1 GBP = 97.00 INR                       

BREAKING NEWS

അഴിമതിയില്‍ നിറഞ്ഞ ഉദ്യോ ഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ബാക്കിപത്രമായി മലയാളികളുടെ മനസ്സില്‍ മരട് ഫ്ലാറ്റുകള്‍ എന്നും നിലനില്‍ക്കാതിരിക്കണമെങ്കില്‍ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെട്ടിരിക്കണം

Britishmalayali
റോയ് സ്റ്റീഫന്‍

ഭാരതത്തിലെ ജനാധിപധ്യത്തിന്റെ ആണിക്കല്ലായ ജുഡീഷ്യറിയുടെ സമയോചിതമായ ഇടപെടലിന്റെയും അധികാരത്തിന്റെയും നേര്‍ചിത്രമായി മാറുകയാണ് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍. നിരന്തരമായി നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പരമോന്നതമായ നീതിപീഠം കാര്യക്ഷമമായി തന്നെ ഇടപെടുമെന്ന് വീണ്ടും തെളിയിക്കുന്ന സാക്ഷ്യം. ലോകജനസംഖ്യ അനിയന്ത്രിതമായി വളരും തോറും ഭക്ഷണത്തിനും പാര്‍പ്പിടങ്ങള്‍ക്കും ഭൂമിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഭാരതത്തില്‍ മാത്രം ഏകദേശം ഒന്നേമുക്കാല്‍ കോടി ജനങ്ങള്‍ സ്വന്തമായി പാര്‍പ്പിടമില്ലാതെ തെരുവില്‍ അലയുന്നവരാണ്.

ഏകദേശം പതിനെട്ടു കോടി വീടുകളുടെ ആവശ്യം നിലവില്‍ ഭാരതത്തിനുള്ളപ്പോഴും വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ തകര്‍ക്കുന്നതിനോട് പലരും വിയോജിക്കുമെങ്കിലും നിയമം അനുശാസിക്കുന്ന നിര്‍മ്മാണങ്ങളാണ് ഓരോരുത്തരും അഭിലഷിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ മലയാളികള്‍ ഈ രണ്ടു വര്‍ഷങ്ങളായി അനുഭവിക്കുന്നതാണ്. അതുകൊണ്ടു മാത്രമാണ് തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി പണിതുയര്‍ത്തിയ കെട്ടിടങ്ങളെ തകര്‍ക്കുന്നതിനെ പൊതുജനങ്ങള്‍ എതിര്‍ക്കാത്തതും.

കുപ്രസിദ്ധമായ മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഉടമസ്ഥരെയും താമസക്കാരെയും ഒഴിപ്പിക്കുമ്പോള്‍ പൊതുജനങ്ങള്‍ ആശ്വസിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല സത്യം ജയിച്ചു എന്നോരു വിശ്വാസം ചിലര്‍ക്ക് തോന്നും അതിനുമപ്പുറത്തു പരമോന്നതമായ നീതിപീഠം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനും പൊതുജനങ്ങളെ പമ്പര വിഡ്ഢികളാക്കുന്ന വ്യവസ്ഥികളുടെ അടിവേര് അറുത്തുമാറ്റിയെന്നും ആശ്വസിക്കും. പക്ഷെ ഇവിടെ വീണ്ടും തോല്‍ക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങള്‍ മാത്രമാണെന്നുള്ള സത്യം കൂടി മനസ്സിലാക്കുനുണ്ട്.

കഴുകന്‍ കണ്ണുകളുമായി നടക്കുന്ന ഭൂമാഫിയയും ഫ്ലാറ്റ് നിര്‍മ്മാതാക്കളും അഴിമതി വീരന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകരും അവരുടെ കാലില്‍ വീണു നമിക്കുകയും അവരുടെ അഴിമതിയുടെ പങ്ക് പറ്റുകയും ചെയ്യുന്ന  വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുദിനം നിയമലംഘനം നടത്തുമ്പോള്‍ വീണ്ടും സാധാരണക്കാരുടെ ഉന്നമനത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും ഉപകരിക്കേണ്ട പണം മാത്രമാണ് നഷ്ടപ്പെട്ടുക്കോണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധി ചിലര്‍ക്കെങ്കിലും വിവേചനാപരമായി തോന്നിയേക്കാം കാരണം മറ്റൊന്നുമല്ല ഭാരതത്തില്‍ ഇതാദ്യമല്ല തീരദേശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുള്ളത്.

അങ്ങോളമിങ്ങോളമുള്ള ധാരാളം ഉദാഹരണങ്ങള്‍ നിരത്തുവാന്‍ സാധിക്കും. അതിനുമുപരി ഇനിയും പുറത്തുവരാത്ത ധാരാളം അനധികൃത കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിലും ഭാരതത്തിലുമുടനീളം കാണുവാനും സാധിക്കും. അപ്പോഴെല്ലാം താമസക്കാരുടെ പശ്ചാത്തലങ്ങളും കൂടി കണക്കിലെടുത്തു താമസക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ കൊടുക്കുവാന്‍ സാധിക്കുന്ന പിഴ ഈടാക്കുക മാത്രമാണ് ചെയ്തിരുന്നത്. പക്ഷെ മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തിലും ഇതേ നിലപാട് ഉണ്ടാകുമെന്ന് സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ പറഞ്ഞു വിശ്വസിപ്പിക്കുക മാത്രമാണുണ്ടായതെന്നു മാധ്യമങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.

കുറുക്കുവഴികളിലൂടെ കാര്യം സാധ്യമാക്കുവാന്‍ ശ്രമിക്കുന്ന എല്ലാ വ്യക്തികള്‍ക്കുമുള്ള ആദ്യത്തെ തിരിച്ചടി തന്നെയായിരിക്കാം ഈ പൊളിച്ചടുക്കല്‍. നാല് കെട്ടിടസമുച്ചയങ്ങളിലുമായി 326 അപ്പാര്‍ട്മെന്റുകളാണുള്ളപ്പോഴും ശരിയായ രേഖകളുള്ളത് വളരെ കുറച്ചെണ്ണത്തിന് മാത്രമെന്നതും വളരെ വിരോധാഭാസമായി തോന്നുമെങ്കിലും കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അഴിമതികളുടെ നേര്‍ ചിത്രം തുറന്നു കാട്ടുകയാണ്. മരടിലെ എല്ലാ അനധികൃത കെട്ടിടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ വ്യക്തമായിക്കാണുവാന്‍ സാധിക്കും യഥാര്‍ത്ഥ പ്രതികള്‍ ജനങ്ങള്‍ തന്നെ പല സമയങ്ങളായി തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തിന്റെ തലപ്പത്തിരുന്നവര്‍ തന്നെയാണെന്ന്.

സാമൂഹിക പ്രതിബദ്ധത ലെവലേശമില്ലാത്ത ജനപ്രതിനിധികള്‍ വികസനത്തിന്റെ പേരുപറഞ്ഞു നാട്ടുകാരെ കുടിയിറക്കി ഒരു ഗ്രാമത്തിന്റെ തന്നെ ഭൂപ്രകൃതി തിരുത്തിയെഴുതി. സ്ഥിതിഗതികള്‍ ഇത്രയും സങ്കീര്‍ണമാക്കിയതിലും സംസഥാന സര്‍ക്കാരിനും പങ്കാളിത്തമുണ്ടെന്നു തന്നെ ചൂണ്ടിക്കാണിക്കുവാനും സാധിക്കും. പ്രാദേശിക നേതൃത്വത്തില്‍ നിന്നും ജില്ലാ നേതൃത്വത്തിനും പിന്നീട് സംസ്ഥാന തലങ്ങളിലുമുള്ള നേതൃത്വത്തിനും വിഹിതമെത്താതെ ഇത്രയും വലിയ അഴിമതി സാധ്യമാവുകയില്ലാ എന്നതും സാധാരണക്കാര്‍ക്ക് തിരിച്ചറിയുന്നുണ്ട്. വ്യാപകമായി അഴിമതി നടത്തുന്ന വ്യക്തികള്‍ നിയമ വ്യവസ്ഥിതികളുടെ എല്ലാ പഴുതുകളും അടച്ചുകൊണ്ട് തങ്ങളുടെ നീചപ്രവര്‍ത്തനങ്ങള്‍ മൂടിവയ്ക്കുകയാണ് പതിവ്. ഇതുപോലുള്ള എല്ലാ സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അനന്തര ഫലമനുഭവിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങളും.

അഴിമതിയുടെ ലളിതവും നേരായതുമായ അര്‍ത്ഥം നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ സംതൃപ്തി നേടുക എന്നത്  മാത്രമാണ്. പ്രാഥമികമായും അര്‍ഹതിയില്ലാത്ത ധനസമ്പാദനമാണെങ്കിലും അനധികൃതമായും അര്‍ഹതയുമില്ലാതെ നേടുന്നതെന്തും അഴിമതിയാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രം ചെയ്യുന്ന ദുരൂഹത നിറഞ്ഞതും നീചവുമായ പ്രവര്‍ത്തനങ്ങള്‍. ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഴിമതിക്കാരന്‍ ഒരു കൈക്കൂലിക്കാരന്‍ എന്നെല്ലാം ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞാല്‍ ആ വ്യക്തിക്കും അയാളുടെ കുടുംബാങ്ങള്‍ക്കും അയാളുടെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്ക് പോലും വളരെ നാണക്കേടായിരുന്നു. അന്നൊക്കെ സാധാരണ നാട്ടുമ്പുറങ്ങളില്‍ പോലും പോലീസുകാര്‍ ഒരു കള്ളനെ പിടിച്ചാല്‍ പോലും ആ കള്ളനെ കാണുവാന്‍ ആ നാട്ടിലുള്ള എല്ലാവരും ഓടിക്കൂടും.

തെറ്റുകുറ്റങ്ങള്‍ ചെയ്യുക സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതെല്ലാം അപമാനം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍  മാത്രമായിരുന്നു. ഒരു പെറ്റിക്കേസില്‍ പോലും പോലീസ് വരാന്തകളിലോ കോടതി മുറ്റങ്ങളിലോ എത്തിച്ചേരുക എന്നുവച്ചാല്‍ പോലും അഭിമാനമുള്ള മനുഷ്യര്‍ക്കും അവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വലിയ നാണക്കേട് തന്നെയായിരുന്നു. എന്നാല്‍ കാലത്തിനൊത്തു മനുഷ്യരുടെ ചിന്താഗതികളും ജീവിത രീതികളും മാറിയിരിക്കുന്നു. വ്യക്തികളില്‍ സല്‍പ്രവര്‍ത്തികളിലൂടെ നേടുന്ന അഭിമാനവും നാട്ടുകാര്‍ക്കിടയിലുള്ള അന്തസും അമിതമായ പണത്തിനു മുമ്പില്‍ അന്യം നിന്നുപോയി. സമൂഹത്തില്‍നിന്നും വ്യക്തികള്‍ അകന്നു സ്വാര്‍ത്ഥത നിറഞ്ഞ വ്യക്തികളായി മാറിയപ്പോള്‍ ധനം മാത്രമായി എല്ലാ അര്‍ഥത്തിലുമുള്ള അളവുകോല്‍. എല്ലാ സമൂഹങ്ങളിലും ധാരാളം പണമുള്ളവര്‍ മാത്രമായി കാര്യക്കാരനും അധികാരിയും നാട്ടുപ്രമാണിയും.

നിലവിലെ സാഹചര്യത്തില്‍ ഭൂമി കീഴ്മേല്‍ മറിഞ്ഞതുപോലെയായി മനുഷ്യരുടെ ചിന്താഗതികള്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന  സാഹചര്യങ്ങളില്‍ അഴിമതി ഒരു വ്യക്തിയ്ക്കും അധിക്ഷേപമല്ല പകരം ഒരു ജീവിത രീതിയായി മാറിയിരിക്കുന്നു. ജോലി ഓരോ വ്യക്തികളുടെയും അവകാശമാണെന്ന് മുദ്രാവാക്യം വിളിച്ചവര്‍ ജോലി ചെയ്തില്ലെങ്കിലും മാസശമ്പളം അവകാശമാക്കി മാറ്റി. പിന്നീട് ചെയ്യേണ്ട ജോലി ചെയ്യുവാനായി ഉപഭോക്താക്കളില്‍ നിന്നും കിമ്പളം ചോദിച്ചു വാങ്ങുവാന്‍ മടിയില്ലാതായി മാറി. എല്ലാ മേഖലകളിലും മറയില്ലാതെ വഞ്ചനയും കപടനാട്യവും കൈക്കൂലിയും നിറഞ്ഞു നില്‍ക്കുന്നു. ഇന്ന് അഴിമതി വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമായി മാറി. മനുഷ്യന്റെ സൈര്യജീവിതത്തിന് ജാലിയും സ്വന്തം വീടും കാറും വേണമെന്നതുപോലെ തന്നെ എല്ലാ പ്രവര്‍ത്തന മേഖലകളിലും അഴിമതിയും കൂടെപ്പിറപ്പായി മാറിയിരിക്കുന്നു.

ഈ അടുത്ത നാളുകളില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം അഴിമതികള്‍ നിറഞ്ഞ 178 രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം 98-മത്തെ പദവിയില്‍ നില്‍ക്കുകയാണ്. ഏകദേശം അറുപത് ശതമാനം ഭാരതീയരും കൈക്കൂലി നല്‍കി അനുഭവമുള്ളവരാണ് അല്ലെങ്കില്‍ പൊതു ഓഫീസുകളില്‍ നിന്നും സേവനം ലഭിക്കുന്നതിന് വിവിധ തരത്തില്‍ സ്വാധീനിക്കേണ്ടി വന്നവരാണ്. കുറ്റവാളികളെ മോചിപ്പിക്കുവാന്‍ പോലീസും മറ്റെല്ലാ വ്യവസ്ഥിതികളും കൈക്കൂലി വാങ്ങുന്നു. കോടതികളിലെ കേസുകള്‍ അനുകൂലമായി വിധി നേടുവാന്‍ വക്കീലും ന്യായാധിപനും അന്യോന്യം കൈക്കൂലി വാങ്ങുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്ത ദരിദ്രരാണ് എല്ലാ മേഖലയിലും പരാജിതര്‍. നിരന്തരം കൈക്കൂലി വാങ്ങുന്ന നിയമസംവിധാനങ്ങള്‍ പണക്കാരനെതിരെയും നിയമവിരുദ്ധര്‍ക്കെതിരെയും ശബ്ദിക്കുവാനാകാതെ നിലകൊള്ളുന്ന സ്ഥിതിവിശേഷം.

ജസ്റ്റിസ് അരുണ്‍ മിശ്രയാണ് ഇന്ന് കേരളത്തിലുള്ള എല്ലാ നിയമലങ്കകരുടെയും അനധികൃത കെട്ടിട ഉടമകളുടെയും പേടിസ്വപ്നം നിലവില്‍ കേരളത്തിലെ കായലോരത്തും കടലോരത്തുമായി തീരദേശ നിയമങ്ങള്‍ ലംഘിച്ചു പണിതിരിക്കുന്നത് ഏകദേശം 2000 പരം അനധികൃത കെട്ടിടങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നത്. ഈ കാണക്ക് 1991 ത്തിനുശേഷം നടത്തിയ എല്ലാ നിയമ ലംഘനങ്ങളും ഉള്‍പ്പെടുന്നതാണ് മരട് മുനിസിപ്പാലിറ്റിയില്‍ മാത്രം 291 അനധികൃത കെട്ടിടങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. അനധികൃതമായുള്ള കെട്ടിടങ്ങള്‍ പൊളിക്കണെമെന്ന് കോടതി ആവശ്യപ്പെടുമ്പോഴും അതിന്റെ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞു ശിക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിലൂടെ വീണ്ടും യഥാര്‍ത്ഥ കുറ്റവാളികള്‍ പഴുതുകളിലൂടെ രക്ഷപ്പെടുകയാണോ എന്നുള്ള സംശയം നിലനില്‍ക്കുന്നു.

നാലു കെട്ടിട സമുച്ഛയങ്ങള്‍ പണിത ബില്‍ഡര്‍മാരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നെല്ലാം വാര്‍ത്തകള്‍ വന്നെങ്കിലും അവരുടെ പേരില്‍ കുറ്റം ചാര്‍ത്താതിരിക്കുന്നത് നിഗൂഡതകള്‍ സൃഷ്ടിക്കുന്നു. നിലവില്‍ നികുതിയടക്കുന്ന ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുന്നതിനെയും ഒരു പരിധിവരെ ന്യായീകരിക്കുവാന്‍ സാധിക്കും കാരണം ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുവാദം നല്‍കിയത് പക്ഷെ എന്തുകൊണ്ട് അവരെ കേസില്‍ പ്രതി ചേര്‍ക്കുന്നില്ലാ എന്നതും വീണ്ടും സാധാരണക്കാരന്റെ മനസ്സില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കും.

അഴിമതി വീരന്മാരായ ഉദ്യോഗസ്ഥ പ്രമാണികളുടെ പുറകിലും കാണും സംരക്ഷണ കവചമൊരുക്കികൊണ്ടു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഏതൊരു അന്വേഷണവും സ്വാഭാവികമായും എല്ലായ്പ്പോഴും അവസാനിക്കുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിലും. ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയയുടെ പൊയ്മുഖം തുറന്നു കാട്ടുന്ന നിലവിലെ മറ്റൊരു തെളിവാണു കൊച്ചിയിലെ പാലാരിവട്ടം മേല്‍പ്പാലം. അധികാരത്തിലിരിക്കുമ്പോള്‍ എന്ത് തോന്ന്യാസവും കാണിക്കുവാന്‍ ഒരു ഉളിപ്പും ഇല്ലാത്ത ഉദ്യോഗസ്ഥര്‍. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത ഹാസ്യചിത്രം മാത്രമാണ് പഞ്ചവടിപ്പാലമെന്നു ഇപ്പോഴും വിശ്വസിക്കുവാന്‍ മാത്രമാഗ്രഹിക്കുന്ന മലയാളികള്‍ക്ക് മുന്‍പില്‍ അത് വെറും സങ്കല്‍പ്പമല്ല യാഥാര്‍ഥ്യങ്ങളാണ് സ്ഥാപിച്ചിരിക്കുകയാണ്. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിന്റെ ഗതികേടാണ് അടിമുടി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ അവിഹിത കൂട്ടുകെട്ടുകള്‍.

അഴിമതി വിമുക്തമായ ഒരു ഭരണ സംവിധാനം ലോകത്തിലുള്ള എല്ലാ വ്യക്തികളും ആഗ്രഹിക്കുന്നതാണ്. ജനാധിപധ്യത്തില്‍ എല്ലാ മേഖലകളിലുമുള്ള ഭരണസംവിധാനത്തില്‍ ജനപ്രതിനിധികളെ ഉള്‍കൊള്ളിച്ചതും സത്ഭരണം ഉണ്ടാവുമെന്നുള്ള ശുഭ പ്രതീക്ഷയിലുമായിരുന്നു പക്ഷെ എല്ലാ തലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തില്‍ പൊതുജനങ്ങള്‍ നോക്കുകുത്തികളായി മാറുകയാണ്. തിരുത്തലുകള്‍ വരേണ്ടത് ഉന്നത നേതൃത്വത്തില്‍ നിന്നുമാണ് പക്ഷെ ആ ഉന്നത നേതൃത്വങ്ങള്‍ തന്നെ അഴിമതികള്‍ക്കും നേതൃത്ത്വം നല്‍കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഭാരതത്തില്‍ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതികള്‍ കുറയ്ക്കുവാന്‍ ദേശീയ തലങ്ങളില്‍ നടപടികള്‍ തുടങ്ങിയതിന്റെ ഭാഗമായാണ് പണമായുള്ള വ്യവഹാരങ്ങളിലെ നിയന്ത്രണങ്ങള്‍. ആദ്യകാലങ്ങളില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായി അനുഭവപ്പെടുമെങ്കിലും ഭാവിയില്‍ എല്ലാ ക്രയവിക്രയങ്ങള്‍ക്കും ഓരോ വ്യക്തികളും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സാധാരണക്കാര്‍ക്ക് പൊതുവെ നന്മയായി മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category