1 GBP = 92.40 INR                       

BREAKING NEWS

ശശിധരന്‍ കര്‍ത്തയ്ക്കും വൈകുണ്ഠരാജനും വഴി തുറക്കാന്‍ വെപ്രാളപ്പെട്ട് ഇടതു സര്‍ക്കാര്‍; കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കാന്‍ നീക്കങ്ങളുമായി വ്യവസായ വകുപ്പ്; നീക്കം തന്ത്രപ്രധാന ധാതുക്കളുടെ ഖനനം പൊതുമേഖലയിലേ പാടുള്ളൂവെന്ന കേന്ദ്രനിയമം മറികടന്നാനുള്ള നീക്കം എതിര്‍ത്ത് വ്യവസായ വകുപ്പ് ഡയറക്ടര്‍; കെ ബിജു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ പഴുതുതേടി ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു

Britishmalayali
kz´wteJI³

തിരുവനന്തപുരം: കടുത്ത ജനരോഷത്തെ തുടര്‍ന്നാണ് ആലപ്പാട്ടെ കരിമണല്‍ ഖനനം താല്‍ക്കാലികമായി സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെച്ചത്. ശാസ്ത്രീയമായി മാത്രം ഖനനം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ആലപ്പാട്ടെ സമരം പോലും നേരത്തെ സംശയത്തിലായത് ഈ മേഖലയിലെ സ്വകാര്യ വ്യവസായികളെ സഹായിക്കാന്‍ വേണ്ടി ആണെന്ന ആക്ഷേപം ശക്തമായിരുന്നു. ആലപ്പാട്ട് ഖനനം നടത്തിയിരുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയായിരുന്നു എന്നതുമായിരുന്നു ഈ ആരോണപത്തെ ശക്തമാക്കിയത്. ഇപ്പോഴിതാ വീണ്ടും കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടൊരു വിവാദം കൂടി പുറത്തുവരുന്നു.

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലക്ക് അനുമതി നല്‍കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നീക്കം ശക്തമായി നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത് മലയാള മനോരമയാണ്. സിപിഎമ്മിന്റെ അടുപ്പക്കാരനായ വ്യവസായ ശശിധരന്‍ കര്‍ത്തയ്ക്കും തമിഴ്നാട്ടിലെ പ്രമുഖനായ വ്യവസായി വൈകുണ്ഠരാജനും അടക്കമുള്ളവര്‍ക്ക് ഗുണകരണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ഇതിന് വേണ്ടി കേന്ദ്രനിയമത്തെുയും മൂലക്കിരുത്താനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയുടെ മറവിലാണ് നടപടികളുടെ തുടക്കം. കമ്പനി ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ ആണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. എന്നാല്‍ വ്യവസായ വകുപ്പു ഡയറക്ടര്‍ കെ. ബിജു കടുത്ത വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പു ഡയറക്ടര്‍ കൂടിയാണു ബിജു. അതുകൊണ്ട് വിയോജന കുറിപ്പ് കണ്ടില്ലെന്ന് നടിച്ചാല്‍ അത് ഭാവിയില്‍ പുലിവാലായി മാറുമെന്ന ഉറപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പഴുതുതേടി ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടത്.

സിപിഎം നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമുള്ള നീക്കം മുന്നണിയിലെ ഘടകകക്ഷികള്‍ പോലും അറിഞ്ഞിട്ടുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വകാര്യ മേഖലയ്ക്കു ഖനനാനുമതി നല്‍കുന്നതിനു പ്രതിപക്ഷവും എതിരാണ്. കൊച്ചിയിലെ സ്വകാര്യ കമ്പനിക്കു ഖനനാനുമതി നല്‍കുന്നതു പരിഗണിക്കണമെന്ന 2004 ലെ സുപ്രീം കോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണു വ്യവസായ വകുപ്പിന്റെ നീക്കം. കേന്ദ്രം ഭേദഗതി കൊണ്ടുവരും മുന്‍പുള്ള കോടതി നിര്‍ദ്ദേശം നിലനില്‍ക്കുമെന്നാണു വാദം. എന്നാല്‍ കേന്ദ്രനിയമം നിലവിലുള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്നു വ്യവസായ വകുപ്പു ഡയറക്ടര്‍ ഫയലിലെഴുതി. ഇതിനെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെയുള്ള കേരള തീരങ്ങളിലെ അപൂര്‍വ ധാതുശേഖരം 150 ദശലക്ഷം ടണ്‍ വരുമെന്നാണു കണക്ക്. ലോകത്തിലെ ഏറ്റവും വലിയ ഇല്‍മനൈറ്റ് ശേഖരം കൊല്ലത്താണ്. മോണോസൈറ്റ്, റൂട്ടൈല്‍, ലൂക്കോക്സീന്‍, സിര്‍കോണ്‍, ഗാര്‍നെറ്റ് തുടങ്ങിയവയും കേരള തീരത്തെ കരിമണലിലുണ്ട്. എല്‍ഡിഎഫിന്റെ 2016 ലെ പ്രകടനപത്രികയില്‍ പറയുന്നതിങ്ങനെ: കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിനു ശക്തമായ സാമൂഹികനിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, പൊതുമേഖലയുടെ മുന്‍കയ്യില്‍ മൂല്യവര്‍ധിത ഉല്‍പാദനത്തിനു വേണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

തീരദേശത്തെ അപൂര്‍വ ധാതുമണല്‍ സ്വകാര്യ കമ്പനികള്‍ ഖനനം ചെയ്യുന്നതു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷമാദ്യം ആറ്റമിക് മിനറല്‍ കണ്‍സഷന്‍ നിയമത്തില്‍ (2016) ഭേദഗതി കൊണ്ടുവന്നിരുന്നു. ധാതുമണലില്‍ മോണോസൈറ്റിന്റെ തോത് 0.75 ശതമാനത്തില്‍ താഴെയാണെങ്കില്‍ സ്വകാര്യ മേഖലയ്ക്കു വേണമെങ്കില്‍ ഖനനാനുമതി നല്‍കാമെന്നായിരുന്നു മുന്‍ വ്യവസ്ഥ. മോണോസൈറ്റ് ഇല്ലെങ്കിലും ഖനനം പൊതുമേഖലയില്‍ മാത്രം മതിയെന്ന കര്‍ശന വ്യവസ്ഥയാണു ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

മോണോസൈറ്റ്, ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍കോണ്‍, ഗാര്‍നെറ്റ്, സിലിമനൈറ്റ് തുടങ്ങിയവ അടങ്ങിയ ധാതുമണല്‍ കയറ്റുമതി ചെയ്യുന്നതില്‍ നിന്നു സ്വകാര്യ കമ്പനികളെ വിലക്കി കഴിഞ്ഞ സെപ്റ്റംബറില്‍ കടലോര ധാതുമണല്‍ കയറ്റുമതി നയത്തിലും കേന്ദ്രം ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിനു (ഐആര്‍ഇ) മാത്രമേ ധാതുമണല്‍ കയറ്റുമതിക്ക് അനുമതിയുള്ളൂ.

ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണല്‍ കേരളത്തിലെ ചവറ ഭാഗത്തേതാണ്. ഇവിടെനിന്നുള്ള കരിമണല്‍, തൂത്തുക്കുടിയിലെ സ്വകാര്യകമ്പനിയിലേക്കാണ് നിര്‍ബാധം കടത്തിക്കൊണ്ടുപോയിരുന്നത്. പ്രാധാന്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് കേരളത്തിന്റെ കടലോരഗ്രാമങ്ങളില്‍നിന്ന് ധാതുമണല്‍ ശേഖരിച്ച് കയറ്റുമതി നടത്തുന്ന വ്യവസായം വികസിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കേരളത്തിന്റെ കരിമണലിലെ ധാതുക്കളെക്കുറിച്ച് പരീക്ഷണങ്ങള്‍ നടന്നു. അതിന്റെ ഫലമായി ധാതുമണലില്‍ ഇല്‍മനൈറ്റ്, ഗാര്‍നൈറ്റ്, റൂട്ടയില്‍, ലുക്കോസിന്‍, സിലിമിനൈറ്റ്, സിര്‍ക്കോണ്‍, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

ആധുനികസാങ്കേതികലോകത്ത് ടൈറ്റാനിയത്തിന് പങ്കില്ലാത്ത ഒരു സാങ്കേതികവിദ്യയും ഇല്ലെന്ന് അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് പറയുന്നു. ടൈറ്റാനിയം ഭാവിയുടെ ലോഹമെന്നാണ് വാഴ്ത്തപ്പെടുന്നത്. ലോകത്തുതന്നെയുള്ള ഇല്‍മനൈറ്റ് നിക്ഷേപങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ, 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളത് ചവറയിലെ നിക്ഷേപമാണ്. ഏകദേശം 80 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടങ്ങിയിട്ടുള്ള 127 ദശലക്ഷം ടണ്‍ ഖനധാതുക്കളാണ് ഇവിടെയുള്ളത്. ടൈറ്റാനിയത്തിന്റെ ഇതേ നിലവാരം തന്നെയാണ് മറ്റുഭാഗങ്ങളിലെ നിക്ഷേപത്തിലുമുള്ളത്.

കേരളത്തിന്റെ മലനാട്ടിലും ഇടനാട്ടിലുമുള്ള പാറകള്‍പൊടിഞ്ഞുണ്ടായ ധാതുമണല്‍ പുഴകളിലൂടെ കടലിലെത്തുന്നു. കാറ്റിന്റെയും തിരമാലയുടെയും ശക്തിയാല്‍ ധാതുമണല്‍ വേര്‍തിരിഞ്ഞ് തീരത്തടിയും. കടലിന്റെ കിടപ്പും വേലിയേറ്റ, ഇറക്കങ്ങളുടെ പ്രത്യേകതയും കൊണ്ട് ചിലയിടത്തു മാത്രമാണ് മണല്‍ അടിഞ്ഞുകൂടുന്നത്. കടല്‍ത്തീരത്താണ് കാണുന്നതെങ്കിലും കരയുടെ സമ്പത്താണ് കരിമണല്‍.

ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ ഖനധാതു നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് തുടങ്ങിയവ. വടക്കന്‍കേരളത്തില്‍ മറ്റു ചില ധാതുക്കളും കാണുന്നു. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബര്‍, കളിമണ്‍ എന്നീ വ്യവസായങ്ങളില്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങള്‍, അന്തര്‍വാഹിനി, വിമാനം, മിസൈല്‍, പേസ്‌മേക്കര്‍, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഇതുപയോഗിക്കുന്നു.

വെല്‍ഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാന്‍ റൂട്ടൈല്‍ ഉപയോഗിക്കുന്നു. സാനിറ്ററിവസ്തുക്കള്‍, ടൈല്‍, കളിമണ്‍പാത്രങ്ങള്‍ എന്നിവയുണ്ടാക്കാന്‍ സിര്‍ക്കോണ്‍ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, ഡീസല്‍എന്‍ജിന്‍ ഇന്‍സുലേഷന്‍ സാധനങ്ങള്‍, സീലുകള്‍, പമ്പിന്റെ സ്പെയര്‍പാര്‍ട്ടുകള്‍ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയര്‍ എര്‍ത്ത് ക്ലോറൈഡ്, റെയര്‍ എര്‍ത്ത് ഓക്സൈഡുകള്‍, സീറിയം ഓക്സൈഡ്, ട്രൈസോഡിയം ഫോസ്‌ഫേറ്റ്, തോറിയം ഓക്സൈഡ് എന്നിവ വേര്‍തിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈല്‍, പോളിഷിങ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഗാര്‍നൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിനു പറ്റിയ അയിരാണ് സിലിമിനൈറ്റ്.

കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഒന്നരലക്ഷം ടണ്‍ കരിമണലെങ്കിലും തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഈ മേഖലയില്‍ ഖനനം സര്‍ക്കാര്‍ മേഖലയില്‍ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category