പാശ്ചാത്യ ജീവിത രീതികള്‍ ആവിഷ്കരിച്ചെങ്കിലും വധശിക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും നല്‍കാതെ സൗദി ഭരണകൂടം; ഈ വര്‍ഷം ഇതുവരെ കൊന്നൊടുക്കിയത് 134 പേരെ; വധശിക്ഷ നടപ്പിലാക്കുന്നത് തല വെട്ടിയും കുരിശില്‍ തറച്ചും; മുഹമ്മദ് ബിന്‍ സല്‍മാന്റെ കണ്ണ് തുറക്കാന്‍ ലോകത്തിന്റെ പ്രാര്‍ത്ഥന
സൗദി അറേബ്യയെ തീവ്രമായ മുസ്ലീം ചിട്ടകളില്‍ നിന്നും മോചിപ്പിക്കാനും മിതവാദ രാജ്യമാക്കുന്നതിനുമായി കിരീടാവകാശിയായ രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് അഥവാ എംബിഎസ് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് സമീപകാലത്ത് പ്രാബല്യത്തില്‍ വരുത്തിയിരുന്നത്.ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് കാറോടിക്കുന്നതിനുള്ള അവകാശം തിരിച്ച് കൊണ്ട് വന്നതടക്കം സ്ത്രീ സ്വാന്ത്ര്യം ഉറപ്പ് വരുത്തുന്ന നിരവധി പ്രവൃത്തികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെ സിനിമാ ശാലകള്‍ക്കും പാശ്ചാത്യ ജീവിത രീതികള്‍ക്കും അദ്ദേഹം പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും വര്‍ഷാവര്‍ഷം നടപ്പിലാക്കുന്ന വധശിക്ഷകളുടെ കാര്യത്തില്‍ സൗദി ഭരണകൂടം യാതൊരു വിധത്തിലുള്ള ഇളവും നല്‍കുന്നില്ലെന്നാണ് പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങള്‍ക്കിടെ സൗദി വധിച്ചിരിക്കുന്ന 134 പേരെയാണ്. അറസ്റ്റ് ചെയ്തപ്പോള്‍ കുട്ടികളായിരുന്ന ആറ് പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. തലവെട്ടിയും കുരിശില്‍ തറച്ചും മറ്റ് മനുഷ്യത്വരഹിതമായ വഴികളിലൂടെയുമാണ് ഇവരെയെല്ലാം വധിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരം വധശിക്ഷകള്‍ നിരോധിച്ച് സൗദിയെ പ്രാകൃതാവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ കൂടി എംബിഎസിന്റെ കണ്ണ് തുറക്കാന്‍ ലോകം പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍.
വധശിക്ഷ കുറച്ച് കൊണ്ടു വരുമെന്ന് എംബിഎസ് വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ വധശിക്ഷയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ജനീവയിലെ യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. 2018ല്‍ സൗദി 149 പേരെയായിരുന്നു വധശിക്ഷക്ക് വിധേയരാക്കിയിരുന്നത്. ഇതിന് പുറമെ 2018 അവസാനത്തോടെ 46 പേരെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഇവരെയടക്കമുള്ളവരെയാണ് ഈ വര്‍ഷം വധിച്ചിരിക്കുന്നത്.അന്താരാഷ്ട്ര നിയമമനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ളവരെ വധശിക്ഷക്ക് വിധേയരാക്കരുതെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
എന്നാല്‍ സൗദി ഇതെല്ലാം കാറ്റില്‍ പറത്തിയാണ് അനുസ്യൂതം കുട്ടികളടക്കമുള്ളവരുടെ വധശിക്ഷ തുടരുന്നത്. ചിലരെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോട് കാണിക്കേണ്ടുന്ന ആദരവ് പുലര്‍ത്താതെ ഇവ ദീര്‍ഘകാലം പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന പതിവുമുണ്ട്. ബരോനെസ് ഹെലെന കെന്നഡി തയ്യാറാക്കിയ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡെത്ത് പെനാല്‍റ്റി പ്രൊജക്ട് എന്ന മനുഷ്യാവകാശ സംഘടന സംഘടിപ്പിച്ച ഇവന്റില്‍ വച്ച് പുറത്ത് വിട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ 37 പേരെ കൂട്ടത്തോടെ പരസ്യമായി സൗദി വധശിക്ഷക്ക് വിധേയമാക്കിയത് ഈ റിപ്പോര്‍ട്ടില്‍ എടുത്ത് കാട്ടപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ സൗദി മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും നിയമം ലംഘിച്ച് വധശിക്ഷകള്‍ നടപ്പിലാക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നു. കുറ്റവാളികളെ പരിധിയില്ലാതെ തടവില്‍ പാര്‍പ്പിക്കുകയും മറ്റ് പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത് നീതിരഹിതമായി വിചാരണക്ക് വിധേയമാക്കിയാണ് വധശിക്ഷക്ക് വിധിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് സൗദിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം കൊല്ലപ്പെട്ടവരില്‍ രണ്ട്പേര് ടീനേജര്‍മാരാണ്. അബ്ദുല്‍കരീം അല്‍ ഹവാജ് , മുജ്ടാബ അല്‍ സ്വീകാറ്റ് എന്നിവര്‍ അറസ്റ്റിലാകുമ്പോള്‍ യഥാക്രമം 16ഉം 17ഉം വയസായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.ഈ വര്‍ഷം വധശിക്ഷക്ക് വിധേയരായവരില്‍ ചുരുങ്ങിയത് 58 പേര് വിദേശികളാണെന്നും വെളിപ്പെട്ടിട്ടുണ്ട്.