എന്ത് മണ്ടത്തരവും വിളമ്പാനുള്ള ലൈസന്‍സ് ഓരോ ഇന്ത്യക്കാരനും ഭരണഘടന ഉറപ്പ് നല്കവേ രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രാഹത്തിനും മതങ്ങള്‍ തമ്മിലുള്ള കലാപത്തിനും കേസെടുക്കുന്ന വിധം എന്റെ ഇന്ത്യ എങ്ങനെയാണ് മാറി തീര്‍ന്നത്? നിയമത്തിന്റെ എബിസിഡി അറിയാത്തവരെങ്ങനെ മജിസ്ട്രേറ്റായി എന്നിടത്ത് വേണം അന്വേഷണം തുടങ്ങാന്‍; അതിനു മോദി എന്ത് പിഴച്ച് എന്ന് ചോദിക്കുന്നവരോട് ഇതൊക്കെ നടക്കുന്നതിന് മോദിയുടെ ഇന്ത്യയിലാണ് എന്ന് തന്നെയാണ് മറുപടി
രണ്ട് ദിവസമായി ബീഹാറിലെ മുസാര്പുര് കോടതി അടൂര്‍ ഗോപാലകൃഷ്ണനടക്കം ഇന്ത്യയിലെ 49 പ്രമുഖരായ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിനും മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പിച്ച് കലാപം ഉണ്ടാക്കുന്നതിനും എതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുത്തിട്ട്. എന്തുകൊണ്ട് രണ്ടുദിവസമായി ഇതേക്കുറിച്ച് ഇന്‍സ്റ്റന്റ് റെസ്പോണ്സില് ഒന്നും സംസാരിച്ചില്ല എന്ന് ചോദിക്കുന്നവരോട്, അങ്ങനെ സംസാരിക്കാന്‍ പോലും കഴിയാത്തത്ര ഭീതിദമായ ഫാസിസ്റ്റ് നടപടിയായിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. ഇന്ന് രാജ്യാന്തര മാധ്യമങ്ങളില്‍ അത് വാര്‍ത്തയാകുകയും ഇന്ത്യയുടെ സഹിഷ്ണുതയുടെ അടയാളമായും ഇന്ത്യയുടെ മനുഷ്യാവകാശത്തിന്റെ ഉദാഹരണമായും ഇത് പ്രചരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സങ്കടത്തോടും നിരാശയോടും കൂടി ഇതേക്കുറിച്ച് പ്രതികരിച്ചേ മതിയാവൂ എന്നാണ് സാഹചര്യം.
ആലോചിച്ച് നോക്കൂ, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും സിനിമാക്കാരും അടങ്ങുന്ന ഒരു സംഘം ഒരു കത്തെഴുതുന്നു. അവര്‍ ആ കത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആശയത്തില്‍ വിശ്വസിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ നിയമം കയ്യിലെടുത്തുകൊണ്ട് സാധാരണക്കാരെ വഴിയിലിട്ട് തല്ലിക്കൊല്ലുന്നതിനെതിരെ നടപടിയുണ്ടാവണം എന്നാണ്. അതായത്, ലോകത്ത് ജനാധിപത്യം ഇല്ലാത്ത ഏതാധിപതികള് ഭരിക്കുന്ന നാട്ടില്‍ പോലും ഇല്ലാത്ത തരത്തില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയും അവരുടെ ആശയത്തിന്റെ പേരില്‍ വഴിയില്‍ കാണുന്നവരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യം ചോദ്യം ചെയ്യപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. പശുവിന്റെ മാംസം കഴിക്കുന്നതോ കഴിക്കാന്‍ ശ്രമിക്കുന്നതോ ഒരു വിശ്വാസത്തെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ആണെന്നും അകുകൊണ്ട് തന്നെ അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണമെന്നും വിശ്വസിക്കുമ്പോള്‍ തന്നെ ഒരാള്‍ ഒരു പശുവുമായി വഴിയിലൂടെ യാത്ര ചെയ്തതിന്റെ പേരില്‍ അയാളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുന്ന സാഹചര്യം പാക്കിസ്ഥാനിലോ ഇറാനിലോ പോലും ഉണ്ടാവാന്‍ പാടില്ല.
പ്രത്യേകിച്ച് ഇന്ത്യപോലെ വിയോജിക്കുന്നതിനും വിഘടിക്കുന്നതിനും എതിര്‍ക്കുന്നതിനും ഒക്കെ അവകാശമുള്ള ഒരു മഹാരാജ്യത്ത്. എന്താണ് ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു നല്കുന്ന അടിസ്ഥാനപരമായ അവകാശം. നിങ്ങള്‍ക്ക് ഉത്തമ ബോധ്യമുള്ള ഒരു കാര്യം പൂര്‍ണമായും തെറ്റാണെങ്കില്‍ കൂടി അത് നിര്‍ഭയം വിളിച്ച് പറയുന്നതിനുള്ള അവകാശമാണത്. എന്നാല്‍, നിങ്ങളുടെ അഭിപ്രായം രണ്ട് മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതോ രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതോ ആണെങ്കില്‍ മാത്രമാണ് അതിന് നിയന്ത്രണം ഉണ്ടാകേണ്ടത്. ഇന്ത്യാ മഹാരാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭസ്മം മോഷ്ടിച്ച് കൊണ്ടു പോകുകയും ഗാന്ധിജിയുടെ ശവകുടീരത്തിന് മുമ്പില്‍ രാജ്യദ്രോഹി എന്നെഴുതുകയും മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ച് കൊല്ലുകയും ചെയ്യുന്നവര്‍ രാജ്യത്തെ ജനപ്രതിനിധികളായി മാറുകയും പ്രധാനമന്ത്രിയോട് വിയോജന കുറിപ്പെഴുതുന്നവര്‍ രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിനും നല്ലതല്ല.
പ്രധാനമന്ത്രിക്ക് കത്തെഴുതിയവരോട് വിയോജിക്കുന്നതിനുള്ള പൂര്‍ണമായ അവകാശം സംഘപരിവാറുകാര്ക്കെന്നല്ല മറ്റാര്‍ക്കുമുണ്ട്. ആ കത്തിലെ സൂചനകള്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്ക് എതിരാണെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാല്‍, ഇന്ത്യാ മഹാരാജ്യത്ത് എത് അഭിപ്രായവും പറയാന്‍ അവകാശമുള്ളപ്പോള്‍ അതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കുന്നത് അങ്ങേയറ്റം ഫാസിസവും മ്ലേച്ഛവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..