1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ ഭാഗം മൂന്ന്

Britishmalayali
ജെപി

വീഴ്ചയുടെ ആഘാതം ഗുരുതരമല്ലാതിരുന്നെങ്കിലും എഴുന്നേറ്റ് നില്‍ക്കണ്ട എന്നെനിക്ക് തോന്നി. രണ്ടാമതൊന്ന് ജനലിലൂടെ നോക്കുവാന്‍ ധൈര്യമുണ്ടായിരുന്നില്ല. നാലുകാലില്‍ ഇരുട്ടിലൂടെ നടന്ന് കോണി ചുവട്ടിലെത്തി.

ശബ്ദമുണ്ടാകാതിരിക്കുവാന്‍ വേണ്ടി നാലുകാലില്‍ തന്നെ കോണി കയറി മുകള്‍ നിലയിലെത്തിയതിന് ശേഷമാണ് നിവര്‍ന്ന് നിന്നത്. തപ്പിത്തടഞ്ഞ് ബെഡ്ഡില്‍ കയറി പുതപ്പ് വലിച്ച് തലമൂടി കിടന്നു. 

ഭാര്യയുടെ തലയണക്കടിയില്‍ അവളെപ്പോഴും സൂഷിക്കാറുള്ള കൊന്തയെടുത്ത് എന്റെ തലയണക്കടിയില്‍ വെച്ചു. നെറ്റിയില്‍ 'യൂ. രാ. ന. ഈ' എന്നെഴുതി. ചെറുപ്പത്തിലെ രാത്രികളില്‍ പേടി തോന്നാതിരിക്കാന്‍ 'അമ്മ പഠിപ്പിച്ച ഒരു വിദ്യയാണ്. ക്ഷീണം ഭയത്തെ മറികടന്ന് ഗാഢനിദ്രയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി. 

ആറ് മണിക്കെഴുന്നേറ്റ് കുളിച്ച് ഓഫീസ്സില്‍ പോകാന്‍ റെഡിയായി. ഒരു കോപ്പയില്‍ കോണ്‍ഫ്‌ലേക്‌സ് ഇട്ട് തണുത്ത പാലൊഴിച്ച് പ്രാതല്‍ കഴിച്ചു. ചായ ഉണ്ടാക്കാനെടുത്ത കപ്പിന് പുറത്തെ ആലേഖനത്തിലേക്ക് നോക്കിയപ്പോള്‍ തലേന്നത്തെ അനുഭവങ്ങള്‍ മനസ്സിലേക്കോടി കയറി. 

ഡ്രാക്കുള കോട്ട കാണാന്‍ റൊമാനിയയിലെ ട്രാന്‍സില്‍വാനിയ പ്രദേശങ്ങളില്‍ കറങ്ങിയപ്പോള്‍ വാങ്ങിയ കപ്പാണ്. ഓരോ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ആ രാജ്യത്തിന്റെ പേരെഴുതിയ കപ്പുകള്‍ വാങ്ങുന്നത് ശീലമാണ്. 

വീട്ടിലാര്‍ക്കും ഇത്രയും നേരത്തെ എഴുന്നേല്‍ക്കേണ്ടതില്ലാത്തതുകൊണ്ട് ആരോടും പ്രത്യേകിച്ച് യാത്ര പറഞ്ഞില്ല. കാറില്‍ കയറുന്നതിന് മുന്‍പ് എഴുപത്തിയൊമ്പതാം നമ്പര്‍ വീട്ടിലേക്കൊന്ന് എത്തിനോക്കണമെന്ന് തോന്നി. പതിവായി കാണുന്ന കാറുകള്‍ രണ്ടും അവിടെയില്ല. ജനലുകളെല്ലാം കര്‍ട്ടനുകളില്ലാതെ നഗ്‌നമായി കിടക്കുകയാണ്. 

വീടിനുള്ളിലേക്ക് വ്യക്തമായി കാണുവാന്‍ വേണ്ടി ഞാന്‍ കുറേക്കൂടെ മുന്‍പോട്ട് നടന്നു. അരമതിലിന് മുകളിലൂടെ ജനല്‍ വഴി അകത്തോട്ട് എത്തിനോക്കുന്നതിന് മുന്‍പ് നാലുപാടും കണ്ണോടിച്ചു. വഴിയിലെങ്ങും ആരുമില്ല. തൊട്ടടുത്ത് വീടുകളധികം ഇല്ലാത്തതിനാല്‍ ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ല. 

വീട്ടില്‍ ആരെങ്കിലും താമസിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ല. കാളിയും കീരനും എപ്പോഴായിരിക്കും വീട് കാലിയാക്കി പോയിട്ടുണ്ടാവുക? അധികം ആരോടും സംസാരിക്കുന്ന പ്രകൃതക്കാരല്ലായിരുന്ന് അവര്‍. അതുകൊണ്ട് ആരോടുമവര്‍ പറഞ്ഞിട്ടുമുണ്ടാകില്ല. 

തലേന്ന് കണ്ട രൂപം ആരുടേതായിരിക്കും എന്ന ചിന്ത വീണ്ടുമെന്നെ കുഴക്കി. ആള്‍താമസമില്ലാത്ത വീട്ടില്‍ നടുപാതിരായ്ക്ക് ആരായിരിക്കാം കയറിയിട്ടുണ്ടാവുക? 

അപ്പോഴാണ് പിന്‍വശത്തെ ഡോര്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെടുന്നത്. അടുക്കളയില്‍ നിന്നും പുറകിലെ ഗാര്‍ഡനിലേക്ക് തുറക്കുന്ന ഡോറാണത്. ഒന്നുകില്‍ കാളിയും കീരനും വീട് വിട്ട് പോയപ്പോള്‍ അടക്കാന്‍ മറന്നതായിരിക്കണം. അല്ലെങ്കില്‍ സിഗരറ്റിന്റെ മണം പോകാന്‍ അവര്‍ മനപ്പൂര്‍വം തുറന്നിട്ടതാകാം. അതിലൂടെ ആയിരിക്കും രാത്രി കണ്ട ആള്‍ അകത്ത് കടന്നിട്ടുണ്ടാവുക. 

പെട്ടെന്നെനിക്കൊരു പഴകിയ പുകയിലയുടെ മണം അനുഭവപ്പെട്ടു. ഇത്ര പെട്ടന്ന് ഈ മണം എവിടെന്നു വന്നു എന്നറിയാന്‍ ഞാനെന്റെ മൂക്കുകള്‍ നന്നായി വിടര്‍ത്തി ശ്വാസം വലിച്ച് നോക്കി. ഉടനെ ഒരു മനം പുരട്ടല്‍ ഉണ്ടാവുകയും തല കറങ്ങുന്ന പോലെയും തോന്നി. തലേന്ന് രാത്രിയിലെ ഉറക്കമിളക്കല്‍ കാരണമാവും എന്ന് കരുതി കാറിലേക്ക് നടക്കാന്‍ തിരിഞ്ഞ വഴി ഞാന്‍ നടുങ്ങിപ്പോയി. 

തൊട്ടുമുന്‍പില്‍ തല മുതല്‍ കാല്‍പാദം വരെ കറുത്ത കോട്ടണിഞ്ഞ ഒരു സ്ത്രീ നില്‍ക്കുന്നു. ആറടി ഉയരം വരുന്ന ആ സ്ത്രീയുടെ മൂക്ക് നീണ്ടതും മുഖത്തു ചുളിവുകള്‍ വീണതുമാണ്. അവരുടെ നരച്ചതും കുഴിഞ്ഞതുമായ കണ്ണുകള്‍ എഴുപത്തിയൊമ്പതാം നമ്പര്‍ വീട്ടിലുടക്കി നില്‍ക്കുകയാണ്. ഈ സ്ത്രീയില്‍ നിന്നുമാണ് അവിഞ്ഞ പുകയിലമണം വരുന്നതെന്ന് എനിക്ക് മനസ്സിലായി. 

ഈ സമയം വീടിന്റെ മരം കൊണ്ടുള്ള ഫെന്‍സ് ചാടിക്കടന്ന് ഒരു കരിമ്പൂച്ച ഞങ്ങളുടെ അടുത്തേക്ക് വന്നു. അത് ആ സ്ത്രീയുടെ കാലുകളില്‍ ഉരസ്സുകയും, തറയില്‍ കിടന്ന് ഉരുളുകയും ചെയ്തു. വീട്ടിലേക്കുള്ള നോട്ടം നിറുത്തി തലവെട്ടിച്ചവര്‍ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.
തുടരും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam