1 GBP = 89.20 INR                       

BREAKING NEWS

കാട്ടില്‍ നിന്നും തടി കടത്താന്‍ ഉപയോഗിച്ച 'ഉപകരണ'ത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും 'മെയിന്റൈന്‍' ചെയ്യാന്‍ പാടായി; പട്ടിക്കാട് തേക്കിന്‍ കൂപ്പിനുള്ളില്‍ നിന്നും പന മുറിച്ച് കടത്തിയ നാലുപേര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമക്ക് തിരികെ നല്‍കി; ഇനി കേസ് നടത്തിപ്പിനിടെ ആനയെ കോടതിയിലും സ്റ്റേഷനിലും എത്തിക്കേണ്ടത് ഉടമയുടെ ചെലവില്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: കാട്ടില്‍ നിന്നും പനകള്‍ മോഷ്ടിച്ച് കടത്തിയതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഒടുവില്‍ ഉടമസ്ഥന് നല്‍കി. കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ വിളിച്ചാലും ഉടമയുടെ ചെലവില്‍ ആനയെ കോടതിയിലും സ്റ്റേഷനിലും എത്തിക്കണം എന്ന കരാറിലാണ് കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെ ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. വനത്തില്‍ നിന്നും തടി കടത്താന്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലായിരുന്നു ആനയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ആന ഒരു ബാധ്യതയായതോടെ വനം വകുപ്പ് 'ഉപകരണ'ത്തെ ഉടമക്ക് തിരിച്ച് നല്‍കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആനയേയും നാല് പേരെയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിന്‍ കൂപ്പിനുള്ളില്‍നിന്ന് ഒമ്പത് പനകള്‍ മുറിച്ചുകടത്തിയതിന് പാപ്പാന്മാര്‍ ഉള്‍പ്പെടെ നാലുപേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. കാട്ടാനയില്ലാത്ത ഈ ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.

പാമ്പാട്ടി തേക്കുതോട്ടത്തില്‍ കയറി അഞ്ചു പനകള്‍ വെട്ടിയിടുകയും, നാലു പനകളുടെ ഓല ആനയെക്കൊണ്ട് എടുപ്പിച്ചുകൊണ്ട് പോകുകയും ചെയ്തത് അറിഞ്ഞാണ് വനപാലകര്‍ എത്തിയത്. തുടര്‍ന്ന് ആനയേയും പാപ്പാന്മാരേയും പന വെട്ടിയ മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരാക്കുകയുമായിരുന്നു. പന മുറിച്ച കേസില്‍ പഴയന്നൂര്‍ സ്വദേശി സുമേഷ്, കാവിശ്ശേരി സ്വദേശികളായ പ്രതിന്‍, മോഹന്‍രാജ്, ആനയെ പാട്ടത്തിനെടുത്ത ആല്‍പ്പാറ സ്വദേശി അനീഷ് എന്നിവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.

തടി വനത്തില്‍നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, 'ഉപകരണ'ത്തെ 'മെയിന്റയിന്‍' ചെയ്യാനുള്ള ചിലവും കഷ്ടപ്പാടും കാരണം വെട്ടിലായത് വനംവകുപ്പായിരുന്നു. ആനയെ പരിപാലിക്കാന്‍ ഒരു പാപ്പനെ തന്നെ നിയോഗിക്കേണ്ടി വന്നു വനം വകുപ്പിന്. ആനയെ തളയ്ക്കാനും മറ്റുമായി വഴുക്കുംപാറയിലെ വനംവകുപ്പ് ഓഫീസ് പരിസരം സജ്ജമാക്കിയിരുന്നു. രാവിലെ ഒമ്പതു മണിവരെ സ്റ്റേഷന്‍ പരിസരത്തും അതിനുശേഷം വെയിലിന് ചൂട് കൂടുന്നത് അനുസരിച്ച് സമീപത്തെ കാട്ടിലുമാണ് ആനയെ തളച്ചിരുന്നത്.

ആനയ്ക്ക് ആവശ്യമായ പനമ്പട്ടകളും ശുദ്ധജലവും നല്‍കേണ്ടതും വനംവകുപ്പിന്റെ ചുമലിലായി. ആന ഒരു ബാധ്യതയാകുന്നു എന്ന് കണ്ടതോടെ ആനയെ ഉടമയെ തിരിച്ചേല്‍പ്പിക്കാനും ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആനയുടമയുടെ ചെലവില്‍ തന്നെ എത്തിക്കണം എന്ന് ആവശ്യപ്പെടാനും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.

ആല്‍പ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആന. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും. ആനയെ ഉടമസ്ഥന് ഉപാധികളോടെ കൈമാറിയതോടെ ആശ്വാസത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category