1 GBP = 97.60 INR                       

BREAKING NEWS

ജനങ്ങളെ പറ്റിക്കാന്‍ മോദിക്ക് എല്ലായ്‌പ്പോഴും പറ്റില്ല; ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയും; എന്തുകൊണ്ട് രണ്ടാം പ്രളയത്തില്‍ പിണറായി ചോദിച്ചിട്ടു ആരും പണം നല്‍കിയില്ല? വിദേശ മലയാളികള്‍ എന്തെ മുഖം തിരിക്കുന്നു? യുകെയിലെത്തിയ അങ്കമാലി എംഎല്‍എ റോജി ജോണ്‍ ബ്രിട്ടീഷ് മലയാളിയോട് മനസ് തുറക്കുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ''മോദി സര്‍ക്കാര്‍ ജനങ്ങളെ തുടര്‍ച്ചയായി പറ്റിക്കുകയാണ്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലാതാകുന്നില്ല. കോണ്‍ഗ്രസ്സ് തിരിച്ചു വരിക തന്നെ ചെയ്യും. ജനങ്ങള്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. അവര്‍ക്കു തന്നെ തിരുത്തല്‍ നടത്താനും അറിയാം. കേരളത്തില്‍ ബിജെപിക്ക് അടുത്തകാലത്തൊന്നും പ്രതീക്ഷ വേണ്ടാത്ത സ്ഥലമാണ്. അവര്‍ക്കു അവരില്‍ തന്നെ വിശ്വാസം നഷ്ടമായ സാഹചര്യമാണ്. പ്രളയ കാലത്തേ കേരളത്തിന്റെ ഒരുമ ലോകത്തിനു തന്നെ മാതൃക ആയിരുന്നു, എന്നാല്‍ അതേ ജനങ്ങളെ തമ്മിലടിപ്പിച്ചു എന്ന ക്രെഡിറ്റാണ് പിന്നീട് പിണറായി വിജയന്‍ സ്വന്തമാക്കിയത്...'' കേരളത്തിലെ ജനപ്രിയ എംഎല്‍എയും അങ്കമാലി സ്വദേശിയുമായ റോജി ജോണ്‍ ദേശീയവും പ്രാദേശികമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് മാധ്യമ പ്രവര്‍ത്തകനായ കെ ആര്‍ ഷൈജുമോനുമായുള്ള ഹ്ര്വസ സംഭാഷണത്തിലൂടെ. 

ഒരു ദശകത്തിലേറെ വിദ്യാര്‍ത്ഥി കാലഘട്ടത്തിനു ശേഷം ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്ത ശേഷമാണു രാഹുല്‍ ഗാന്ധി ബ്രിഗേഡിലൂടെ അദ്ദേഹം പൊടുന്നനെ കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുന്നത്. പാര്‍ട്ടി പദവികളില്‍ സജീവമാകും മുന്നേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടി വന്ന റോജി ജോണ്‍ കഴിഞ്ഞ നിയമസഭാ കാലത്ത് കോണ്‍ഗ്രസ്സ് കേരളത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഒന്‍പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫില്‍ നിന്നും അങ്കമാലി സീറ്റ് കോണ്‍ഗ്രസിന് വേണ്ടി പിടിച്ചെടുത്തത്. തങ്ങളുടെ തിരഞ്ഞെടുപ്പ് നൂറു ശതമാനം ശരിയായിരുന്നു എന്ന് അങ്കമാലിക്കാരെക്കൊണ്ട് ചിന്തിപ്പിക്കും വിധമുള്ള പ്രവര്‍ത്തനമാണ് 2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് അദ്ദേഹം ഏറ്റെടുത്തത്.  അയര്‍ലന്റ് സന്ദശനത്തിനു ശേഷം ഏതാനും ദിവസം കെന്റില്‍ താമസിക്കുന്ന സഹോദരി റിന്‍സി റോബര്‍ട്ടിനെ കാണുവാന്‍ എത്തിയ റോജി ജോണ്‍ രണ്ടു നാള്‍ കൂടി യുകെയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങും.
 • കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനു എന്തെങ്കിലും സാദ്ധ്യതകള്‍ കാണുന്നുണ്ടോ?
ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും എഴുതി തള്ളാന്‍ പറ്റില്ല. ശരിയാണ്, തുടര്‍ച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. പക്ഷെ ഇനിയും തിരിച്ചു വരാന്‍ ശക്തിയുള്ള പ്രസ്ഥാനം തന്നെയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു ഷോര്‍ട്ട് ഫേസില്‍ ഉണ്ടായിരിക്കുന്ന കാര്യമാണ്. എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാന്‍ ആര്‍ക്കും പറ്റില്ല. രാജ്യം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ലക്കും ലഗാനുമില്ലാത്ത വിധമാണ്. പാനിക് സെയില്‍ എന്ന് പറയേണ്ടി വരും.
 • ഇത് തന്നെയല്ലേ മന്‍മോഹന്‍ സിങ് സര്‍ക്കാരും ചെയ്തിരുന്നത്?
അങ്ങനെയല്ല. അതില്‍ ഒരു പോളിസി ഉണ്ടായിരുന്നു. ഇതിപ്പോള്‍ ലാഭത്തില്‍ ഉള്ള സ്ഥാപനങ്ങള്‍ പോലും വിറ്റുതുലയ്ക്കുകയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും തൊഴില്‍ സുരക്ഷക്കും തൊഴില്‍ ഇല്ലായ്മ മാറ്റുന്നതിനുമാണ് വില്‍പ്പന നടത്തിയത്. മോദി സര്‍ക്കാരിന് ഇതില്‍ ഒന്ന് പോലും ഉറപ്പു നല്‍കാന്‍ കഴിയുന്നില്ല. എല്ലാ രംഗവും പിന്നോട്ടാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറയാണ് തകരുന്നത്. ഗിമ്മിക് കാട്ടി അധികം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇത് ജനം തിരിച്ചറിയും.
 • ജനം തിരിച്ചറിയണമെങ്കില്‍ എങ്ങനെ സാധിക്കും , കോണ്‍ഗ്രസിന് അതിനുള്ള കെല്‍പ്പുണ്ടോ?
കോണ്‍ഗ്രസിന് സംഘടനാപരമായി ചില പാളിച്ചകള്‍ ഉണ്ടെന്നു സമ്മതിക്കുന്നു. പക്ഷെ പാര്‍ട്ടി അത് ഓവര്‍ കം ചെയ്യും. അതിനുള്ള കഴിവും ആള്‍ബലവും ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതു സമ്മതിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ സര്‍ക്കാര്‍ ചുവടു വയ്ക്കുന്ന സമയമാണ്. സാഹിത്യപരമായി ഹണിമൂണ്‍ പീരിയഡ് എന്നൊക്കെ പറയും. അത് കഴിഞ്ഞു ഒരു സെക്കന്റ് ടെം വരുന്നുണ്ട്. അതില്‍ ജനപിന്തുണയോടെ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകും. ഇഷ്യുകള്‍ അടിസ്ഥാനമാക്കിയാണ് ജനവികാരം രൂപപ്പെടുക. സര്‍ക്കാരിനെതിരെ വികാരം രൂപപ്പെടുമ്പോള്‍ അതിനു നേതൃത്വം നല്‍കി മുന്നില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയും.
 • രാഹുല്‍ ഗാന്ധിയില്‍ തന്നെയാണോ ഇപ്പോഴും പ്രതീക്ഷ , അതോ പ്രിയങ്കയിലോ?

തീര്‍ച്ചയായും രാഹുലില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്, പ്രിയങ്കയും നേതൃത്വത്തില്‍ ഉണ്ടല്ലോ. രാഹുലിന്റെ കരിസ്മ ഒന്നും നഷ്ടമായതായി ഞാന്‍ ചിന്തിക്കുന്നില്ല. 2014 തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവരും രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏവര്‍ക്കും പ്രതീക്ഷ നല്‍കി അദ്ദേഹം തിരിച്ചു വന്നാണ് തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത്. പരാജയം സംഭവിക്കുമ്പോള്‍ ഏതു നേതാവായാലും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരും.

 • രാഹുലും നേതാക്കളും തമ്മിലുള്ള ശീതസമരം ജനറേഷന്‍ ഗാപ് ആയി വിശേഷിപ്പിക്കാമോ?

കോണ്‍ഗ്രസില്‍ എല്ലാ പ്രായക്കാര്‍ക്കും ഇടമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മുപ്പതു കഴിഞ്ഞവരും നാല്‍പതു കഴിഞ്ഞവരും ഏറെ പ്രായം ചെന്നവരും ഒക്കെയുണ്ട്. എല്ലാവരും പരസ്പരം ആദരിച്ചും ബഹുമാനിച്ചും പോകുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. എല്ലാത്തരം ആളുകളുടെയും ഒരു ബ്ലെന്‍ഡ് ആണ് കോണ്‍ഗ്രസ് എന്ന് വിശേഷിപ്പിക്കാം. ജയിക്കുമ്പോള്‍ ശരിയും തോല്‍ക്കുമ്പോള്‍ തെറ്റും എന്നതാണ് ജനാധിപത്യത്തിന്റെ രീതി. നമ്മള്‍ പറയുന്ന കാര്യങ്ങളോട് എല്ലായ്പ്പോഴും ജനാധിപത്യത്തില്‍ സ്വീകാര്യത കിട്ടണം എന്ന് വാശി പിടിക്കാനുമാകില്ല.

 • കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ശ്രദ്ധ നേടിയവരാണ് ചെറുപ്പക്കാരായ ഹരിത എം എല്‍ എ മാര്‍. ഇവര്‍ പിന്നീട് നിശബ്ദമായി പോകുന്ന പോലെ ഉള്ള അനുഭവം ഉണ്ടായി, കോണ്‍ഗ്രസില്‍ ചെറുപ്പക്കാര്‍ നിശ്ശബ്ദരാക്കപ്പെടുകയാണോ?

അങ്ങനെയൊന്നുമില്ല, അവരൊക്കെ ഇപ്പോഴും ശക്തവും സജീവവുമാണ്. വി ടി ബലറാമും വി ഡി സതീശനും ഹൈബി ഈഡനും ഒക്കെ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ഉള്ള യുവനേതാക്കള്‍ തന്നെയാണ്. ഒരു വിഷയം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സമാന മനസ്‌ക്കര്‍ എന്ന പേരില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഒക്കെ ശ്രദ്ധ കിട്ടി. അതിനു ഹരിത എംഎല്‍എമാര്‍ എന്നൊക്കെ പേരും നല്‍കി. അവരൊക്കെ അതേ നിലപാടില്‍ തന്നെ ഇപ്പോഴുമുണ്ട്. പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ പൊതുസമൂഹം ഒരു പ്രത്യേക ഐഡന്റിറ്റി നല്‍കി എന്നാണ് ഞാന്‍ കരുതുന്നത്.

 • രാഹുല്‍ ഗാന്ധിയുടെ നോമിനിയെന്ന പേരില്‍ പലരും തിരഞ്ഞെടുപ്പില്‍ വന്നെകിലും അങ്കമാലിയില്‍ നിയോഗികകപ്പെട്ട താങ്കളാണ് 2016 ലെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥി. മറ്റു പലരും പരാജയം നേരിട്ടപ്പോള്‍ വിപരീത സാഹചര്യത്തില്‍ വിജയിച്ച 22 പേരില്‍ ഒരാളാകാന്‍ സാധിച്ചതെങ്ങനെ?

ഞാന്‍ അങ്കമാലിയില്‍ നൂലില്‍ കെട്ടി ഇറങ്ങിയ ആളല്ല.വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്. പഠനത്തിന്റെ ഭാഗമായി നാട് വിടേണ്ടി വന്നു, ചുരുക്കകാലം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ടി വന്നു. പഠിക്കുന്ന സമയം എറണാകുളത്തും മറ്റും സജീവമായിരുന്നു. സേക്രട്ട് ഹാര്‍ട്ടില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. കോണ്‍ഗ്രസ് പലവട്ടം ജയിച്ചിട്ടുള്ള അങ്കമാലി ഒരു പ്രത്യേക സാഹചര്യത്തില്‍ കൈവിട്ടു. പക്ഷെ പുതുമുഖമായി എത്തിയ ആള്‍ എന്ന നിലയില്‍ അങ്കമാലിക്കാര്‍ എന്നെ ഏറ്റെടുക്കുക ആയിരുന്നു.

 • വീണ്ടും 2021 ല്‍ സ്ഥാനാര്‍ഥി ആയാല്‍ എന്തുകൊണ്ട് ആയിരിക്കണം അങ്കമാലിക്കാര്‍ കൂടെ നില്‍ക്കേണ്ടത്?

അഞ്ച് വര്‍ഷം കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തോ എന്നാണ് ആദ്യമായി നാട്ടുകാര്‍ വിലയിരുത്തേണ്ടത്. വക്തിപരമായും രാഷ്ട്രീയമായും ഞാന്‍ നേരിട്ട വെല്ലിവിളിയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലം. ഞാന്‍ ജനങ്ങളുടെ കൂടെ ഉണ്ടായി എന്നാണ് എന്റെ വിശ്വാസം. ജീവിതത്തില്‍ പലരും നേരിടാത്ത ഒരു സാഹചര്യത്തെയാണ് നമ്മുടെ നാട്ടുകാര്‍ കൈകാര്യം ചെയേണ്ടി വന്നത്. എനിക്ക് മുന്‍പ് ജമ്മുവിലും ചെന്നൈയിലും ഇതുപോലത്തെ അവസ്ഥയില്‍ എന്‍എസ്യു ഭാരവാഹിയായ സേവനം ചെയ്ത മുന്‍കലാ അനുഭവം തുണയായി. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും അധികം പ്രയാസം കൂടാതെ ചെയ്യാനാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു, അത് സാധിച്ചു. എന്നാല്‍ രണ്ടാം ഘട്ടമാണ് ദുഷ്‌ക്കരംവും, വെല്ലുവിളി നിറഞ്ഞതും. ആ സമയത്താണ് ജനങ്ങള്‍ക്ക് ജനപ്രതിനിധി കൂടുതല്‍ സമയവും അവരോടൊപ്പം ഉണ്ടാകേണ്ടതും. ഈ രണ്ടാം സ്റ്റേജ് രണ്ടോ മൂന്നോ വര്‍ഷം നീണ്ട ഒരു കാലയളവ് കൂടിയാണ്. നഷ്ടമായത് മുഴുവന്‍ അവര്‍ക്കു തിരിച്ചു പിടിക്കേണ്ട സമയം. ഏകദേശം 7500 കുട്ടികളെയാണ് വ്യക്തിപരമായി സഹായിക്കാന്‍ കഴിഞ്ഞത്. എന്നെ വിശ്വസിച്ചു കൂടെ നിന്ന വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ ഇതിനകം 16 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തിയാക്കി ക്യാമ്പുകളില്‍ നിന്നോ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ നിന്നോ  അവരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞു.

 • പ്രളയം ആഞ്ഞടിച്ച സ്ഥലങ്ങളില്‍ താങ്കളും വി ഡി സതീശനും ഹൈബി ഈഡനും ഏറ്റെടുത്ത വെത്യസ്ത പ്രവര്‍ത്തനങ്ങള്‍ ജനം ശ്രദ്ധിച്ചിട്ടുണ്ട് .  എം എല്‍ എ മാര്‍ ആണെങ്കിലും വക്തികള്‍ എന്ന നിലയില്‍ നിങ്ങള്ക്ക് കോഡിനേറ്റു ചെയ്യാന്‍ സാധിച്ചത് പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല . അനുഭവത്തില്‍ നിന്ന് പറയുമ്പോള്‍ , സര്‍ക്കാരിന് എവിടെയാണ് തെറ്റിയത്?

സര്‍ക്കാരിന് എവിടെ എന്നല്ല എല്ലായിടത്തും തെറ്റി എന്നതാണ് ശരി. തുടക്കം മുതല്‍ തന്നെ ഏന് പറയേണ്ടി വരും. ഇതിനെ രാഷ്ട്രീയമായും കാണണ്ട. പ്രളയം ഉണ്ടായപ്പോള്‍ കാരണം നോക്കാതെ കൂടെ നിന്നവരാണ് പ്രതിപക്ഷം  മുഖ്യമന്ത്രിയുടെ കൂടെ സഞ്ചരിച്ച പ്രതിപക്ഷ നേതാവ് കളിയാക്കലുകള്‍ പോലും അക്കാലത്തു നേരിട്ട്. ലോകത്തിനു നമ്മള്‍ ഒരു മഹത്തായ മാതൃക കാണിച്ചു നല്‍കി. എല്ലാവരെയും തോളൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ നമുക്കായി. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ജാതിയും മതവും രാഷ്ട്രീയവും മറന്നു പണവും സഹായവും എത്തി. നിങ്ങള്‍ യുകെ മലയാളികള്‍ പോലും വഴിയില്‍ ഇറങ്ങി പണം പിരിച്ചില്ലേ. എന്റെ സഹോദരി അടക്കമുള്ളവര്‍ പറഞ്ഞു അത്തരം കാര്യങ്ങള്‍ ഒക്കെ നന്നായി അറിയാം. എന്തെ രണ്ടാം പ്രളയകാലത്തു നിങ്ങളാരും തിരിഞ്ഞു നോക്കിയില്ല? മുഖ്യമത്രിയുടെ സഹായ നിധിയില്‍ എന്തെ ആരും പണം നല്‍കിയില്ല? എവിടെ പോയി ആദ്യ പ്രളയകാലത്തെ വിശ്വാസവും നാടിനോടുള്ള സ്നേഹവും ഒക്കെ? ഇന്നും വ്യക്തിപരമായി വിദേശ മലയാളി സംഘടനകളും മറ്റും ഞാന്‍ അടക്കമുള്ള ആളുകളെ പണം ഏല്‍പ്പിക്കാന്‍ തയ്യാറായാണ്. ചെയ്യുന്ന കാര്യങ്ങള്‍ സുതാര്യം ആയിരിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണത്. ആ സുതാര്യതയും വിശ്വാസവുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പ്രളയകാലത്തു പറഞ്ഞ ഒരു വാക്കും പാലിക്കപ്പെട്ടില്ല. ആത്മാര്‍ത്ഥമായി സ്വയം വിമര്‍ശനം നടത്തിയാല്‍ സര്‍ക്കാരിന് ഇത് ബോധ്യപ്പെടും.

 • പ്രളയകാലത്തു ഒന്നിച്ചു നിന്നെകിലും പിന്നീട് രാഷ്ട്രീയം അതില്‍ കലര്‍ന്നോ?

ഞാന്‍ പറയേണ്ട എന്ന് കരുതിയ കാര്യമാണത്. ചോദിച്ച നിലക്ക് പറയാം, നിങ്ങള്‍ നേരിട്ട് അന്വേഷിക്കൂ. മുഴുവന്‍ സ്ഥലങ്ങളിലും അത്തരം പരാതികള്‍ ഉണ്ട്. അടിയന്തര ധനസഹായം നല്‍കിയിടത്തു പോലും രാഷ്ട്രീയം നോക്കിയതായി പരാതിയുണ്ട്. വെള്ളം കയറിയത് പാര്‍ട്ടി നോക്കിയാണോ? എങ്കില്‍ സഹായവും എല്ലാവരെയും തേടി എത്തേണ്ടതല്ലെ? ഒരു ക്യാംപില്‍ വിതരണം ചെയ്ത സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതോ മറ്റോ നമുക്കു മനസിലാക്കാം. അതുപോലെയാണോ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍? എന്തിനാണ് അതില്‍ പാര്‍ട്ടിയും രാഷ്ട്രീയവും നോക്കുന്നത്. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വിദേശ മലയാളികള്‍ അടക്കം നല്‍കിയത് നാലായിരം കോടി രൂപയാണ്. അതില്‍ സര്‍ക്കാരിന്റെ കണ്ണ് മഞ്ഞളിച്ചു. തോന്നിയ പാടേ അതെടുത്തു ചിലവാകാം എന്നൊരു ധാരണ രൂപപ്പെട്ടു. തുടക്കം മുതെലെ അത് പ്രത്യേക ഫണ്ടായി സൂക്ഷിക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. അതുണ്ടായില്ല. ഫലമോ, വന്നതും പോയതിനും ഒന്നും ഒരു കണക്കുമില്ല തുക സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. രണ്ടായിരം കോടി രൂപ ചിലവിട്ടപ്പോള്‍ രണ്ടായിരം കോടി കെട്ടിക്കിടക്കുകയാണ്. രണ്ടാമതൊരു പ്രളയം സര്‍ക്കാര്‍ എന്നല്ല ആരും പ്രതീക്ഷിച്ചതല്ല. ആദ്യ പ്രളയത്തെ ഇവ്വിധം കൈകാര്യം ചെയ്തത് കൊണ്ടാണ് ആവര്‍ത്തിച്ചു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരും കണ്ട ഭാവം നടിക്കാതിരുന്നത്. ആദ്യ പ്രളയത്തില്‍ കൂടെ നിന്ന വിദേശ മലയാളി സമൂഹമാണ് രണ്ടാം പ്രളയത്തില്‍ തിരിഞ്ഞു നിന്നത്.

 • എങ്കില്‍ താങ്കള്‍ ഈ സര്‍ക്കാരിന് എത്ര മാര്‍ക്ക് നല്‍കും?

ഞാന്‍ അല്ല മാര്‍ക്ക് നല്‍കേണ്ടത്, ജനങ്ങളാണ്. അതവര്‍ നല്‍കിക്കഴിഞ്ഞു. 1/ 20 ആണ് ജനങ്ങള്‍ ഈ സര്‍ക്കാരിന് നല്‍കിയ മാര്‍ക്ക്

 • താങ്കളുടെ മണ്ഡലത്തില്‍ നിര്‍ണായക ശക്തി അല്ലെങ്കിലും ബിജെപി കേരളത്തില്‍ വളരുകയല്ലേ, എന്താണ് അവരുടെ സാദ്ധ്യതകള്‍?

ബിജെപി വളരുന്നുണ്ട്, പക്ഷെ അവര്‍ക്കു ജയിക്കാനാകുകയില്ല ''അതിനുള്ള സാഹചര്യം ഇപ്പോഴും കേരളത്തില്‍ ഇല്ല . ശബരിമല വിഷയം രാഷ്ട്രീയമായി അവര്‍ ദുരുപയോഗം ചെയ്യുക ആയിരുന്നു. ഒരു ഘട്ടത്തില്‍ കേന്ദ്ര നേതൃത്വത്തിനും ഇവിടെ പ്രതീക്ഷ ഉണ്ടായിരുന്നു. അതാണ് അമിത് ഷാ അടക്കമുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കിയത്. ഇപ്പോള്‍ അവരുടെ പ്രതീക്ഷയും നഷ്ടമായി. ഇവിടെ ഉളവര്‍ക്കാകട്ടെ ആത്മവിശ്വാസവും പോയി. ഇപ്പോള്‍ കോന്നിയിലാണ് അവരുടെ പ്രതീക്ഷ. ഉത്തരേന്ത്യ പോലെ പണമെറിഞ്ഞു വോട്ടു കച്ചവടം നടക്കുന്ന സ്ഥലമല്ല കേരളം. ജനങ്ങള്‍ക്ക് എല്ലാമറിയാം.

 • വയസു 35 ആകുന്നു, എത്രകാലം കൂടി ജീവിതത്തില്‍ ഒറ്റയാനായി തുടരും?

(ഉത്തരം കുമാരനാശാന്റെ കരുണയിലെ ഉപഗുപ്തന്റെ വാസവദത്തയോടുള്ള മറുപടി ആയിരുന്നു) സമയമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category