1 GBP = 97.50 INR                       

BREAKING NEWS

ഭാഷ വ്യക്തികള്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു ഉപകരണമായി മാത്രം കാണുമ്പോള്‍ മാതൃഭാഷയോടൊപ്പം ഹിന്ദിയും കൂടി അഭ്യസിക്കുമ്പോള്‍ വ്യക്തികളുടെ ലോകം കൂടുതല്‍ വിസ്തൃതമാകും

Britishmalayali
റോയ് സ്റ്റീഫന്‍

ഭാഷ എന്നും ഒരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായാണ് എക്കാലവും നിലനില്‍ക്കുന്നത്. ഭാഷ അന്യം നിന്നുപോവുകയെന്നാല്‍ ഒരു സമൂഹവും ആ സമൂഹം പ്രതിനിധാനം ചെയ്യുന്ന സംസ്‌ക്കാരവും ചരിത്രത്തില്‍നിന്നും തന്നെ അപ്രത്യക്ഷമാവുന്നതിനു തുല്യമാണ്. അപ്പോള്‍ ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികള്‍ അവര്‍ നിത്യേന ഉപയോഗിക്കുകയും സ്‌നേഹിക്കുയും ചെയ്യുന്ന ഭാഷയെ വിശാലമായി പ്രചരിപ്പിക്കുവാനും പ്രഘോഷിക്കുകയും ചെയ്യുന്നതില്‍ യാതൊരു തെറ്റും കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയനേതൃത്ത്വവും പ്രോത്സാഹിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന എല്ലാ വസ്തുതകളും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ചില വ്യക്തികളും സാമൂഹിക വിരുദ്ധതയായി കാണുന്നത് സ്വാഭാവികമാണ്. അതോടൊപ്പം തന്നെ ചിലര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരങ്ങളുമായി ചിത്രീകരിക്കുകയും കൂടി ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് വിഷയത്തിന്റെ തീഷ്ണത ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വരും.  എല്ലാ ഭാരതതീയരും ഹിന്ദി പഠിക്കണമെന്നും സംസാരിക്കണമെന്നുമുള്ള ഭാരതത്തിന്റെ ആഭ്യന്തരമന്ത്രിയുടെ ആഹ്വാനവും ഉപദേശവും  അതുപോലെ തെറ്റായി വ്യാഖ്യാനിച്ചതായി മാത്രമാണ് കാണപ്പെടുന്നത്.


ഹിന്ദി ഭാഷാപഠനവുമായുള്ള  പ്രസ്?താവന വിവാദമായപ്പോള്‍ തന്നെ  പൊതുസമൂഹത്തിനു മുന്‍പില്‍ അദ്ദേഹം പറഞ്ഞതിലുള്ള  ഉദ്ദേശശുദ്ധി വ്യക്തമാക്കി. മാതൃഭാഷയോടൊപ്പം രണ്ടാമതായി ഹിന്ദി പഠിപ്പിക്കണമെന്ന് മാത്രമാണ് ആഹ്വാനം ചെയ്തത്. കുട്ടികളിലെ വളര്‍ച്ചയില്‍ മാതൃഭാഷയ്ക്കുള്ള പങ്കും അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്തു. അതായത് കുട്ടികളിലെ മാനസികമായ വളര്‍ച്ചയ്ക്ക് മാതൃഭാഷ അനിവാര്യഘടകം തന്നെയാണെന്ന വസ്തുത. ഭാരതത്തിലെ 29 സംസ്ഥാങ്ങളിലുമായി 22 ഭാഷകള്‍ സംസാരിക്കുമ്പോളും അതിലുപരി പ്രാദേശിക ഭാഷകള്‍ നിലവിലുണ്ട് ഏകദേശം 720 പ്രാദേശിക ഭാഷകള്‍ നിലനില്‍ക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭാരതത്തില്‍ ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. 1800 മുതല്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം മാതൃഭാഷയോടൊപ്പം ഇംഗ്ലീഷും പഠിക്കുവാന്‍ തുടങ്ങിയതുകൊണ്ട് മാത്രം  ഭാരതത്തിലെ നിലവിലെ വളര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിക്കുവാന്‍ സാധിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളും ഭാരതീയരോട് മാതൃഭാഷ പഠിക്കരുതെന്നു പറഞ്ഞതായി കേട്ടിട്ടില്ല. പക്ഷെ അവരുടെ ഭാഷ പഠിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം തന്നെ അവരില്‍ ചിലരെങ്കിലും ഹിന്ദി ഭാഷ പഠിച്ചിരുന്നു എന്നതിനും തെളിവുകള്‍ ധാരാളമുണ്ട്. ഭാരതീയരില്‍ ഇംഗ്ലീഷ് പ്രാവീണ്യം നിലവില്‍ വന്നപ്പോള്‍ ഹിന്ദിയ്ക്കൊപ്പം, ഇന്ത്യന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി മാറി ഇംഗ്ലീഷ് ഭാഷയും. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ് ഒരു ഔദ്യോഗിക ഭാഷയാണെന്നതും വസ്തുതയാണ്.

1970 കളില്‍ തന്നെ കേരളത്തിലെ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിച്ചിരുന്നത് ധാരാളം മലയാളികള്‍ക്ക്പിന്നീട് ഗുണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും നന്നേ ചെറുപ്പത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ജോലി തേടി വടക്കേ ഇന്ത്യയിലേക്കുള്ള   യാത്രകളില്‍. ഹിന്ദി എഴുതുവാനും വായിക്കുവാനും പരിശീലിച്ചിരുന്നതുകൊണ്ടു മാത്രം  സംസാരവും വളരെ  അനായാസമായി മാറുകയായിരുന്നു. ആദ്യകാലങ്ങളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ആശ്രയം വടക്കേ ഇന്ത്യയിലുള്ള ജോലിസാധ്യതകളായിരുന്നു പ്രത്യേകിച്ചും വടക്കേ ഇന്ത്യക്കാരുടെ മാതൃഭാഷ വശമില്ലാതിരുന്ന കാലഘട്ടത്തിലും ഹിന്ദിയിലെ പ്രാവീണ്യം ഗുണമായി മാറിയത് പലര്‍ക്കും എളുപ്പത്തില്‍ മറക്കുവാന്‍ സാധിക്കുന്നില്ല.

ഭാരതത്തിന്റെ പ്രതിരോധമേഖലകളില്‍ ജോലി ചെയ്തിരുന്ന എല്ലാ വ്യക്തികളും തന്നെ ഹിന്ദി തങ്ങളുടെ അനുദിനജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തതിന്റെ ഉദാഹരണമാണ് വിരമിക്കലിനു ശേഷവും ഹിന്ദിയുടെ ഉപയോഗത്തിലൂടെ കാണുവാന്‍ സാധിക്കുന്നത്. മാതൃ ഭാഷയായ മലയാള ഭാഷയെ കൈവിടാതെ തന്നെ ഹിന്ദിയേയും ഇംഗ്ലീഷിനേയും ഒരുപോലെ സ്‌നേഹിക്കുവാന്‍ ഒരു തലമുറയ്ക്ക് സാധ്യമായെങ്കില്‍ ഇനിയും വരുന്ന തലമുറയ്ക്കും സാധ്യമാവും. ഹിന്ദി പഠിക്കുവാനുള്ള ഭാരതത്തിന്റെ ആഭ്യന്തര മന്ത്രിയുടെ ആഹ്വാനം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുകയും ചെയ്യും.

നിലവിലെ ജീവിതസാഹചര്യങ്ങളില്‍  മനുഷ്യന് ലോകത്തില്‍  ജീവിതവിജയം നേടണമെന്നതിലുപരി നിലനില്‍ക്കണമെങ്കില്‍ പോലും അന്യോന്യം നല്ല ആശയവിനിമയം അനിവാര്യമായ ഘടകമാണ്. അതും പൊതുവായ ഭാഷയിലുള്ള വാക്കാലുള്ള ആശയവിനിയോഗം. വാക്യങ്ങളാലുപരി ശാരീരീരത്തിന്റെ ഭാഷയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെങ്കിലും എല്ലാ അവസരങ്ങളിലും വാക്യങ്ങള്‍ക്ക് തന്നെയാണ് മുന്‍ഗണന. വാഖ്യങ്ങളില്‍ വ്യക്തത ഉണ്ടാകാതിരിക്കുന്ന അവസരങ്ങളിലാണ് ആശയക്കുഴപ്പങ്ങള്‍ ഉടലെടുക്കുന്നത്. പ്രത്യേകിച്ചും വേറിട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്ന വ്യക്തികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ചുറ്റുപാടുകളില്‍ ഉപയോഗിക്കുന്ന പദങ്ങളിലും വാക്യങ്ങളിലുമുള്ള ചെറിയ തെറ്റുകള്‍ പോലും വലിയ  തെറ്റിദ്ധാരണകളിലേയ്ക്ക് എത്തിച്ചേരും.

ഓരോ മനുഷ്യരും മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വലിയ തെറ്റിദ്ധാരണ മറ്റെല്ലാവരുടെയും ചിന്തകള്‍ താന്‍ സംസാരിക്കുന്ന അതെ വിഷയത്തിലായിരിക്കും എന്നുമാത്രമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും മറിച്ചാണ് സംഭവിക്കുന്നത് എല്ലാ വ്യക്തികള്‍ക്കും വേറിട്ട ജീവിത സാഹചര്യങ്ങളും മുന്‍ഗണനകളും നിലനില്‍ക്കുന്നതുകൊണ്ടു എത്ര വ്യക്തമായ പ്രഭാഷണമാണെങ്കില്‍ കൂടിയും കേള്‍ക്കുന്നവര്‍ മുഴുവന്‍ ശ്രവിക്കണമെന്നും ഉള്‍ക്കൊള്ളണമെന്നും ഇല്ലാ. അതായത് ചെറിയ ഗ്രൂപ്പുകളിലും കൂട്ടായ്മകളില്‍ പോലും ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ കാണുവാന്‍ സാധ്യത കുറവാണ് പ്രത്യേകിച്ചും വേറിട്ട ഭാഷയില്‍ ആശയ വിനിമയം നടത്തുമ്പോള്‍. 

ഭാരതീയ ജനാധിപധ്യ വ്യവസ്ഥിതിയിലുള്ള  ആര്‍ട്ടിക്കിള്‍ 120 പ്രകാരം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ നാനാവിധത്തിലുള്ള  പ്രവര്‍ത്തനങ്ങളുടെ ആശയവിനിമയങ്ങളും നടക്കുന്നത്. എന്നാല്‍ ഈ രണ്ടു ഭാഷയിലും പ്രാവീണ്യം കുറവുള്ള അംഗങ്ങള്‍ക്ക് കംപ്യൂട്ടറിലൂടെ അവരുടെ മാതൃഭാഷയിലും വിവര്‍ത്തനം സാധ്യമാക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ മറ്റുള്ളവരുടെ വാക്കുകള്‍ സ്വന്തം ഭാഷയില്‍ ശ്രവിക്കുവാന്‍ സാധിക്കുമെങ്കിലും ഫലവത്തായ മറുപടി തക്കസമയത്തു  പറയുവാന്‍ ശരിക്കും കഷ്ടപ്പെടുമെന്നുള്ള വസ്തുത പലപ്പോഴും പുറത്തു പറയാറില്ല. ഇപ്പോള്‍ ലോകസഭയില്‍ 545 അംഗങ്ങളാണുള്ളത് ഇവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദിയില്‍ നല്ല വാക്ചാതുര്യമുള്ളവരാണ് അതോടൊപ്പം ഇംഗ്ലീഷില്‍ അത്രയും മികവ് പുലര്‍ത്തുന്നവരുമല്ല.

ചുരുക്കത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിരന്തരം ഉപയോഗിക്കുന്ന ഭാഷ ഹിന്ദി മാത്രമാണ് ബഹുഭൂരിപക്ഷവും നേര്‍ക്കുനേര്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ മറ്റുഭാഷയില്‍ സംസാരിക്കുന്ന വ്യക്തികളുടെ ആവശ്യങ്ങള്‍ ഭാഗീഗമായെങ്കിലും നിറവേറാതെ പോവുകയെന്നത് വസ്തുത തന്നെയാണ്. അപ്പോള്‍ ഹിന്ദിയിലും  ഇംഗ്ലീഷിലും വാക്ചാതുര്യമില്ലാത്ത അംഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.  കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭാംഗങ്ങളും പാര്‍ലമെന്റില്‍ മലയാളികളെ പ്രധിനിധീകരിക്കുന്നവരാണ് എന്നാല്‍ ഇവരില്‍ എത്രപേര്‍ക്ക് ഈ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ട് എന്ന് ഇലെക്ഷന്‍ വേളകളില്‍ ഒരു മലയാളിയും അന്വേഷിക്കാറുമില്ല.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആശയ വിനിമയം ഒട്ടും ക്ലേശകരമല്ലാത്ത ഡിജിറ്റല്‍ യുഗത്തില്‍ വ്യക്തികള്‍ അതിരുകളില്ലാതെ അന്യോന്യം ആശയവിനിമയത്തിന് വേറിട്ട ധാരാളം സോഷ്യല്‍ മീഡിയകളിലൂടെ സാധ്യമാക്കുമ്പോള്‍ മാതൃഭാഷയ്ക്കുപരി രണ്ടാമതോ മൂന്നാമതോ ആയി ഇനിയൊരു ഭാഷയെ കൂടി  ഒരു മാധ്യമം മാത്രമായി കാണുവാന്‍ ശ്രമിക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ ആ ഭാഷയിലും പ്രഗല്‍പ്പ്യം നേടുവാന്‍ സാധിക്കും. പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപധ്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത്. ദേശം ദേശീയ ദേശസ്‌നേഹം ഇവയെല്ലാം ചേര്‍ത്തുനിര്‍ത്തി ഭാരതീയര്‍ ഒരുമിച്ചപ്പോള്‍ മാത്രമാണ് ഭാരതത്തിന് സ്വാതന്ത്രം സാധ്യമായത്. നിലവില്‍ ഭാരതം ഒരു തുറന്ന രാജ്യം തന്നെയാണ് പൂര്‍ണ്ണ വ്യക്തി സ്വാതന്ത്രം നിലനില്‍ക്കുന്ന രാജ്യം ജാതിമത വിശ്വസങ്ങളുടെ മതിലുകള്‍ക്കപ്പുറം ഭാരതമെന്പാടും സഞ്ചരിക്കുവാന്‍ സാധ്യമാകുന്ന രാജ്യം.

ഇത് സാധ്യമാക്കിയ ഭാരതത്തിന്റെ ഭരണഘടന വെറുമൊരു നിയമരേഖ മാത്രമല്ല രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക പരിണാമത്തിന്റെ നേര്‍ചിത്രമാണ്. ഈ ഭരണഘടനയില്‍നിന്നുമാണ് ദേശീയത ഉദ്ഭവിക്കുന്നത് അതും ദേശ സ്‌നേഹത്തിലൂന്നിയ ദേശീയത. ജനാധിപധ്യ പ്രക്രീയയില്‍ ദേശീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും ജനങ്ങള്‍ അറിയേണ്ടതും അതില്‍ ഇടപെടല്‍ നടത്തേണ്ടതും അത്യാവശ്യമാണ്. ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് ജനങ്ങളില്‍ പൊതു സംവാദങ്ങള്‍ അനിവാര്യമാണ് അത് ജനങ്ങളെ തമ്മില്‍ അകറ്റുവാനല്ല ജനങ്ങള്‍ക്കിടയിലുള്ള മറിച്ചു മിഥ്യധാരണകള്‍  അകറ്റുവാനുള്ള വേദിമാത്രമാണ്. അതിലേയ്ക്ക് വേണ്ടതും സുഗമമായി ആശയ വിനിമയം നടത്തുവാനുള്ള ഒരു ഭാഷയും.

ഹിന്ദി എല്ലാ ഭാരതീയരും പഠിക്കണമെന്നും ഉപയോഗിക്കണമെന്നുള്ള കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന ഹിന്ദി മാതൃഭാഷയല്ലാത്ത ഭാരതീയര്‍ക്ക് പ്രഥമദൃഷ്ട്യത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടാകുന്നത് അവരോരുത്തരുടേയും മാതൃഭാഷയോടുള്ള സ്‌നേഹം മാത്രമായിരിക്കാം. അതും അംഗീകരിക്കേണ്ട ഘടകവുമാണ്. എന്നാല്‍ ഒരു രാജ്യത്തിന് ഒരു ഭാഷയിലെ അനിവാര്യതയും അംഗീകരിക്കേണ്ട ഘടകം തന്നെയാണ്. കാരണം മറ്റൊന്നുമല്ല സുഗമമായ ഭരണം ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാത്ത ഭരണം കാഴ്ച്ചവൈയ്ക്കുന്നതിനുമാത്രം.

സമൂഹത്തില്‍ വ്യത്യസ്ത നിലനില്‍ക്കണമെന്നുള്ളത് അനിവാര്യ ഘടകം തന്നെയാണ് ഈ വ്യത്യസ്തയിലൂടെയാണ് പുത്തന്‍ ആശയങ്ങള്‍ രൂപീകൃതമാകുന്നത്. ജനാധിപത്യപ്രക്രിയയില്‍ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളുടെയും ഇടപെടല്‍ ഉറപ്പുവരുത്താന്‍ ജനങ്ങളിലെ ആശയവിനിമയം ശക്തമാക്കണം. മാത്രുഭാഷയിലുപരി ഹിന്ദിയെ രാഷ്ട്രഭാഷയായിത്തന്നെ അംഗീകരിച്ചുകൊണ്ട് പഠിക്കുവാനും ഉപയോഗിക്കുവാനും തുടങ്ങുമ്പോള്‍ വീണ്ടും ഭാരതം ഒന്നാവുകയാണ് അതോടൊപ്പം ഭാരതീയരും ഒന്നാവുകയാണ്.

 ഭാരതത്തിലെ ബഹുപൂരിപക്ഷം ജനങ്ങളോടൊപ്പം ലോകത്തിലെ മറ്റു രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്ന കാര്യവും അംഗീകരിക്കേണ്ട വസ്തുതയുമാണ് മൗറീഷ്യസ്, ഫിജി, സുരിനാം, ഗയാന, ട്രിനിഡാഡ് & ടൊബാഗോ, നേപ്പാള്‍ തുടങ്ങിയ ഇന്ത്യക്ക് പുറത്തുള്ള ചില രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നുണ്ട്. ഇതുപോലുള്ള ആഗോള രാജ്യങ്ങളിലും ഹിന്ദിയുടെ ഉപയോഗം പ്രവാസികളായ ഭാരതീയര്‍ക്ക് ഒരുമിക്കുവാനുള്ള അവസരം കൂടിയായി കാണുക. ഒരു രാജ്യമെന്നത് അവിടത്തെ ജനങ്ങള്‍ മാത്രമാണ്. അവരെ ഭിന്നിപ്പിക്കുന്നതോ അവര്‍ക്കിടയില്‍ ശത്രുതയ്ക്ക് കാരണമാകുന്നതോ ഒന്നിനെയും യാതൊരു സാഹചര്യത്തിലും അനുവദിക്കരുത് പക്ഷെ ഒരു ഭാഷയുണ്ടെങ്കില്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാവുകയാണ് ചെയ്യുന്നത്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam