1 GBP = 92.60 INR                       

BREAKING NEWS

കബര്‍- കഥ

Britishmalayali
ജോജി പോള്‍

''ഹാദാ, ബിന്ദ് വല്ല വലദ്?''

(കുഞ്ഞ്  പെണ്ണാണോ അതോ ആണാണോ?)

'വലദ്'' (ആണ്‍ കുട്ടി)

''അള്ളാ കരീം''

അറബി പിന്നെയൊന്നും ചോദിച്ചില്ല. മരുഭൂമിയിലൂടെ വണ്ടി ആടിയുലഞ്ഞ്  പൊയ്‌ക്കൊണ്ടിരുന്നു. കുഞ്ഞ് പെണ്ണായാലും ആണായാലും അല്ലാഹു അറിയാതെ ഒന്നും സംഭവിക്കില്ല.

വണ്ടിയുടെ പുറകു സീറ്റിലിരുന്ന് കുഞ്ഞിനെ മടിയില്‍ കിടത്തി വഴിയിലിരുവശമുള്ള പാറക്കെട്ടുകളെ നോക്കി ഇരുന്നു. തല്ലാജയില്‍ (ഫ്രീസര്‍) നിന്നും എടുത്ത കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും തണുപ്പ് മാറുന്നതേ ഉള്ളു. അടുത്തിരുന്ന കുഞ്ഞിന്റെ അച്ഛന്‍ ഇടക്കെപ്പോഴോ കുഞ്ഞിനെയെടുത്ത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.

''ഏഷ്  ഇസ്മ ഹാദ വലദ്?''

വണ്ടിയോടിക്കുന്നതിനിടയില്‍ അറബിക്ക് കുഞ്ഞിന്റെ പേരറിയണം.

ജനിക്കുന്നതിന് മുന്‍പേ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട് മലക്കായ (മാലാഖ) കുട്ടിക്കെന്ത് പേരിടണം?

നേരം പരപരാ വെളുക്കുന്നതിന് മുന്‍പേ പ്രസവ വാര്‍ഡിന്റെ വാതില്‍ക്കല്‍ നിന്നും അവനെ വാങ്ങി മോര്‍ട്ടറിയുടെ നേരെ നടക്കുമ്പോള്‍ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയി.

തലേ രാത്രി മുഴുവന്‍ ഉറക്കമിളച്ച കുഞ്ഞിന്റെ അച്ഛനെ കുറച്ചു നേരത്തേക്ക് ഉറങ്ങാന്‍ വിട്ട നേരത്താണ് നേഴ്‌സ് വാതില്‍ തുറന്ന് കുഞ്ഞിനെ കയ്യില്‍ തന്നത്.

''അന്ത റോ തല്ലാജ അല്‍ മൗത്, നഫര്‍ മൊയ്ജൂദ് അനാക്.''

മോര്‍ട്ടറിയില്‍ ആളുണ്ട്, കുഞ്ഞിനെ അങ്ങോട്ട് കൊണ്ട് പൊയ്‌ക്കോളാന്‍ നേഴ്‌സ് പറഞ്ഞെങ്കിലും കുഞ്ഞിന്റെ അച്ഛന്‍ വരാന്‍ വേണ്ടി കാത്തുനിന്നു.

മോര്‍ട്ടറിയുടെ വാതില്‍ക്കല്‍ നിന്നിരുന്ന അറബി വാതില്‍ തുറന്നെങ്കിലും അകത്ത് വരാന്‍ വിസമ്മതിച്ചു.
''അന്ത റോ ജുവ, അന മാഫി ഈജി.''

അകത്തോട്ട് വരാന്‍ അറബിക്ക് കഴിയില്ലാത്രേ. തര്‍ക്കിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ കുഞ്ഞിനേയും കൊണ്ട് തനിയെ മോര്‍ച്ചറിയിലോട്ട് കയറി കാലിയായ ഒരു ട്രേയില്‍ കിടത്തി. ചുറ്റിലും അനേകം പേര്‍ അവരവരുടെ ഊഴവും കാത്ത് വെള്ള തുണിയില്‍ പൊതിയപ്പെട്ട് അവരുടെ ട്രേകളില്‍ കിടപ്പുണ്ട്.

വല്ലാതെ ഇളകിയാടി വണ്ടി ഒരു മലഞ്ചെരുവില്‍ വന്നു നിന്നു. അറബി നയിച്ച വഴിയേ കുഞ്ഞിനെയുമെടുത്ത് അച്ഛനോടൊപ്പം കുന്നുകയറി. നേരത്തെ കുഴിയെടുത്ത്  വെച്ചിരിക്കുന്ന  കബറിനരുകിലെ നിശ്ശബ്ദതക്കും ഉപരിയായി അറബിയുടെ പ്രാര്‍ത്ഥനയുടെ പതിഞ്ഞ സ്വരം ഉയര്‍ന്നു.

''അ ഉ ദുബില്ലാഹി മിന സെയ്താനിന്‍ റജീം, ബിസ്മില്ലാഹ് റഹ്മാനിന്‍ റഹിം.
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍''

ചൂളമടിച്ചുയരുന്ന മരുക്കാറ്റിനൊപ്പം മണല്‍ തരികളും ചിതറിക്കൊണ്ടിരുന്നു. വരണ്ട കുന്നിന്‍ മുകളില്‍ നിന്നും ഒരു പരുന്ത് ചുറ്റും ഏറു കണ്ണിട്ട് നോക്കികൊണ്ട് കാറ്റിനൊപ്പം തന്റെ ചിറകുകളെ ബാലന്‍സ് ചെയ്തു കൊണ്ടിരുന്നു.

പുണ്യ ഭൂമിയായതു കൊണ്ട് അമുസ്ലീമുകള്‍ക്ക് ഇവിടെ കബറിടങ്ങള്‍ അനുവദനീയമല്ലെന്നായിരുന്നു കേട്ടറിവ്. വിജനമായ മരുഭൂമിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ വേറെയേതെങ്കിലും കബറുകള്‍ക്കായുള്ള നോട്ടം വ്യര്‍ത്ഥമായി. അച്ഛനില്‍ നിന്നും കുഞ്ഞിനെ വാങ്ങി കബറിലേക്ക് വെക്കുമ്പോള്‍ അറബിയുടെ അനുവാദം വന്നു.

''സദീഖ്, മുംകിന്‍ അന്ത സലാഹ്, മാഫി മുഷ്‌കില. യെല്ല സല്ലി.'' (സുഹൃത്തേ, നിന്റെ പ്രാര്‍ത്ഥന ചൊല്ലിക്കോളു, കുഴപ്പമില്ല. വേഗം പ്രാര്‍ത്ഥിച്ചോ.)

ഒരുപിടി മണ്ണ് വാരിയിട്ടു കബറിനെ പിന്നിലാക്കി കുന്നിറങ്ങുമ്പോള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ കണ്ടു.

നിങ്ങള്‍ പൊയ്‌ക്കോളൂ, കബറൊക്കെ നമ്മള് നോക്കിക്കോളാം എന്ന മട്ടില്‍ പരുന്ത് കാറ്റിനൊപ്പം പറന്നു കൊണ്ടേയിരുന്നു.
കഥാകൃത്ത് - ജോജി പോള്‍
ഹെമല്‍ ഹെംസ്റ്റഡില്‍ താമസിക്കുന്ന ജോജി പോള്‍ കൂടുതലും അറിയപ്പെടുന്നത് ജെ പി എന്ന പേരിലാണ്. ചെറുകഥ, നോവല്‍, നാടകം, സിനിമ എന്നീ മേഖലകളില്‍ ചെറിയ രീതിയില്‍ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ആളാണ് ജെ പി. 

യയാതി, ദാവീദിന്റെ വിലാപം, മാണിക്ക്യ കല്ല് എന്നിവയാണ് പ്രധാന നാടകങ്ങള്‍. മെലഡി എന്ന ഒരു മിനി സ്‌ക്രീന്‍ സിനിമയും ചെയ്തിട്ടുണ്ട്. യക്ഷി എന്ന ഒരു ചെറു നാടകമാണ് പുതിയത്. നോത്രദാമിലെ കൂനനാണ് പണിപ്പുരയിലുള്ള അടുത്ത നാടകം. 'ഒരു യക്ഷിക്കഥ' എന്ന തുടര്‍ക്കഥയും എഴുതി കൊണ്ടിരിക്കുന്നു. 

ആര്‍ക്കിടെക്ച്ചറല്‍ മെറ്റല്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ മിന്‍സി, കുട്ടികള്‍ ആതിരയും ആലിലയും. സ്വദേശം ഇരിങ്ങാലക്കുട.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam