1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ ഭാഗം നാല്

Britishmalayali
ജെപി

സ്ത്രീയെ ഇതിന് മുന്‍പും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ കറുത്ത കോട്ടണിയുകയോ, മൂക്കിലും ചുണ്ടിലുമെല്ലാം തുളച്ച് വളയങ്ങള്‍ ഇട്ടിരുന്നതോ ഓര്‍ക്കുന്നില്ല.

അവര്‍ ക്രമാതീതം കണ്മഷി എഴുതുകയും, തലയോട്ടിയുടെ പടമുള്ള ഒരു ടോപ്പണിയുകയും ചെയ്തിട്ടുണ്ടായിരുന്നു. അവരിത്ര പെട്ടന്ന് എന്റെ പുറകില്‍ എവിടന്നു വന്നു എന്നാലോചിച്ചിട്ട് ഒരു പിടിയുമില്ല.

വല്ല വിധേനയും അവരുടെ തുറിച്ചു നോട്ടത്തില്‍ നിന്നൊഴിവായി കാറില്‍ക്കയറി ഓഫീസിലേക്ക് വിട്ടു. 

ഓഫീസിലെ കോഫി മെഷിനില്‍ ഫ്രഷ് കാപ്പിക്കുരു നിറച്ച് ഓണാക്കി കാപ്പിക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോഴാണ് ഐറിഷുകാരന്‍ ഡാനിയേല്‍ കാപ്പിക്കപ്പുമായി വരുന്നത്. രാവിലെ തന്നെ വലിച്ചു കയറ്റിയ സിഗരറ്റിന്റെ മണം അവന് ചുറ്റും ഒഴുകി നടപ്പുണ്ട്. 

അല്പം അന്ധവിശ്വാസവും പ്രേത ഭൂത കഥകളില്‍ താല്പര്യവും ഉള്ള ആളാണ് ഡാനിയേല്‍. ഇവനോട് ഇക്കഥകളൊക്കെ പറഞ്ഞാലോ! അവന്റെ അഭിപ്രായം ഒന്ന് അറിയാമല്ലോ. അയര്‍ലണ്ടിലെ ഒരു പള്ളി സെമിത്തേരിക്കടുത്തു വെച്ച് അവന്‍ ചെറുപ്പത്തില്‍ പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടത്രെ. 

എന്റെ അനുഭവം കേട്ടപ്പോള്‍ അവനൊന്ന് വാചാലനായി. 

''ചിലപ്പോള്‍ ആ സ്ത്രീ ഒരു ഗോതിക്കോ (Gothic) അല്ലെങ്കില്‍ ഇമോയോ (Emo) ആയിരിക്കും. അതുകൊണ്ടാണ് കണ്ണെഴുതി, മുടി കറുപ്പിച്ച്, കറുത്ത വസ്ത്രം ധരിച്ചും നടക്കുന്നത്. 

പ്രായം വെച്ച് നോക്കുമ്പോള്‍ ഇമോ ആകാന്‍ സാധ്യതയില്ല. ഗോതിക് ആവാനേ തരമുള്ളു. എന്നാലും പാതിരാത്രിയില്‍ അവരെന്തിന് ആ വീട്ടില്‍ കയറണം.''

ഡാനിയേലും ഉത്തരം കിട്ടാതെ വിഷമിച്ചു. ഗോതിക് എന്നും, ഇമോ എന്നും കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്നും, അവരാരാണെന്നും ഇതുവരെ തിരക്കിയിട്ടില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസവും അറിയില്ല. 

സാധാരണ വഴിയിലെങ്ങാനും ഇവരെ കണ്ടാല്‍ തല കുനിച്ച് മാറി നടക്കുകയെ പതിവുള്ളൂ. തല മുതല്‍ പാദം വരെ കറുത്ത വസ്ത്രം ധരിച്ച്, ശരീരം നിറയെ ടാറ്റു ചെയ്ത്, ശരീരത്തിലെല്ലാം വളയങ്ങള്‍ കുത്തിയിറക്കി നടക്കുന്നവരെ കാണുമ്പോള്‍ പേടി തോന്നാറുണ്ട്. ഇവരെല്ലാം ബ്ലാക്ക് മാസ്സിന്റെ ആള്‍ക്കാരാണെന്നാണ് വിചാരിച്ചിരുന്നത്. 

ഇനിയിപ്പോ ആ സ്ത്രീ ഇതില്‍ പെട്ട ആരെങ്കിലും ആണോ? ഒഴിഞ്ഞ് കിടക്കുന്ന വീട് തിരഞ്ഞെടുത്ത് ബ്ലാക്ക് മാസ്സിന് ഒരുക്കൂട്ടുന്നതാണോ? 

ഡാനിയേല്‍ കൂടുതലെന്തെങ്കിലും പറയും എന്ന് കരുതിയെങ്കിലും അവന്‍ നിശ്ശബ്ദനായതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. അവനെന്റെ പുറകില്‍ പുറം തിരിഞ്ഞാണ് ഇരിക്കുന്നത്.

അവന്‍ എന്തെടുക്കുകയാണ് എന്നറിയാന്‍ തിരിഞ്ഞതും ഞാന്‍ ഞെട്ടിപ്പോയി. അവന്‍ ഒരു കറുത്ത ജമ്പറിന്റെ ഹുഡി തലയിലൂടെ ഇട്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കി ഇരിക്കുകയാണ്. ഗൂഗിള്‍ മേപ് ഓണാക്കി വെച്ച്, എന്റെ വീടിന്റെ പരിസരമേതെന്നവന്‍ തിരയുകയാണ്. 

പോസ്റ്റ് കോഡ് പറഞ്ഞ് കൊടുത്തപ്പോള്‍ സ്‌ക്രീനിന്റെ താഴെ വലത്തേ മൂലയില്‍ കിടന്ന പെഗ്ഗ്മാനെ (pegman ) വലിച്ച് എന്റെ റോഡിലേക്കിട്ടു. 

എന്റെ വീടിന്റെ എതിര്‍വശത്ത് എഴുപത്തി ഒന്‍പതാം നമ്പര്‍ വീട്. അതിനു പുറകില്‍ ചെറിയ ഒരു കുറ്റിക്കാട്. അതിനും പുറകില്‍ വീതികുറഞ്ഞ ഒരു അരുവി. അതിന് ശേഷം വിശാലമായ പുല്‍മേടും താഴ്വരയും. താഴ്വര അവസാനിക്കുന്നിടത്ത് കുന്നിന് മുകളിലായി പഴയ ഒരു കെട്ടിടം. പഴയ കാലത്തെ ഏതോ ഒരു പ്രഭുവിന്റെ മാന്‍ഷന്‍ പോലെ. 

''നീയി മാന്‍ഷന്റെ അടുത്താണോ താമസിക്കുന്നത്?''

ഗൂഗിള്‍ മിനിമൈസ് ചെയ്തിട്ട് ഡാനിയേല്‍ എന്റെ നേരെ തിരിഞ്ഞു. അവന്റെ കണ്ണുകളില്‍ എന്തോ ഒരു നിഗൂഢത ഒളിഞ്ഞ് കിടപ്പുണ്ടെന്ന് എനിക്ക് തോന്നി. 

''ഐ തിങ്ക് സൊ, പക്ഷെ ഞാനതിന്റെ അടുത്തേക്കൊന്നും പോയിട്ടില്ല.'' 

എസിയുടെ തണുപ്പിലും ഞാനൊന്ന് വിയര്‍ത്തു. ഇവനെന്ത് പുലിവാലും കൊണ്ടാണ് വരുന്നതെന്ന് ആര്‍ക്കറിയാം. 

''മാന്‍ഷന്റെ മറുവശത്തുള്ള കണ്‍ട്രി റോഡിലൂടെ എപ്പോഴെങ്കിലും പോയിട്ടുണ്ടോ?''

ഞാന്‍ വേഗം ഒരു കള്ളം പറഞ്ഞു. 

''ഇല്ല, ഞാന്‍ പോയിട്ടില്ല.''

പക്ഷെ രണ്ടു ദിവസം മുന്‍പ് അര്‍ദ്ധരാത്രിയില്‍ ഞാനാ വഴി പോയിരുന്നു. മാന്‍ഷന്റെ മുന്‍പിലുള്ള ചാപ്പലിനോട് ചേര്‍ന്നുള്ള സെമിത്തേരിയുടെ അടുത്തെത്തിയപ്പോഴാണ് കാര്‍ തനിയെ ഓഫായതും വണ്ടി വഴിയോരത്ത് നിറുത്തേണ്ടി വന്നതും.  

നിലാവെളിച്ചത്തില്‍ തിളങ്ങി കൊണ്ടിരുന്ന ശവക്കല്ലറകളില്‍ കറുത്ത മേഘപടലങ്ങളുടെ നിഴല്‍ വീഴുന്നത് കണ്ട് ഞാന്‍ കാറില്‍നിന്നും ഇറങ്ങി. 

തുടരും

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam