ഇട്ടിമാണിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് യുകെ മലയാളികള്‍; ഓണക്കാലം ആഘോഷമാക്കി തീയേറ്ററുകള്‍ എല്ലാം ഹൗസ് ഫുള്‍; യുകെയിലും അയര്ലന്റിലുമായി 25ലധികം പ്രദര്‍ശനങ്ങള്‍; ചിത്രം രണ്ടാം വാരത്തിലേക്ക്
മലയാളികള്‍ക്ക് ഓണക്കാല സമ്മാനമായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന രണ്ടാം വാരത്തിലേക്ക്. യുകെയിലും അയര്‍ലന്റിലും തീയേറ്ററുകളിലായി 25ലധികം പ്രദര്‍ശനങ്ങളാണ് ഈയാഴ്ച നടക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് തൂവാനത്തുമ്പികള്‍ എന്ന പത്മരാജന് ചിത്രം. തൃശൂര്‍ ഭാഷയില്‍ മോഹന്‍ലാല്‍ കത്തിക്കയറിയ ചിത്രം പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രത്തെ കൂടിയാണ് മലയാള സിനിമയ്ക്കു നല്‍കിയത്. അതുപോലെ തന്നെ ഏതാണ്ട് 32 വര്‍ഷങ്ങള്‍ക്കു ശേഷം തൃശ്ശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.
ആര്‍എഫ്ടി ഫിലിംസാണ് ചിത്രം യുകെയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. യുകെ മലയാളികളുടെ ഓണാഘോഷം ഗംഭീരമാക്കുവാന്‍ ഈമാസം 17 വരെയാണ് വിവിധ സ്ഥലങ്ങളില്‍ ചിത്രം ഈയാഴ്ച പ്രദര്‍ശിപ്പിക്കുക.
ഓണക്കാലത്ത് തീയേറ്ററുകള്‍ ഹൗസ് ഫുളാക്കുവാന് എത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ലാലേട്ടന് മാസ്സും മനസുമായി നിറഞ്ഞാടുകയാണെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജിബി ജോജു തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ചൈനയില്‍ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേല്‍ ഇട്ടിമാത്തന്‍ മകന് ഇട്ടിമാണിയുടെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് പറയുന്നത്. ഡ്യൂപ്ലിക്കേറ്റിന്റെ നാട് എന്ന വിളിപ്പേരുള്ള കുന്നംകുളവും ചൈനയും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.
സ്വന്തം അമ്മയുടെ ഓപ്പറേഷനു പോലും ഡോക്ടര്‍മാരില്‍നിന്നു കമ്മിഷന് വാങ്ങുന്ന, വേണ്ടി വന്നാല്‍ അമ്മയുടെ കിഡ്നി വരെ വിറ്റു കാശാക്കുന്ന ബിസിനസുകാരനാണ് ഇട്ടിമാണി. നാട്ടില്‍ കാറ്ററിംഗ് ബിസിനസും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ബിസിനസും നടത്തുന്ന ഇട്ടിമാണി അവിവാഹിതനാണ്. അമ്മയെ ഏറെ സ്നേഹിക്കുന്ന മനസില്‍ നന്മയുടെ ഇട്ടിമാണിക്ക് പ്രായമേറെയായെങ്കിലും പെണ്ണു കിട്ടിയിട്ടില്ല.
ഒടുവില്‍ ഇട്ടിമാണി പെണ്ണു കെട്ടാന്‍ തീരുമാനിക്കുകയും ആ തീരുമാനം ആ നാടിനെ മുഴുവന്‍ ഞെട്ടിക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു. കാരണം, ഇട്ടിമാണി കെട്ടാന്‍ പോകുന്ന പെണ്ണു തന്നെയായിരുന്നു ഈ ഞെട്ടലിനു കാരണം. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കോമഡി നമ്പറുകളുമായി മോഹന്‍ലാല്‍ നിറഞ്ഞാടുന്ന ചിത്രത്തില്‍ ലാലേട്ടന് പ്രഭ മാറ്റു കുറയാതെ തിളങ്ങി നില്ക്കുന്നു.
കെപിഎസി ലളിതയാണ് മോഹന്‍ലാലിന്റെ അമ്മയായി എത്തുന്നത്. അജു വര്‍ഗീസ്, ധര്മജന്, രാധിക, സിദ്ധിഖ്, ഹരീഷ് കണാരന്, ഹണി റോസ്, സലിം കുമാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൈലാസ് മേനോന് ആണ് സംഗീത സംവിധാനം.