50 വയസ് കഴിഞ്ഞവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍; ഏറ്റവും ഒടുവില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാര്‍; 50 കഴിഞ്ഞവരുടെ സ്ഥിതിവിവര കണക്ക് എടുക്കുന്നത് പിരിച്ചുവിടാന്‍ ആണെന്ന ഊഹാപോഹങ്ങള്‍ ശക്തം; വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയിലായ ബിഎസ്എന്‍എല്ലിനെ രക്ഷിക്കാന്‍ എന്ന പേരില്‍ പുറത്താക്കാന്‍ ഗൂഢാലോചന തുടങ്ങിയതായി ആരോപിച്ച് ജീവനക്കാര്‍
ന്യൂഡല്‍ഹി: ഏതുസ്ഥാപനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങല്‍. ബിഎസ്എന്‍എല്ലില്‍ അതു തുടര്‍ക്കഥയായിരിക്കുന്നു. ഓണത്തിന് പോലും ജീവനക്കാര്‍ ശമ്പളം കിട്ടാതെ വലഞ്ഞു. ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് അതിനേക്കാളേറെ ജീവനക്കാരെ അലട്ടുന്നത്. ബി.എസ്.എന്‍.എല്ലിലെ 50 വയസ്സ് പിന്നിട്ട എല്ലാ എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് ജീവനക്കാരുടെയും സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിനായി ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ജില്ലാ ജനറല്‍ മാനേജര്‍ ഓഫീസുകളിലും അക്കൗണ്ട്സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇത് ജീവനക്കാരെ പിരിച്ചു വിടുന്നതിന് മുന്നോടിയാണെന്ന ആശങ്ക പരന്നുകഴിഞ്ഞു.
ഉടന്‍ വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് സംഘങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം, പ്രത്യേക സംഘത്തിലെ ജീവനക്കാര്‍ സെപ്റ്റംബര്‍ 30 വരെ പരമാവധി അവധിയെടുക്കാതെ പണിയെടുക്കണം. ബി.എസ്.എന്‍.എല്‍. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി വി.ആര്.എസ്. ഏര്‍പ്പെടുത്താനാണ് അടിയന്തര വിവരശേഖരണമെന്ന് കരുതുന്നു. അവധി സംബന്ധമായ വിവരങ്ങള്‍, സര്‍വീസ് വെരിഫിക്കേഷന്, അവധി ശമ്പളം, പെന്ഷന് വിഹിതം എന്നിവയുടെയെല്ലാം വിശദമായ റിപ്പോര്‍ട്ട് അയയ്ക്കണം. എല്ലാ ജീവനക്കാരുടെയും സര്‍വീസ് ബുക്ക് വിവരങ്ങള്‍ ശേഖരിച്ച് ഡല്‍ഹി കോര്‍പ്പറേറ്റ് ഓഫീസിലെ പെന്ഷന് വിഭാഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കഴിഞ്ഞയാഴ്ച അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കിള്‍, ടെലികോം ജില്ല, റീജന്‍, ടെലികോം സ്റ്റോറുകള്‍, ഫാക്ടറികള്‍ എന്നിവയുടെ തലവന്മാര്ക്കാണ് കത്ത് നല്‍കിയത്.എല്ലാ ജീവനക്കാരുടെയും സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് പറയുന്ന കത്തില്‍ ഓഗസ്റ്റ് 31-ന് 50 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.18 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരുടെയും വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രം അവശേഷിക്കുന്നവരുടെയും വിവരങ്ങള്‍ അയയ്ക്കണമെന്നുകാട്ടി നേരത്തേ വിവിധ കത്തുകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് നല്‍കിയിരുന്നു. പെന്ഷന് കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് വിവരം ശേഖരിക്കുന്നതെന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്.
മാനേജ്മെന്റ് കെടുകാര്യസ്ഥതയ്ക്ക് പഴി ജീവനക്കാര്‍ക്ക്
അതേസമയം, കൃത്രിമപ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ആരോപണവും സജീവമാണ്. ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതും പെന്ഷന് നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം. റിലയന്‍സിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.നിലവില്‍ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എന്‍എല്ലിനുള്ളത്. എന്നാല്‍ കമ്പനിയുടെ ആസ്തി ഫലപ്രഥമായി വിനിയോഗിച്ചാല്‍ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അടുത്ത കുറച്ചു മാസങ്ങളില്‍ കമ്പനി മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടത് ഏകദേശം 2500 കോടി രൂപയാണ്. ഈ തുക നല്കി കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ തയാറായാല്‍ ബിഎസ്എന്‍എല്ലിന് കുറച്ചു മാസങ്ങള്‍ കൂടെ കഴിച്ചുപോകാം. നിലവില്‍ 13,500 കോടിയുടെ കടമുള്ളതിനാല്‍ ബാങ്കുകളൊന്നും വായ്പ നല്കാന് മുന്നോട്ടുവരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പുതിയ ടെക്നോളജികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസവുമാണ് ബിഎസ്എന്‍എല്ലിനെ ഈ നിലയിലേക്ക് വീഴ്ത്തിയത്. വിവിധ സര്‍ക്കിളുകളിലെ നിരവധി ടവറുകള്‍ നിശ്ചലമാണ്. കേരളത്തില്‍ തന്നെ നൂറില്‍ കൂടുതല്‍ ടവറുകള്‍ നിശ്ചലമാണ്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്നതോടെയാണ് മറ്റു ടെലികോം കമ്പനികളെ പോലെ ബിഎസ്എന്‍എലും പ്രതിസന്ധിയിലായത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കേണ്ടിവന്നതോടെ ബിഎസ്എന്‍എലിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ലാന്‍ഡ് ലൈന്‍ കണക്ഷനില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ ടെക്നോളജികളും ഓഫറുകളും നല്കുന്നതില് ബിഎസ്എന്‍എല്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. ഇനി ബിഎസ്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പാക്കേജാണ് പ്രതീക്ഷ. 74000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലടക്കം ഉള്ള വിപുലമായ പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്ഏറ്റവും കൂടുതല്‍ നഷ്ടം നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബിഎസ്എന്‍എല്‍. നിലവിലെ കണക്കനുസരിച്ച് 13804 കോടിയാണ് ആകെ നഷ്ടം. എംടിഎന്‍എല്‍ 3398 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ സാമ്പത്തിക രക്ഷാ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്.
ആകെ 74000 കോടി രൂപയാണ് ചിലവഴിക്കുക. 20000 കോടി രൂപയുടെ 4 ജി സ്പെക്ട്രം കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അനുവദിക്കും. 4ജി നടപ്പാക്കാന്‍ 13000 കോടി രൂപയും നല്‍കും. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയും നടപ്പാക്കും. ഇതിനായി 40000 കോടിയാണ് നല്‍കുക. നിലവില്‍ ബിഎസ്എന്‍എലും എംടിഎന്‍എലും കൂടുതല്‍ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്. ടെലികോം മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി കാരണം ഓഹരി വിറ്റഴിക്കല്‍ പ്രായോഗികമല്ല. 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം പുരോഗമിക്കവേ പുതിയ സാങ്കേതിക വിദ്യകളിലൂടെ ബിഎസ്എന്‍എല്ലിനെ നവീകരിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.