1 GBP = 92.60 INR                       

BREAKING NEWS

മരണ കോവണി - കഥ

Britishmalayali
ജോജി പോള്‍

നവംബര്‍ 11

6 .20am - ജോണ്‍ സ്മിത്ത് ഇപ്പോള്‍ കംബളം വിരിച്ച കോവണിയുടെ മുകളിലെ പടികള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രതലത്തില്‍ നില്‍ക്കുകയാണ്. നേരം പരപരാ വെളുക്കുന്നതേ ഉള്ളു. ശരത്ക്കാല ശീകരങ്ങള്‍ ജനല്‍പ്പാളികളിലൂടെ ഒളിച്ചിറങ്ങിക്കൊണ്ടിരുന്നു

ഇത്രയും നേരത്തെ ഉടുത്തൊരുങ്ങി തയ്യാറാകേണ്ടതുണ്ടൊ. ജോണ്‍ ഒന്ന് ശങ്കിച്ചു. പഴകിയതെങ്കിലും വൃത്തിയുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് ഈഷിര നിറമുള്ള പോപ്പി രജസ്സും നെഞ്ചിലണിഞ്ഞ് ജോണ്‍ താഴോട്ടുള്ള പടികളിലേക്ക് കണ്ണോടിച്ചു.

കോവണിപ്പടികളിലെ പരവതാനി നിറം മങ്ങിപ്പോയിരിക്കുന്നു.

ഭാര്യ ഹെലന്‍ മറവി രോഗത്തിന്റെ പിടിയില്‍ പെടുന്നത് വരെ അവളായിരുന്നു അടുക്കും ചിട്ടയോടും കൂടെ വീടിനെ പരിപാലിച്ചുകൊണ്ടിരുന്നത്.

തൊണ്ണൂറുകളോടടുക്കുന്ന ജോണ്‍ ഹെലനെ ഒരു കൊച്ചു കുട്ടിയെപോലെയാണ് ഇപ്പോള്‍ കൊണ്ട് നടക്കുന്നത്. ഈയിടെയായി മറവിക്ക് പുറമെ വിഷാദവും ഹെലനെ അലട്ടുന്നുണ്ട്.

6 .30am - കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് ഹെലന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇത്രയും നേരത്തെ ജോണ്‍ എന്തിനായിരിക്കും സ്യൂട്ടുമണിഞ്ഞ് തയ്യാറാവുന്നത്? കണ്ണടച്ചാണ് കിടക്കുന്നതെങ്കിലും ജോണിന്റെ ഓരോ ചലനങ്ങളും ഹെലെനറിയാം. 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ധരിക്കുന്ന സ്യൂട്ടാണ് ജോണിന്ന് പുറത്തെടുത്തിരിക്കുന്നത്. കോട്ടിന്റെ പഴകിയ മണം ഹെലന്‍ പെട്ടന്ന് തിരിച്ചറിഞ്ഞു. പക്ഷെ എത്ര ആലോചിച്ചിട്ടും ഒന്നും ഓര്‍മയില്‍ വരുന്നില്ല. വിവാഹ വാര്‍ഷികമായിരിക്കുമോ? അതോ, മക്കളുടെ ജന്മദിനം?

വല്ലപ്പോഴും ഒരു ഫോണ്‍ വിളിയില്‍ ബന്ധമുറപ്പിക്കുന്ന മക്കളെ കുറിച്ചോര്‍ത്തപ്പോള്‍ ഹെലനിലേക്കു നിരാശയും ഒപ്പം വിഷാദവും കടന്നു കയറി. ഒരു നീണ്ട മയക്കത്തിനാഗ്രഹിച്ച് ഹെലന്‍ കമ്പിളിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി.

ജനാലപ്പാളികളില്‍ വന്നു വീഴുന്ന മഴത്തുള്ളികളുടെ സ്വരം ഇതിനകം ഉച്ചത്തിലായി.

6.40am  - താഴോട്ടുള്ള പടികള്‍ ഇറങ്ങുന്നതിനു മുന്‍പ് ജോണ്‍ ഒന്ന് കൂടെ ആലോചിച്ചു. ഹെലനെ വിളിച്ചുണര്‍ത്തണമോ? പതിനൊന്നു മണിക്കുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഇപ്പഴേ ഒരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ തനിക്ക് ബുദ്ധിഭ്രമം പിടിപെട്ടന്നു അവള്‍ വിചാരിക്കും. 'ഓര്‍മ ദിനത്തെക്കുറിച്ചവള്‍ എന്നേ മറന്നിരിക്കുന്നു.

ലോക മഹാ യുദ്ധങ്ങളില്‍ ജീവന്‍ വെടിഞ്ഞ പട്ടാളക്കാര്‍ക്കുള്ള ആദരവാണീ 'ഓര്‍മ ദിനം'.

കൃത്യം പതിനൊന്ന് മണിക്ക് ആദര മണികള്‍ മുഴങ്ങുമ്പോള്‍ ഒരു നിമിഷത്തെ നിശ്ശബ്ദത. പലര്‍ക്കും അത് മാത്രമാണ് ഈ ഓര്‍മ ദിനം. എന്നാല്‍ ജോണിനിതു തന്റെ ജീവിതത്തിന്റെ ഭാഗമാണ്. വൈകാരികമായൊരു അസ്വസ്ഥത.

ജോണിന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ആര്‍മിയിലായിരുന്ന പിതാവ് ജെര്‍മിനിക്കെതിരെ പോരാടാന്‍ ഫ്രാന്‍സിലേക്ക് പോയത്. അമ്മയുടെ കൈപിടിച്ച് പിതാവിനെ യാത്രയാക്കുമ്പോള്‍ ജോണിന് വളരെ അഭിമാനം തോന്നി. യുദ്ധം ജയിച്ച് പിതാവ് തിരികെ വരും. ഡോവര്‍ കോട്ടയുടെ അടിയിലെ ഭൂഗര്‍ഭ പരിചരണ വിഭാഗത്തില്‍ നഴ്സായിരുന്നു 'അമ്മ.

യുദ്ധമുഖത്തു നിന്നും മുറിവേറ്റവരെയുംകൊണ്ട് വരുന്ന കപ്പലുകളിലേക്ക് നോക്കി ജോണിന്റെ 'അമ്മ നെടുവീര്‍പ്പിടുമായിരുന്നു. ഒടുവില്‍ നോര്‍മന്റിയിലെ ഗോതമ്പ് വയലുകളിലെവിടെയോ ജര്‍മ്മന്‍ ഷെല്ലുകള്‍ക്കിടയില്‍ തന്റെ ഭര്‍ത്താവ് കത്തിയമര്‍ന്നു എന്നറിഞ്ഞപ്പോള്‍ 'അമ്മ ജോണിനെയും കൂട്ടി ഡോവര്‍ ഉപേക്ഷിച്ചു പോന്നു. പക്ഷെ പലപ്പോഴും ഷെല്ലുകള്‍ പേക്കിനാവുകളായി ജോണിന് മുന്‍പില്‍ വന്ന് പതിച്ച് കൊണ്ടേയിരുന്നു.

7.00am  - വൈകി എണീറ്റതിന്റെ വെപ്രാളത്തില്‍ സൂസന്‍ വാച്ചിലേക്ക് നോക്കി പിറുപിറുത്തു. ഏഴരക്കുള്ളില്‍ ഇറങ്ങിയാലേ സമയത്തിന് ജോലിക്കെത്താന്‍ പറ്റുകയുള്ളു. അര മണിക്കൂര്‍ കൊണ്ട് എന്തൊക്കെ ചെയ്യണം. കുട്ടികള്‍ക്കും ഭര്‍ത്താവിനും പ്രാതലുണ്ടാക്കണം. വാര്‍ഡിലായതുകൊണ്ട് ഷിഫ്റ്റ് ഹാന്‍ഡോവറിന് മുന്‍പേ ചെല്ലണം. അല്ലെങ്കില്‍ രാത്രിക്കാരുടെ മുഖം കറുക്കും.

ഭര്‍ത്താവിന്റെ താളാല്മകമായ കൂര്‍ക്കം വലി താഴേക്ക് കേള്‍ക്കാം. ഞായറാഴ്ചയും അവധിയുമായതിനാല്‍ തലേന്ന് എത്ര പെഗ്ഗ് അകത്താക്കിയിട്ടുണ്ടാകും എന്നാര്‍ക്കറിയാം. എല്ലാം ഒരു ക്രമത്തിലാക്കി യൂണിഫോം അണിഞ്ഞ് കാറിന്റെ താക്കോലുകള്‍ തിരയുമ്പോഴാണ് മുന്‍വശത്തെ വാതിലില്‍ ആരോ ശക്തിയായി തട്ടുന്നതായി തോന്നിയത്.

വാതിലിന്റെ ചില്ല് പാളികളിലൂടെ ഒരു രൂപത്തെ അവ്യക്തമായി സൂസന്‍ കണ്ടു. ആരായിരിക്കും ഈ വെളുപ്പാന്‍ കാലത്ത്, അതും ചാറ്റല്‍ മഴയില്‍?

7.20am  - കോവണിയുടെ ഏറ്റവും താഴത്തെ പടിയിലാണ് ജോണ്‍ ഇപ്പോള്‍ കിടക്കുന്നത്. കാലുകള്‍ രണ്ടും മേല്‌പോട്ടുയര്‍ന്ന്, കഴുത്ത് ഒരു വശത്തേക്ക് ചെരിച്ച് തുറന്ന കണ്ണുകളോടെ ജോണിന്റെ ഭാരമുള്ള ശരീരം വിശ്രമിച്ചു. 

വളരെ ധൃതിപ്പെട്ട് പടികളിറങ്ങി വന്ന ഹെലനെ ജോണ്‍ കണ്ടിരുന്നെങ്കിലും ഒട്ടും പരിചയം കാണിച്ചില്ല. തന്നെ താങ്ങി എഴുന്നേല്പിക്കാന്‍ ഹെലന് കഴിയുമായിരുന്നില്ല എങ്കിലും അവള്‍ ശ്രമിക്കുന്നുണ്ട് എന്ന് ജോണിന് തോന്നി. പിന്നെ വേഗത്തില്‍ വാതില്‍ തുറന്ന് പുറത്തെ മഴയിലേക്ക് ഇറങ്ങുകയാണെന്നും മനസ്സിലായി. വാതിലിലൂടെ കടന്നു വന്ന തണുത്ത കാറ്റ് ജോണിനെ ചുറ്റിപ്പറ്റി നിന്നു.

ഹെലന്‍ ഇപ്പോള്‍ തൊട്ടടുത്ത വീടിന്റെ വാതിലില്‍ മുട്ടുകയായിരിക്കും. ഇന്ത്യക്കാരായ അയല്‍വാസികളെ ജോണിന് ഇഷ്ടമായിരുന്നു. അവരുണ്ടാക്കുന്ന കറികളുടെ വ്യത്യസ്തമായ മണത്തെയും.

താന്‍ വീണു പോയെന്നറിയുമ്പോള്‍ മക്കള്‍ വരാതിരിക്കില്ല. ഹെലനെ അവര്‍ തന്നില്‍നിന്നും അകറ്റുമോ എന്നോര്‍ത്തപ്പോള്‍ ജോണിന് അതിയായ ദുഃഖം തോന്നി. അമ്മയെ അവര്‍ വേണ്ടവിധം ശ്രദ്ധിക്കുമോ, അതോ ഏതെങ്കിലും കെയര്‍ ഹോമിലാക്കുമോ? അവളുടെ വിഷാദ രോഗത്തെ അതെങ്ങിനെ ബാധിക്കും എന്നോര്‍ത്ത് ജോണ്‍ വേവലാതിപൂണ്ടു.
7.30am - വാതില്‍ തുറന്ന സൂസന്‍ കണ്ടത് മഴ നനഞ്ഞു നില്‍ക്കുന്ന ഹെലനെയാണ്. മറവിയില്‍ വീട് മാറി, വാതിലില്‍ വന്ന് മുട്ടിയതായിരിക്കുമോ. ഹെലന്റെ മെലിഞ്ഞ ശരീരം നവംബറിന്റെ ശൈത്യത്തില്‍ വിറങ്ങലിച്ചു വിറക്കുന്നതു സൂസന്‍ കണ്ടു. ഒരു കോട്ടുപോലുമിടാതെ അവര്‍ മഴയത്തു നില്‍ക്കുകയാണ്.

''മൈ ഹസ്ബന്‍ഡ് നീഡ്സ് ഹെല്പ്''. അത്രയും പറഞ്ഞൊപ്പിച്ചിട്ട് ഹെലന്‍ തിരിഞ്ഞ് നടന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് സൂസന് തോന്നി. ഹെലനെ പിന്തുടര്‍ന്ന് അകത്തുകയറിയ സൂസന്‍ ആദ്യം കാണുന്നത് ജോണിന്റെ മേല്‌പോട്ടുയര്‍ന്ന് നില്‍ക്കുന്ന കാലുകളാണ്. ആരെയോ പ്രതീക്ഷിച്ചെന്നപോലെ ജോണിന്റെ കണ്ണുകള്‍ കോവണിയുടെ മുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. കഴുത്ത് ക്രമാതീതം തിരിഞ്ഞിരിക്കുന്നത് കണ്ട് സൂസനല്പം ഭയം തോന്നി.

7.50am - നീലവെളിച്ചം വീശിയെറിഞ്ഞ് വാഹനങ്ങള്‍ വീടിന് മുന്‍പില്‍ പാഞ്ഞെത്തി. അതില്‍ വന്നവര്‍ ഈറനണിഞ്ഞ ബൂട്‌സിട്ട് അകത്ത് കയറുകയും പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിന് അഭിമുഖമായി ഹെലന്‍ ഒരു സോഫായിലിരുന്നു. ജോണിനെ പരിശോധിച്ച ഡോക്ടര്‍ പോലീസ് ഓഫീസറോട് പറയുന്നത് സൂസന്‍ ശ്രദ്ധിച്ചു.

''നെക്ക് ഈസ് ബ്രോക്കന്‍. ഹി ഡൈഡ് ആന്‍ ഔര്‍ എഖോ''.

ഈ സമയം ചുമരിലെ ക്‌ളോക്കില്‍ എട്ടടിച്ചു. അപ്പോള്‍ ഏഴു മണിക്കായിരിക്കണം സംഭവം. ഏഴു മണിക്കായിരുന്നല്ലോ താന്‍ ചാടി എഴുന്നേറ്റത് എന്ന് സൂസന്‍ ഓര്‍ത്തുപോയി.

ജോണിന് മുകളില്‍ കോവണി കുത്തനെ നില്‍ക്കുന്നതായി സൂസന് തോന്നി. മരണ കോവണിയില്‍നിന്നും മുഖം തിരിച്ച് സൂസന്‍ പുറത്തെ ഈര്‍പ്പത്തിലേക്കു ഇറങ്ങി നിന്നു.

മുറ്റത്തെ ഇല പൊഴിഞ്ഞ മേപ്പിള്‍ മരച്ചില്ലകളില്‍ നിന്നും മഴയുടെ അവസാന തുള്ളികള്‍ താഴോട്ട് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. അവ സ്പടികം പോലെ തിളങ്ങുകയും വീണുടഞ്ഞ് ഇല്ലാതാവുകയും ചെയ്തു.
 
കഥാകൃത്ത് - ജോജി പോള്‍
ഹെമല്‍ ഹെംസ്റ്റഡില്‍ താമസിക്കുന്ന ജോജി പോള്‍ കൂടുതലും അറിയപ്പെടുന്നത് ജെ പി എന്ന പേരിലാണ്. ചെറുകഥ, നോവല്‍, നാടകം, സിനിമ എന്നീ മേഖലകളില്‍ ചെറിയ രീതിയില്‍ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ആളാണ് ജെ പി. 

യയാതി, ദാവീദിന്റെ വിലാപം, മാണിക്ക്യ കല്ല് എന്നിവയാണ് പ്രധാന നാടകങ്ങള്‍. മെലഡി എന്ന ഒരു മിനി സ്‌ക്രീന്‍ സിനിമയും ചെയ്തിട്ടുണ്ട്. യക്ഷി എന്ന ഒരു ചെറു നാടകമാണ് പുതിയത്. നോത്രദാമിലെ കൂനനാണ് പണിപ്പുരയിലുള്ള അടുത്ത നാടകം. 'ഒരു യക്ഷിക്കഥ' എന്ന തുടര്‍ക്കഥയും എഴുതി കൊണ്ടിരിക്കുന്നു. 

ആര്‍ക്കിടെക്ച്ചറല്‍ മെറ്റല്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ മിന്‍സി, കുട്ടികള്‍ ആതിരയും ആലിലയും. സ്വദേശം ഇരിങ്ങാലക്കുട.
ജോജി പോള്‍ എഴുതിയ മറ്റു രണ്ടു കഥകളുടെ ലിങ്ക് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam