1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ - ഭാഗം ഒന്ന്

Britishmalayali
ജെ പി

രാത്രി ഒരു മണി കഴിഞ്ഞപ്പോഴാണ് ഉറക്കത്തിന്റെ തീക്ഷ്ണത എത്രത്തോളം കണ്‍പോളകളില്‍ തൂങ്ങുന്നുണ്ടെന്ന് മനസ്സിലായത്. അതുവരെ കുടിച്ച മൂന്ന് കട്ടന്‍ ചായകളില്‍ മധുരമില്ലാതിരുന്നത് കൊണ്ടാവാം ഉറക്കത്തെ പിടിച്ചു നിര്‍ത്താന്‍ ചായക്ക് കഴിയാതിരുന്നത്. 

യക്ഷി എന്ന പുതിയ നാടകത്തിന്റെ പണിപ്പുരയിലാണ് ഞാന്‍. കള്ളിയങ്കാട്ടു  നീലിയും, ആകാശ ഗംഗയും, യക്ഷിയും ഞാനും, കൊട്ടാരം വില്‍ക്കാനുണ്ട് എന്ന് വേണ്ട മലയാളത്തില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളുടെയും യക്ഷിസീനുകള്‍ കാണുകയായിരുന്നു ഈ ദിവസങ്ങളില്‍. പണ്ടെങ്ങോ വായിച്ചിട്ടുള്ള മലയാറ്റൂരിന്റെ യക്ഷി എന്ന നോവലും ഓണ്‍ലൈനില്‍ നിന്നും തപ്പിയെടുത്ത് വായിച്ചിട്ടാണ് നാടക രചന ആരംഭിച്ചത്. 

ഡബ്ബിങ്ങും റെക്കോര്‍ഡിങ്ങുമെല്ലാം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി ഉറക്കമിളച്ചിരിക്കാന്‍ തുടങ്ങിയിട്ട് ദിവസം നാലായി. നാല് ദിവസത്തെ നിദ്രാലസ്യം കണ്ണുകളെ തഴുകി തഴുകി മയക്കത്തിന്റെ ഒരു അപാരതയിലേക്ക് മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ വലിച്ചു കൊണ്ടുപോവുകയാണ്.

എങ്ങും നിശ്ശബ്ദത മാത്രം. വല്ലപ്പോഴും അര്‍ദ്ധരാത്രിയില്‍ മാത്രം കേള്‍ക്കാറുണ്ടായിരുന്ന സ്‌കോട്‌ലന്‍ഡിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളുടെ ഇരമ്പല്‍ പോലും ഇന്നില്ല. 

യക്ഷിയാണ് മനസ്സ് നിറയെ. യക്ഷിയുടെ ഓരോ ചലനങ്ങള്‍ക്കും അനുസരിച്ചുള്ള ബാക് ഗ്രൗണ്ട് സ്‌കോറിംഗ്, കഥാപാത്രത്തെ ഭീദിതമാക്കാന്‍ വേണ്ടിയുള്ള ശബ്ദ മിശ്രണം എല്ലാം കൂടി ഇന്ന് രാത്രികൊണ്ട് തീര്‍ക്കണം. അടുത്ത ദിവസം മുതല്‍ റിഹേഴ്‌സല്‍ തുടങ്ങേണ്ടതാണ്. 

ഇതിനിടയിലാണ് ഉറക്കം ഭയാനകമായി കണ്മുന്‍പില്‍ തൂങ്ങിയാടുന്നത്. മുകളിലത്തെ മുറികളില്‍ കിടന്നുറങ്ങുന്ന ഭാര്യക്കും മക്കള്‍ക്കും ശബ്ദം ഒരു ശല്യമാകാതിരിക്കാന്‍ ചെവിട്ടില്‍ ഇയര്‍ ഫോണ്‍ വെച്ചിട്ടാണ് ഇരിക്കുന്നത്. 

അവസാനത്തെ മ്യൂസിക്കും മിക്‌സ് ചെയ്യാന്‍ കണ്‍പോളകളെ പറ്റാവുന്നത്രയും തുറന്നു പിടിച്ച് ഐമാക്കിന്റെ സ്‌ക്രീനിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സ്‌ക്രീനില്‍ ആരുടെയോ നിഴല്‍ പോലെ കണ്ടത്. പുറകില്‍ ആരോ നില്‍ക്കുന്നത് പോലെ.

പെട്ടന്ന് തിരിഞ്ഞ് നോക്കാന്‍ ധൈര്യമില്ല. നിഴല്‍ ചലിക്കാതെ നില്‍ക്കുകയാണ്. മക്കളാരെങ്കിലും മുകളില്‍ നിന്നും ഇറങ്ങി വന്നതായിരിക്കുമോ? ഉത്കണ്ഠയുടെ നിമിഷങ്ങള്‍. മുകള്‍ നിലയില്‍ ആരെങ്കിലും നടന്നാല്‍ മരപ്പലകകള്‍ കാലിനടിയില്‍ ഞെരുങ്ങുന്നതിന്റെ ശബ്ദം താഴെ കേള്‍ക്കേണ്ടതാണ്. പക്ഷെ അതുണ്ടായിട്ടില്ല. 

ഇയര്‍ ഫോണെടുത്ത് മാറ്റി എന്തെങ്കിലും ശബ്ദങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്താലോ എന്നൊരു നിമിഷം ചിന്തിച്ചു. പക്ഷെ കൈകള്‍ ചലിക്കുന്നില്ല. 

ഒരായിരം യക്ഷികള്‍ മനസ്സിലൂടെ കടന്നു പോയി. കാവുകളും പാലമരങ്ങളും മനസ്സിന്റെ ഭാരം കൂട്ടികൊണ്ടേയിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ തിരിഞ്ഞു നോക്കി. 

തുടരും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam