കുഞ്ഞിന്റെയും യാത്രക്കുമായി ചിലവാക്കുന്നതും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔപചാരികതയുടെ ഊരാക്കുടുക്കുകള്‍ മുറുകുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ അതിനുള്ളില്‍ പെട്ട് വിഷമിക്കുകയും നിസ്സഹായരായി മാറുകയും ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിനിലിന്റെ മരണം.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനക്കാര്‍ക്കു ലണ്ടനില്‍ ഇത്തരം സാഹചര്യം നേരിടേണ്ടി വരുമ്പോള്‍ എംബസിയും അതാതു സംസ്ഥാന സര്‍ക്കാറുകളൂം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ പ്രവാസി വരുമാനത്തെ കാര്യമായി ആശ്രയിക്കുന്ന കേരളം ഇപ്പോഴും പ്രവാസിയുടെ മരണം പോലെയുള്ള സാഹചര്യങ്ങളില്‍ മെല്ലെപ്പോക്ക് നയം മാറ്റാന്‍ യാതൊരു മാര്‍ഗ്ഗരേഖയും പിന്തുടരുന്നില്ലെന്നതാണ് വസ്തുത. യുകെയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ തണലില്‍ വായനക്കാര്‍ സര്‍ക്കാര്‍ സഹായത്തിനു കാത്തു നില്‍ക്കാതെ ആവശ്യമായ പണം സ്വന്തം നിലയില്‍ കണ്ടെത്തുന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉള്ള അനുഭവ പാഠം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category