1 GBP = 92.30 INR                       

BREAKING NEWS

അംഗനഹള്ളി - കഥ

Britishmalayali
ജോജി പോള്‍

പുതുവര്‍ഷത്തില്‍ ഞാനെന്റെ പ്രയാണങ്ങള്‍ തുടങ്ങുകയാണ്. മുന്നിലേക്കുള്ള വഴി സുതാര്യവും താരതമേന്യ സുഖകരവും ആണെന്നുള്ള തോന്നലുള്ളതിനാലാവണം വഴിയിലെങ്ങോ വേര്‍പിരിഞ്ഞു പോയ പഥികരെ തേടിയുള്ള യാത്രയായിരിക്കും ഇനിയങ്ങോട്ട്. ഫേസ്ബുക്കിലും വാട്‌സാപ്പിലും തേടി കണ്ടുപിടിക്കുന്നതിനേക്കാള്‍ സ്വന്തം കാല്പനികതയില്‍ തിരയാനാണ് കൂടുതലിഷ്ടം.

വഴിയിലെന്നും കാത്തുനിന്നിരുന്ന പൂജാരിയുടെ മകള്‍ ഉമാ മഹേശ്വരിയും, കയറി കിടക്കാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ഔട്ട് ഹൗസ് തുറന്നു തന്ന അയ്യരുടെ മകള്‍ പൗര്‍ണ്ണമിയും, കൈയൊടിഞ്ഞു പനി പിടിച്ചു കിടന്നപ്പോള്‍ കഞ്ഞി കോരി തന്ന അഞ്ജലി തങ്കപ്പനും പട്ടിണി കിടന്നപ്പോള്‍ ഇഡലിയും ദോശയും വാങ്ങി തന്ന ശിവമണിയും ഇവരെ പോലെ എത്രയോ പേര്‍ ഒപ്പം നടന്നിരുന്നവരാണ്.

കാലഹരണപ്പെടുന്ന ചിന്തകളില്‍ കൂടെ നിന്നവരെല്ലാം ഒരിക്കല്‍ ഇല്ലാതാവുന്നു. ഇവരിലാരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകുമോ എന്നൊരു അസ്വസ്ഥതയാണ് വരാനിരിക്കുന്ന പ്രയാണങ്ങളുടെ ഹേതു. ഇവരിലാരെ തേടിയാണ് ആദ്യം പോകേണ്ടതെന്ന ചോദ്യത്തിന് ഉത്തരമായിരിക്കും മൈസൂരില്‍ നിന്നും അംഗനഹള്ളിയിലേക്കുള്ള എന്റെ യാത്ര.

കുതിര ചാണകവും കര്‍പ്പൂരവും മണക്കുന്ന മൈസൂരിന്റെ തെരുവിലൂടെ നടക്കാന്‍ മുഷിച്ചില്‍ തോന്നില്ല. എന്നിരുന്നാലും നാടുകാണി ചുരമിറങ്ങുമ്പോള്‍ വീശുന്ന കാറ്റിന്റെ സുഖം വേറെ എവിടെയും കിട്ടില്ല. അംഗനഹള്ളിയിലേക്കുള്ള വഴിയിലെ സ്ഥലങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ബസ്സില്‍ അടുത്തിരുന്ന ആള്‍ 'ഗൊത്തില്ലാ' എന്ന് മറുപടി പറഞ്ഞേക്കാം.

ഞാന്‍ ചോദിച്ചത് മനസ്സിലാവാഞ്ഞിട്ടോ, അതോ അറിയാഞ്ഞിട്ടോ എന്നറിയില്ല അയാളെന്നോട് സംസാരിക്കാന്‍ ഇഷ്ടപ്പെടില്ല. പൂക്കളും, കായ് കറികളും വില്‍ക്കാന്‍ വന്നു കാലികുട്ടയുമായി തിരികെ പോകുന്ന ഗ്രാമീണരോട് എന്ത് ചോദിക്കാന്‍. എന്തായാലും അംഗനഹള്ളിയില്‍ എത്തുന്നതുവരെ എന്റെ ചിന്തകളിലേക്ക് തന്നെ കാട് കയറുന്നതായിരുക്കും നല്ലത്.

സിസ്റ്റര്‍ മേരി എന്തിനാണ് കന്യാസ്ത്രി ആയത് എന്ന് ഞാനെന്നോട് തന്നെ ചോദിക്കുമായിരുന്നു. ''ദൈവ വിളി, അല്ലാതെന്താ'' എന്ന് ചിരിച്ചുകൊണ്ട് സിസ്റ്റര്‍ മേരിയാണ് മറുപടി പറയാറ്. പഠിപ്പിച്ച ടീച്ചര്‍ എന്നതിലുപരി മേരി എന്ന് നീട്ടിവിളിക്കാനുള്ള ആല്‍മ ബന്ധം ഞങ്ങള്‍ സൂക്ഷിച്ചു. എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ്സേ സിസ്റ്റര്‍ക്ക് കൂടുതലുള്ളു.  (സംശയിക്കണ്ട, എന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും നാലോ അഞ്ചോ വര്‍ഷത്തെ കാലവിളംബം വരാറുണ്ട്.)

പ്രവാസം ഒരു ജീവിത മാര്‍ഗം ആയപ്പോള്‍ മറ്റെല്ലാം ഉപേക്ഷിച്ചു നാടുവിടാന്‍ വിധിക്കപ്പെട്ടപ്പോഴാണ് നഷ്ട ബോധത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്. കൂടെ നിന്നിരുന്നവരെയും ഒപ്പം നടന്നിരുന്നവരെയും വഴിയരുകില്‍ വിട്ട് യാത്ര പറഞ്ഞു പോരേണ്ടിവന്നു.

വല്ലപ്പോഴും ഓരോ എഴുത്തുകള്‍, നാട്ടിലേക്കുള്ള യാത്രകളില്‍ ചിലപ്പോഴൊരു കണ്ടുമുട്ടല്‍ ഇതിലുപരി സൗഹൃദങ്ങള്‍ ഒന്നുമല്ലാതായി. ഇതിനകം സിസ്റ്റര്‍ മേരി വളര്‍ന്നു മദര്‍ മേരി ആയി പിന്നീട് മിസ്സിസ് മേരി ആയെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. പഠിപ്പിച്ച ഒരു അച്ചന്‍കുഞ്ഞുമൊത്താണ് പാലായനം. സുന്ദരികളായ സ്ത്രീകളെ കന്യാസ്ത്രികള്‍ ആക്കരുതെന്ന് തമാശ പറഞ്ഞപ്പോള്‍ മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മുഖം കറുക്കുന്നത് ഒരിക്കല്‍ കണ്ടതാണ്.

നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ ബസ്സ് പതിയെ നീങ്ങികൊണ്ടിരിക്കും. വിളഞ്ഞു കിടക്കുന്ന കരിമ്പിന്‍ പാടങ്ങളില്‍ കറുത്തുണങ്ങിയ കോണകമുടുത്ത ചില മനുഷ്യ രൂപങ്ങള്‍ പണിയെടുക്കുന്നുണ്ടാകണം. മൈസൂരിലെ ശീതക്കാറ്റില്‍ മുഖം അമര്‍ത്താന്‍ ബസ്സിന് പുറത്തേക്കു തലയിട്ട് ചെരിച്ചു പിടിക്കണം. കാറ്റ് തലമുടിയെ തഴുകി നെറ്റിയിലുടനീളം പടര്‍ന്നു കൊണ്ടിരിക്കും. ചോളവയലുകളില്‍ നിന്നും തലച്ചുമടേറ്റി വരുന്ന സ്ത്രീകള്‍ അപരിചിതമായ മുഖം കണ്ട് ബസ്സിലേക്ക് ഉറ്റു നോക്കും.

സിസ്റ്ററിന്റെ അച്ഛനുമൊത്തുള്ള തിരോധാനം വീട്ടുകാരെ മാത്രമല്ല, മഠത്തിനെയും സെമിനാരിയെയും തളര്‍ത്തി കാണണം. എത്ര ഒളിച്ചു വെക്കാന്‍ ശ്രമിച്ചാലും നിമിഷങ്ങള്‍ക്കകം നാടറിയും, നാട്ടുകാരറിയും. കര്‍ണാടകയില്‍ എവിടെയോ ഉണ്ടെന്നു എല്ലാവര്‍ക്കുമറിയാം. ആരും അന്വേഷിച്ചു പോയില്ല.

മേരിയുടെ കുടുംബം ഏങ്ങലടിച്ചു കരഞ്ഞു. മഠത്തിലെ അന്തേവാസികള്‍ കുറച്ചു നാള്‍ ഇതേ പറ്റി കുശുകുശുക്കുകയും പുറത്തു പോകുമ്പോള്‍ മുഖം കുനിച്ചു നടക്കുകയും തങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കിയ മേരി ഒരിക്കലും ഗുണം പിടിക്കരുതേ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

വഴിപാടു നേര്‍ന്ന് മകനെ അച്ഛനാക്കിയതാണല്ലോ എന്നോര്‍ത്ത് അച്ഛന്റെ 'അമ്മ അലമുറയിടുകയും മനം നൊന്തു പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്‍പില്‍ ചാടി നരകം പൂകുകയും ചെയ്തു.

ഒരു പക്ഷെ സകല ഇന്ദ്രിയങ്ങളും ഒരു ഞെട്ടലില്‍ ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേക്കാം. തീവണ്ടിയുടെ ഇടിയുടെ ആഘാതത്തെക്കാള്‍ ബസ്സ് കണ്ടക്ടറുടെ തട്ടലില്‍ ആയിരിക്കാം നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടാകുക.

''എക്കൊള്ളി സാര്‍, അംഗനഹള്ളി ആഖിതെ. എല്ലി ഹോക് ബേക്കു?''

ങേ, അംഗനഹള്ളി എത്തിയോ? കാലിയായ ബസ്സില്‍ കണ്ടക്ടര്‍ മാത്രം.

''നീവു എല്ലി ഹോഗ്തിദിരി സാര്‍?''

സ്ഥലം പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അഡ്രെസ്സ് എഴുതിയ തുണ്ടു കടലാസ്സ് എടുത്തു കാണിക്കുന്നതായിരിക്കും ഉചിതം. ഇന്ഗ്ലീഷിലാണെങ്കില്‍ കണ്ടക്ടര്‍ നന്നേ ബുദ്ധിമുട്ടും. വളരെ കഷ്ടപ്പെട്ട് വായിച്ചു സ്ഥലം മനസ്സിലാക്കിയാല്‍ അയാള്‍ വടക്കോട്ടുള്ള നാട്ടുപാത ചൂണ്ടിക്കൊണ്ട്, ''ഇരട് കിലോമീറ്റര്‍ ഒലിഗേ ഹോക്ബേക്കു. ഇല്ലി ഗാഡി സിക്കല്ല. നട ബേക്കു'' എന്ന് പറയും. നടന്നു തുടങ്ങുമ്പോള്‍ കണ്ടക്ടര്‍ പറഞ്ഞതിന്റെ പൊരുള്‍ തനിയെ മനസ്സിലാകും.

രണ്ടു കിലോമീറ്റര്‍ നടക്കാതിരിക്കാന്‍ മാത്രം അനാരോഗ്യമുള്ള ആളല്ല. മാര്‍ഗ്ഗത്തേക്കാള്‍ ലക്ഷ്യമാണ് പ്രധാനം എന്ന് ജീവിതം പഠിപ്പിച്ചവരാണ് പ്രവാസികള്‍. ചിലപ്പോള്‍ തീരുമാനങ്ങള്‍ ക്ഷണാലായിരിക്കും, അതുപോലെ തന്നെ അത് ക്ഷണികവുമായിരിക്കും. സിസ്റ്റര്‍ മേരിയുടെ മനസ്സിനെ അപഹരിച്ച അച്ഛന്റെ അവസ്ഥയും യാദ്രിശ്ചികമായിരുന്നിരിക്കാം.

മേരി ഒരമ്മയാകാന്‍ പോകുന്നു എന്ന തിരിച്ചറിവും സ്വന്തം അമ്മയുടെ ആല്‍മാഹുതിയും അച്ഛനെ ഭ്രാന്തനാക്കിക്കാണും. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് ഒരു ധ്യാനം കൂടിയാല്‍ അച്ഛന് വീണ്ടും അച്ഛനാകാമെന്ന് നിയമമുള്ളത് നിഷേധിക്കാനാവില്ല. അത് കാനോനികമാണ്. അതുപോലെ ദൈവികവും. ഏതു തെറ്റും ഏറ്റുപറഞ്ഞ് മാപ്പിരന്നാല്‍ പൊറുക്കാത്തവനല്ല  യേശുക്രിസ്തു.

ഇവിടെ മേരിക്കെന്തു സംഭവിച്ചു എന്ന് പ്രസക്തി ഇല്ല. അകന്യാസ്ത്രീകള്‍ക്ക് ഒരു തിരിച്ചുവരവില്ല. അതിന് നിയമവുമില്ല. പക്ഷെ തീരുമാനങ്ങള്‍ സ്വയം എടുക്കാം. ആരെയും ദര്‍ശിക്കാതെ, പുറംലോകം അറിയാതെ, ഏതെങ്കിലും ആശ്രമങ്ങളിലോ, അനാഥ മന്ദിരങ്ങളിലോ അഗതിയായി കഴിയാം. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ അനാഥയായി മേല്‍വിലാസമില്ലാതെ വളര്‍ത്താം. ആര്‍ക്കും തടസ്സമില്ല. അതല്ലെങ്കില്‍ വെളിച്ചത്തിലേക്കിറങ്ങി അനീതിക്കെതിരെ പോരാടി ആക്രാന്ദിച്ചു സ്വയം  ആക്ഷേപയാകാം.

നാട്ടുപാതയുടെ ഓരം ചേര്‍ന്ന് ചുണ്ണാമ്പ് കല്ലില്‍ പണിത ഒരു മതില്‍ ആരംഭിക്കും. ദൂരെ ഒരു രണ്ടുനില കെട്ടിടവും ആകാശ നീല ചായമടിച്ച മരത്തിന്റെ ഗേറ്റും കാണാം. ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് ഓര്‍ഫനേജ് എന്നൊരു ബോര്‍ഡും ഉണ്ടെങ്കില്‍ ഉറപ്പാക്കാം വഴി തെറ്റിയിട്ടില്ല. കുതിരക്കുളമ്പിന്റെ ആകൃതിയില്‍ ഒരു വളയം ഗേറ്റില്‍ പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പിടിച്ചു മൂന്നു തവണയെങ്കിലും ശക്തിയായി തട്ടിയാലേ അകത്തുള്ളവര്‍ കേള്‍ക്കു. എഴുത്തുമൂലം അറിയിക്കാതെ ആരും വരാനില്ലാത്തതുകൊണ്ട് വാച്ച്മാന്‍ പരിസരത്തൊന്നും കാണാന്‍ വഴിയില്ല. അകത്തുനിന്നും എന്തെങ്കിലും മറുപടി കിട്ടുന്നതുവരെ ഗേറ്റില്‍ തട്ടിക്കൊണ്ടിരിക്കാന്‍ തീരുമാനിച്ചാല്‍ അത്രയും നന്ന്.

വളരെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് സിസ്റ്റര്‍ മേരി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചറിയാന്‍ കഴിഞ്ഞത്. പത്തു പതിനാറ് വര്‍ഷമായി സിസ്റ്റര്‍ മേരിയെ കണ്ടെത്തണം എന്നാഗ്രഹിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ എന്തോ ഒന്നും നടന്നില്ല. സിസ്റ്റര്‍ കാണാന്‍ സമ്മതിക്കുമോ, അതോ ആരെയും കാണാനാഗ്രഹമില്ലെന്നും പറഞ്ഞ് വാതിലടക്കുമോ? അഥവാ കണ്ടാല്‍ ഇപ്പോള്‍ എങ്ങനെ ഇരിക്കും? സിസ്റ്ററുടെ മകനോ മകളോ ആരായാലും എത്ര വലുതായിട്ടുണ്ടാകും?

നീലചായമടിച്ച ഗേറ്റിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും നൂറു ചോദ്യങ്ങള്‍ മുന്നിലുണ്ടാകും. അങ്ങകലെ സായം സന്ധ്യയുടെ സ്വര്‍ണനിറങ്ങള്‍ ജമന്തി പാടങ്ങളില്‍ പൂത്തുനില്‍ക്കുന്ന മഞ്ഞയും ഓറഞ്ചും പൂക്കളില്‍ വര്‍ണ്ണങ്ങള്‍ വാരിവിതറുമ്പോള്‍ അതിക്രമിക്കുന്ന സമയത്തെക്കുറിച്ചും ബോധവാനാകണം.

അകത്തുനിന്നും 'യാരു' എന്നാണ് കേള്‍ക്കുന്നതെങ്കില്‍ എന്താണ് പറയേണ്ടതെന്ന് പഠിച്ചുവെച്ചിരിക്കണം. സിസ്റ്റര്‍ മേരിയെ കാണണമെന്ന് പറഞ്ഞാല്‍ പതിനാറെങ്കിലും പ്രായമുള്ള ഒരു പെണ്‍കുട്ടി ഗേറ്റിന്റെ കിളിവാതില്‍ തുറന്നാലായി.

''നിമക്കെ യാരു ബേക്കു?''

''കേരളത്തില്‍ നിന്നും വരാണ്. മേരിയെ, സിസ്റ്റര്‍ മേരിയെ ഒന്ന് കാണണം. പഴയ ഒരു ഫ്രണ്ടാ.''

''മേരി? ഇന്ത എസരി ഇല്ലി യാരു ഇല്ല.'' പെണ്‍കുട്ടി ധൃതിയില്‍ വാതിലടക്കാന്‍ ശ്രമിച്ചേക്കാം.

''ഇല്ല, എനിക്കറിയാം. ഇവിടെ ഉണ്ട്. നിനക്ക് സിസ്റ്ററിന്റെ നല്ല മുഖഛായയുണ്ട്. അമ്മയോട് പറ, ഒരു ഫ്രണ്ട് വന്നിട്ടുണ്ടെന്ന്. എന്റെ പേര് .....'' മുഴുവന്‍ കേള്‍ക്കുന്നതിന് മുന്‍പേ പെണ്‍കുട്ടി കിളിവാതില്‍ അടച്ചു തിരിച്ചു പോകും.

ഇനിയും കാത്തുനിന്നിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഇരുനിലകെട്ടിടത്തിന്റെ മുകളിലത്തെ ജനല്‍ പാളികളിലൊരെണ്ണം പാതി തുറന്നെങ്കിലായി. മൈസൂരിലേക്കുള്ള അവസാനത്തെ ബസ്സെങ്കിലും പിടിക്കുന്നതല്ലേ നല്ലത് എന്ന് ഒരുപക്ഷെ ധൃതിയില്‍ ചിന്തിച്ചേക്കാം. ഇല്ലെങ്കില്‍ അംഗനഹള്ളിയിലെ ബസ് സ്റ്റോപ്പിലെ മരബെഞ്ചില്‍ കിടന്നുറങ്ങുകയോ, കരിമ്പിന്‍ പാടങ്ങളിലെ നോക്കുകുത്തികളെ ലാവെളിച്ചത്തില്‍ കണ്ട് പേടിക്കാതെ കിഴക്ക് മൈസൂരിനെ ലാക്കാക്കി നടക്കുകയെങ്കിലും വേണം.

''നിങ്ങള്‍ ഇതുവരെ ഉറങ്ങിയില്ലേ? വെളുപ്പിനെ എഴുന്നേല്‍ക്കാനുള്ളതല്ലേ!''

ഭാര്യ വന്നു അടുത്തിരുന്ന് മുടിയില്ലാത്ത തലയില്‍ തഴുകി.

''ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഞാനിങ്ങനെ നടക്കുകയായിരുന്നു. രണ്ടു വശവും കരിമ്പിന്‍ തോട്ടങ്ങള്‍. വിജനമായ വഴി. തണുത്ത കാറ്റ്. '

'ഉം, മൈസൂരായിരിക്കും. എന്നിട്ട് സിസ്റ്ററെ കണ്ടോ?'' ഒട്ടും വികാരഭരിതയാവാതെ ഭാര്യ ചോദിച്ചു.

''കാണാന്‍ പറ്റിയില്ല. അവര്‍ വാതില്‍ തുറന്നില്ല. പക്ഷെ മകളെ കണ്ടു. അതെ മുഖം, അതെ സ്വരം.''

''എന്നിട്ട്?'' ഭാര്യക്കിപ്പോള്‍ ആകാംഷയായി. ''അവളെന്തു പറഞ്ഞു?''

കാറ്റില്‍ ഞാനലിഞ്ഞു ഇല്ലാതാവുന്നതുപോലെ തോന്നി. നിദ്രയുടെ താരാട്ട് എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. എന്റെ കൂര്‍ക്കം വലിയുടെ താളം എനിക്കുതന്നെ കേള്‍ക്കാമായിരുന്നു.
കഥാകൃത്ത് - ജോജി പോള്‍
ഹെമല്‍ ഹെംസ്റ്റഡില്‍ താമസിക്കുന്ന ജോജി പോള്‍ കൂടുതലും അറിയപ്പെടുന്നത് ജെ പി എന്ന പേരിലാണ്. ചെറുകഥ, നോവല്‍, നാടകം, സിനിമ എന്നീ മേഖലകളില്‍ ചെറിയ രീതിയില്‍ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ആളാണ് ജെ പി. 

യയാതി, ദാവീദിന്റെ വിലാപം, മാണിക്ക്യ കല്ല് എന്നിവയാണ് പ്രധാന നാടകങ്ങള്‍. മെലഡി എന്ന ഒരു മിനി സ്‌ക്രീന്‍ സിനിമയും ചെയ്തിട്ടുണ്ട്. യക്ഷി എന്ന ഒരു ചെറു നാടകമാണ് പുതിയത്. നോത്രദാമിലെ കൂനനാണ് പണിപ്പുരയിലുള്ള അടുത്ത നാടകം. 'ഒരു യക്ഷിക്കഥ' എന്ന തുടര്‍ക്കഥയും എഴുതി കൊണ്ടിരിക്കുന്നു. 

ആര്‍ക്കിടെക്ച്ചറല്‍ മെറ്റല്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ മിന്‍സി, കുട്ടികള്‍ ആതിരയും ആലിലയും. സ്വദേശം ഇരിങ്ങാലക്കുട.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam