ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ ശ്രീനിവാസനെ അപാനിച്ചെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി; സത്യത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകള്‍ കാര്‍ത്തിക് പരീക്ഷിക്കുകയായിരുന്നു; കാര്‍ത്തിക്, എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്; അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും; അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക: പാഡി അപ്ടണിന്റെ ആത്മകഥയും പച്ചക്കള്ളം; ശ്രീശാന്തിന്റെ അഭിമുഖം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുമ്പോള്‍
ന്യൂഡല്‍ഹി: എന്തുകൊണ്ട് ഐപിഎല്‍ വിവാദത്തില്‍ കുടുങ്ങിയെന്ന് ചോദിച്ചാല്‍ ശ്രീശാന്തിന് പറയാനുള്ള ചതി എന്ന് മാത്രമാണ്. വാതുവയ്പ്പുകാരെ അറിയാമെങ്കിലും തല്കാലം പറയുന്നില്ല. എന്നാല്‍ പാഡ് അപ്ടണും ദിനേശ് കാര്‍ത്തിക്കും ചെയ്ത ചതി അത് ശ്രീശാന്തിന് മറക്കാനാകുന്നില്ല. തന്റെ കരിയറില്‍ ദിനേശ് കാര്‍ത്തിക് ചെയ്തത് വലിയ ക്രൂരതയാണെന്ന് ശ്രീശാന്ത് തിരിച്ചറിയുന്നു. എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.-ഇതാണ് ശ്രീശാന്തിന് കാര്‍ത്തിക്കിനോട് പറയാനുള്ളത്. ഇന്ത്യന്‍ എക്സ്പ്രസിന് ശ്രീശാന്ത് നല്കിയ അഭിമുഖം ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയാണ്.
2015 ജൂലൈയില്‍ ശ്രീശാന്തിനെതിരായ എല്ലാ ആരോപണങ്ങളും പട്യാല ഹൗസ് കോടതി തള്ളിക്കളഞ്ഞിരുന്നു. ശ്രീശാന്തിനും മറ്റ് താരങ്ങള്‍ക്കുമെതിരെ മക്കോക്ക ചുമത്തിയ നടപടിയും കോടതി റദ്ദാക്കി. അപ്പീലിനും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ശ്രീശാന്തിനുമേല്‍ ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി ഈ വര്‍ഷം നീക്കി. ശിക്ഷാ കാലയളവ് ചുരുക്കുന്ന കാര്യം പരിഗണിക്കാന്‍ ബിസിസിഐ ഓംബുഡ്സ്മാനോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഓംബുഡ്സ്മാനായ ജസ്റ്റിസ് ഡി.കെ. ജെയിന് ശ്രീശാന്തിന്റെ ശിക്ഷ ഏഴു വര്‍ഷമായി ഇളവു ചെയ്തു. ഇതോടെ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ശ്രീയ്ക്ക് കളത്തില്‍ തിരിച്ചെത്താന്‍ അവസരം ഒരുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശ്രീ അഭിമുഖം നല്‍കിയത്. അടുത്ത വര്‍ഷം കേരളത്തിനായി കളിക്കുമെന്ന് പറയുകയാണ് ശ്രീശാന്ത്.
ദിനേഷ് കാര്‍ത്തിക്കിന്റെ 'ചതി'
ഐപിഎല്ലില്‍ മാത്രമല്ല, 2013ല്‍ മറ്റു മല്‍സരങ്ങളിലും ശ്രീശാന്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സുബ്ബയ്യ പിള്ള ട്രോഫിയില്‍ തമിഴ്നാടുമായുള്ള മല്‍സരത്തിനിടെ ദിനേഷ് കാര്‍ത്തിക്കുമായി കോര്‍ത്തതിന് ശ്രീശാന്തിന് രണ്ടു മല്‍സരങ്ങളില്‍നിന്ന് വിലക്കു ലഭിച്ചതും അതേ സീസണിലാണ്. ആ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താന്‍ പുറത്തായതും കാര്‍ത്തിക് തനിക്കെതിരെ നല്കിയ പരാതിയുടെ പേരിലാണെന്ന് ശ്രീ ഇന്നും വിശ്വസിക്കുന്നു.
ഞാന്‍ എന്‍.ശ്രീനിവാസനെ (ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ) അപാനിച്ചെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി. സത്യത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകള്‍ കാര്‍ത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മല്‍സരത്തില്‍ ഓരോ പന്തു നേരിടും മുന്‍പും കാര്‍ത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു; 'മച്ചാന്, നിങ്ങള്‍ തമിഴ്നാട്ടിലായത് ഭാഗ്യം'. അപ്പോള്‍ 'ശ്...' എന്ന് കാര്‍ത്തിക് നിശബ്ദനാകാന്‍ എന്നോട് ആവശ്യപ്പെട്ടു. 'എന്ത്, പന്തു നേരിടാന്‍ തയാറാകൂ' എന്നായിരുന്നു എന്റെ മറുപടി.
അടുത്ത പന്തിനുശേഷവും കാര്‍ത്തിക് ഇതുതന്നെ ആവര്‍ത്തിച്ചു. ഓരോ പന്തിനുശേഷവും ഇത്രയേറെ സമയം വെറുതെ കളഞ്ഞിട്ടും അംപയര്‍മാര്‍ ഇടപെട്ടില്ല. ഇതോടെ ഞാന്‍ വീണ്ടും പറഞ്ഞു; 'നിങ്ങളെ ശ്രീനിവാസന് സാര്‍ പിന്തുണയ്ക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്'. സത്യത്തില്‍ സച്ചിന് ബേബി (അന്നത്തെ കേരളാ ക്യാപ്റ്റന്‍) കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെടാന്‍ പോലും കാര്‍ത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാന്‍ ഒടുവില്‍ ലെഗ്-സ്പിന്‍ എറിഞ്ഞാണ് കാര്‍ത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോള്‍ അടുത്തുടെന്ന് ഞാന്‍ പറഞ്ഞു; 'ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ'. ആ മല്‍സരം ഞങ്ങള്‍ ജയിക്കുകയും ചെയ്തു.
സത്യത്തില്‍ എന്തിനാണ് ഞാന്‍ ശ്രീനിവാസന് സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ല്‍ ഞാന്‍ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാന്‍ ചീത്ത വിളിക്കണം?
അന്നു വൈകിട്ടാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമില്‍ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാര്‍ത്തിക്ക് എനിക്കെതിരെ നല്കിയ പരാതിയായിരുന്നു. കാര്‍ത്തിക്, ഈ വാര്‍ത്ത നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.
ഐപിഎല്ലിലെ ചതി
ഒത്തുകളി വിവാദം ഉടലെടുത്ത 2013 ഐപിഎല്ലിന്റെ തുടക്കം അത്ര ശ്രീശാന്തിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ ഒരു മല്‍സരത്തിനിടെ ഉടക്കിയപ്പോള്‍, മാധ്യമങ്ങളില്‍ ചിലത് പഴയ ഹര്ഭജന്-ശ്രീശാന്ത് എപ്പിസോഡ് എടുത്ത് പുറത്തിട്ടു. രണ്ടും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടാനായിരുന്നു ഇത്.
ഇതിനെതിരെ ഞാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഒട്ടേറെ ട്വീറ്റുകള്‍ ചെയ്തു. പക്വതക്കുറവു കൊണ്ടായിരിക്കാം, രൂക്ഷമായ ഭാഷയിലായിരുന്നു എന്റെ പ്രതികരണങ്ങള്‍. എന്നാല്‍, എന്നെ ഏതു വിധേനയും വിലക്കാനുള്ള ശ്രമത്തിലായിരുന്നു അധികാരികള്‍. ഇതിനിടെ രാഹുല്‍ ഭായി (രാഹുല്‍ ദ്രാവിഡ്) എന്നെ റൂമിലേക്കു വിളിച്ചുവരുത്തി എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നെ ടീമിനു പുറത്താക്കാനാണ് ശ്രമമെന്ന് പറഞ്ഞു. ആരെന്തു പറഞ്ഞാലും നിങ്ങളെ ഞാന്‍ കളിപ്പിക്കും, പക്ഷേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നിര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത മല്‍സരത്തില്‍ ഞാന്‍ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നിട്ടും ഏതാനും മല്‍സരങ്ങളില്‍നിന്ന് ഞാന്‍ പുറത്തായി.
ഇതോടെ ടീമില്‍ തിരിച്ചെടുക്കണമെന്നും കളിക്കണമെന്നും ഞാന്‍ വാശി പിടിച്ചതായി അന്നത്തെ രാജസ്ഥാന് പരിശീലകന് പാഡി അപ്ടണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിരുന്നു. അതിനു തയാറാകാത്തതിന്റെ പേരില്‍ അയാളെയും ക്യാപ്റ്റന്‍ ദ്രാവിഡിനെയും ഞാന്‍ ചീത്ത വിളിച്ചെന്നും പറഞ്ഞുപരത്തി.
മിസ്റ്റര്‍ അപ്ടണ്, നിങ്ങളുടെ ഹൃദയത്തോടും മക്കളുടെ ശിരസ്സിലും കൈവച്ച് ഉറപ്പിച്ചു പറയാമോ എപ്പോഴാണ് ഇന്ത്യന്‍ ടീമില്‍ വച്ചോ ഐപിഎല്ലിനിടയിലോ നിങ്ങളോട് ഞാന്‍ വഴക്കുണ്ടാക്കിയതെന്ന്? ഞാന്‍ ഏറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രാഹുല്‍ ദ്രാവിഡിനോടും ചോദിക്കട്ടെ; അപ്ടണ് പറഞ്ഞതുപോലെ എപ്പോഴാണ് ഞാന്‍ നിങ്ങളോട് വഴക്കുണ്ടാക്കുകയോ കയര്‍ക്കുകയോ ചെയ്തത്? അപ്ടണ് തന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ എന്നാണ് ഞാന്‍ അദ്ദേഹവുമായി വഴക്കടിച്ചത്?
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ എന്നെ കളിപ്പിക്കാന്‍ ഞാന്‍ പലവട്ടം അപ്ടണോട് അപേക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അത് മറ്റൊന്നും കൊണ്ടല്ല. ചെന്നൈ സൂപ്പര്‍ കിങ്സുമായി എനിക്കുള്ള ശത്രുത കൊണ്ടാണ്. അവരെ തോല്‍പ്പിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതുകൊണ്ടാണ്. എന്നാല്‍, മല്‍സരം ഒത്തുകളിക്കാനാണ് ഞാന്‍ കളത്തിലിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതെന്ന തരത്തിലാണ് അപ്ടണ് പറഞ്ഞുപരത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെ ഞാന്‍ എത്രമാത്രം വെറുക്കുന്നുവെന്ന് എന്നെ അടുത്തറിയാവുന്നവര്‍ക്ക് മനസ്സിലാകും. എം.എസ്. ധോണിയോ എന്‍.ശ്രീനിവാസനോ ആകും കാരണമെന്നാകും ആളുകള്‍ കരുതുക. അതല്ല സത്യം. മഞ്ഞ നിറം എനിക്ക് ഒട്ടും ഇഷ്ടമല്ല. ഇതേ കാരണം കൊണ്ടാണ് ഞാന്‍ ഓസ്ട്രേലിയന്‍ ടീമിനെ വെറുത്തത്. അതിലുപരി ചെന്നൈയ്ക്കെതിരെ എക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതും കളിക്കണമെന്ന് പരിശീലകനോട് അപേക്ഷിക്കാന്‍ കാരണമായി.
ടീമില്‍ ഉള്‍പ്പെടുത്താത്തിന്റെ പേരില്‍ കോച്ചിനോടും ക്യാപ്റ്റനോടും വഴക്കിട്ടു എന്ന ആരോപണം എന്നെ തളര്‍ത്തിക്കളഞ്ഞു. പൊലീസില്‍നിന്ന് ഞാന്‍ നേരിട്ട പീഡനത്തേക്കാള്‍ അസഹനീയമായിരുന്നു അത്. അതെന്നെ വളരെയേറെ മുറിപ്പെടുത്തി. 'ഈ ടീമില്‍ അപ്ടണ് എന്താണ് റോള്‍, എല്ലാം ചെയ്യുന്നത് കിര്‍സ്റ്റനാണ്' എന്ന് മറ്റു താരങ്ങള്‍ പറയുന്നത് പലതവണ ഞാന്‍ കേട്ടിട്ടുണ്ട്. അത്തരത്തിലൊന്നും ഞാന്‍ അദ്ദേഹത്തെ പറഞ്ഞിട്ടില്ല. ആ രീതിയില്‍ പെരുമാറിയിട്ടുമില്ല. അപ്ടണ്, നിങ്ങളുടെ പുസ്തകം നല്ലപോലെ വിറ്റഴിഞ്ഞു എന്നു തന്നെ ഞാന്‍ കരുതുന്നു.