പോര്‍ട്സ്മൗത്ത്: തെയ്യവും കരകാട്ടവും പുലിക്കളിയും ചെണ്ടമേളവും ചേര്‍ന്നപ്പോള്‍ യുകെയിലെ ഏറ്റവും മനോഹരമായ ഒരോണാഘോഷമാണ് ഇന്നലെ പോര്‍ട്സ്മൗത്തില്‍ പിറന്നു വീണത്. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടയില്‍ പോര്‍ട്സ്മൗത്ത് മലയാളികള്‍ കാണാത്ത വിധം ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പകല്‍പ്പൂരം അടക്കമുള്ള ഓണാഘോഷത്തെ കുറിച്ച് കേട്ടറിഞ്ഞ അയല്‍നാടുകളിലെ മലയാളികള്‍ ഇപ്പോള്‍ പോര്ട്സ്മൗത്തുകാരോട് ചോദിക്കുന്നത് ഒറ്റകാര്യം, ഇതെങ്ങനെ സാധിച്ചു? അതിനു സുന്ദരമായ മറുപടിയുമുണ്ട് പോര്ട്സ്മൗത്തുകാര്ക്ക്.
സംഘടനയ്ക്ക് പ്രായമാകുമ്പോള്‍ തങ്ങള്‍ക്കു ചെറുപ്പമാകുകയാണ് എന്നാണ് ഇന്നാട്ടുകാര് ഇപ്പോള്‍ പറയുന്നത്. പതിനൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളി അസോസിയേഷന് ഓഫ് പോര്‍ട്സ്മൗത്ത് എന്ന മാപിലെ 600 ഓളം അംഗങ്ങള്‍ കൊച്ചുകുട്ടികളെ തോല്‍പ്പിക്കുന്ന ആവേശത്തോടെ ഓടിനടന്നാണ് ഇന്നലെ യുകെയിലെ തന്നെ ഏറ്റവും മനോഹരവും ഗ്രാമീണ തനിമയും നിറഞ്ഞ ഓണാഘോഷം സാധ്യമാക്കിയത്.
കേരളക്കരയില്‍ പോലും റെഡിമേഡ് ഓണാഘോഷങ്ങള്‍ സാധാരണമായപ്പോഴാണ് വര്‍ധിത വീര്യത്തോടെ പ്രവാസി മലയാളികള്‍ തികച്ചും പഴമയുടെ ഓര്മ്മക്കൂട്ടുകള് തപ്പിയെടുത്തു തനി നാടന്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇക്കുറി യുകെയില്‍ പലയിടത്തും ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് പോര്‍ട്സ്മൗത്തില്‍ ഇന്നലെ ഗ്രാമീണ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്.
ചെണ്ടയുടെ താളത്തിന് അനുസരിച്ചു തെയ്യവും കരകാട്ട കോലങ്ങളും ആടിത്തിമിര്‍ത്തപ്പോള്‍ പുലിക്കൊപ്പം കൂടാന്‍ കുട്ടികളും മുതിര്‍ന്നവരും മത്സരിക്കുക ആയിരുന്നു. ആഘോഷം എന്നാല്‍ ഒന്നിലും കുറവുണ്ടാകരുതെന്ന തീരുമാനമെടുത്തു രാപ്പകല്‍ ഊണും ഉറക്കവും ഉപേക്ഷിച്ച ഒരു ടീമിന്റെ വിജയം കൂടിയായി ഇന്നലത്തെ സമാനതകള്‍ ഇല്ലാതെ കടന്നു പോയ ഓണാഘോഷം.
ഈ ഓണത്തെ അത്രവേഗത്തില്‍ പോര്‍ട്സ്മൗത്ത് മലയാളികള്‍ മറക്കില്ലെന്നാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനമേറ്റ രാജുമോന് കുര്യന് അഭിപ്രായപ്പെട്ടത്. മുന്‍പ് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവം അല്ലാതിരുന്നിട്ടും ആദ്യമായി കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തി തന്റെ ടീമിനെ ഒന്നാകെ ആഘോഷത്തിലേക്ക് വലിച്ചിട്ട സെക്രട്ടറി ലിജോ രെഞ്ജിയുടെ മിടുക്കും എടുത്തു പറയാറുള്ളതാണ്. നാല് വനിതകള്‍ ഉള്‍പ്പെട്ട പുതുമുഖ ടീം ഏറ്റെടുത്ത ഓണാഘോഷം എന്ന വെല്ലുവിളി അനായാസമായാണ് ടീം മാപ് മറികടന്നത്.
സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാം ഒന്നിച്ചു ആവേശത്തോടെ ആഘോഷത്തിന്റെ പങ്കാളികള്‍ ആയി എന്നത് കൂടിയാണ് ഇന്നലത്തെ ഹൈ ലൈറ്റ്. പലസ്ഥലത്തും അസോസിയേഷന് ഭാരവാഹികള്‍ ഓടിനടക്കുമ്പോള്‍ അംഗങ്ങള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യം അല്ലെന്ന മട്ടില്‍ മാറിനില്‍ക്കുന്ന കാഴ്ച പോര്‍ട്സ്മൗത്തില്‍ ഉണ്ടായില്ല എന്നതും ഇത്തവണ ഓണാഘോഷത്തെ ഏറെ മനോഹരമാക്കി.
പേരിനൊരു ചടങ്ങ് എന്ന വിധം ഓണാഘോഷവും ക്രിസ്മസ് ആഘോഷവും നടത്തി പിന്‍വാങ്ങുന്ന മലയാളി അസോസിയേഷന് നെത്ര്വതം എന്ന ചീത്തപ്പേര് തങ്ങള്‍ക്കു വേണ്ടെന്നു ഇക്കുറി തുടക്കത്തിലേ മാപ് ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. അതിനായി ഏറെക്കാലത്തെ വിശ്രമമില്ലാത്ത ജോലി ഏറ്റെടുത്തത് ആര്‍ട്സ് സെക്രട്ടറി ഷൈനി റിച്ചാര്‍ഡിന്റെയും അസിസ്റ്റന്റ് ആര്‍ട്സ് സെക്രട്ടറി അനില്‍ മേരിഗിരിയും ആണ്.
ഇന്നലെ പോര്‍ട്സ്മൗത്ത് മലയാളികള്‍ കണ്ട ഓരോ കാഴ്ചയിലും ഇദ്ദേഹത്തിന്റെ കയ്യടയാളമുണ്ടായിരുന്നു. ആളുകളെ സ്വാഗതം ആശംസിച്ചുള്ള കമാനത്തില്‍ തല ഉയര്‍ത്തിയ കുലവാഴകളും ആഘോഷം നടക്കുന്നിടത്തെ തോരണങ്ങളും ഓണാക്കാഴ്ചയുടെ ഭാഗമായ ചിത്രശില്പങ്ങളും അടക്കം ഒരു ഉത്സവ പറമ്പില്‍ ചെന്നുപെട്ട അനുഭൂതിയിലാണ് പോര്‍ട്സ്മൗത്ത് ഇന്നലെ ഓണം ഉണ്ടത്.
കേരളത്തില്‍ പോലും ഇപ്പോള്‍ കാണാന്‍ ഇല്ലാത്ത കാഴ്ചകള്‍ കണ്ടു അന്തം വിട്ടു നിന്ന നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ ഓരോ കാഴ്ചകള്‍ കടന്നു വരുമ്പോഴും അതിശയത്തിന്റെ ഭാവങ്ങള്‍ മുഖത്തൊളിപ്പിച്ചാണ് ആഘോഷത്തില്‍ ഭാഗമായത്. ഒരു വര്‍ഷം മുന്‍പ് കൊട്ടിത്തുടങ്ങിയ അസോസിയേഷന്റെ സ്വന്തം ചെണ്ടമേള സംഘമാകട്ടെ ആഘോഷലഹരിക്കു ഒത്തിണങ്ങും വിധം കൊട്ടിക്കയറുന്നതില് അതീവ ശ്രദ്ധയാണ് നല്‍കിയത്.
തങ്ങളുടെ ആഘോഷമാണിതെന്നു തിരിച്ചറിഞ്ഞ വനിതാ സംഘത്തിന്റെ ആവേശം കൂടിയാണ് ഇന്നലെ പോര്‍ട്സ്മൗത്ത് ഓണത്തെ വ്യത്യസ്ഥമാക്കിയത്. സാധാരണ ഇത്തരം ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സ്ത്രീകള്‍ സാരിയുടെ വടിവുകള്‍ നഷ്ടമാകുമോയെന്ന ഭയത്താല്‍ ഇരിപ്പിടം വിട്ടെഴുന്നേല്ക്കാന് ഭയക്കുമ്പോള്‍ പോര്‍ട്സ്മൗത്തിലെ സുന്ദരിമാര്‍ കുട്ടികളെ നാണിപ്പിക്കും വിധമാണ് ഓടിനടന്നു ഓണമല്സരങ്ങളില് പങ്കെടുത്തത്. റൊട്ടികടിയും തവളച്ചാട്ടവും ചാക്കിലോട്ടവും, ബലൂണ്‍ പൊട്ടിക്കലും പുരുഷന്മാരുടെ സാരി ഉടുക്കല്‍ മത്സരവും അടക്കം ചിരിമഴ പെയ്യിച്ചാണ് നാടന്‍ കളികള്‍ ഓണാഘോഷത്തില്‍ നിറഞ്ഞു നിന്നതു. തുടര്‍ന്ന് വാശിയേറിയ വടംവലിയായി. ഇതേത്തുടര്‍ന്നാണ് പകല്‍പ്പൂരം അരങ്ങേറിയത്.
ഇത്തരം ഒരു ചടങ്ങു ആദ്യമായാണ് പോര്‍ട്സ്മൗത്തില്‍ സംഘടിപ്പിക്കുന്നത്, ഒരുപക്ഷെ യുകെയില്‍ തന്നെ ആദ്യമാകും. കേരളീയ കലാരൂപങ്ങള്‍ വശ്യത്തനിമയോടെ ആടിതിര്മിര്ത്തപ്പോള് സ്ത്രീകളും പെണ്‍കുട്ടികളും താലപ്പൊലിയേന്തി കാഴ്ചപ്പൂരത്തിന്റെ അഴകായി മാറി. കൂടെ പെരുകിക്കയറിയ ചെണ്ടമേളം കൂടിയായപ്പോള്‍ ഇതാണ് ഓണമെന്നു ഓരോ മനസും ഉരുവിട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് സാധാരണ പോലെ വിഭവസമൃദമായ ഓണസദ്യയും മണിക്കൂറുകള്‍ നീണ്ട കലാവിരുന്നും. ഓരോ കാര്യങ്ങള്‍ക്കും ചിട്ടയോടെ ചുമതലക്കാര്‍ ഓടിനടന്നപ്പോള്‍ കൈസഹായത്തിനു വന്നവരും പോയവരും എന്നപോലെ ആളുകളുടെ പടയായിരുന്നു. മാറിനില്ക്കാന് ആരും ഇല്ലാത്ത സാഹചര്യം. ഇതാണ് ടീം സ്പിരിറ്റ് എന്ന് ഓരോ അംഗങ്ങളെയും പറയിക്കുന്ന വിധം സംഘാടക മികവിലാണ് ഇത്തവണ ഓണം പോര്‍ട്സ്മൗത്തില്‍ കൊട്ടിക്കലാശിച്ചത്.
ടീം മാപ് - രാജു കുര്യന്, ചെയര്മാന് - ശോഭ ആനന്ദവിലാസ്, ലിജോ രഞ്ജി - സെക്രട്ടറി, ആര്‍ട്സ് സെക്രട്ടറി - ഷൈനി റിച്ചാര്‍ഡ്, അസിസ്റ്റന്റ് ആര്‍ട്സ് സെക്രട്ടറി അനില്‍ മേരിഗിരി, രജീഷ് നായര്‍, ഷാജു ദേവസ്യ, ജിയോ ജോസെഫ്, മാത്യു വര്‍ഗീസ്, സോണി ബോസ്, സോയ കുര്യച്ചന്, ബെനീറ്റ മോനിച്ചന്, അഞ്ചല്‍ രാജുമോന്