1 GBP = 91.00 INR                       

BREAKING NEWS

ദുബായ് കോടതി ഉത്തരവിട്ടത് ചതികാട്ടിയ വിതരണക്കാരന്‍ ഫിറോസ് മന്നയില്‍ നിന്ന് തട്ടിപ്പ് തുക തിരിച്ചു പിടിക്കാന്‍; എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ 050 ടെലികോം പീഡിപ്പിക്കുന്നത് പാവം മലയാളി ജീവനക്കാരനേയും; 20 ലക്ഷം ലോണ്‍ എടുപ്പിച്ചും പാസ്പോര്‍ട്ട് പിടിച്ചുവച്ചും തിരുവനന്തപുരത്തുകാരന് ഒരുക്കുന്നത് കരുതല്‍ തടങ്കല്‍; ഗീത് കുമാറിനെ നാട്ടിലെത്തിക്കാന്‍ ഭരണകൂട വാതിലുകള്‍ മുട്ടി കരഞ്ഞ് മടുത്ത് ഭാര്യ: അറബിയുടെ ക്രൂരമര്‍ദ്ദനേറ്റ് തളര്‍ന്ന പ്രവാസിയുടെ കദന കഥ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മരുതംകുഴി സ്വദേശി ഗീത്കുമാര്‍ ദുബായില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ കരുതല്‍ തടങ്കലില്‍. ദുബായിലെ പ്രശസ്തമായ എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ 050 ടെലികോം ആണ് ഗീത് കുമാറിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലെറെയായി കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവ് ആയ ഗീത്കുമാര്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്. ഗീത്കുമാറിന് സംഭവിച്ചെന്നു കമ്പനി അവകാശപ്പെടുന്ന പിഴവിന്റെ പേരില്‍ കണ്ണ് നനയ്ക്കുന്ന ക്രൂരതകളാണ് 050 ടെലികോം കമ്പനി ഗീത് കുമാറിന്റെ മേല്‍ പ്രയോഗിക്കുന്നത്. കമ്പനി ഗീത്കുമാറിന്റെ മേല്‍ തുടരുന്ന നടപടികള്‍ തുടര്‍ന്നാല്‍ ഇനി വരുന്ന പന്ത്രണ്ടു വര്‍ഷം ഗീത് കുമാറിന് പട്ടിണി നേരിടേണ്ടി വരുകയും സ്വന്തം നാടായ തിരുവനന്തപുരത്ത് കാല്‍ കുത്താന്‍ കഴിയാത്ത അവസ്ഥ വന്നു ചേരുകയും ചെയ്യും.

050 ടെലികോം കമ്പനി ഗീത് കുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കുകയും നിര്‍ബന്ധപൂര്‍വ്വം 20 ലക്ഷം രൂപ ലോണ്‍ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെയില്‍സിനിടയില്‍ വിതരണക്കാരന്‍ ചതിച്ചതിനാല്‍ ഗീത് കുമാറിന്റെ മേല്‍ കമ്പനി ചുമത്തിയിരിക്കുന്നത് 60 ലക്ഷം രൂപയുടെ ബാധ്യതയാണ്. ഈ ബാധ്യത നികത്തേണ്ടത് ഗീത് കുമാര്‍ അല്ല ഗീത് കുമാറിനെ ചതിച്ച വിതരണക്കാരന്‍ ഫിറോസ് മന്നയിലാണ് എന്നുള്ളതിന് ദുബായ് കോടതിയുടെ വിധിയുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് 050 ടെലികോം കമ്പനി ഗീത് കുമാറിനെ കണ്ണീരു കുടിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യത വീട്ടേണ്ടത് ഗീത് അല്ല ഫിറോസ് ആണ് എന്നുള്ളതിന് വിധി മുന്നില്‍ നില്‍ക്കെ പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കുകയും തുക ഗീതിന്റെ കയ്യില്‍ നിന്നും ഈടാക്കുകയുമാണ് കമ്പനി ചെയ്യുന്നത്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ കടുത്ത മാനസിക പ്രയാസങ്ങള്‍ കമ്പനിയില്‍ നിന്ന് നേരിടേണ്ടി വരുകയും ഇതിനിടയില്‍ അറബിയുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്തിട്ടുണ്ട്.

നിലവിലെ കമ്പനിയുടെ ബാധ്യത തീരാന്‍ 20 ലക്ഷം രൂപ വീതം മൂന്നു തവണ ലോണ്‍ എടുക്കേണ്ടി വരും. ഗീതിന്റെ നിലവിലെ സാലറി അനുസരിച്ച് ഈ കുടിശിക തീരാന്‍ 12 വര്‍ഷമെങ്കിലും എടുക്കും. നിലവില്‍ കമ്പനി ഒരു ലോണ്‍ മാത്രമാണ് എടുത്തത്. ഇനിയും 20 ലക്ഷത്തിന്റെ രണ്ടു ലോണ്‍ വീതം എടുപ്പിക്കാനാണ് 050 ടെലികോം കമ്പനിയുടെ പരിപാടി. ഈ ലോണ്‍ കുടിശിക തീര്‍ന്നാല്‍ മാത്രമേ പിടിച്ചുവെച്ച പാസ്പോര്‍ട്ട് കമ്പനി ഗീതിനു തിരികെ നല്‍കുകയുള്ളൂ. 2500 ദിര്‍ഹമായ ശമ്പളത്തില്‍ നിന്ന് ഇപ്പോഴുള്ള 20 ലക്ഷം രൂപയുടെ ലോണ്‍ അടയ്ക്കാന്‍ ബാങ്ക് തിരികെ പിടിക്കുന്നത് 2300 ദിര്‍ഹമാണ്. വെറും 200 ദിര്‍ഹത്തിലാണ് ദുബായിലെ ഗീതിന്റെ ജീവിതം കഴിഞ്ഞ ഒരു വര്‍ഷമായി കഴിഞ്ഞു പോകുന്നത്.

ഗീതിന്റെ ശമ്പളം കുറവായതിനാല്‍ ശമ്പള തുക പെരുപ്പിച്ച് കാട്ടിയാണ് കമ്പനി ബാങ്കില്‍ നിന്നും ലോണ്‍ ഗീതിന്റെ പേരില്‍ എടുപ്പിച്ചത്. അതിനായി 2500 ദിര്‍ഹം ശമ്പളമുള്ള ഗീതിന്റെ ശമ്പളം 7500 ദിര്‍ഹമാക്കി പെരുപ്പിച്ച് കാട്ടിയാണ് ഈ തുക ലോണ്‍ സമ്പാദിച്ചത്. എടിഎം കാര്‍ഡ് തിരികെ വാങ്ങി മുഴുവന്‍ തുകയും കമ്പനി അക്കൗണ്ടില്‍ നിന്ന് തിരികെ തുക പിടിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ കാരണം ദുബായില്‍ ജീവിക്കാനും അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയും നേരിടുകയാണ്. ടെലികോം കമ്പനിക്ക് തുക തിരികെ നല്‍കേണ്ട ഫിറോസ് മന്നയില്‍ ഒരു ചെക്ക് കേസില്‍ അകപ്പെട്ടത് ഗീതിനു കൂടുതല്‍ കുരുക്കാവുകയും ചെയ്തിരിക്കുകയാണ്.

ഗീതിന്റെ ശമ്പളം ആശ്രയിക്കുന്ന നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും കഴിഞ്ഞ ഒരു വര്‍ഷമായി ചെലവിനുള്ള തുക പോലും അയക്കാന്‍ ഈ പ്രവാസിക്ക് കഴിയുന്നുമില്ല. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരന് നേരിട്ട് ഗീതിന്റെ ഭാര്യ പ്രീത പരാതി നല്‍കി ഒരു മാസത്തിലേറെയായെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഡിജിപിക്ക് പരാതി നല്‍കി. നോര്‍ക്കയ്ക്ക് പരാതി നല്‍കി. പ്രവാസികാര്യാ മന്ത്രാലയത്തിനു പരാതി നല്‍കി. ഗീത് കുമാറിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പരാതിയുമായി ഇനി എവിടെയും പോകാന്‍ ഇടമില്ലെന്നാണ് ഭാര്യ പ്രീത മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്. നോര്‍ക്കയില്‍ പരാതി നല്‍കിയപ്പോള്‍ എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബര്‍ കോടതിയില്‍ പരാതി നല്‍കാന്‍ എംബസി പറഞ്ഞു. അവര്‍ കമ്പനിയുടെ ഫിനാന്‍സ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യില്‍ നല്‍കാം എന്നൊക്കെ ഫിനാന്‍സ് മാനേജര്‍ എംബസി മുന്‍പാകെ പറഞ്ഞു. പക്ഷെ കമ്പനിയില്‍ എത്തിയപ്പോള്‍ അവര്‍ പരാതി ഒന്നുമില്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. ശമ്പളം കയ്യില്‍ തരില്ലാ എന്ന് പറഞ്ഞു ഇനി അടുത്ത ലോണ്‍ എടുപ്പിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞു. അതിനുള്ള രേഖകള്‍ ശരിയാക്കി വാങ്ങുകയും ചെയ്തു.

ഗീത് കുമാര്‍ ചെയ്യുന്ന എത്തിസലാത്തിന്റെ മൊബൈല്‍ ഡിസ്ട്രിബ്യൂഷന്‍ ജോലിക്കിടയില്‍ വിതരണക്കാരനായ മലപ്പുറം സ്വദേശി ഫിറോസ് മന്നയില്‍ വരുത്തിയ കുടിശികയുടെ പേരിലാണ് ദുബായില്‍ ഇപ്പോള്‍ ഗീത് കുമാര്‍ തീ തിന്നുന്നത്. ഗീത് കുമാറില്‍ നിന്നും പതിവായി മൊബൈല്‍ സിമ്മുകളും റീ ചാര്‍ജ് കാര്‍ഡുകളും സ്വീകരിക്കുന്ന വിതരണക്കാരനില്‍ ഒരാളായിരുന്നു ഫിറോസ് മന്നയിലും. രണ്ടു ഷോപ്പുകള്‍ ഫിറോസ് മനയിലിനു ദുബായിലുണ്ടായിരുന്നു. റീ ചാര്‍ജും സിമ്മും സെയില്‍ ചെയ്ത വകയില്‍ രണ്ടേകാല്‍ കോടി രൂപയോളം ഫിറോസ് മന്നയില്‍ കുടിശിക വരുത്തി. ഇതില്‍ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം രൂപ ഫിറോസ് തിരിച്ചടച്ചു. ഇപ്പോഴും കമ്പനിയുടെ കണക്കില്‍ 60 ലക്ഷം രൂപ കുടിശികയുണ്ട്. ഈ കുടിശിക ബലമായി ഗീത്കുമാറില്‍ നിന്നും ഈടാക്കാനാണ് കമ്പനിയുടെ നീക്കം. ഇരുപത് ലക്ഷം രൂപയുടെ ലോണ്‍ നിലവിലുണ്ട്. അടുത്ത 20 ലക്ഷം രൂപയുടെ ലോണ്‍ എടുപ്പിക്കാന്‍ കടലാസുകള്‍ കമ്പനി ശരിയാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെയാണെങ്കില്‍ അടുത്ത നാല് വര്‍ഷവും ഗീത്കുമാറിന് നാട്ടിലെത്താന്‍ കഴിയില്ല.

നാല് വര്‍ഷമായി ദുബായില്‍ തുടരുന്ന ആളാണ് ഗീത് കുമാര്‍. മൂന്നു വര്‍ഷമായി 050 ടെലികോം കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ബള്‍ക്ക് പര്‍ച്ചേസ് എന്ന രീതിയിലാണ് മൊബൈല്‍ സിമ്മുകളും റീ ചാര്‍ജ് കാര്‍ഡുകളും സെയില്‍ ചെയ്യുന്നത്. ഇതിന്നിടയില്‍ ഫിറോസിന്റെ ഭാഗത്ത് നിന്ന് ചതി പറ്റിയതാണ് ഗീതിനു വിനയായത്. ഗീതും ഫിറോസും ഒത്തു കളിച്ചതായി കമ്പനിയുടെ ഉടമയായ അറബിക്ക് തോന്നിയതിനാലാണ് ഗീതിനു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. പാസ്പോര്‍ട്ട് പിടിച്ചു വെച്ചത് കാരണം കമ്പനി പറയുന്നത് പോലെ ഇപ്പോള്‍ ജോലിയില്‍ തുടരാനും പട്ടിണി കിടക്കേണ്ട അവസ്ഥ നേരിടേണ്ടി വരുകയും ചെയ്തിരിക്കുകയാണ്. സുഹൃത്തുകള്‍ സാമ്പത്തികമായി സഹായിക്കുന്നത് കാരണമാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗീതിനു കഴിയുന്നത്.

പോരാട്ടം തുടരുന്ന ഗീതിന്റെ ഭാര്യ പ്രീതയുടെ മറുനാടനോടുള്ള പ്രതികരണം ഇങ്ങിനെ:
എന്റെ ഭര്‍ത്താവ് ദുബായിലെ 050 ടെലികോം കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഇപ്പോള്‍ അദ്ദേഹം ചതിയില്‍ കുടുങ്ങിയിരിക്കുന്നു. ആ ചതിയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ദുബായ് കോടതി വിധിയുണ്ട്. സാമ്പത്തിക ബാധ്യത വരുത്തിയത് ഫിറോസ് ആയതിനാല്‍ തുക ഫിറോസില്‍ നിന്നും തിരികെ പിടിക്കണമെന്ന്. അത് ചെയ്യാതെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ടെലികോം കമ്പനി അദ്ദേഹത്തെ ബന്ദിയാക്കി വേറൊരാള്‍ നല്‍കാനുള്ള തുക അദ്ദേഹത്തില്‍ നിന്നും പിടിക്കുകയാണ്. അങ്ങിനെയാണെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന പട്ടിണിയും നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയും അദ്ദേഹത്തിനു നേരിടേണ്ടി വരും. സിം കാര്‍ഡുകളും റീ ചാര്‍ജ് കൂപ്പനുകളും ബള്‍ക്ക് ആയി നല്‍കിയപ്പോള്‍ അദ്ദേഹത്തിനു തുക കുടിശിക വന്നു. ഈ കുടിശിക മലപ്പുറം സ്വദേശി ഫിറോസ് മന്നയില്‍ വരുത്തിയതാണ്. അല്ലാതെ അദ്ദേഹം വരുത്തിയതല്ല.

60 ലക്ഷത്തോളം രൂപയാണ് കുടിശിക വന്നത്. കമ്പനി ഇടപെട്ടു കേസ് നല്‍കി. അപ്പോള്‍ വിധി വന്നത് കമ്പനിക്ക് അനുകൂലമായി. അപ്പോള്‍ പിന്നെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് കുടിശിക ഈടാക്കാന്‍ കാരണമേന്താണ്? നമ്മുടെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കാര്യമാത്ര പ്രസക്തമായ ഒരിടപെടലും വന്നിട്ടില്ല. പരാതി നല്‍കേണ്ട എല്ലായിടത്തും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കി. ഡിജിപിക്ക് നല്‍കി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും നല്‍കി. മുരളീധരന് പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞു. നോക്കാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആ പരാതിയില്‍ ഒരു നടപടിയും വന്നില്ല. നോര്‍ക്കയ്ക്ക് പരാതി നല്‍കി. നോര്‍ക്കയ്ക്ക് നല്‍കിയ പരാതിയില്‍ ചെറിയ ഇളക്കം വെച്ചു എന്ന് മാത്രം. നോര്‍ക്ക എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബര്‍ കോടതിയില്‍ പരാതി നല്‍കാന്‍ പറഞ്ഞു. ഫിനാന്‍സ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യില്‍ നല്‍കാം എന്നൊക്കെ ഫിനാന്‍സ് മാനേജര്‍ പറഞ്ഞു.

പക്ഷെ പരാതി ഒന്നും ഇല്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. പിറ്റേന്ന് സാലറി കയ്യില്‍ തരില്ലാ എന്നും പറഞ്ഞു, ഇനി അടുത്ത ലോണ്‍ എടുപ്പിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞു. അതില്‍ കവിഞ്ഞു ഒരു നടപടിയും വന്നില്ല. ശക്തമായ ഇടപെടല്‍ ആണ് ആവശ്യം. ഈ ഇടപെടല്‍ ആരു നടത്തും എന്നാണ് എനിക്കറിയാത്തത്. എന്റെ ഭര്‍ത്താവിനു എന്ന് ദുബായില്‍ നിന്നും മോചനമാകും എന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഒപ്പം ഞങ്ങളുടെ കുടുംബമുണ്ട്. മാതാപിതാക്കളുമുണ്ട്. ഞാന്‍ ജോലിക്ക് പോകുന്ന രീതിയില്‍ ഉള്ള ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോരുന്നത്. ഞങ്ങളുടെ കുടുംബം പൂര്‍ണ പ്രതിസന്ധിയിലാണ്. എവിടെ നിന്ന് കനിവിന്റെ കൈത്തിരി നീളുമെന്ന് എനിക്ക് അറിയില്ല-പ്രീത പറയുന്നു.

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരില്‍ സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായ സമയത്ത് ഇതായിരുന്നില്ല അവസ്ഥ. ഒരു ട്വിറ്റര്‍ സന്ദേശം വഴി കാര്യങ്ങള്‍ അറിയിച്ചാല്‍ പ്രവാസികള്‍ക്കുള്ള ഏതു കുരുക്കും നൊടിയിടയില്‍ മാറി പോവുമായിരുന്നു. എത്രയോ പ്രശ്നങ്ങള്‍ വെറും ട്വിറ്റര്‍ സന്ദേശങ്ങള്‍ വഴി പരിഹൃതമാവുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ അമ്മ എന്നാണ് സുഷമ സ്വരാജ് പിന്നെ വിശേഷിക്കപ്പെട്ടത്. സുഷമ സ്വരാജ് ജീവിച്ചിരുന്നെങ്കില്‍ കേന്ദ്രവിദേശ കാര്യാ മന്ത്രി സ്ഥാനം സുഷമാ സ്വരാജിനു തന്നെ ലഭിച്ചേനെ. സുഷമാ സ്വരാജിന്റെ അഭാവത്തിലാണ് ഈ സ്ഥാനത്തേക്ക് മുന്‍ വിദേശകാര്യാ സെക്രട്ടറി എസ്. ജയശങ്കര്‍ അവരോധിതനായത്. ജയശങ്കറിന് തൊട്ടു താഴെ കേന്ദ്ര വിദേശകാര്യാ സഹമന്ത്രിയായി മലയാളിയായ വി.മുരളീധരനുണ്ട്.

സംസ്ഥാന സര്‍ക്കാറിന് ചെയ്യാവുന്നതില്‍ അധികം കാര്യം ചെയ്യാന്‍ വി.മുരളീധരന് കഴിയുകയും ചെയ്യും. ഗീതിന്റെ ഭാര്യ പ്രീത മുരളീധരന് നേരിട്ട് പരാതി നല്‍കിയിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ പരാതിയില്‍ ഇതുവരെ ഒരു നടപടിയും വന്നിട്ടുമില്ല.ഗീത് ഇപ്പോള്‍ പെട്ടിരിക്കുന്ന അവസ്ഥ സുഷമ സ്വരാജിന്റെ അഭാവമാണ് വെളിവാക്കുന്നത്. ഇപ്പോള്‍ കനിവിന്റെ ഒരു കൈത്തിരി എവിടെ നിന്നെങ്കിലും തെളിഞ്ഞെക്കും എന്ന അവസ്ഥയില്‍ പ്രീതയും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category