കോഴിക്കോട്: പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയതെന്ന് കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പറയുന്നു. പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനേഡ് എത്തിച്ചുനല്‍കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇയാള്‍ സയനേഡ് കൊണ്ടുവന്നിരുന്നത്. മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സയനേഡ് ഇടപാടുകള്‍ക്കായി കോഴിക്കോട്ട് രഹസ്യ കേന്ദ്രമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി വിവരമുണ്ട്.
സയനേഡ് ഇടപാടുകാരനായാണ് ഇയാള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കുറഞ്ഞവിലയിലാണ് തമിഴ്നാട്ടില്‍ നിന്ന് സയനേഡ് എത്തിക്കുന്നത്. കേരളത്തില്‍ വില കൂടിയതിനാലാണ് പുറത്തുനിന്ന് എടുക്കുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രജികുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളുടെ സയനേഡ് ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജോളിയുടെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും മറിച്ച് പെരുച്ചാഴിയെ കൊല്ലുന്നതിന് വേണ്ടിയാണ് സയനൈഡ് മാത്യുവിന് നല്‍കിയതെന്നും പ്രജികുമാര്‍ പറയുന്നു.
കൂടത്തായി കൂട്ടക്കൊല കേസ് പ്രതിയെ ജോളിയേയും സഹപ്രതികളേയും കോടതിയിലേക്ക് കൊണ്ടു പോയി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജോളി ജയിലില്‍ നിന്നും കോടതിയിലേക്ക് പോയത്. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിച്ചത്. താമരശ്ശേരി കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. ഇവിടെ വലിയ ജനക്കൂട്ടം സ്ഥലത്തുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരാനായി പൊലീസ് അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
കോടതിയില്‍ നിന്നും ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇവിടെ പ്രതികളെ എത്തിച്ചാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാവും പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. ജയിലില്‍ നിന്നും താമരശ്ശേരി കോടതി വരെയും തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വന്‍ പൊലീസ് സംഘം ജോളിയെ അനുഗമിക്കും.
ജോളിയെ ജയിലില്‍ നിന്ന് കോടതിയിലെത്തിക്കാനുള്ള സുരക്ഷ ഒരുക്കാന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വനിത സിഐക്ക് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്. പതിനൊന്ന് ദിവസത്തേക്ക് ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. താമരശ്ശേരി കോടതിയില്‍ നിന്നും തെളിവെടുപ്പിന് ശേഷമോ മുന്‍പോ ആയി ജോളിയെ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടു വരും. ഇവിടുത്തെ പ്രത്യേക ചോദ്യം ചെയ്യല്‍ മുറിയില്‍ വച്ചാവും ബാക്കി നടപടികള്‍.