1 GBP = 97.50 INR                       

BREAKING NEWS

ആഗോളതലങ്ങളില്‍ ഭക്ഷ്യലഭ്യതയും ഭക്ഷ്യ സുരക്ഷയും പൊതുജനങ്ങളില്‍ അനുദിനം സാമ്പത്തികമായും , ധാര്‍മ്മികമായും, പാരിസ്ഥിതികമായും ആഘാതങ്ങള്‍ സൃഷ്ഠിക്കുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

അടുത്ത നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കിട്ട പരസ്യ ചിത്രം ഫഹദ് ഫാസില്‍ പാര്‍ട്ടിയില്‍ മിച്ചം വന്ന ആഹാരം പട്ടിണിക്കാരുമായി  പങ്കുവയ്ക്കുന്നത്. പരസ്യ ചിത്രമാണെങ്കില്‍ കൂടിയും നല്ലൊരു സന്ദേശം നല്‍കുന്നതാണെന്നു കണ്ടവരെല്ലാവരും അഭിപ്രായപ്പെട്ടു.  ആഹാരം ഒരിക്കലും പാഴാക്കരുത് അത് ഒരു നേരം പോലും  കിട്ടാത്ത ഒരു ജനത നമ്മുടെ ഇടയിലുണ്ട് എന്ന് ഓരോ വ്യക്തികളെയും ഓര്‍മ്മിപ്പിക്കുന്ന പരസ്യ ചിത്രം. ഭക്ഷ്യ വിപ്ലവം അതായത്  ഭക്ഷ്യഉത്പന്നങ്ങളുടെ അമിതമായ ഉത്പാദനം  കേരളമുള്‍പ്പെടുന്ന ഭാരതത്തിലെത്തിയിട്ട് അധികനാളുകളായിട്ടില്ല 1980 കള്‍ക്കുമുന്പ് കേരളത്തില്‍ ജീവിച്ചിരുന്ന ഭൂരിഭാഗം കുട്ടികളും  വിശപ്പിന്റെ  വിളി അറിഞ്ഞവരാണ് വയറിന്റെ പാതിയെങ്കിലും നിറയ്ക്കുവാനുള്ള ഭക്ഷണമാണ് ഒരു പരിധിവരെ ദൈവമെന്നും  വിശപ്പാണ് ദൈവത്തെ കാട്ടിത്തരുന്നതെന്നും അനുഭവിച്ചറിഞ്ഞിരുന്ന ഒരു ജനത. ജീവിതത്തില്‍ ഒരു നേരമെങ്കിലും ആഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു പള്ളിക്കൂടങ്ങളിലെത്തിയിരുന്ന കുട്ടികളും മാതാപിതാക്കളുമുണ്ടായിരുന്ന ഒരു ജനത. കൂട്ടത്തില്‍ പഠിക്കുന്ന സഹപാഠികളുടെ മനസറിഞ്ഞു കൂടുതല്‍ ചോറ് കരുതുന്ന വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു കാലഘട്ടം. എല്ലാ ദിവസവും തന്നെ രാവിലെ പഴങ്കഞ്ഞിയോ കപ്പപ്പുഴുക്കോ മാത്രം ശീലിച്ചിരുന്ന കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള അമേരിക്കന്‍ മാവിന്റെ ഉപ്പുമാവ് വളരെ രുചിയേറിയ വിഭവം തന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന ഒരു കാലഘട്ടം. ഭക്ഷണവും ധാന്യങ്ങളും വളരെ വിരളമായിരുന്ന ആ കാലഘട്ടങ്ങളില്‍ ഇവയൊന്നും ഒരിക്കലും പാഴാക്കിയതായി കേട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല അന്നുള്ള വ്യക്തികള്‍ ആവശ്യത്തിന് മാത്രമാണ് ആഹാരം കഴിച്ചിരുന്നുവൊള്ളൂ ആവശ്യമുള്ള ആഹാരം മാത്രമേ കുടുംബങ്ങളിലും സമൂഹങ്ങളിലും പാകം ചെയ്യുകയോ തയ്യാറാക്കുകയോ ചെയ്തിരിന്നുള്ളൂ.

ഭാരതത്തിലെ ജനസംഘ്യ അനിയന്ത്രിതമായി വളരുമ്പോഴും ആഭ്യന്തര ഉത്പാദനവും നാലു മടങ്ങു വര്‍ദ്ധിച്ചപ്പോഴും ഉപഭോഗവും മൂന്ന് മടങ്ങു  വര്‍ദ്ധിച്ചു. അതുപോലെതന്നെ, ഭക്ഷ്യധാന്യങ്ങളുടെ  ഉല്‍പാദനവും  ഏകദേശം രണ്ടു മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തെങ്കിലും  ഇന്നും ഭാരതത്തില്‍ അങ്ങോളമിങ്ങോളം ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം  194.4 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവുള്ളവരാണ്. അതായതു കേരളമുള്‍പ്പെടുന്ന ഭാരതത്തിലെ പതിനഞ്ചു ശതമാനം മനുഷ്യരും ഒരു ദിവസത്തില്‍  ഒരു നേരമെങ്കിലും ആവശ്യത്തിനുള്ള ആഹാരം ലഭിക്കാത്തവരാണ്. അതോടൊപ്പം തന്നെ 15 മുതല്‍ 49 വയസ്സുവരെയുള്ള പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളില്‍  51.4 ശതമാനവും  വിളര്‍ച്ച ബാധിച്ചവരാണ്. രക്തക്കുറവുള്ള അവസ്ഥയിലാണ് വിളര്‍ച്ചയുണ്ടാവുന്നത് അങ്ങനെയുള്ള മാതാവിന് ജനിക്കുന്ന കുട്ടികളില്‍ രോഗപ്രതിരോധ ശക്തി കുറഞ്ഞും സ്വാഭാവിക വളര്‍ച്ചയും മുരടിക്കുകയുമാണ് സംഭവിക്കുന്നത്. മാതാപിതാക്കളുടെ പോഷകാഹാരക്കുറവിലൂടെ ജനിക്കുന്ന കുട്ടികളിലും ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്ത കുട്ടികളിലും പ്രായത്തിനൊത്ത ഉയരമുണ്ടാവാറില്ല അതോടൊപ്പം ഉയരത്തിനൊത്ത തൂക്കവുമുണ്ടാവാറില്ല. ഇതുപോലെ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് കുട്ടിക്കാലത്തെ സാധാരണ രോഗങ്ങളായ വയറിളക്കം, ന്യുമോണിയ, മലേറിയ തുടങ്ങിയവയിലൂടെയുള്ള   മരണ നിരക്കുകളും കൂടുതലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവുള്ള 119  ആഗോള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതം ഇപ്പോളും 103 മത്തെ  സ്ഥാനത്താണ് നില്‍ക്കുന്നത്. ഭാരതം വളര്‍ന്നു ചന്ദ്രനില്‍ എത്തിയെന്നും മറ്റു രാജ്യങ്ങളോട് കിടപിടിക്കുവാന്‍ തയ്യാറായി എന്നഹങ്കരിക്കുന്ന വ്യക്തികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ കണക്കുകള്‍.

മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് 194.4 ദശലക്ഷം ഭാരതീയരുടെ പോഷകാഹാരക്കുറവിന്റെ പ്രധാനകാരണം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലുള്ള കുറവല്ല മറിച്ചു ബാക്കിയുള്ളവരുടെ ധാരാളിത്ത്വത്തിന്റെ ബാക്കിപത്രം മാത്രമാണ്. ആവശ്യത്തിലധികം പാചകം ചെയ്യുന്നതിന്റെ എത്രയോ പതിന്മടങ്ങു് യോഗ്യമല്ലാത്ത സംഭരണത്തിലൂടെയും ഗതാഗത സൗകര്യത്തിന്റെ അഭാവത്തിലൂടെയും നഷ്ടപ്പെടുന്നത്. ഭാരതത്തില്‍ ഉല്‍പാദിപ്പിക്കുന്നവയില്‍  ഏകദേശം 40 ശതമാനം പഴങ്ങളും പച്ചക്കറികളും  30 ശതമാനം ധാന്യങ്ങളും ഉപഭോക്തൃ വിപണിയില്‍ എത്താതിരിക്കുന്നത്തിന്റെ  പ്രധാന കാരണം കാര്യക്ഷമമല്ലാത്ത സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്തന്നെയാണ്. ഭാരതത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഗോതമ്പിന്റെ മാത്രം കണക്കു പരിശോധിച്ചാല്‍ ഏകദേശം 2.1 കോടി ടണ്‍ എല്ലാവര്‍ഷവും പല വഴികളിലൂടെ നഷ്ടപ്പെടുകയാണ് . സമയോചിതമായ വിളവെടുപ്പിന്റെ അഭാവത്തിലും, കാലോചിതമായി കര്‍ഷകരില്‍നിന്നും സംഭരിക്കാത്തതുകൊണ്ടും പിന്നീട് അനുയോജ്യമായി സംരക്ഷിക്കാത്തതുകൊണ്ടും. ഭാരതത്തിലുടനീളം 96000 കോടി രൂപയുടെ ഭക്ഷണമാണ് ഓരോ വര്‍ഷവും പാഴാക്കിക്കളയുന്നത്. അതായത് വികസിത രാജ്യമായ ബ്രിട്ടനില്‍ ഭക്ഷിക്കുന്ന അത്രയും ഭക്ഷണങ്ങള്‍ അവികസിത രാജ്യമായ ഭാരതത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും അനുദിനമുള്ള ദുരുപയോഗത്തിലൂടെയും നഷ്ടപെടുത്തികൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഓരോ വ്യക്തികളുമാണ്. സാധാരണക്കാരുമുതല്‍ തൊഴിലാളികളും കച്ചവടക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഓരോ വ്യക്തികളും. ഭാരതത്തിലെ കര്‍ഷകര്‍ കര്‍മോല്‍സുകാരാണ് എന്നാല്‍ പാവപ്പെട്ട കര്‍ഷകരെ കാരണമില്ലാതെ അനുദിനം ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കര്‍ഷകരുടെ സല്‍ഫലങ്ങളാണ്  അഗതികളുടെ ആഹാരമാണ് അനുദിനം മുടങ്ങുന്നത്. ആരോഗ്യമില്ലാത്ത ഒരു ജനതയാണ് ഭാരതത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നത്.

ചില വ്യക്തികളിലെ അമിതമായ ഭക്ഷണരീതികളാണ്  നിയന്ത്രണവിധേയമാക്കേണ്ട മറ്റൊരു ഘടകം. ആവശ്യത്തിലധികമുള്ള ഭക്ഷണം വ്യക്തികളുടെ ആരോഗ്യം വീണ്ടും നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അമിതമായ ഭക്ഷണപ്രിയരിലെ  പൊതുവെയുള്ള ന്യായീകരണങ്ങള്‍ പാഴ്വാക്കുകള്‍ മാത്രമാണെന്ന് മനസിലാക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ ഇക്കൂട്ടര്‍ മനസിലാകാതെ പോകുന്ന വസ്തുത ധാന്യവിളകള്‍ ഭൂമിയില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതല്ല പകരം ധാരാളം ചിലവുകള്‍ ഉള്‍കൊള്ളുന്ന പ്രക്രിയയിലൂടെയും  വ്യക്തികളുടെ കഠിനാധ്വാനത്തിലൂടെയും  ഉല്പാദിപ്പിക്കുന്നവയാണ്. ഓരോ കൃഷിക്കാരും ഉപയോഗിക്കുന്ന വളവും കീടനാശിനികളും അവ നിര്‍മ്മിക്കുവാന്‍ വേണ്ട ചിലവും അതോടൊപ്പം വൈദ്യുതിയും ശുദ്ധജലവും എല്ലാം പ്രകൃതിയുടെ ശോഷിച്ചുകൊണ്ടിരിക്കുന്ന വിഭവങ്ങളാണ്. ചുരുക്കത്തില്‍ ആഹാരത്തിന്റെ അമിതമായ ഉപയോഗത്തിലൂടെയും പാഴാക്കുന്നതിലൂടെയും ഓരോ രാജ്യത്തിന്റെയും പ്രകൃതിയിലെ വിഭവങ്ങളാണ് നഷ്ട്ടമായിക്കൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ ശരിയായ സംസ്‌കരണത്തിലൂടെ ഗുണങ്ങളും നിലവാരങ്ങളും നിലനിര്‍ത്തുവാന്‍ സാധിക്കും പക്ഷെ അതിനുള്ള ശീതീകരണ യന്ത്രങ്ങളുടെ അഭാവവും  തടസ്സമില്ലാത്ത  വൈദ്യുതി പ്രവാഹവും ഭാരതത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും സാദ്ധ്യമായിട്ടില്ല എന്നതും വേദനാജനകമാണ്.  ഗുണമേന്മയുള്ള സംസ്‌കരിച്ച ഭക്ഷണം ഭാരതീയര്‍ വളരെ കുറച്ചു മാത്രമുപയോഗിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ശീലമില്ലാഞ്ഞിട്ടാണ്. എന്നാല്‍ വികസിത വിദേശരാജ്യങ്ങളിലെല്ലാം ഏകദേശം 80 ശതമാനം വ്യക്തികളും    സംസ്‌കരിച്ച ഭക്ഷണം ഉപയോഗിക്കുന്നതിലൂടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അധികം പാഴാകുന്നില്ല എന്നതും ശ്രേദ്ധേയമായ ഘടകം തന്നെയാണ്.

ഈ ഭൂമിയില്‍  ഓരോ ജീവനും നിലനിര്‍ത്തേണ്ടതിനുള്ള അത്യാവശ്യ ഘടകം ശുദ്ധജലമാണ്. എന്നാല്‍ ഇതിന്റെ 70 ശതമാനവും വിളകള്‍ക്ക് വേണ്ടിയുള്ള  ജലസേചനത്തിനും  കന്നുകാലികള്‍ക്ക് കുടിവെള്ളവും ഉള്‍പ്പെടെയുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഒരു ആപ്പിളിന്റെ ഉല്‍പാദനത്തിന് ശരാശരി 125 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ചെറിയ പോറല്‍പോലും ഉള്ള   ആപ്പിള്‍ കഴിക്കാതെ വലിച്ചെറിയുമ്പോള്‍  125 ലിറ്റര്‍ വെള്ളം ഓടയിലേയ്ക്ക് ഒഴിക്കുന്നതിനു തുല്യമാണ്. മാംസഭുക്കുകളായ വ്യക്തികള്‍ മനസിലാക്കേണ്ട മറ്റൊരു വസ്തുത ഒരു കിലോഗ്രാം ഇറച്ചിയുടെ ഉല്‍പാദനത്തിന് 15,400 ലിറ്റര്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. ഭൂമുഖത്തില്‍ കൂടുതല്‍ ഭാഗവും  വെള്ളമാണെങ്കിലും ഇതിലെ വെറും മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നത്. വീണ്ടും  അതിലേ മൂന്നിലൊന്ന് മനുഷ്യന് അപ്രാപ്യമായ ഹിമപ്പരപ്പുകളിലാണ് നിലനില്‍ക്കുന്നത്. ഏകദേശം 110 കിലോഗ്രാം മാംസം ഉല്‍പാദിപ്പിക്കുവാനായി ഏക്കറുകണക്കിന് കൃഷിസ്ഥലം വേണ്ടിവരും എന്നാല്‍ അത്രയും സ്ഥലത്തു ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങും രണ്ടര ക്വിന്റല്‍ തക്കാളിയും ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കും. അതുപോലെ തന്നെ വെള്ളത്തിന്റ ഉപയോഗവും വളരെ ഗണ്യമായിത്തന്നെ കുറയുകയും ചെയ്യും. ഇക്കാരണങ്ങളാലാണ് കഴിവതും എല്ലാ വ്യക്തികളും സസ്യാഹാര ജീവിത ശൈലിയിലേക്ക് മാറുവാനായി പലരും ആഹ്വാനം ചെയ്യുന്നത്. പ്രപഞ്ച സ്‌നേഹികളും മനുഷ്യസ്‌നേഹികളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം ഇതു മാത്രമാണ് സാധിക്കുമെങ്കില്‍ കഴിവതും സസ്യഭുക്കുകളായി മാറുക. അത് സാധിക്കുന്നിലെങ്കില്‍ മാംസാഹാരത്തിന്റെ അളവ് കഴിവതും കുറയ്ക്കുക.

ഭാരതത്തിന്റെ പ്രിയങ്കരിയായിരുന്ന പ്രധാനമന്ത്രി ശ്രിമതി ഇന്ദിരാ ഗാന്ധി ആഹാരം പാഴാക്കാതിരിക്കുവാനായി തന്റെ കൊച്ചുമകന്റെ പാത്രത്തില്‍ മിച്ചംവന്ന ആഹാരം  കഴിച്ചുകൊണ്ട്  മാതൃകയായ കഥ ചെറുപ്പകാലത്ത് കേട്ടറിവുള്ളതാണ്. അതുപോലെ ധാരാളം മഹാത്മാക്കള്‍ ഇതേ പാത പിന്തുടര്‍ന്നതായി കേട്ടറിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തില്‍ ഇപ്പോഴും ഒരു ചെറിയ അംശം ആഹാരം പോലും അറിഞ്ഞുകൊണ്ട് പാഴാക്കുവാന്‍ സാധിക്കുന്നില്ല.  ദാരിദ്രവും അതിലുപരി ധാന്യവിളകളുടെ ക്ഷാമകാലങ്ങളും ജീവിതത്തില്‍  അനുഭവിച്ചതുകൊണ്ട്  മറ്റുള്ളവരുടെ  കണ്ണുനീര്‍ കാണുവാനും മനസിലാക്കുവാനും  സാധിക്കുന്നുണ്ട്. 80കളില്‍ പശ്ചിമ ബംഗാളില്‍ രാജ്യസേവനമനുഷ്ഠിക്കുന്ന കാലഘട്ടങ്ങളില്‍ ഒരു കുമ്പിളില്‍ അരിയുമായി വീട്ടില്‍ പോകുന്ന സ്ത്രീകളുടെ ദൈന്യത നിറഞ്ഞ മുഖഭാവങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും ഓരോ നെന്മണിയെയും  എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളെയും ഇന്നും അമൂല്യനിധിയായും പ്രപഞ്ച സൃഷ്ടാവിന്റെ മനുഷ്യരുടെ മേലുള്ള  കാരുണ്യമായിത്തന്നെ കാണുവാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ദാരിദ്രവും  ക്ലേശങ്ങളും ദുഖങ്ങളും സങ്കടങ്ങളും അനുഭവിച്ചിട്ടില്ലാത്തവര്‍ ഭാഗ്യമുള്ളവര്‍ തന്നെയാണ് പക്ഷെ അതുകൊണ്ടു മാത്രം ലോകത്തു മറ്റുള്ളവര്‍ ഒരു നേരത്തെ ആഹാരത്തിനായി വലയുന്നില്ലായെന്നും കേഴുന്നില്ലായെന്നും തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ ജീവിതത്തിന്റെ  പ്രായോഗികത മനസിലാകാത്തതുകൊണ്ടുമാത്രമാണ്. അതോടൊപ്പം തന്നെ ഓരോ വ്യക്തികള്‍ക്കും ആഹാരപാനീയങ്ങളിലുള്ള  തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ഭോജനരീതികളും  പിന്തുടരാം പക്ഷെ മറ്റുള്ളവരുടെ സാമൂഹിക പ്രതിബദ്ധതയോടുകൂടിയുള്ള ജീവിത രീതികളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുക മാത്രം ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam